ADVERTISEMENT

ഡൗണിങ് സ്ട്രീറ്റിൽ നിന്ന് 6000 നാഴിക ദൂരെ, ബംഗാൾ ഉൾക്കടലിനു മീതെയായി. ഗംഗാനദീതടത്തിലെ ഒരു ഗ്രാമത്തിൽ, ഒരു കർഷകന്റെ കുടിലിൽ, മണ്ണു മെഴുകിയ നിലത്ത് പ്രായം ചെന്ന ഒരാൾ നീണ്ടുനിവർന്നു കിടന്നിരുന്നു. ഉച്ചയ്ക്കു കൃത്യം 12 മണിയായിരുന്നു അപ്പോൾ. ആ സമയത്ത് എന്നും ചെയ്യാറുള്ളതുപോലെ, അന്നും തന്റെ സഹായി നീട്ടിപ്പിടിച്ച നനഞ്ഞ തുണിസഞ്ചിക്കായി അദ്ദേഹം കൈ നീട്ടി. ആ സഞ്ചിയുടെ സുഷിരമാർന്ന മടക്കുകളിൽ നിന്ന് കറുത്ത ചെളി പുറത്തുവന്നുകൊണ്ടിരുന്നു. വൃദ്ധൻ ശ്രദധാപൂർവം ആ സഞ്ചി തന്റെ ഉദരത്തിൻമേൽ അമർത്തി, കുറേക്കൂടി ചെറിയ രണ്ടാമതൊരു സഞ്ചിയെടുത്ത് അദ്ദേഹം തലയിലും പറ്റിച്ചുവച്ചു.

1947 ൽ നവവത്സര ദിനത്തിലെ ഒരു രംഗമാണിത്. ബംഗാളിൽ നവാഖാലിയിലെ ശ്രീരാംപുറിൽ നിന്നുള്ള കാഴ്ച.  ഇന്ത്യയ്ക്ക് ഏറ്റവുമധികം കടപ്പാടുള്ള മനുഷ്യന്റെ സജീവമായ കാഴ്ച. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കുന്നതിനുവേണ്ടി ഏറ്റവുമധികം പ്രവർത്തിച്ച വ്യക്തി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുന്നതിനുള്ള മാർഗ്ഗം കണ്ടെത്താൻവേണ്ടി വിക്ടോറിയാ രാജ്ഞിയുടെ പ്രപൗത്രനെ ന്യൂഡൽഹിയിലേക്കയയ്ക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി നിർബന്ധിതനായതിനു കാരണക്കാരനും ഈ മനുഷ്യൻ തന്നെയാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന അസാധാരണനായ വിപ്ലവകാരി. ലോകത്തിലെ അനന്യസാധാരണമായ വിമോചന പ്രസ്ഥാനത്തിന്റെ സൗമ്യനായ പ്രവാചകൻ. കഷ്ടിച്ച് 5 അടി ഉയരവും 144 റാത്തൽ തൂക്കവുമുള്ള ചെറിയ മനുഷ്യൻ.

freedom-at-midnight

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വായിച്ച ഒരു പുസ്തകത്തിലാണ് സൂക്ഷ്മമായും ആധികാരികമായും നാടകീയമായും ഗാന്ധിജിയെ ഇങ്ങനെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അർധരാത്രിയിൽ. ഒരുപക്ഷേ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഇന്നുവരെ എഴുതപ്പെട്ടതിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകം.  1975 ലെ ജൂണിൽ അച്ചടി തുടങ്ങിയ, ഇന്നും വീണ്ടും വീണ്ടും അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, എന്നത്തെയും വലിയ ബെസ്റ്റ് സെല്ലർ. ഏറ്റവും പുതിയ തലമുറയുടെയും ഹരം. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവർ ആവർത്തിച്ചുവായിക്കുന്നത്. യോജിക്കാനും വിയോജിക്കാനും എതിർക്കാനും ഉദ്ധരിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ട ഈ പുസ്തകം എഴുതിയ രണ്ടുപേരിൽ അവസാനത്തെയാളും ചരിത്രത്തിലേക്ക് വിടവാങ്ങിയിരിക്കുന്നു. 2005 ലാണ് ലാരി കോളിൻസ് മരിച്ചത്. ഇപ്പോഴിതാ ഡൊമിനിക് എം.ലാപിയറും വിടവാങ്ങിയിരിക്കുന്നു. അക്ഷരലോകത്ത് രണ്ടുപേരുടെ സംയുക്ത സംരംഭങ്ങളിൽ ഏറ്റവുമധികം വിജയിച്ച സൗഹൃദത്തിന്റെ യും കൂട്ടായമയുടെയും വിജയത്തിന്റെയും മാതൃക ഇനി ഓർമകളിൽ.

ഫ്രാൻസിൽ ജനിച്ചെങ്കിലും പിതാവിന്റെ ജോലിയുടെ ഭാഗമായി കുറേക്കാലം അമേരിക്കയിൽ ജീവിക്കുകയും ചെയ്ത ലാപിയർ സൈന്യത്തിൽ സേവനമനുഷ്ഠിക്കവെയാണ് ലാരി കോളിൻസിനെ പരിചയപ്പെടുന്നത്. അത് ഒരു ദീർഘകാല സൗഹൃദത്തിന്റെ തുടക്കമായിരുന്നു. അവരിരുവരും കൂടി രചിച്ച പുസ്തകങ്ങൾ എല്ലാം മാസങ്ങളല്ല വർഷങ്ങളോളം ബെസ്റ്റ് സെല്ലർ പട്ടികയിൽ ആദ്യസ്ഥാനത്തു തുടർന്നു. ഈസ് പാരിസ് ബേണിങ്, ഓ ജറുസലേം, മൗണ്ട്ബാറ്റൻ ആൻഡ് ദ് പാർട്ടീഷൻ ഓഫ് ഇന്ത്യ എന്നിവയെല്ലാം സമഗ്രതയിലും ആധികാരികതയിലും ആകർഷകമായ അവതരണത്തിലും ഇന്നും എതിരാളികളില്ലാതെ മുന്നേറുന്നവയാണ്. എന്നാൽ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന മഹദ്ഗ്രന്ഥം തന്നെയാണ് ഉള്ളടക്കത്തിന്റെ സ്‌ഫോടനാത്മകത കൊണ്ടും ഇതിവൃത്തത്തിന്റെ പ്രത്യേകതയാലും ഞെട്ടിക്കുന്ന വിവരങ്ങളാലും ഏറ്റവുമധികം ജനപ്രീതി നേടിയതും ഇന്ത്യക്കാരുടെ ഹൃദയത്തിലിടം പിടിച്ചതും.

ചരിത്രത്തെ എല്ലാ നാടകീയതകളും നിലനിർത്തി ഇങ്ങനെ അവതരിപ്പിക്കാമോ എന്ന അദ്ഭുതം ആരിലും ഉണർത്തിക്കൊണ്ടാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. പുസ്തകത്തിന് അവസാനം ഒട്ടേറെ പേജുകൾ നീളുന്ന അനുബന്ധത്തിൽ തങ്ങൾക്കു ലഭിച്ച ഓരോ വിവരത്തിന്റെ യും വിശ്വാസ്യത എഴുത്തുകാർ അക്കമിട്ട് വിവരിക്കുന്നുണ്ട്. ഏതൊക്കെ വ്യക്തികളെ കണ്ടു. സംസാരിച്ചു, ഏതൊക്കെ രേഖകളാണ് അടിസ്ഥാനമാക്കിയത് എന്നതെല്ലാം ഒരു പിഴവും കൂടി നിരത്തിക്കൊണ്ടാണ് ലാപിയറും കോളിൻസും തങ്ങൾ ഏറ്റെടുത്ത ദൗത്യത്തെ വിശ്വസീനിയമാക്കിയത്. എന്നാൽ, ഇത്രയധികം വിവരങ്ങൾ ലഭിച്ചവർക്കുപോലും കിടയറ്റ പ്രതിഭ ഉണ്ടെങ്കിൽ മാത്രമേ ഇത്ര ആഴത്തിലുള്ള ഒരു ഗ്രന്ഥം രചിക്കാൻ ആവുമായിരുന്നുള്ളൂ.

അടിമുടി നാടകീയമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ.  ദൃക്‌സാക്ഷി വിവരണത്തിന്റെ ചടുലതയുണ്ട് ഓരോ വിവരണത്തിനും. എന്നാൽ, ആവേശത്തള്ളിച്ചയിൽ ഒരിക്കൽപ്പോലും വാസ്തവികതയെ ബലി കൊടുക്കുന്നുമില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഒന്നൊന്നായി ഇഴകീറി അവതരിപ്പിക്കുമ്പോഴും ഗാന്ധിജി ഉൾപ്പെടെയുള്ള യുഗപ്രഭാവൻമാരെ വർണിക്കുമ്പോഴും എഴുത്തുകാർ തിരഞ്ഞെടുത്ത ഓരോ വാക്കും മനസ്സിൽ തങ്ങിനിൽക്കാൻ ശേഷിയുള്ളതാണ്. അസാധ്യമെന്നു വിശേഷിപ്പിക്കാവുന്ന അനുകമ്പയോടെ ഒരു രാജ്യത്തിന്റെ ചരിത്രത്തെ നോക്കിക്കാണുകയും ആ രാജ്യത്തെതന്നെ ഉള്ളിൽ ഏറ്റുവാങ്ങുകയും ചെയ്തവർക്കു മാത്രം കഴിയുന്ന പ്രശംസാർഹമായ ഉത്തരവാദിത്തമാണ് കോളിൻസും ലാപിയറും ചേർന്നു നിർവഹിച്ചത്.

രണ്ടാം ക്രൂശിക്കൽ എന്ന അവസാന അധ്യായത്തിൽ ഗാന്ധിജിയുടെ പുത്രനെ അവതരിപ്പിക്കുന്ന രംഗമുണ്ട്. അതിങ്ങനെയാണ് : 

ചിതാഗ്നി എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന ആ രാത്രി മുഴുവൻ, ആ മഹാമനുഷ്യന്റെ പുകയുന്ന അവശിഷ്ടങ്ങളെ മൂകമായി പ്രദക്ഷിണം ചെയ്ത് ദുഖിതരായ ജനാവലി കടന്നുപോയിക്കൊണ്ടിരുന്നു. അവർക്കിടയിൽ ആരും അറിയാതെ, ആരും ഗൗനിക്കാതെ, ആ ചിതാഗ്നി കൊളുത്തേണ്ടിയിരുന്നവനായ മനുഷ്യനും ഉണ്ടായിരുന്നു. മദ്യത്താലും ക്ഷയരോഗത്താലും നശിപ്പിക്കപ്പെട്ട, പരിത്യക്തനായ, മഹാത്മാഗാന്ധിയുടെ മൂത്തപുത്രൻ ഹരിലാൽ.

സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകം സ്വാതന്ത്ര്യത്തിന്റെ ചരിത്രം എന്നപോലെ തന്നെ ഗാന്ധിയുടെ ഇതുവരെ എഴുതപ്പെട്ടതിൽ ഏറ്റവും ഹൃദയസ്പർശിയായ ജീവചരിത്രം കൂടിയാണ്. ഗാന്ധിയുടെ പ്രമുഖ ശിഷ്യഗണങ്ങൾക്കോ, അദ്ദേഹത്തിനൊപ്പം വർഷങ്ങളായി സഞ്ചരിച്ചവർക്കോ പോലും ഇങ്ങനെയൊരു ഗ്രന്ഥം എഴുതാൻ കഴിഞ്ഞിട്ടില്ല എന്ന ഒറ്റ വസ്തുത മാത്രം മതി കോളിൻസിന്റെയും ഡൊമിനിക്കിന്റെ യും പ്രതിഭയ്ക്ക് അടിവരയിടാൻ. ഓരോ നിമിഷവും സംഭവബഹുലവും നാടകീയവുമായ ഒരു രാജ്യ ചരിത്രത്തെ, ആ രാജ്യത്തിൽ ജനിച്ചവരാല്ലാത്ത രണ്ടുപേർ ചേർന്ന് ഹൃദയത്തിൽ ഏറ്റുവാങ്ങി ചരിത്രത്തിനു സമ്മാനിക്കുകയായിരുന്നു.

അറിവും ഭാവനയും ചരിത്രാവബോധവും ദീർഘദൃഷ്ടിയും എല്ലാറ്റിനുമുപരി ഇന്ത്യ എന്ന രാജ്യത്തോടുള്ള സ്‌നഹവും ആരാധനയും സ്വാതന്ത്ര്യം അർധധരാത്രിയിൽ എന്ന പുസ്തകത്തിന്റെ മുഖമുദ്രയാണ്. ഇരുവരും ചേർന്നെഴുതിയ പുസ്തകങ്ങളിൽ രണ്ടെണ്ണം സിനിമാ രൂപത്തിലും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾക്കുവേണ്ടി തനിക്കു ലഭിച്ച പുസ്തക റോയൽറ്റിയുടെ ഒരു ഭാഗം നീക്കിവച്ച ഹൃദയം കൂടിയാണ് നിലച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ത്യക്കാർക്ക് ഏറ്റവുമധികം കടപ്പാട് തോന്നേണ്ട വിദേശ എഴുത്തുകാരൻ. ജനിച്ചതും ജീവിച്ചതും ഇന്ത്യയിൽ അല്ലെങ്കിലും

ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന വിശേഷണം എന്തുകൊണ്ടും അദ്ദേഹത്തിന് അനുയോജ്യവുമാണ്.

 

Content Summary: Dominique Lapierre and Freedom at Midnight 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com