ADVERTISEMENT

ആയിരത്തിഅറുന്നൂറ്റി പതിനാറ് ഏപ്രിൽ, ലോകത്തിന് കുറച്ചെങ്കിലും മൂല്യം കുറഞ്ഞു പോയ മാസമായിരുന്നു അത്. ഇംഗ്ലണ്ടിൽ അപ്പര്‍ ആവൺ നദിയുടെ തീരത്തെ സ്ട്രാറ്റ്ഫഡ് നഗരത്തിൽ ഒരു ഏപ്രിൽ ദിവസം, കുറച്ചു സുഹൃത്തുക്കൾ മദ്യക്കുപ്പികൾക്കു ചുറ്റും ഒത്തുകൂടിയിരുന്നു. ആ കൂട്ടുകൂടൽ രാത്രിയിലേക്ക്, അതിനുമപ്പുറത്തേക്ക്, നീണ്ടു. പരിധിയില്ലാതെ പോയ ആ മദ്യപാനം, അതിൽ നിന്ന് കിട്ടിയ വിഷബാധ (alcohol poisoning), ഇവയൊക്കെയായിരുന്നു കാരണമെന്ന് പറയപ്പെടുന്നു, ഇരുപത്തിമൂന്നാം തീയതി, അൻപത്തിരണ്ടു വയസ്സിന്റെ ചെറുപ്പത്തിൽ ആ മനുഷ്യൻ മരിച്ചു. അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകൾ, താൻ തന്നെ എഴുതി, 1597 ൽ പുറത്തിറങ്ങിയ 'റിച്ചാർഡ് രണ്ടാമൻ' എന്ന നാടകത്തിലെ രണ്ടാമങ്കത്തിലുള്ള വരികളായിരുന്നുവെന്നാണ് നാം ഇന്നറിയുന്നത്. "നീ നിന്റെയീ അപമാനത്തിൽ ജീവിച്ചു കൊള്ളൂ, എന്നാൽ ഈ അപമാനം നിന്നോടുകൂടി മരിക്കുന്നില്ല! ..... എന്നെ എന്റെ കട്ടിലിലേക്കെടുക്കൂ, പിന്നെ കുഴിമാടത്തിലേക്കും".(Live in thy shame, but die not shame with thee! ..... Convey me to my bed, then to my grave) എന്ന വരികളുരുവിട്ടുകൊണ്ട് വില്യം ഷേക്സ്പിയർ ഇല്ലാതായി, അതോടെ ലോകം ഒരിത്തിരി ചെറുതായിപ്പോയി. 

അതിനും കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് സാംസ്കാരികലോകം മറ്റൊരു ആഘാതം ഏറ്റിരുന്നു. ഇംഗ്ലിഷ് ചാനലിന് തെക്ക്, യൂറോപ്പിന്റെ തെക്ക് പടിഞ്ഞാറുള്ള മഡ്രിഡ് നഗരം, അവിടെയാണ് ആധുനിക നോവലിന്റെ പിതാവ്, അറുപത്തിയൊൻപത് വർഷം നീണ്ട ധന്യ ജീവിതം പൂർത്തിയാക്കി കളമൊഴിഞ്ഞു പോയത്. അദ്ദേഹത്തെ ലോക സാഹിത്യത്തിലെ അനന്യസാന്നിദ്ധ്യമാക്കി മാറ്റിയ കൃതിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടു വർഷമൊന്നു തികഞ്ഞിട്ടു പോലുമില്ലായിരുന്നു. മഡ്രിഡ് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കോൺവന്റ് സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തത് ഏപ്രിൽ 23ന്, ഷേക്സ്പിയർ മരണപ്പെട്ട അതേ ദിവസം. 

ഇംഗ്ലിഷ് സാഹിത്യത്തിലേയും സ്പാനിഷ് സാഹിത്യത്തിലേയും ഏറ്റം ദീപ്തമായ പേരുകൾ ഏതാണ്ട് ഒരേ സമയത്ത്...... വിചിത്രമെങ്കിലും അസുഖകരമായ യാദൃച്ഛികത. 

കലുഷമായിരുന്നു സെർവാന്റസിന്റെ ജീവിതം. കടക്കെണിയിൽ വീഴുക എന്നത് ഒരു ശീലമാക്കിയ പിതാവ്, ഇടയ്ക്ക് ജയിൽവാസം പോലുമുണ്ടായി, അങ്ങനെയാണ് ആദ്യത്തെ പലായനം, സെവിയയിൽ നിന്നു മാഡ്രിഡിലേക്ക്. അപ്പോഴൊക്കെയും അമ്മയാണ് ഏഴ് മക്കളേയും കാത്തു പോന്നത്. ഇരുപത്തിരണ്ട് വയസ്സുള്ളപ്പോൾ ഒരു ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടതിന് സെർവാന്റസിനെതിരെ പൊലീസ് കേസുണ്ടായതിനു പുറകെ അയാൾ മഡ്രിഡിൽ നിന്ന് സ്ഥലം വിട്ടു, രണ്ടാമത്തെ പലായനം, റോമിലേക്ക്. അധികം വൈകാതെ വീണ്ടുമൊന്ന്, നേപ്പിൾസിലേക്ക്, അവിടെ വച്ചാണു സൈന്യത്തിൽ ചേർന്നത്, ലെപാന്റോ യുദ്ധത്തിൽ പങ്കെടുത്തത്, കഠിനമായി മുറിവേറ്റത്, ഇടത് കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടത്. വീണ്ടും രണ്ടു യുദ്ധം കൂടി, ശേഷം സൈന്യത്തിൽ നിന്ന് വിടുതൽ. അടുത്ത നീക്കം ബാർസിലോനയിലേക്കായിരുന്നു, അവിടെ വച്ച് കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ട അയാൾ നാലുവട്ടം രക്ഷപ്പെടാൻ ശ്രമം നടത്തി നോക്കി, നാലും പരാജയം, അഞ്ചു വർഷം നീണ്ട ബന്ധനം, ഒടുവിൽ ഒരു ക്രൈസ്തവ മിഷനറി സംഘമാണു രക്ഷയ്‌ക്കെത്തിയത്. പുറത്തു വന്ന സെർവാന്റസിന് രഹസ്യദൂതനായി ജോലി കിട്ടി, വടക്കൻ ആഫ്രിക്കയിൽ. തിരിച്ചു നാട്ടിലെത്തിയതിന് പുറകെ വിവാഹം, ഇടയിലൊരു പരസ്ത്രീ ബന്ധം, അതിലൊരു മകളുമുണ്ടായി. വീണ്ടും ജോലിയന്വേഷണം. ആദ്യം കിട്ടിയ ജോലി ഒരു സർക്കാർ ഏജന്റായിട്ടായിരുന്നു, പിന്നെ നികുതി പിരിവുകാരനായി, അതിൽ നടന്ന ക്രമക്കേടുകൾ മൂലം പലവട്ടം ജയിൽവാസം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലെമോസ് പ്രഭുവിന്റെ പരിവാരത്തിൽ എത്തിപ്പെട്ടു, സാമ്പത്തിക ഭദ്രതയായി, ജീവിതം സമാധാനപരമായി, അതോടെ ഗൗരവപൂർണ്ണമായ എഴുത്തിന്റെ ലോകം സെർവാന്റസിന് തുറന്നു കിട്ടി. 

cervantes
മിഹേൽ ദെ സെർവാന്റസ്

1600 ന് മുമ്പ്, ഒരു പ്രണയകഥയും കുറച്ചു കവിതകളും മാത്രമേ സെർവാന്റസിന്റെതായുണ്ടായിരുന്നുള്ളൂ. 1605 ലാണ്‌ ആ മഹാത്ഭുതം പുറത്തു വരുന്നത്, നോവൽസാഹിത്യത്തെ പുതിയൊരു നിർവചനത്തിലെത്തിച്ച "ഡോൺ കീഹോട്ടെ" (Don Quixote) - "ലാമാഞ്ചയിലെ സമർത്ഥനും മാന്യനുമായ ഡോൺ കീഹോട്ടെ" (The Ingenious Gentleman Don Quixote of La Mancha) എന്നാണ് മുഴുവൻ പേര് - ലോകം ദർശിച്ച ആദ്യത്തെ ആധുനിക നോവൽ, ഒരുപാടു വായനകൾക്കും വായനാശേഷമുള്ള കഥകൾക്കും ഉപകഥകൾക്കും പുറകെ, കാറ്റാടി യന്ത്രങ്ങളോടു യുദ്ധം ചെയ്യുന്ന വീരന്റെ കഥ മാത്രയായി പലപ്പോഴും നമ്മൾ ചെറുതാക്കിക്കളഞ്ഞ സാഹിത്യ തേജസ്സ്. 

don-quixote
ഡോൺ കീഹോട്ടെ

പത്തു വർഷത്തിനു ശേഷം രണ്ടാം ഭാഗവുമിറങ്ങി, 1615 ൽ. 

ലാ മാഞ്ചിൽ താമസിക്കുന്ന അലോൺസോ ക്വിക്സാനോ എന്ന മധ്യവയസ്കൻ ഒരു സ്വകാര്യ പുസ്തക ശേഖരത്തിന്റെ ഉടമയാണ്, വെളുക്കുവോളം നീളുന്ന വായനയ്ക്കിടയിൽ കഥയും ജീവിതവും തമ്മിലുള്ള വേർതിരിവ് സ്വയമറിയാതെ നഷ്ടപ്പെട്ടുപോയ വ്യക്തിയാണ്, വായിച്ച കാൽപ്പനിക കഥകളിലെ പോരാളികളിലൊരാളായി അവനവനെത്തന്നെ തെറ്റിദ്ധരിക്കുന്ന സങ്കല്പജീവിയാണ്, ആൽഡോൺസാ ലോറെൻസോ എന്ന അയൽക്കാരിയെ ഡുൽസീനിയ ഡെൽ ടോബോസോ എന്ന പേരും കുലീനതയും കൽപ്പിച്ചുനൽകി അവൾ പോലുമറിയാതെ തന്റെ ഇഷ്ടഭാജനമാക്കിയ ആളാണ്. അങ്ങനെയിരിക്കെ ഒരു നാൾ, വായിച്ച പുസ്തകങ്ങളിലെ പോരാളികളെപ്പോലെ ഡോൺ കീഹോട്ടെ എന്ന പേര് സ്വീകരിച്ചു, സാഞ്ചോ പാൻസ എന്നൊരു സഹായിയെയും കൂടെ കൂട്ടി, സാഹസികജീവിതത്തിലേക്കു അയാൾ ഇറങ്ങിത്തിരിക്കുകയാണ്. ആ യാത്ര എണ്ണൂറോളം പേജുകൾ നീണ്ടു, കലർപ്പില്ലാത്ത ലാവണ്യം തുളുമ്പിനിൽക്കുന്ന എണ്ണൂറോളം പേജുകൾ. ആ യാത്രയ്ക്കിടയിൽ നമ്മൾ ചെന്നെത്തുന്നയിടങ്ങൾ നമ്മോടൊപ്പം പോരുകയും നമ്മുടെകൂടെ കാലങ്ങളോളം തുടരുകയും ചെയ്യുന്നു. 

ഈ അദ്ഭുതത്തെ വായിക്കാൻ മാർഗ്ഗം രണ്ടുണ്ട്; ഒന്നുകിൽ പിയർ ആന്തണി മോട്ടോവിന്റെ (Peter Anthony Motteux) 1700 ൽ പുറത്തുവന്ന തർജ്ജമ വായിക്കാം, അല്ലെങ്കിൽ, ഈഡിത് ഗ്രോസ്സ്മാന്റെ ആധുനിക തർജ്ജമ (2003) വായിക്കാം; ആദ്യത്തേതാണ് മൂലകൃതിയോടു കൂടുതൽ അടുത്തുനിൽക്കുന്നത് എന്നതൊരു ഭാഷ്യം. 

ഇതിനുള്ളിൽ കഥകൾ ഒട്ടനവധിയാണ് -  കഥകൾക്കുള്ളിലെ കഥകളും - അവയെല്ലാം മനോഹരങ്ങളുമാണ്. ഒരുദാഹരണം പറയാം. രണ്ടാം ഭാഗത്തിൽ ഡോൺ കീഹോട്ടെ മോൻടെസിനോസ് ഗുഹയിലേക്ക് പോകുന്നതിന്റെ വിവരണങ്ങൾ ഉണ്ട്. വളരെ കുറച്ചുസമയം മാത്രമേ അയാൾ ഗുഹയിൽ ചിലവഴിക്കുന്നുള്ളൂ, അരമണിക്കൂറോ മറ്റോ. തിരിച്ചുവരുന്ന പോരാളി ദിവസങ്ങൾ നീണ്ട അനുഭവങ്ങളാണ് സഹായിയായ സാഞ്ചോ പാൻസയോട് വിവരിക്കുന്നത്. സത്യവും മിഥ്യയും തമ്മിലുള്ള വേർതിരിവ് മറന്നുപോകുന്ന ഈ അനുഭവം മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം ബോർഹെസ്സിൽ നമ്മൾ വീണ്ടും കാണുന്നു, 1943ൽ പ്രസിദ്ധീകരിക്കപ്പെട്ട "നിഗൂഢമായ അത്ഭുതം" (Secret Miracle) എന്ന കഥയിൽ, ഫയറിങ് സ്ക്വാഡിന് മുന്നിൽ, നിശ്ചലമായിപ്പോയ സമയം വിനിയോഗിച്ച്, ജാറോമിർ ഹ്ലാദിക് എന്ന നാടകകൃത്ത് തന്റെ നാടകം എഴുതിത്തീർക്കുമ്പോൾ. 

സാഹിത്യത്തിനും രണ്ടുണ്ട് ഗുണം - സൗന്ദര്യപരവും ഭാഷാപരവുമായ സ്വാധീനങ്ങളാണ് അവ. ഭാഷാപ്രയോഗങ്ങളുടെ സ്രോതസ്സുകളിൽ, സാഹിത്യം, പ്രത്യേകിച്ച് ശ്രേഷ്ഠ സാഹിത്യം, പ്രധാനമാണ്.  അത്ഭുതമൊട്ടുമില്ല, ഈ കൃതിയിൽ നിന്നും ഭാഷാപ്രയോഗങ്ങൾ പലതും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിൽ വളരെ ജനകീയമായ ഒന്നാണ് ക്വിക്സോട്ടിക് (Quixotic) എന്ന പ്രയോഗം. ആദർശശുദ്ധിയുള്ളതെങ്കിലും യാഥാർത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമായ ശ്രമങ്ങളെയാണ് ആ വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. ഇനിയൊരു പ്രയോഗം അത്ര തന്നെ സാധാരണമല്ല. "കാറ്റാടി യന്ത്രത്തിനു നേരേ വാളോങ്ങുക " (tilting at the windmills) എന്ന ശൈലി വരുന്നത് ഈ കൃതിയിലെ ഒരു സംഭവത്തിൽ നിന്നാണ്. ഡോണും സാഞ്ചോ പാൻസയും യാത്രയ്ക്കിടയിൽ കാറ്റാടിയന്ത്രങ്ങങ്ങളുടെ ഒരു നിര വഴിയിൽ കാണുന്നു, ഡോൺ അവയെ ഭീകരജീവികളായി തെറ്റിദ്ധരിക്കുന്നു, ഊരിപ്പിടിച്ച വാളുമായി അവയുമായി പോരാട്ടത്തിലേർപ്പെടുന്നു. വഴിയെ, സാങ്കൽപ്പിക ശത്രുവുമായുള്ള പോരാട്ടങ്ങളെ കുറിക്കുന്ന ഒരു ഭാഷാശൈലിയായി ആ ശ്രമം പരിണമിക്കുന്നു, അതു പിന്നെയും വളർന്നു - അയഥാർഥമോ അപ്രധാനമോ ആയ പ്രശ്നങ്ങൾക്കു വേണ്ടി നടത്തുന്ന വൃഥാവ്യയങ്ങളും ഈ ശൈലി കൊണ്ട് അർഥമാക്കപ്പെട്ടു തുടങ്ങി. 

നോവൽ എന്ന സാഹിത്യശാഖയ്ക്കു നിർവചനം നല്കിയെന്നതോ പുറകെ വന്ന മഹാന്മാരായ ഒരു പറ്റം എഴുത്തുകാരെ മാതൃകാപരമായി സ്വാധീനിച്ചു എന്നതോ മാത്രമല്ല സെർവാന്റെസിന്റെ സംഭാവന. സാഹിത്യത്തിന്റെ പരിധികൾക്കൊക്കെയപ്പുറത്ത്, മിഥ്യ യാഥാർഥ്യത്തോളം തന്നെ സത്യമാണെന്നും മനുഷ്യജീവിതം സാർഥകമോ നിരർഥകമോ അല്ല, മറിച്ച്, വെറും ജീവിതം മാത്രമാണെന്നും പഠിപ്പിക്കുന്നു ഈ കൃതി. മറ്റൊന്നുകൂടി ഈ കൃതിയിലൂടെ വെളിവാകുന്നുണ്ടെന്ന് - സമൂഹം തെറ്റും വ്യക്തി ശരിയുമാകുന്ന സാദ്ധ്യത കൂടി വെളിവാകുന്നുണ്ടെന്നു - നിരൂപക മതം. പ്രഫസർ എറിക് ഗ്രാഫ് പറയുന്നതുകൂടി ശ്രദ്ധിക്കാം -  അടിസ്ഥാനപരമായി ഈ കൃതി സംസാരിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

Content Summary:Varantha Column by Jojo Antony about Miguel de Cervantes and his novel Don Quixote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com