‘ചൊവ്വയിൽ വളർന്ന ചെറുപ്പക്കാരൻ ഭൂമിയിൽ തുടങ്ങിയ മതം’, ബിൽ ഗേറ്റ്സിന്റെ പുസ്തകങ്ങൾ

HIGHLIGHTS
  • എക്കാലത്തെയും ഇഷ്ടപുസ്തകങ്ങളിൽ ചിലതിനെയാണ് ബിൽ ഗേറ്റ്സ് പരിചയപ്പെടുത്തുന്നത്
  • ഇഷ്ട പുസ്തകങ്ങളുടെ സമ്പൂർണ പട്ടികയല്ലെന്ന് ഓർമപ്പെടുത്താനും അദ്ദേഹം മറക്കുന്നില്ല
bill-gates-lists-his-alltime-favourite-books
എക്കാലത്തെയും ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ചിലതിനെയാണ് ബിൽ ഗേറ്റ്സ് പരിചയപ്പെടുത്തുന്നത്. മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ വായിക്കാൻ തുടങ്ങിയ പുസ്തകം തൊട്ട് ഈയിടെ വായിച്ചൊരു പുസ്തകം വരെ അതിൽ കടന്നുവരുന്നുണ്ട്.
SHARE

ലോകത്തെ അതിസമ്പന്നരിൽ ഒരാൾ മാത്രമല്ല ബിൽ ഗേറ്റ്സ്. മനുഷ്യരാശിയുടെ ഭാവിക്കു മുന്നിൽ ചോദ്യചിഹ്നം പോലെ തൂങ്ങുന്ന വെല്ലുവിളികളെ തന്റെ സാമ്പത്തികശേഷിയും ബൗദ്ധികശേഷിയും ഉപയോഗിച്ചു നേരിടാൻ ശ്രമിക്കുന്നയാളുമാണ് അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു ഗേറ്റ്സ് നടത്തിയ ഇടപെടലുകൾ ലോകം കണ്ടതാണ്. ചിന്താമണ്ഡലത്തിലെ ഏറ്റവും പുതിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കാൻ സന്നദ്ധമായ മനസ്സാണ് അദ്ദേഹത്തിന്റേത്. ആഴവും പരപ്പുമുള്ള വായനയാണ് തന്നെ അതിനു പ്രാപ്തനാക്കുന്നതെന്ന് ഗേറ്റ്സ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിത്യജീവിതത്തിലെ തിരക്കുകൾക്ക് ഇടയിലും ദിവസവും മണിക്കൂറുകളോളം വായനയ്ക്കായി മാറ്റിവയ്ക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. വായിക്കുക മാത്രമല്ല, തനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ആളുകളോടു സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. എല്ലാ വർഷവും അദ്ദേഹം പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയും അവയെക്കുറിച്ചുള്ള ചെറു കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. ആ 12 മാസത്തിനിടെ വായിച്ച പുസ്തകങ്ങളാണ് അതിൽ അദ്ദേഹം ഉൾപ്പെടുത്താറുള്ളത്.ഇത്തവണ പതിവ് ചെറുതായൊന്നു തെറ്റിച്ചു. കഴിഞ്ഞ മാസങ്ങളിൽ വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ പട്ടികയല്ല ഇക്കുറി പങ്കുവച്ചിട്ടുള്ളത്. മറിച്ച്, എക്കാലത്തെയും ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ചിലതിനെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. എന്നാൽ ഇത് ഇഷ്ട പുസ്തകങ്ങളുടെ സമ്പൂർണ പട്ടികയല്ലെന്ന് ഓർമപ്പെടുത്താനും അദ്ദേഹം മറക്കുന്നില്ല. മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ വായിക്കാൻ തുടങ്ങിയ പുസ്തകം തൊട്ട് ഈയിടെ വായിച്ചൊരു പുസ്തകം വരെ അതിൽ കടന്നുവരുന്നുണ്ട്. ആ പുസ്തകങ്ങളിലൂടെ..

Stranger in a Strange Land
സ്ട്രെയ്ഞ്ചർ ഇൻ എ സ്ട്രെയ്ഞ്ച് ലാൻഡ് : റോബർട്ട് ഹെയിൻലീൻ

∙ സ്ട്രെയ്ഞ്ചർ ഇൻ എ സ്ട്രെയ്ഞ്ച് ലാൻഡ് – റോബർട്ട് ഹെയിൻലീൻ

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകരായ ബിൽ ഗേറ്റ്സും പോൾ അലനും കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഇരുവരും ആവേശഭരിതരായി വായിക്കുകയും ആവർത്തിച്ചു ചർച്ച ചെയ്യുകയും ചെയ്ത സയൻസ് ഫിക്ഷൻ പുസ്തകമാണ് ഇത്. ചൊവ്വയിൽ വളർന്ന ഒരു ചെറുപ്പക്കാരൻ ഭൂമിയിലെത്തി പുതിയൊരു മതം തുടങ്ങുന്നതിന്റെ ഉദ്വേഗജനകമായ കഥയാണിത്. ഹിപ്പി സംസ്കാരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപേ പ്രവചനാത്മകമായി എഴുതാൻ റോബർട്ട് ഹെയിൻലീനായി.

Surrender
സറണ്ടർ: ബോനോ

∙ സറണ്ടർ – ബോനോ

ഗേറ്റ്സിന്റെ പട്ടികയിൽ ഇടംപിടിച്ച ഏറ്റവും സമകാലികമായ പുസ്തകമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ലോകമമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബോനോയെന്ന സംഗീതജ്ഞന്റെ ഓർമക്കുറിപ്പുകളാണ് ഇത്. ഡബ്ലിന്റെ പ്രാന്തപ്രദേശങ്ങളിൽ വളർന്ന ഒരു കുട്ടി റോക്ക് സ്റ്റാറായി മാറിയതിന്റെ വിസ്മയകരമായ അനുഭവങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. തന്റെ സമ്പാദ്യത്തിൽ വലിയൊരു തുക ജീവകാരുണ്യത്തിനായി മാറ്റിവയ്ക്കാറുള്ള ബോനോ ഗേറ്റ്സിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

Team of Rivals
ടീം ഓഫ് റിവൽസ് : ഡോറിസ് കീൻസ് ഗുഡ്‌വിൻ

∙ ടീം ഓഫ് റിവൽസ് – ഡോറിസ് കീൻസ് ഗുഡ്‌വിൻ

യുഎസ് മുൻപെങ്ങുമില്ലാത്ത വിധമുള്ള ഭരണശൈഥില്യവും വെല്ലുവിളികളും നേരിടുന്ന കാലത്ത് ഈ പുസ്തകത്തിന്റെ വായന ഏറെ പ്രസക്തമാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മഹാൻമാരായ സാരഥികളിലൊരാളായ ഏബ്രഹാം ലിങ്കന്റെ ജീവിതത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചുമുള്ള പുസ്തകമാണിത്. ഒരു രാജ്യത്തെ എങ്ങനെ നയിക്കാമെന്നതിനുള്ള ദിശാസൂചി കൂടിയായി ഈ പുസ്തകം മാറുന്നു.

The inner game of Tennis
ദ് ഇന്നർ ഗെയിം ഓഫ് ടെന്നിസ് : ഡബ്ല്യു. തിമോത്തി ഗാൽവേ

∙ ദ് ഇന്നർ ഗെയിം ഓഫ് ടെന്നിസ് – ഡബ്ല്യു. തിമോത്തി ഗാൽവേ

ഇത് ടെന്നിസിനെക്കുറിച്ചുള്ള പുസ്തകമാണ്. എന്നാൽ ഇതു ജീവിതത്തെക്കുറിച്ചുള്ള പുസ്തകം കൂടിയാണ്. കളിയിലെ തന്ത്രങ്ങൾ ജീവിതത്തിലും പ്രയോഗിക്കാനാകും. 1974ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പുതുമ ഇന്നും നഷ്ടമായിട്ടില്ല. തെറ്റുകളിൽ അള്ളിപ്പിടിച്ചു നിൽക്കാതെ അവയിൽ നിന്ന് എങ്ങനെ സർഗാത്മകമായി മുന്നോട്ടുപോകാമെന്ന് ഈ പുസ്തകം പറയുന്നു. ശാരീരിക ക്ഷമത കൊണ്ടു മാത്രമായില്ലെന്നും മാനസിക ക്ഷമതയും പ്രധാനമാണെന്നും തിമോത്തി ഗാൽവേ പറഞ്ഞുവയ്ക്കുന്നു.

Mendelievs Dream
മെൻഡലീഫ്സ് ഡ്രീം : പോൾ സ്ട്രാറ്റ്തേൺ

∙ മെൻഡലീഫ്സ് ഡ്രീം – പോൾ സ്ട്രാറ്റ്തേൺ

ബിൽ ഗേറ്റ്സിന്റെ ഓഫിസിലേക്ക് കടന്നുചെല്ലുന്ന ഒരാളുടെ ശ്രദ്ധ പതിയുക ആവർത്തനപ്പട്ടികയുടെ വലിയൊരു ഇല്ലസ്ട്രേഷനിലേക്ക് ആകും. അതിമനോഹരമാണ് അത്. അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹരങ്ങളിലൊന്നാണ് ആവർത്തനപ്പട്ടിക. സ്വപ്നത്തിൽ തനിക്കു മുന്നിൽ പ്രത്യക്ഷമാകുകയായിരുന്നു ആവർത്തനപ്പട്ടികയെന്നു പറഞ്ഞ മെൻഡലീഫിനെക്കുറിച്ചു മാത്രമല്ല ഈ പുസ്തകം ചർച്ച ചെയ്യുന്നത്. പുരാതന ഗ്രീസിനോളം ചെന്നെത്തുന്ന ആവർത്തനപ്പട്ടികയുടെ ചരിത്രത്തെ അദ്ദേഹം രസകരമായി എഴുതുന്നു.

Content Summary: Bill Gates Lists his All Time Favourite Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS