ADVERTISEMENT

യാത്രകളോടുളള കമ്പവും പത്രപ്രവർത്തനത്തിന്റെ സൂക്ഷ്മതയും സാഹിത്യമെഴുത്തിന്റെ സൗകുമാര്യവും ഒത്തിണങ്ങിയ പ്രതിഭയായിരുന്നു ഡൊമിനിക് ലാപ്പിയേ. ഫ്രഞ്ചുകാരനായ അദ്ദേഹത്തിന്റെ ഇഷ്ടനഗരങ്ങൾ: ജറുസലം, ന്യൂയോ‍ർക്ക്, വാരാണസി. ജറുസലമും വാരാണസിയും പുണ്യനഗരികളായി ഹൃദയം തൊട്ടപ്പോൾ, ന്യൂയോർക്കിൽ അദ്ദേഹം കണ്ടത് ഒരിക്കലും മങ്ങാത്ത പ്രതീക്ഷയും സ്നേഹവും.

‘സിറ്റി ഓഫ് ജോയ് ’ എഴുതുന്ന കാലം കൊൽക്കത്തയുടെ ചേരികൾ പകർന്ന ദുഃഖഭാരവും ആനന്ദഭാവവും ചേർന്ന് ഇന്ത്യയോട് അത്രയേറെ സ്നേഹവും ആദരവും ഉണരുകയായിരുന്നു. കൊൽക്കത്തയിൽ മൂന്നു വർഷം താമസിച്ചും ചേരികളെ അടുത്തറിഞ്ഞും ഗവേഷണം നടത്തിയും ലാപ്പിയേ ഇന്ത്യയെ അറിഞ്ഞു. ദരിദ്രലക്ഷങ്ങളുടെ ജീവിതമെഴുതിയ ഫ്രഞ്ച് നോവൽ ഫ്രാൻസിൽ ബെസ്റ്റ് സെല്ലറായശേഷമാണ് സിറ്റി ഓഫ് ജോയ് എന്ന പേരിൽ ഇംഗ്ലിഷിൽ വരുന്നത്. പോളണ്ടുകാരൻ പുരോഹിതനും അമേരിക്കൻ ഡോക്ടറും ബംഗാളി റിക്ഷാക്കാരനും ഉൾപ്പെടെ കഥാപാത്രങ്ങൾ ഇന്ത്യയുടെ നോവും നിനവും പേറുന്നവരായി.

ലക്ഷക്കക്കിനു കോപ്പികൾ വിറ്റ സിറ്റി ഓഫ് ജോയ്(1985), ഷാവിയെ മോറൊയുമായി ചേർന്നുള്ള ഫൈവ് പാസ്‌റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ (1997) ഉൾപ്പെടെ നേടിക്കൊടുത്ത വരുമാനം മുഴുവൻ ഇന്ത്യയിലെ ക്ഷയരോഗികളുടെയും കുഷ്ഠരോഗികളുടെയും ചികിത്സയ്ക്കായി ലാപ്പിയേ മാറ്റിവച്ചു.

ഫ്രാൻസിലെ ഷതലയോയിൽ 1931 ജൂലൈ 30നാണു ജനനം. പിതാവ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നതു കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബാല്യകൗമാരങ്ങൾ. അങ്ങനെ യാത്രകളോടും എഴുത്തിനോടുമുള്ള പ്രിയം തുടങ്ങി. 18–ാം വയസ്സിൽ യുഎസിൽ സ്കോളർഷിപ്പോടെ സാമ്പത്തികശാസ്ത്രം പഠിക്കുന്ന കാലത്ത് ഫ്രഞ്ച് മാഗസിനായ പാരി മാച്ചിന്റെ റിപ്പോർട്ടറായി പത്രപ്രവർത്തനവും ആരംഭിച്ചു. 

1954ൽ, ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുമ്പോഴാണ് ന്യൂസ്‌വീക്ക് റിപ്പോർട്ടറായ ലാറി കോളിൻസിനെ കണ്ടുമുട്ടിയത്. അമേരിക്കക്കാരൻ കോളിൻസിനെ എഴുത്തുപങ്കാളിയാക്കി ലാപ്പിയേ ലോകത്തിനു സമ്മാനിച്ച കൃതികളുടെ ആഴവും പരപ്പും വൈവിധ്യസുന്ദരമാണ്. അന്വേഷണാത്മക പത്രപ്രവർത്തനവും ചരിത്രഗവേഷണവും കോർത്തിണക്കിയ എഴുത്തിലെ കൂട്ടുകെട്ടിൽ പിറന്നതു ലോകവായനയിലെ സർവകാല ഹിറ്റുകളായ മനോഹര കൃതികൾ: ഫ്രീഡം അറ്റ് മിഡ്റ്റൈറ്റ് (1975), ഓ ജറുസലേം (1972), ഈസ് പാരീസ് ബേണിങ് (1965), ദ് ഫിഫ്ത് ഹോർസ്മാൻ (1980), ഇസ് ന്യൂയോർക്ക് ബേണിങ് (2005), ഓർ ഐ വിൽ ഡ്രസ് യു ഇൻ മോണിങ് (1968). കോളിൻസ് 2005ൽ അന്തരിച്ചു. 

ഇസ് പാരിസ് ബേണിങ് 1966ലും സിറ്റി ഓഫ് ജോയ് 1992ലുമാണു സിനിമയായത്. ലാപ്പിയേയുടെ ‘വൺസ് അപ് ഓൺ എ ടൈം ഇൻ സോവിയറ്റ് യൂണിയൻ’ ലോകശ്രദ്ധ നേടിയ കൃതിയാണ്. ജിന്നയുടെ ക്ഷയരോഗം ഉൾപ്പെടെ വസ്തുതകൾ ഫ്രീഡം അറ്റ് മി‍ഡ്നൈറ്റിലൂടെ ലോകമറിഞ്ഞു. ഫൈവ് പാസ്‌റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ സൃഷ്ടിച്ച കോളിളക്കങ്ങളും ശ്രദ്ധേയങ്ങളായി. 2007ൽ കേരളത്തിലും ലാപ്പിയേ വന്നിരുന്നു.

Content Summary: Dominique Lapierre and The City of Joy

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com