ADVERTISEMENT

സ്കൂളിൽ പോയിരുന്ന വഴികളൊക്കെ 

ഓരോരുത്തരുടേതാണെന്നു 

ഞങ്ങൾക്ക് അറിയില്ലായിരുന്നു... 

പേരയ്ക്ക പറിച്ചതിനു ബാലനെ തല്ലിച്ചതച്ച വാർത്തയുടെ പശ്ചാത്തലത്തിൽ, കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതുന്നു.

പള്ളിയിൽ നിന്നു വാങ്ക് കേൾക്കുമ്പോൾ എല്ലായ്പ്പോഴും എനിക്കു ചന്ദ്രികേച്ചിയെ ഓർമ വരും. കുട്ടിക്കാലത്ത് ഞാൻ ജീവിച്ച വീടിന്റെ അയൽപക്കത്താണു ചന്ദ്രികേച്ചി. അന്നു പള്ളികളിലും ക്ഷേത്രങ്ങളിലൊന്നും മൈക്കില്ല. മിനാരത്തിന്റെ ഉച്ചിയിൽക്കയറി മുക്രി (വാങ്ക് വിളിക്കുന്നയാൾ) അത്യുച്ചത്തിൽ വാങ്കു വിളിക്കും. കാറ്റിന്റെ ചിറകിലേറി, ഒരു കിലോമീറ്ററിനപ്പുറം ശബ്ദം ഇങ്ങ് എത്തും. നമ്മൾ കേൾക്കും. കേട്ടാലുടൻ കണ്ണൂർ ടച്ചുള്ള വാമൊഴിഭാഷയിൽ ചന്ദ്രികേച്ചി എന്റെ ഉപ്പൂമ്മയെ വിളിക്കും– ‘‘പാത്തുമ്മറ്റ്യാരേ, വാങ്കു കൊടുത്തൂ...’’ 

കാലങ്ങൾ കഴിഞ്ഞു. പാത്തുമ്മറ്റ്യാരും ചന്ദ്രികേച്ചിയും കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞു. പള്ളിയിലും അമ്പലത്തിലുമെല്ലാം അത്യന്താധുനിക മൈക്ക് വന്നു. ആളുകളുടെ കയ്യിലെല്ലാം സ്മാർട് ഫോൺ വന്നു. അപ്പോൾ സംഭവിച്ചതെന്താണ്? യന്ത്രങ്ങളുടെ പുരോഗതിക്കൊപ്പം മനുഷ്യർ പോയതെങ്ങോട്ടാണ്? മുന്നോട്ടോ, പിന്നോട്ടോ? 

അക്കാലത്ത്, വർഷത്തിൽ നാലുതവണയാണ് രുചിവിശേഷമുള്ള ഭക്ഷണം കഴിക്കുക– വിഷു, ചെറിയ പെരുന്നാൾ, ഓണം, വലിയ പെരുന്നാൾ എന്നീ ക്രമത്തിലാണത്. ചന്ദ്രികേച്ചിക്കു മാത്രമായി ഓണമോ ഞങ്ങൾക്കു മാത്രമായി പെരുന്നാളോ അന്നില്ല. തിളച്ച വെള്ളത്തിലിടുന്ന അരിയുടെ അളവ് രണ്ടു വീട്ടുകാർക്കും കൂടിയുള്ളതാണ്. കാലമേറെ കടന്നുപോയി. ക്രിസ്മസിനും പെരുന്നാളിനും ഓണത്തിനും എമ്പാടും ആശംസാ സന്ദേശങ്ങൾ വാട്സാപ്പിലും സമൂഹമാധ്യമങ്ങളിലും കുമിഞ്ഞുകൂടി. എന്നാൽ എത്രപേർ എല്ലാവർക്കും വേണ്ടി വിശേഷദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കാറുണ്ട്? ആലോചിക്കേണ്ടിയിരിക്കുന്നു. 

സ്കൂളിൽ പോയിരുന്ന വഴികളൊക്കെ എല്ലാവരുടെതുമാണെന്നു പറഞ്ഞാൽ ഇന്ന് എത്ര പേർ വിശ്വസിക്കും?. ഓല മാറി ഓടിട്ട വീടു വന്നു, പിന്നെ കോൺക്രീറ്റായി. നാം നല്ല വസ്ത്രങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കുമൊക്കെ വളർന്നു; അതോടൊപ്പം കൂറ്റൻ മതിലിൽ തടഞ്ഞു പുറത്തേക്കു പോകാൻ വഴിയില്ലാത്ത വെള്ളക്കെട്ടും നാം കാണുന്നു. അന്യർക്കു പ്രവേശനമില്ല എന്ന വാക്യം വന്നു. അന്യർ എന്ന പദം മതിലുകളിൽ എഴുതിവച്ചതിൽ പിന്നെയാകും മലയാളികൾക്കിടയിൽ ഇത്രകണ്ടു ജനകീയമാകുന്നത്. ഇടനിരത്തിലൂടെ പോകുന്ന കുട്ടിക്ക് ഒരു മരം പേരയ്ക്ക നീട്ടിയെറിഞ്ഞു കൊടുത്തതിന്റെ പിറ്റേന്ന് ഉടമ അതിന്റെ കൊമ്പ് മുട്ടിനു താഴെ വെട്ടിക്കളയുന്ന സ്ഥിരം കാഴ്ചയും അതോടൊപ്പം വന്നു.

നാം നേടിയ പുരോഗതിയൊക്കെ യന്ത്രങ്ങൾ കൊണ്ടുപോയോ? സോഷ്യൽമീഡിയയിൽ ലവ് ഇമോജികൾക്കു സ്നേഹത്തിന്റെ അർഥം പേറി നടക്കാൻ മാത്രം കെല്പുണ്ടോ? സ്നേഹം സ്നേഹം എന്നു മന്ത്രിച്ചു കടന്നുപോയ മാധവിക്കുട്ടിയെ ഞാൻ വേദനയോടെ ഓർക്കുന്നു. പ്രവാചകശബ്ദമുള്ള കവിവാക്യങ്ങൾ ആർക്കുവേണം? വാക്കുകളും പുസ്തകങ്ങളും ഷോപീസുകളിലേക്കു പരിണമിക്കുന്നുവോ? 

എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ല എന്നാശ്വസിപ്പിച്ച പുനലൂർ ബാലൻ എന്ന കവിയെ ഓർക്കുന്നു. അവസാനത്തെ സമൂഹമനുഷ്യനും വടികുത്തിപ്പിടിച്ചു സ്നേഹത്തെപ്പറ്റി പറയുന്ന കാലത്തോളം  വഴിയോരങ്ങളിലൊക്കെ പൂക്കൾ വിടരും. പക്ഷികൾ പാടും. 

സത്യം പറഞ്ഞാൽ, സൂക്ഷിച്ചു നോക്കുന്തോറും പുതിയ കുട്ടികളിലാണെന്റെ വിശ്വാസമത്രയും. അന്യരെ വെറുക്കുന്ന ശീലം അവർക്ക് അസഹ്യമാണ്. വെറുപ്പിന്റെ ദുർഗന്ധമുള്ള മുതിർന്നവരുടെ ഒച്ചയെ അവർ നരകത്തെ പോലെ നിശ്ശബ്ദം അവഗണിക്കുന്നു. അവരുടെ മുന്നിൽ ചെറിയ മുഷിഞ്ഞ ഭൂപടമാണ് ദുർഗന്ധാരാധനയുള്ള ഈ വലിയവർ.  മാറാത്ത മുതിർന്നവരെ അവർ വെറുതേ വിട്ടിരിക്കുന്നുവെന്നു കരുതാം. അവരിലെ അതിർത്തി സങ്കല്പങ്ങളിൽ മരവിച്ച ബോധമുള്ള അഴുകിയ നൂറ്റാണ്ടുകളില്ല. അവർ അതിനനുവദിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. കാരണം, വരും കാലത്തു ജീവിക്കേണ്ടത് അവരാണല്ലോ.

Content Summary: Article on Changing Mentality of People in New Era

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com