ഒളപ്പമണ്ണയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചു നടക്കുന്ന സാഹിത്യ ചിന്തകളിലൊക്കെ പ്രധാനമായും കടന്നുവരുന്നത് അദ്ദേഹത്തിന്റെ വിഖ്യാതകൃതിയായ‘നങ്ങേമക്കുട്ടി’യാണ്. വെള്ളിനേഴി എന്ന കലാഗ്രാമത്തിലേക്കു നടന്നടുക്കുമ്പോൾ ചെടികളും വള്ളികളും കിരീടം വച്ചാടുന്ന തൊടികളിലും കല്ലിലും പുല്ലിലും മാഞ്ചോടുകളിലും കവിത വിടരുന്ന ഒളപ്പമണ്ണമനയിലും നങ്ങേമക്കുട്ടി തന്നെയാണ് ‘നിഴലാന’യേക്കാളും ‘ആനമുത്തി’നേക്കാളും അധികം ഓർമിക്കപ്പെടുന്ന കാവ്യം. ഈ പ്രസിദ്ധകഥാകാവ്യത്തിന്ന് ഒരുമുഖവുര ആവശ്യമില്ല. പ്രശസ്ത നിരൂപകരായ എം.ലീലാവതിയും കെ.പി.ശങ്കരനും ആത്മാരാമനും വിസ്തരിച്ചു പറഞ്ഞിട്ടുള്ള ഒരുവിഷയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഒരു വിവർത്തകൻ എന്നനിലയിൽ അനുഭവപ്പെട്ട ചിലകാര്യങ്ങളാണ് ഞാൻ പങ്കിടുന്നത്. നങ്ങേമക്കുട്ടി വായിക്കുന്നതിനു വളരെ മുൻപേ എന്നെ സ്പർശിച്ച ചില വരികളും ബിംബങ്ങളും ആണ് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതായി ഇപ്പോഴും തോന്നുന്നത്. എന്റെ കുട്ടിക്കാലത്ത് പല സദസ്സുകളിലും സംസാരവിഷയമായിരുന്ന രണ്ടു കഥാപാത്രങ്ങളാണ് താത്രിക്കുട്ടിയും നങ്ങേമക്കുട്ടിയും. അക്കാലത്ത് ഒരു യോഗക്ഷേമപ്രവർത്തകനായി തുടങ്ങി കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയ എന്റെ അച്ഛൻ, പി.എൻ.നമ്പൂതിരി ഇടയ്ക്കിടക്ക് ഈ കാവ്യത്തിലെ വരികൾ ഉരുവിടാറുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ഈ കൃതിയുമായുള്ള ബന്ധം. നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് നങ്ങേമക്കുട്ടിയുടെ അച്ഛൻ കുടിക്കാതെ ആറിത്തണുത്ത മേലടുക്കളയിലെ ലോട്ടയിലെ കാപ്പി എന്റെ മനസ്സിൽ ഇടംപിടിച്ചത്. വായിച്ചപ്പോഴും ചൊല്ലിക്കേട്ടപ്പോഴും എന്നെ ത്രസിപ്പിച്ചത് അതിന്റെ തുടക്കമാണ്.
HIGHLIGHTS
- മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, നങ്ങേമക്കുട്ടി എന്ന വിഖ്യാതകൃതി ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന കഥാകൃത്ത് പി.എൻ.വിജയൻ അനുഭവങ്ങൾ പങ്കിടുന്നു...