ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ ' ആയിരം റഹീമുകളുടെ തമ്പുരാട്ടി ' എന്ന പുതിയ നോവലിന്റെ കവർ പ്രകാശനം ചെയ്തു. കോട്ടയം സി എം എസ് കോളേജ് മലയാളം വിഭാഗം ബിരുദ വിദ്യാർത്ഥിയും കോളേജ് മാഗസിൻ എഡിറ്ററുമായ ആദിത്ത് കൃഷ്ണയുടെ മൂന്നാമത് പുസ്തകമാണ് ആയിരം റഹീമുകളുടെ തമ്പുരാട്ടി. സിനിമാസംവിധായകരായ ജയരാജ്, പ്രജീഷ് സെൻ എന്നിവരിലൂടെയും സിനിമാതാരം ഹരീഷ് പേരടിയുടെയും എഴുത്തുകാരനും നോവലിസ്റ്റുമായ എസ്. ഹരീഷിന്റെയും ഫെയ്സ്ബുക് പേജിലൂടെയുമാണ് കവർ പ്രകാശനം ചെയ്തത്. ഡിസംബർ രണ്ടാം വാരത്തോടെ മഴത്തുള്ളി പബ്ലിക്കേഷൻസിലൂടെ പുസ്തകം ഓൺലൈൻ ഷോപ്പിലൂടെയും മറ്റു പുസ്തക സ്ഥാപനങ്ങളിലൂടെയും വായനഹൃദയത്തിലേക്കു എത്തിച്ചേരും.

പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ ആദിത്ത് കൃഷ്ണ ചെമ്പത്ത് വളരെ ചെറുപ്പത്തിലെ തന്നെ കവിതകളും കഥകളും എഴുതിത്തുടങ്ങിയ വ്യക്തിയാണ്. കുട്ടികളുടെ നോവലായ "കിടുവന്റെ യാത്ര" ആണ് ആദ്യ പുസ്തകം. "ലൂ" എന്ന ഇംഗ്ലീഷ് കവിതാസമാഹാരവും പുറത്തിറക്കിയിരുന്നു.
സോഷ്യൽ മീഡിയകളിലും നവകാലിക ഓൺലൈൻ പ്ലാറ്റ്ഫോം എഴുത്തുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിറസാന്നിധ്യമാണ് ആദിത്ത് കൃഷ്ണ ചെമ്പത്ത്. എഴുത്തുകൾക്കു പുറമേ ഓട്ടംതുള്ളൻ, അഭിനയം, സംവിധാനം എന്നീ മേഖലകളിലും തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്. 2019 ലെ കേരളം സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, കടത്തനാട് മാധവിയമ്മ പുരസ്കാരം, ഐ ആർ കൃഷ്ണൻ മേത്തല എൻഡോവ്മെന്റ്, ഗീതകം നവമുകുള കഥാപുരസ്കാരം, പി കെ റോസി ഫൗണ്ടേഷൻ നടത്തിയ എ. അയ്യപ്പൻ അനുസ്മരണ മലയാള കവിത പുരസ്കാരം, മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച 11–ാമത് എൻ എൻ കക്കാട് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മൂന്നു തവണ എ ഗ്രേഡ് സ്ഥാനം അലങ്കരിച്ച വ്യക്തികൂടിയാണ് ആദിത്ത് കൃഷ്ണ.
ഷോർട്ഫിലിമിലൂടെ അഭിനേതാവും സംവിധായകനുമായി . സ്വന്തം സംവിധാനത്തിൽ പുറത്തിറങ്ങിയ "മുന്ന" എന്ന ഷോർട് ഫിലിം 2021 ലെ ബാംഗ്ലൂർ ഇന്റർനാഷണൽ ഷോർട് ഫിലിം അവാർഡിന് പ്രത്യേക ജൂറി നരേറ്റീവ് ഷോർട് ഫിലിം എന്ന വിഭാഗത്തിൽ നേടുകയും ചെയ്തു. എഴുത്തും സിനിമയും അധ്യാപനവുമാണ് ഏറെ താൽപ്പര്യമുള്ള മേഖലകൾ.
Content Summary: Malayalam Book ' Aayiram Rahimukalude Thamupuratti' Cover Release