ADVERTISEMENT

അധികാരം തലയ്ക്കുപിടിച്ചവർക്കെതിരെ ശബ്ദിച്ചാൽ‌ എന്തൊക്കെ ദുരനുഭവങ്ങളിലൂടെ കടന്നുപോകണം എന്നതിന്റെ ആധുനിക കാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ്  മരിയ റെസയുടെ ജീവിതം. 2021 ൽ നൊബേൽ സമ്മാനം നേടിയ ഫലിപ്പീൻസ് പത്രപ്രവർത്തകയുടെ സാധാരണ ജീവിതത്തിനുവേണ്ടിയുള്ള പോരാട്ടം. 

മാധ്യമസ്വാതന്ത്ര്യത്തിന് അവർ കൊടുത്ത വില വലുതാണ്. സ്വന്തം ജീവിതത്തോളം പോന്ന വില. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിന്റെ നിരന്തര അടിച്ചമർത്തലുകളെ അതിജീവിച്ചാണു റെസയുടെ വാർത്താ വെബ്സൈറ്റ് റാപ്ലർ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മുന്നേറിയത്. സർക്കാർ തലത്തിൽ നടക്കുന്ന അഴിമതികളെ നിർഭയം പുറത്തുകൊണ്ടുവന്നു. വെബ്സൈറ്റ് സിഇഒ ആയ റെസ, ഡുട്ടെർട്ടിന്റെ കുപ്രസിദ്ധമായ ലഹരിമരുന്നു വേട്ടയുടെ യാഥാർഥ്യങ്ങൾ അന്വേഷിച്ചു കണ്ടെത്തിയത് ഞെട്ടലോടെയാണ് ലോകം വായിച്ചത്. ലഹരിസംഘങ്ങളെ അടിച്ചമർത്താനെന്ന പേരിൽ സായുധ പൊലീസ് വെടിവച്ചുകൊന്നത് 30,000 ൽ അധികം 

ചെറുപ്പക്കാരെയാണ്. മനുഷ്യാവകാശ ലംഘനങ്ങളെ സമൂഹമാധ്യമ നുണപ്രചാരണങ്ങളിലൂടെയും ഭീഷണികളിലൂടെയും സർക്കാർ നേരിട്ടു. ഏതു നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുള്ളതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് റെസ പുറത്ത് സഞ്ചരിക്കുന്നത്. ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടതിനാൽ വിദേശയാത്രയ്ക്ക് വിലക്കുണ്ട്. തടവോ അതിലും കടത്തു ശിക്ഷയോ ഏതു ദിവസവും കോടതി ഉത്തരവായി പുറത്തുവരാം. അപകീർത്തിക്കേസിൽ കുറ്റക്കാരി എന്നു കണ്ടതിനെത്തുടർന്ന് റെസ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പത്തോളം കേസുകളിൽ ഉൾപ്പെടുത്തിയാണ് ഭരണകൂടം പ്രതികാര നടപടികൾ സജീവമാക്കിയിരിക്കുന്നത്.  

നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമവിധി എന്താകുമെന്ന ആകാംക്ഷയുമുണ്ട്. ഭരണകൂടത്തിനെതിരെ ശബ്ദിച്ചാൽ, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ എന്തു സംഭവിക്കുമെന്ന് റെസ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറയുന്ന പുസ്തകമാണ്  How to Stand Upto a Dictator- The fight for our future. എന്നാൽ, പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പല്ല. ജീവിതത്തിലും കരിയറിലും സംഭവിക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമല്ല. അവസാന നിമിഷം വരെയും പോരാടണം എന്ന സന്ദേശം. സത്യത്തിനും നീതിക്കും വേണ്ടി. ഒറ്റപ്പെടുത്തപ്പെട്ടവർക്കുവേണ്ടി. സ്വാതന്ത്ര്യത്തിനുവേണ്ടി. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി. 

ജനിച്ചത് ഫിലീപ്പീൻസിലാണെങ്കിലും റെസയുടെ പഠനം യുഎസിൽ ആയിരുന്നു. കോളനി ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി ജനാധിപത്യത്തിന്റെ വഴിയിൽ രാജ്യം സഞ്ചരിക്കാൻ തുടങ്ങിയ കാലത്ത് അമേരിക്കയിൽ നിന്ന് നേടിയ ബിരുദത്തിന്റെ പകിട്ടിൽ സ്വതന്ത്ര ജീവിതം സ്വപ്നം കണ്ട് തിരിച്ചെത്തി. തലസ്ഥാനമായ മനിലയിൽ രണ്ടുദശകത്തോളം സിഎൻഎൻ റിപ്പോർട്ടായിരുന്നു. 2012 ലാണു സ്വന്തം വെബ്സൈറ്റ് റാപ്ലർ ആരംഭിച്ചത്. ‌എന്നാൽ കാലം അനുകൂലമായിരുന്നില്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവർ ഏകാധിപതികളെ തോൽപിക്കുന്ന നയങ്ങളിലൂടെ അഴിഞ്ഞാടിയപ്പോൾ റെസ വാർത്തകളിലൂടെ ആക്രമണം നയിച്ചു. നിശ്ശബ്ദസാക്ഷിയാകാൻ അവർ തയാറായിരുന്നില്ല. നിഷ്പക്ഷതയ്ക്കും വില കൊടുത്തില്ല. ബലി കഴിക്കപ്പെടുന്ന മൂല്യങ്ങൾക്കുവേണ്ടി അവസാനത്തെ യുദ്ധം ധീരമായി നയിച്ചു. കഴിഞ്ഞില്ല. അതിന്റെ വിലയാണ് കേസുകളുടെയും ഭീഷണികളുടെയും പേരിൽ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

സത്യസന്ധമായ മാധ്യമപ്രവർത്തനമാണ് റെസയുടെ എന്നത്തെയും വലിയ ആപ്തവാക്യം. സത്യം പുറത്തുകൊണ്ടുവരാൻ എന്തു ത്യാഗത്തിലും തയാറാവുക. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം വാർത്തകൾ. ശരിയെന്ന് ഉറപ്പുണ്ടെങ്കിൽ ആരെയും ഭയക്കാതെ വാർത്ത കൊടുക്കുക എന്നതാണ് നയം. 

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവർ തന്നെയാണ് എതിർപ്പുകളെ അടിച്ചമർത്തിയത്. പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി ജയിലിൽ അയച്ചത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്ത് ഞെരിച്ചത്. പ്രധാന മാധ്യമ സ്ഥാപനങ്ങളൊക്കെയും സർക്കാർ നിയന്ത്രണത്തിലാക്കി. ചെറുത്തുനിന്നവയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു. അനുസരിക്കാത്തവരെ ജയിലുകളിലേക്കു നയിച്ചു. ജനങ്ങളുടെ ശത്രുക്കൾ എല്ലാ അധികാരവും കൈപ്പിടിയിലൊതുക്കിയപ്പോൾ റെസ ഒറ്റയാൾപ്പട്ടാളമായി. 

maria-ressa-1
Image Credit: AP

ആദ്യകാലത്ത് സമൂഹ മാധ്യമങ്ങളെ നന്നായി ഉപയോഗിച്ചുകൊണ്ടാണ് റെസ മുന്നോട്ടുപോയത്. ഒട്ടേറെക്കാര്യങ്ങളിൽ സത്യസന്ധമായ വിവരങ്ങൾ നൽകാനും ശരിയായ അവബോധം സൃഷ്ടിക്കാനും കഴിഞ്ഞു. പിന്നീടാണ് റാപ്ലർ സ്ഥാപിക്കുന്നതും ഏകാധിപത്യ വിരുദ്ധ പോരാട്ടം ഏകോപിപ്പിക്കുന്നതും. 2012 ൽ ആയിരുന്നു തുടക്കം. 

ബ്രേക്കിങ് ന്യൂസുകളിലൂടെ മുന്നോട്ടു കുതിച്ചു.  അന്വേഷണാത്മക വാർത്തകളുടെ വരവായി പിന്നീട്. അതോടെ അധികാരികൾ മുഷ്ടി ചുരുട്ടാൻ തുടങ്ങി. എന്നാൽ റാപ്ലറിന് അനുയായികൾ കൂടിക്കൊണ്ടിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 

മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് റെസയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വസ്തുനിഷ്ഠമായ റിപ്പോർട്ടിങ് കെട്ടുകഥയാണെന്ന് അവർ വാദിക്കുന്നു. അധികാരസ്ഥാനത്തിരിക്കുന്നവർ തെറ്റുകൾ ചെയ്തുകൂട്ടുമ്പോൾ വസ്തുനിഷ്ഠമായി റിപ്പോർട്ടിങ് എങ്ങനെ സാധ്യമാകും. പറയുന്നതെല്ലാം കള്ളമാകുമ്പോൾ ആക്രമിക്കാതിരിക്കാൻ എങ്ങനെ കഴിയും. നിഷ്പക്ഷത കാലാഹരണപ്പെട്ട ആശയമാണ്. നല്ല മാധ്യമപ്രവർത്തനം എന്നാൽ ജോലിയിലെ അച്ചടക്കമാണ്. കൃത്യമായ വിധിതീർപ്പുകളാണ്. മാധ്യമ സ്ഥാപനം സ്വയം അനുശാസിക്കുന്ന ധാർമിക വ്യവസ്ഥകളിൽ അടിയുറച്ചുനിൽക്കുന്ന പ്രവർത്തനമാണ്. തെളിവ് പുറത്തുകൊണ്ടുവരികയാണ്; റിപ്പോർട്ടർ‌ക്ക് ജയിലിൽ പോകേണ്ടിവന്നാലും. 

എന്നാൽ, റെസ ആയുധമാക്കിയ അതേ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രത്യാക്രമണവുമുണ്ടായത്. സർക്കാർ സ്പോൺസേർഡ് അക്രമം. മാധ്യമപ്രവർത്തക എന്ന നിലയിലുള്ള റെസയുടെ ആധികാരികതയും പ്രശസ്തിയും തകർത്തെറിയാനായിരുന്നു ശ്രമം. ഏറ്റവും ഹീനമായ ആക്രമണമാണ് വ്യക്തിജീവിതത്തിലും നേരിടേണ്ടിവന്നത്. ആരും തളർന്നുപോകുന്ന സാഹചര്യം. 

ഫിലീപ്പീൻസിൽ മാധ്യമ സ്ഥാപനങ്ങൾ സാങ്കേതിക സ്ഥാപനങ്ങൾക്കു വഴിമാറുകയാണെന്ന് റെസ പറയുന്നു. സത്യത്തെ സംരക്ഷിക്കുന്നത് അവരുടെ കടമയല്ല. നീതിയിലും ധാർമികതയിലും അവർക്കു താൽപര്യമില്ല. ലക്ഷ്യം ലാഭം മാത്രം. മലിനമാക്കപ്പെട്ട സാമൂഹിക സ്ഥിതിയിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതിയ തലമുറയെ മികച്ച മാധ്യമ സംസ്കാരത്തിലേക്ക് കൊണ്ടുവരാനാകൂ. വിവേചന ബുദ്ധി വളർത്തിക്കൊണ്ടുവരുന്ന വിദ്യാഭ്യാസമാണു വേണ്ടത്. എന്തിനെയും ചോദ്യം ചെയ്യാൻ കഴിയണം. പഠിപ്പിച്ചുകൊടുക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കാതെ, എതിർക്കാനും ചോദ്യം ചെയ്യാനും തയാറാകുന്ന സമൂഹം വന്നാലേ ജനാധിപത്യം പുലരൂ. 

ഏകാധിപതിയെ ചോദ്യം ചെയ്യാൻ ഒരൊറ്റ വ്യക്തിക്കു മാത്രമായി കഴിയില്ല. പിന്തുണയ്ക്കാൻ ആളു വേണം. സഹായിക്കാൻ സ്ഥാപനങ്ങൾ വേണം. നീതി ശ്വാസം മുട്ടുമ്പോൾ നിലവിളിക്കാൻ ജനങ്ങൾ ഉണ്ടാകണം. റെസയ്ക്കു വേണ്ടത് പിന്തുണയാണ്. ജയിലിൽ പോകാതിരിക്കാൻ. സ്വതന്ത്ര മാധ്യമപ്രവർത്തനം ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ. 

 

Content Summary: Nobel Winner Maria Ressa and her views on Journalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com