ശകുനി ദുഃശ്ശാസനനോടു ചോദിച്ചു:
“നമുക്ക് പാചകമുറിയിലൂടെ ഒന്നു ചുറ്റിയടിച്ചാലോ?”
തല്‍ക്ഷണം ഇരുവരും പുറപ്പെട്ടു.
കുട്ടികളുടെ കേളികള്‍ കണ്ട് നടക്കുന്നതിനിടെ തെല്ലിട നിന്ന ദുഃശ്ശാസനന്‍ ഒന്ന് മുറുക്കിയെങ്കിലും തുപ്പാനിടം നോക്കിനടന്ന് കവിള്‍ കനത്തുവിങ്ങി. ശകുനി കൈക്കുമ്പിൾ കാണിച്ചു കൊടുത്തതുമില്ല.
പലയിടങ്ങളില്‍ വച്ച് തുപ്പാനാഞ്ഞ കാര്‍ന്നോരെ നോക്കി കുട്ടിപ്പോലീസ് ‘വേണ്ട വേണ്ട’ എന്ന മുദ്ര കാണിച്ചു.
പലതരം പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കുമിടിയിലൂടെ അവര്‍ നടന്നു. പഴയതും പുതിയതും പരിചിതവും അപരിചിതവുമായ ചിരികള്‍ കണ്ട് പൗരാണിക പ്രവരന്മാർ പരസ്പരം നോക്കി.
വേര്‍തിരിവുകളൊന്നുമില്ലാതെ തിമര്‍ക്കുന്ന കുഞ്ഞുപാദങ്ങള്‍. നാവുവഴക്കങ്ങള്‍. നവരസമാലിക.
പായസമണം തൂകിയതോടെ ഇരുവരും മാറിമാറി ഏമ്പക്കം വിട്ടു.
അവിടവിടെ കണ്ട ചിലരോട് ചില കിംവദന്തികള്‍ ചമയ്ക്കാന്‍ ഇരുവരും ശ്രമിച്ചു നോക്കുകയും ചെയ്തു. ആരും അത് ചെവിക്കൊണ്ടില്ല.
‘…സാമ്പാറില്‍ മുങ്ങിത്തപ്പി
വെണ്ടയ്ക്ക കഷണം കിട്ടി
നിന്നെ മാത്രം കണ്ടില്ലെല്ലോ
പ്രേമതക്കാളീ…
പ്രേമതക്കാളീ…’ എന്ന് ശകുനി ഈണം പെയ്തു.
സ്വരശുദ്ധിയില്ലെങ്കിലും ദുഃശ്ശാസനനും അത് ഏറ്റുപാടി.
കൈകഴുകി വന്ന ഓരോ കുഞ്ഞുമുഖങ്ങളിലും ആനന്ദം ആറാടുന്നത് കണ്ട ദുഃശ്ശാസനന്‍ ശകുനിയെ രൂക്ഷമായി നോക്കി.
‘ഇനി അമാന്തിച്ചുകൂടാ!’
ശകുനി ആരുടേയും കണ്ണില്‍പ്പെടാതെ മായാവിദ്വാനായി ഓരോ തിളയ്ക്കുന്ന പാത്രങ്ങള്‍ക്കുമരികെ ചെന്നു.
മലിനമായ അടിയുടുപ്പിന്റെ പോക്കറ്റില്‍നിന്നും ചത്ത പല്ലിയെയും പാറ്റയെയും പെറുക്കി ഓരോ പാത്രത്തിലുമിട്ടു. സഞ്ചിയില്‍ നിന്നും ദുഃശ്ശാസനന്‍ പുഴുവരിച്ചു തുടങ്ങിയ എലികളെ തിളച്ച വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
കര്‍മ്മാനന്തരം ശകുനിയും ദുഃശ്ശാസനനും മിഠായിത്തെരുവിലേക്ക് നടന്നു.
അവിടെ ഉരുകി മറിയുന്ന എണ്ണക്കയുണ്ടെന്നോ അതിനു മേൽ വലിച്ചു കെട്ടിയ ചണച്ചരടുണ്ടെന്നോ അതിനു മേലേ കൂടി നടക്കേണ്ടി വരുമെന്നോ ശകുനിയും ദുശ്ശാസനനും ദീർഘദർശനം ചെയ്തില്ല.
അവർ ചരടിലൂടെ നടന്നു പോകുന്നതു കണ്ട് ഭരണിയിലിരുന്ന നാരങ്ങാ മിഠായിയും ഇഞ്ചി മിഠായിയും കൈ കൊട്ടിച്ചിരിച്ചു.
Content Summary: Malayalam Story ' Annamoottupura ' written by C. Anoop