ADVERTISEMENT

അസാധാരണ സാഹചര്യം സൃഷ്ടിച്ച സാധാരണ നേതാവാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യൻ ആക്രമണം തുടങ്ങും മുമ്പു വരെ ലോകനേതാക്കൾക്കിടയിൽ ശ്രദ്ധേയമായ പരിവേഷം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രസിഡന്റ് പദവിയിൽ എത്തിയപ്പോൾ വാർത്തകളിൽ നിറഞ്ഞെങ്കിലും പിന്നീട് താരതമ്യേന ശാന്തമായിരുന്നു സാന്നിധ്യം. സ്വന്തം രാജ്യത്ത് ഒതുങ്ങിനിന്നു പ്രവർത്തനങ്ങൾ. എന്നാൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തോടെ സെലൻസ്കിയുടെ വളർച്ചയും തുടങ്ങി. അതിന് അദ്ദേഹത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് വാക്കുകളും. 

യുക്രയ്ൻ വീഴുന്നു എന്ന വാർത്ത ഉടൻ വരുമെന്നു പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു യുദ്ധപുരോഗതി. ചെറുത്തുനിൽപിന്റെ പുതിയ അധ്യായം രചിച്ച് രാജ്യം റഷ്യയ്ക്കെതിരെ പിടിച്ചുനിൽക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ, സെലൻസ്കിക്ക് ലഭിച്ചത് വീരപരിവേഷം. രാജ്യം വിട്ടോടിയെന്ന് പലവട്ടം പ്രചാരണമുണ്ടായെങ്കിലും യുക്രെയ്നിൽ തന്നെ തുടർന്നും സൈനികരെയും സാധാരണജനതയെയും പ്രചോദിപ്പിച്ചും യുദ്ധകാല വീരനായകനായി ചുരുങ്ങിയ കാലയളവിൽ അദ്ദേഹം മാറി. ലോകവേദികളിൽ പലവട്ടം സംസാരിച്ചു. ഓരോ തവണയും കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയും ആവേശം ഉണർത്തുന്ന സംസാരശൈലിയിലൂടെയും ആത്മാഭിമാനത്തിന് പുതിയ ഭാഷ രചിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വിൻസ്റ്റൻ ചർച്ചിലിന്റെയും മറ്റും പ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചതുപോലെ സെൻസ്കിയുടെ യുദ്ധകാല പ്രസംഗങ്ങളും ഇപ്പോൾ പുസ്തകമായിരിക്കുന്നു. എ മെസേജ് ഫ്രം യുക്രെയ്ൻ. 2019–22 കാലത്ത് സെലൻസ്കി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം. 

ലോകത്തെ മാറ്റിമറിച്ച 15 മിനിറ്റ് എന്ന നിലയിൽ ഇത് ഒരിക്കൽ അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2019 ൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ സെലൻസ്കി പ്രഖ്യാപിച്ചു. നാടകീയമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ലോകത്തിന് അവഗണിക്കാനാവാത്തതും. പറയാനുള്ള കാര്യങ്ങൾ ഈ രീതിയിൽ ആവേശത്തിന്റെ മേലങ്കിയണിയിച്ചാണ് അദ്ദേഹം പറഞ്ഞത്. പെട്ടെന്നുതന്നെ ആ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടു. 

യുദ്ധം തുടങ്ങിയശേഷം ലോകവേദികളിലെല്ലാം നേരിട്ടെത്താൻ സെലൻസ്കിക്ക് കഴിഞ്ഞിരുന്നില്ല. വിഡിയോ ലിങ്കുകളാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ആ രാജ്യത്തെ പ്രാദേശിക അഭിവാദ്യങ്ങളും അഭിസംബോധനയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഈ വർഷം മാർച്ചിൽ യുകെ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ ചർച്ചിലിന്റെ വാക്കുകളാണു കൂട്ടുപിടിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്ന് ഒരു വരി കടമെടുത്തുകൊണ്ടാണ് യുഎസ് ജനതയെ അഭിസംബോധന ചെയ്തത്. 

യുക്രെയ്ൻ സാതന്ത്ര്യദിനത്തിൽ സെലൻസ്കി ചെയ്ത പ്രസംഗം എങ്ങനെ മറക്കാനാണ്. പ്രത്യേകിച്ചും അതിലെ ഒരു വരി. 

മിസൈലിലോ യുദ്ധവിമാനത്തിലോ ടാങ്കുകളിലോ അല്ല ഏറ്റവും ശക്തിയേറിയ സ്റ്റീൽ ഉള്ളത്, ചങ്ങലകളിലാണ് !

യുദ്ധത്തിൽ കൊല്ലപ്പെട്ട യുക്രെയ്ൻ സ്ത്രീകളുടെ കാതുകളിൽ നിന്ന് അറുത്തുമാറ്റപ്പെട്ട ആഭരണങ്ങൾ ഒരിക്കലും മറക്കില്ലെന്ന ഒറവാചകത്തിലൂടെ, നിരപരാധികളായ ജനതയെ അദ്ദേഹം രക്തസാക്ഷികളാക്കി പുനർജൻമം കൊടുത്തു. 

Volodymyr-Zelensky
വൊളോഡിമിർ സെലൻസ്കി, Image Credit: AFP

സാധാരണ മനുഷ്യനാണ് സെലൻസ്കി. എന്നാൽ യുദ്ധം എന്ന അസാധാരണ സാഹചര്യം അദ്ദേഹത്തെ അസാധാരണ തലത്തിലേക്ക് ഉയർത്തി. വീരനായകരല്ല. ഞങ്ങൾ ജോലി ചെയ്യുന്നു. എവിടെയാണോ ഞങ്ങൾ ഉണ്ടാകേണ്ടത് അവിടെയുണ്ട്. ഇത് കേൾക്കുന്നവർ ഷേക്സ്പിയർ നാടകത്തിലെ മാർക് ആന്റണിയുടെ പ്രസംഗം ഓർമിക്കാതിരിക്കാനാവില്ല. 

ബ്രൂട്ടസിനെപ്പോലെ ഞാൻ വലിയ പ്രഭാഷകനൊന്നുമല്ല എന്ന് മാർക് ആന്റണി പറയുന്നുണ്ട്, ചരിത്രത്തിലെയും സാഹിത്യത്തിലെയും ഏറ്റവും വികാരഭരിതവും പ്രത്യാഘാതമുണ്ടാക്കിയതുമായ പ്രസംഗത്തിൽ. ആദ്യത്തെ എലിസബത്ത് രാജ്ഞിയുടെ വാക്കുകളും ഓർമിക്കാതിരിക്കാനാവില്ല. രാജ്ഞിയാകാൻ അർഹതയില്ലെന്ന ആരോപണങ്ങൾ അവർ നേരിട്ടിരുന്നു. അതിനവർ മറുപടി പറയുകയും ചെയ്തു. ഒരു സ്ത്രീയുടെ ദുർബല ശരീരമായിരിക്കാം എന്റേത്. എന്നാൽ, ഒരു രാജാവിന്റെ ഹൃദയവും തലച്ചോറും എനിക്കുണ്ട്. 

1990 ലെ പുതുവത്സര ദിനത്തിലാണ് കമ്മ്യൂണിസ്റ്റ് യുഗത്തിനുശേഷമുള്ള ആദ്യത്തെ പ്രസിഡന്റിനെ വക്ലാവ് ഹാവലിന്റെ രൂപത്തിൽ ചെക്കോസ്ലോവാക്യയ്ക്ക് ലഭിക്കുന്നത്. മുതിർന്നതിനുശേഷം മിക്ക വർഷങ്ങളും ജയിലിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. 1982 ൽ സാമുവൽ ബെക്കറ്റ് തന്റെ ഒരു കൃതി ഹാവലിനാണ് സമർപ്പിച്ചുതുതന്നെ. 

മലിനമാക്കപ്പെട്ട സാംസ്കാരിക കാലാവസ്ഥയിലാണ് ഇതുവരെ നമ്മൾ ജീവിച്ചത്–കമ്മ്യൂണിസ്റ്റ് കാലത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതു ചരിത്രം ആ പ്രസ്ഥാനത്തിനു നൽകിയ ചരമക്കുറിപ്പുമായി. ഇപ്പോഴിതാ സെലൻസ്കി ആധുനിക റഷ്യയ്ക്കും അഭിനവ സ്വേഛാധിപതിക്കുമെതിരെ യുക്രെയ്നെ നയിക്കുന്നു. നഷ്ടപ്പെടാൻ ചങ്ങലകൾ മാത്രമെന്നും നേടാനുള്ളത് വലിയ ലോകമെന്നും ഓർമിപ്പിക്കുന്നു. 

പ്രാദേശിക തർക്കം എന്ന നിലയിൽനിന്നുയർന്ന് യുക്രെയ്ന് എതിരായ യുദ്ധത്തെ രാജ്യാന്തര വിഷയമാക്കാൻ സെലൻസ്കി തുടക്കം മുതൽ‌ ശ്രമിച്ചു. എന്റെ രാജ്യത്തു നടക്കുന്നത് മറ്റാർക്കോ വേണ്ടിയുള്ള യുദ്ധമല്ല. യൂറോപ്പിന് എതിരായ യുദ്ധത്തിന്റെ തുടക്കമാണിത്. ഈ വർഷം ഫെബ്രുവരിയിൽ കീവിൽ അദ്ദേഹം പറഞ്ഞു. 

യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടുകൂടുമ്പോൾ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു സെലൻസികിയുടെയും ആത്മവിശ്വാസം. എന്നാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കുമ്പോഴേക്കും ലക്ഷ്യം പുനർനിർണിയിച്ചു. സമാധാനമല്ല, വിജയം തന്നെയാണ് ലക്ഷ്യം. 

സെലൻസ്കി യുക്രെയ്നിന്റെ ശബ്ദമാണ്. എന്നാൽ, ആ രാജ്യത്തിന്റെ മാത്രം ശബ്ദവുമല്ല. ലോകത്തിന്റെ മനസ്സാണ് സെലൻസ്കിയുടെ വാക്കുകളിൽ മുഴങ്ങുന്നത്. യുദ്ധമില്ലാത്ത നാളുകളിലേക്ക് സെലൻസ്കി പകർന്ന പരാജയത്തിന്റെ പാഠം ലോകത്തെ നയിക്കട്ടെ. 

 

Content Summary: Ukraine President Volodymyr Zelenskyys Speeches into Book ' A Message From Ukraine'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com