ADVERTISEMENT

ശ്രീ അമ്പഴയ്ക്കാട്ട് ശങ്കരൻ എഴുതിയ ഏഴു കഥകളുടെ സമാഹാരമാണ് കൊടുക്കാക്കടം. പുലിറ്റ്സർ ബുക്‌സ് ആണ് പ്രസാധകർ. പ്രൊഫസർ ഡോ. എം. കൃഷ്ണൻ നമ്പൂതിരിയുടെ നല്ലൊരു അവതാരികയുമുണ്ട്. ഇതിലെ ഓരോ കഥകളുടെയും പ്രമേയം വ്യത്യസ്തമാണെങ്കിലും പൊതുവേ രചനാശൈലിയിൽ സ്വീകരിച്ചിരിക്കുന്ന ബോധധാര എന്ന ആഖ്യാനസങ്കേതത്തിന്റെ മികവ് എല്ലാ കഥകളിലും കാണാനുണ്ട്.

അമേരിക്കയിൽ ജീവിക്കുന്ന കഥാകാരൻ കേരളത്തെക്കുറിച്ചെഴുതുമ്പോൾ അത് ഒരു വിഹഗവീക്ഷണമാകാതെ വയ്യ. വിഹഗവീക്ഷണത്തിനുമുണ്ട് അതിന്റേതായ ഗുണങ്ങൾ. കേരളത്തിൽ ജീവിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ഭൂമിക മനസ്സിലാക്കുമ്പോൾ  അവ്യാപകമായ സൂക്ഷ്മദൃശ്യങ്ങളിൽ പെട്ടുപോകും. വിഹഗവീക്ഷണത്തിലാണ് കൂടുതൽ സാകല്യമായ കാഴ്ച ഉള്ളത്. ആ കാഴ്ചയുടെ ഗുണങ്ങൾ ഈ കഥയിൽ കാണാം.

മലയാള സാഹിത്യം കക്ഷിരാഷ്ട്രീയം ഒഴിച്ച് നിർത്തിയാൽ രാഷ്ട്രീയത്തിൽ ഏറെ ശുഷ്കമാണ്. അരാഷ്ട്രീയ കഥകൾ നീങ്ങുന്നത് കാലിൽ മുള്ളുകൊള്ളാതെ നടക്കുന്നത് പോലെയാണ്  രാഷ്ട്രീയസംജ്ഞകളെ പോലും ഒഴിവാക്കുന്നത്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, വിദ്യാർത്ഥി യൂണിയൻ നേതാവ് എന്നല്ലാതെ വ്യക്തികളുടെ പേരുകൾ കഥയിൽ എഴുതാൻ വലിയ മടിയാണ്. വിപണന സാധ്യത ഉണ്ടെങ്കിൽ മാത്രം ഈ എം എസ്സും പെൺകുട്ടിയും എന്നൊക്കെ കഥയ്ക്ക് പേരിടും. മോശമായ പരാമർശങ്ങളല്ലെങ്കിൽ എന്തുകൊണ്ട് വ്യക്തിയുടെ പേരുകൾ പറഞ്ഞുകൂടാ? “ഉമ്മൻ ചാണ്ടിയുടെ പ്രസംഗം കേട്ട് മടങ്ങുമ്പോൾ” അല്ലെങ്കിൽ “കോടിയേരിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുവാൻ” എന്നൊന്നും എഴുതാൻ മലയാളിക്ക് വരില്ല. ഹംകോ അംഗ്രേജി നഹിം ആത്താ എന്ന് വടക്കേ ഇന്ത്യക്കാർ പറയുന്നത് പോലെയാണ്. 

ശ്രീ ശങ്കരൻ ഇതിൽ നിന്ന് വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ കഥകളിൽ കേരളത്തെ പത്രവാർത്ത പോലെ തന്നെ കാണാം. ഭാവനയിൽ വിരിഞ്ഞ കഥകൾക്കും ഒരു റിയലിസം കൈവരുവാൻ ഇത് സഹായിക്കുന്നു. കഥകളുടെ പ്രമേയങ്ങൾ ശ്രദ്ധാർഹമാണ്. എങ്കിലും കൂടുതൽ വശ്യമായി തോന്നിയത് അദ്ദേഹത്തിന്റെ ആഖ്യാനശൈലി തന്നെയാണ്. വലിയ നിരൂപകർ പോലും “എന്താ അതിലെ സംഭവം?” എന്ന് സംഗ്രഹങ്ങൾ തിരയുന്ന ഈ കാലത്ത് ഈ കഥകൾ വേണ്ടപോലെ ശ്രദ്ധിക്കപ്പെടാതെ പോയാൽ അത്ഭുതപ്പെടാനില്ല.

അവതാരികയിൽ പ്രൊഫ എം കൃഷ്ണൻനമ്പൂതിരി വിശദമാക്കുന്നത് പോലെ ബോധധാരയാണ് പ്രധാനമായ രചനാ സങ്കേതം. ഉത്തരാധുനികരെ പോലെ അത് അബോധധാരയായി മാറുന്നുമില്ല. ഉത്തമപുരുഷൻറെ (ഫസ്റ്റ് പേഴ്സൺ)വീക്ഷണകോണിൽ എഴുതുന്ന  ചെറുകഥകൾക്ക് ഏറെ യോജിച്ചതാണ് ബോധധാര എന്ന രചനാ ശൈലി. ഇതിൽ ആഖ്യാതാവിൻറെ ചിന്തകളിൽ (അനുഭവങ്ങളിലും) തെളിയുന്ന ലോകമാണ് വായനക്കാരൻ കാണുന്നത്. 

Stream of consciousness എന്നതിൻറെ മലയാളമാണല്ലോ ബോധധാര. പലരുടെയും പേരിൽ ഈ വാക്കിന്റെ ഉത്ഭവം അറിയപ്പെടുന്നെങ്കിലും നോവലിസ്റ്റായ ഹെൻറി ജയിംസിന്റെ സഹോദരൻ വില്യം ജെയിംസ് എന്ന മനശ്ശാസ്ത്രജ്ഞനാണ് ഇത് പ്രചാരത്തിൽ ആദ്യം എത്തിച്ചത്. അതിനും മുന്നേ ആന്തരിക ഏകാംഗഭാഷണം (interior monologue) നിലവിലുണ്ടായിരുന്നു. അത് മാത്രമല്ല നാടകത്തിൽ ആത്മപ്രകാശം, ആത്മഗതം (aside, soliloquy) എന്നിവയും കവിതയിൽ നാടകീയ ഏകാംഗഭാഷണം  (dramatic monologue) എന്നിവയും നിലവിലുണ്ടായിരുന്നു. ബോധധാര ഇതിൽ നിന്നൊക്കെ വ്യത്യസ്തമാകുന്നത് അത് വ്യാകരണനിയമങ്ങളെപ്പോലും തെറ്റിക്കുന്നത് കൊണ്ടാണ്. 

ന്യൂറോസയൻസും ഭാഷാശാസ്ത്രവും നിർമ്മിതബുദ്ധിയും നമ്മുടെ ചിന്തകളുടെ ഘടന കൂടുതൽ കൂടുതൽ വ്യക്തമാക്കിത്തന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ ആഖ്യാനരീതി കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. ഒരു ബൈനറി ഉപയോഗിച്ച് ഒരാളുടെ ചിന്തകൾ നിസാരമായി രേഖപ്പെടുത്താം എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. നമ്മൾ കരുതുന്നപോലെ ചാടിക്കളിക്കുന്ന മനസ്സൊന്നുമല്ല നമുക്കുള്ളത്. ഷേക്‌സ്‌പിയർ പറഞ്ഞത് പോലെ “Neither rhyme nor reason can express how much.” എന്നൊന്നും ചിന്തകളെക്കുറിച്ച് വിലപിക്കേണ്ട എന്നല്ലേ ഇതിന്റെ അർത്ഥം.

നമ്മുടെ ചിന്തകൾ ഒരു ചോല പോലെ നമ്മുടെ ബോധതലത്തിന് കുറുകേ ഒഴുകിക്കൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ നിന്നും വരുന്ന വ്യത്യസ്ത  അനുഭവങ്ങൾ പോലും ഒരൊറ്റ ഇന്ദ്രിയത്തിൻറെ സംഭാവന എന്ന പോലെ അതിൽ  കൂടിച്ചേരുന്നു കാലദേശങ്ങളൊന്നും അവിടെ വിഷയമല്ല . ഭാരതീയ ചിന്തയിൽ നമ്മുടെ അഹം (അകം, ആത്മാവ്) ഇതിന്റെ സാക്ഷി മാത്രമാണ്. ഇടപെടാൻ പോലും കഴിയാത്ത മൂകസാക്ഷി. അത് നിർവിഘ്‌നമായി  തിരിച്ചറിയുന്നതാണ് മോക്ഷം.  

ഒരു മെത്തേഡ് ആക്ടറെ പോലെ ചിന്തിച്ചും ഭാവന ചെയ്തുമല്ലാതെ സ്വാഭാവികമായി, ഒരു കഥാപാത്രമായി മാറി, എഴുതുന്നവർക്ക് ഈ രീതി എളുപ്പമായി തോന്നാം. ചില എഴുത്തുകാർ അങ്ങനെയാണ്, ചില നടന്മാരും. അവർ കഥാപാത്രമായി മാറിയാണ് കഥ പറയുന്നതും അഭിനയിക്കുന്നതും. ഇങ്ങനെ ചെയ്യുമ്പോൾ സ്വന്തം സ്വത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടെങ്കിലേ സ്വന്തം നിറം കഥാപാത്രത്തിന് വരാതെ ശ്രദ്ധിക്കാൻ കഴിയൂ. അല്ലെങ്കിൽ കഥാപാത്രസൃഷ്ടിയുടെ ഉള്ളിൽ  കഥാകൃത്ത് ഉള്ളതായി കാണാം.  അപ്പോഴാണ് കഥാകൃത്ത് കഥയിൽ കൈകടത്തുന്നു എന്നൊക്കെ തോന്നുന്നതും.

ശ്രദ്ധാപൂർവ്വം ചിന്തിച്ചും ഭാവന ചെയ്തും എഴുതുമ്പോൾ ബോധധാര ഒരു വലിയ ബാധ്യതയാവും. അങ്ങനെയൊക്കെ എഴുതുന്നവർ മലയാളത്തിൽ കുറവാണ്. കൊള്ളുന്നിടം വെച്ച് തടുക്കുന്നവരാണ് കൂടുതൽ. അതിൻറെ കുറവ് കാണാനുമുണ്ട്. സ്വന്തം കഥ നല്ലതോ കെട്ടതോ എന്ന് മിക്ക കഥാകാരന്മാർക്കും അറിയില്ല, അത് പ്രസിദ്ധീകരിക്കുന്ന പത്രാധിപർക്കും.

നമ്മൾ നമ്മളെക്കുറിച്ച് ചിന്തിക്കുമ്പോൾ “ഞാൻ” എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. “അയാൾ തൻറെ കാലുകൾ നീട്ടിവെച്ച് നടന്നു. തനിക്ക് ഇഷ്ടപ്പെട്ട ആളുകൾ തന്നെ കാത്തിരിക്കുന്നു എന്ന് അയാൾ ഓർത്തു” എന്ന് പ്രഥമപുരുഷൻറെ  (തേർഡ് പേഴ്സൺ) വീക്ഷണകോണിൽ എഴുതുന്നത് ഫസ്റ്റ്  പേഴ്സൺ PoV ആണെങ്കിൽ വാചകങ്ങളിൽ കർത്താവും മറ്റും വേണ്ടല്ലോ. “കാലുകൾ നീട്ടിവെച്ച് നടന്നു. ഇഷ്ടപ്പെട്ട ആളുകൾ  കാത്തിരിക്കുന്നു എന്ന്  ഓർത്തു” എന്ന് മതിയാകും. ഇത് തേർഡ് പേഴ്സൺ PoV യിൽ പ്രയോഗിച്ചാലും നല്ല ഭംഗിയുണ്ടാവും. 

ചിന്തകൾ കാട് കയറുമ്പോൾ പാണിനി എവിടെ, വ്യാകരണം എവിടെ! നമ്മുടെ ചിന്തകൾ ഒരു ഋജുരേഖയിൽ പായുമ്പോഴും അങ്ങിനെയല്ല ഒരു വടവൃക്ഷംപോലെ ശാഖോപശാഖകൾ നിരന്ന് നിൽക്കുന്നു എന്നാണ് നമുക്ക് തോന്നുക. ഈ തോന്നൽ ഭാഷയിൽ കൊണ്ടുവരാൻ പ്രയാസമാണ്. കാരണം ഭാഷ ഋജുരേഖയിലാണ് (ലീനിയർ). ചിത്രകലയിൽ ഇത് എളുപ്പമാണെന്ന് മാത്രമല്ല മറിച്ചൊന്ന് സാധ്യവുമല്ല.

ബോധധാര നല്ല ശക്തമായ ഒരു ആഖ്യാനരീതിയാണ്. അത് വായനക്കാരനെ അതിൻറെ മാസ്മരികതയിൽ തളച്ചിടും. ഇതിന്റെ കാരണവും രസകരമാണ്. ബോധധാരയിൽ കഥകൾ എഴുതിയാൽ അവയുടെ തുടക്കം കഴിയുമ്പോൾ കഥാപാത്രത്തിന്റെ വാക്കുകൾ വായനക്കാരന്റെ ചിന്തകൾക്ക് പകരം വെയ്ക്കപ്പെടുന്നു. അങ്ങിനെ വായനക്കാരൻ ഒരു ഹിപ്നോസിസിന് വിധേയനാക്കപ്പെടുന്നു എന്ന് പറയാം. കഥയുടെ വൈകാരികതയെ ഇല്ലാതാക്കുന്ന യാതൊരു ബൗദ്ധികതയും കഥയിൽ പ്രയോഗിച്ചിട്ടില്ലെങ്കിൽ ശരിക്കും വായനക്കാരൻ കഥയ്ക്കുള്ളിൽ പെട്ടുപോകും.

ശ്രീ ശങ്കരന്റെ മാറ്റം എന്ന കഥ തന്നെയെടുക്കാം: 

“നേരം വെളുക്കുന്നതേയുള്ളൂ. ഒറ്റയ്ക്കുള്ള യാത്രയായിരുന്നതുകൊണ്ട് ഒരു വലിയ ബാഗേ ഉണ്ടായിരുന്നുള്ളൂ. എല്ലാ തവ ണത്തേയും പോലെ തന്നെ സരസ്വതിയാമത്തിന് മുമ്പെ തന്നെ വിമാനം ഇറങ്ങിയിരുന്നു. ആധുനിക സൗകര്യങ്ങൾ നിറഞ്ഞ് എയർ പോർട്ട് ആകെ മാറിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പാണ് ഇതിനുമുമ്പ് ഇതിലൂടെ വന്നത്. ചിട്ടകൾ കഴിയാൻ എത്ര നേരം എടുക്കുമെന്ന റിയാൻ വയ്യാത്തതുകൊണ്ട് എല്ലാം കഴിഞ്ഞശേഷമേ അളിയനെ വിളിച്ചുള്ളൂ. അനാവശ്യമായി ആരേയും കാത്തു നിർത്തരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു. കാറുമായി അളിയനെത്താൻ ഒരു മണിക്കൂർ, തിരിച്ച് അളിയന്റെ വീട്ടിലെത്താൻ മറ്റൊരു മണിക്കൂർ. ക്ഷീണമുണ്ടെങ്കിൽ ഒന്ന് മയങ്ങിക്കോളൂ എന്നളിയൻ പറഞ്ഞതാണ്. കൊച്ചു കുശലങ്ങൾ പറഞ്ഞതൊഴിച്ചാൽ, വഴിവിളക്കുകളുടെ നേരിയ വെളിച്ചത്തിൽ അതിവേഗം മാറുന്ന നാടിന്റെ ഛായകൾ ആസ്വദിച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു ഏതാണ്ട് മുഴു വൻ സമയവും.

കൂട്ടിച്ചേർത്ത ഒരു പൂമുഖം മാത്രമായിരുന്നു അളിയന്റെ വീടിനുവന്ന മാറ്റം. പഴയ ഹീറോഹോണ്ട ഇപ്പോഴും മഴകൊള്ളാതെ കവർ ചെയ്ത് വെച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വീടിന്റെ പകുതി യോളം മുങ്ങിയിരുന്നു. അതിന് സർക്കാരിൽനിന്നും കുറച്ച് പണം കിട്ടിയതും കേടുപാടുകൾ തീർത്തതും കാറിലിരിക്കെ പറഞ്ഞിരു ന്നു. ഭംഗിയുള്ള പുത്തൻ പൂമുഖത്ത്, കസേരയിൽ ഇരുകാലുകളും നീട്ടി തിണ്ണയിൽ വെച്ച്, സാമാന്യം അകലെയുള്ള റോഡിലേക്ക് കണ്ണും നട്ടിരുന്നു. സൈക്കിളിന്റെ കാരിയറിൽ വലിയ അലുമിനിയം പാൽപാത്രം നിറഞ്ഞ പാലുമായി ആരോ ഒരാൾ സൈക്കളോടിച്ച് പോയി.

“ഉറക്കം പോയി അല്ലെ? അകത്തേക്ക് കേറി ബാഗുകൾ വെച്ചോളൂ. ഞാൻ ചായ ഉണ്ടാക്കാം.”

“ആവാം. ആദ്യമൊന്നിരിക്കട്ടെ”

 ഈ വരികൾ വായിക്കുമ്പോൾ വായനക്കാരൻ കഥാപാത്രവുമായി എത്രവേഗം താദാമ്യം (character identification) പ്രാപിക്കുന്നു! ഈ പ്രത്യേകത ഇദ്ദേഹത്തിന്റെ എല്ലാ കഥകളിലും കാണാൻ സാധിച്ചു. വിപുലമായ വായനയിലൂടെ രൂപപ്പെടുത്തിയെടുത്തതാവണം ഈ ശൈലി. 

 “മാറ്റം”  എന്ന  കഥയുടെ ആഖ്യാനത്തിൽ ഏത് രാഷ്ട്രീയ കക്ഷിയാണ് പ്രതിക്കൂട്ടിൽ എന്ന് യാതൊരു മറവുമില്ലാതെ കഥാകൃത്ത് പറഞ്ഞിരിക്കുന്നു. 

“ഹിന്ദോളം” എന്ന അടുത്ത കഥയിൽ എം എ ബേബി ഉൾപ്പെടെ ഇടതു പക്ഷത്തെ പല രാഷ്ട്രീയ നേതാക്കളും cameo റോളുകളിൽ വരുന്നുണ്ട്.  ഒരു മഹാമേരു മറിഞ്ഞുവീണപ്പോൾ ഭൂമി ചെറുതായി (!) ഒന്ന് കുലുങ്ങിയ നാളുകളിലാണ് ഈ കഥ നടക്കുന്നത്. കൊടുക്കാക്കടം ഒരെഴുത്തുകാരൻ എന്ന നിലയിൽ സ്വകീയമായ ഒരനുഭവത്തെ വായനക്കാരുടെ മനസ്സിൽ എത്തിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. 

“ജലനാണയങ്ങൾ” എന്ന കഥ ജലരേഖകളായി മാറുന്ന വ്യക്തിപരമായ നന്മകളെക്കുറിച്ചും മാറിവരുന്ന മൂല്യബോധത്തെക്കുറിച്ചുമാണ്.   മൂല്യബോധം നൈസർഗ്ഗികമല്ല. കൊണ്ടും കൊടുത്തും കിട്ടുന്നതാണ്. സമൂഹത്തിൽ നേരിട്ട് ഇടപഴകാൻ അവസരം വേണ്ടത്ര കിട്ടാത്തവരിൽ ഏറെയും സ്ത്രീകളാണെന്നത് അവരുടെ കുറവല്ല, സമൂഹത്തിന്റെ കുറ്റമാണ് എന്നും ഈ കഥ വായിച്ചപ്പോൾ ചിന്തിച്ചുപോയി. 

ഇന്ത്യയിൽ ഉയർന്നുവരുന്ന മധ്യവർഗ്ഗത്തിന്റെ പെരുമാറ്റമാണ് “നീലിമ” എന്ന കഥയിൽ വായിക്കാൻ കഴിഞ്ഞത്. വലിയൊരു സാമൂഹ്യശാസ്ത്ര പഠനത്തിനുള്ള വിഭവം ഈ കഥയിലുണ്ട്. അത് കാലത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. ഗിഗ് എക്കണോമി എന്നൊക്കെ പിൽകാലത്ത് അറിയപ്പെടാൻ തുടങ്ങിയ പുതിയൊരു സാമ്പത്തിക ഭൂമികയും ഈ കഥയിൽ തെളിയുന്നു. പതിനാലു വയസ്സുപോലും പ്രായമാകാത്ത ഒരു പെൺകുട്ടിയെ ജോലിക്ക് നിർത്തിയത് നീലിമയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.

ഒറ്റപ്പെട്ടുപോയ മനുഷ്യരെല്ലാം നാറാണത്ത് ഭ്രാന്തന്മാരോ സിസിഫസോ ആകാൻ സാധ്യതയുള്ള ഒരു ലോകമാണ് ഇത്. ഭൗതികമായ നേട്ടങ്ങളുമായി ഇണങ്ങാനോ പിണങ്ങാനോ നില്കാതെ വഴിമാറി നടന്നാൽ തീർച്ചയായും ഒറ്റപ്പെട്ടുപോകും. പൂർണ്ണമായും യുക്തിയോടെയോ യുക്തിഹീനമായോ ജീവിക്കാൻ സമൂഹം അനുവദിക്കില്ല. അത് “അലയുന്നവർ അന്വേഷിക്കുന്നവർ” എന്ന കഥയുടെ .ഒരു പ്രധാന വായനയാണ്. 

“അതിരപ്പള്ളി” എന്ന കഥയിലെ അതിരപ്പള്ളി പ്രകൃതിയുടെ പ്രതീകമാണ്. നവരസങ്ങളും വിവിധഭാവങ്ങളും പ്രകൃതിയ്ക്ക് ഉണ്ട്. സംഗമവും വിരഹവും ഉണ്ട്, അതിൻറെ കാര്യസാധ്യത്തിനാണെന്ന് മാത്രം. അതിന്റെ നാടകശാലയിൽ നമ്മൾ വേഷങ്ങൾ ആടുന്നു.  അതിന്റെ നിയമങ്ങളെ പൊളിച്ചെഴുതാനോ രീതികളെ ചോദ്യം ചെയ്യാനോ ഒരുമ്പെടുമ്പോൾ ജീവൻ തന്നെയാവും വിലയായി കൊടുക്കേണ്ടി വരുന്നത്.   

നല്ല ഒരു പാട്ട് കേട്ടാൽ ഏറെ നേരം അത് മൂളി നടക്കാൻ തോന്നുന്നത് പോലെ, ഈ കഥകൾ വായിച്ചാൽ ദിവസങ്ങളോളം ഈ വരികളുടെ താളവും ലയവും മനസ്സിൽ നിൽക്കും. കഥാപാത്രങ്ങളുടെ ഉള്ളിൽ നിന്നും ഇറങ്ങി വരാൻ വായനക്കാരൻ നന്നേ പ്രയാസപ്പെടും. രാഗങ്ങളെക്കുറിച്ച് പല കഥകളിലും പരാമർശിച്ച് കണ്ടതിൽ നിന്നും കഥാകൃത്ത് സംഗീതത്തിലും താത്പര്യവും അറിവും ഉള്ളയാളാണെന്നു കരുതുന്നു. ആ ഗുണങ്ങൾ ഈ കഥകൾക്കും ഉണ്ട്. അവയുടെ ഉള്ളിലും ഉടലിലും ഉടയാടകളിലും സംഗീതമുണ്ട്. 

 

Content Summary: Article of Sreekumar Ezhuthani about the Book Kodukkakadam and Stream of Consciousness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com