സായുധസമരത്തിൽനിന്ന് ജനാധിപത്യമാർഗത്തിലേക്ക്

HIGHLIGHTS
  • താൻ പിന്തുടർന്ന രാഷ്ട്രീയദർശനം നിരന്തരം പഠിച്ചും വിമർശിച്ചും പുതിയ രാഷ്ട്രീയ നിലപാടുകളിലേക്കു സ‍ഞ്ചരിച്ച് ഒടുവിൽ ജനാധിപത്യത്തിൽ ഉറച്ച ചരിത്രമാണു കെ. വേണുവിന്റേത്
marxism-book
പുസ്തകത്തിന്റെ കവർ
SHARE

ശാസ്ത്രജ്ഞനാകാൻ മോഹിച്ച യുവാവ് പിന്നീട് മാർക്സിയൻ ദർശനങ്ങളിൽ‌ ആകൃഷ്ടനായി തീവ്ര ഇടതുപക്ഷ രാഷ്ട്രീയപാതയിലെത്തി. താൻ പിന്തുടർന്ന രാഷ്ട്രീയദർശനം നിരന്തരം പഠിച്ചും വിമർശിച്ചും പുതിയ രാഷ്ട്രീയ നിലപാടുകളിലേക്ക് സ‍ഞ്ചരിച്ച് ഒടുവിൽ ജനാധിപത്യത്തിൽ ഉറച്ച ചരിത്രമാണു കെ. വേണുവിന്റേത്. പഠനങ്ങൾക്കും സൈദ്ധാന്തികാന്വേഷണങ്ങൾക്കുമിടയിൽ കടന്നുപോയ സുദീർഘമായ വഴികളെക്കുറിച്ച് അദ്ദേഹം ഓർമിക്കുന്നു.

മാർക്സിസത്തെക്കുറിച്ച് ഇങ്ങനെയൊരു പുസ്തകമെഴുതാനുണ്ടായ പശ്ചാത്തലത്തെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ പഠനങ്ങൾക്കും സൈദ്ധാന്തികാന്വേഷണങ്ങൾക്കുമിടയിൽ ഞാൻ കടന്നുപോയ സുദീർഘമായ വഴികളെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല. ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ശാസ്ത്രവും ദർശനവുമായിരുന്നു എന്റെ ഇഷ്ടവിഷയങ്ങൾ. ഒരു ശാസ്ത്രജ്ഞനാകണമെന്നത് എന്റെ വലിയൊരു മോഹമായിരുന്നു. എംഎസ്‌സി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഞാൻ ഗൗരവമുള്ള വിഷയങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു. ചെന്നൈയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അന്വേഷണം’മാസികയിൽ ലോജിക്കൽ പോസിറ്റിവിസത്തെക്കുറിച്ചുള്ള എന്റെയൊരു പഠനം പ്രസിദ്ധീകരിച്ചു. അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന ‘ജനയുഗം’ വാരികയിൽ ‘ഭഗവദ്‌ഗീത ഇരുപതാം നൂറ്റാണ്ടിൽ’ എന്ന പേരിൽ വലിയൊരു പരമ്പരയും (1967) ഞാൻ എഴുതുകയുണ്ടായി. ഗീതയിലെയും ഉപനിഷത്തുകളിലെയും ആത്മീയവാദ നിലപാടുകളെ ദാർശനികമായി തുറന്നുകാട്ടുകയും അത്തരം പ്രശ്നങ്ങൾക്ക് ആധുനികശാസ്ത്രം നൽകുന്ന ഉത്തരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ആ പരമ്പരയിൽ സ്വീകരിച്ചത്. വായനക്കാരുടെ താൽപര്യപ്രകാരം ആ പരമ്പരയിലെ ശാസ്ത്രഭാഗങ്ങൾ മാത്രമെടുത്തു വികസിപ്പിച്ചെഴുതി പ്രസിദ്ധീകരിച്ചതാണ് എന്റെ ആദ്യത്തെ പ്രധാന പുസ്തകമായ ‘പ്രപഞ്ചവും മനുഷ്യനും’(1970).

ശാസ്ത്രഗവേഷണത്തിൽനിന്ന് മാർക്സിസത്തിലേക്ക്

എംഎസ്‌സി പാസായശേഷം ഗവേഷണത്തിലായിരുന്നു എനിക്കു താൽപര്യം. അക്കാലത്ത്, എന്റെ എഴുത്തുകൾ ശ്രദ്ധിക്കുകയും ഞാൻ ഇടതുപക്ഷക്കാരനാണെന്നു മനസ്സിലാക്കുകയും ചെയ്ത ദേശാഭിമാനി പത്രാധിപർ പി. ഗോവിന്ദപ്പിള്ള ദേശാഭിമാനി ബുക്ക് ഹൗസിനു വേണ്ടി പുസ്തകങ്ങൾ വിവർത്തനം ചെയ്യാനും എഡിറ്റ് ചെയ്യാനും മറ്റുമായി എന്നെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു. ആദ്യം വിവർത്തനം ചെയ്യാൻ കിട്ടിയത് പ്രസിദ്ധ ബ്രിട്ടിഷ് മാർക്സിസ്റ്റ് ചിന്തകനായിരുന്ന മോറിസ് കൊൺഫോർത് മൂന്നു ഭാഗങ്ങളിലായി മാർക്സിസത്തിന്റെ ദർശനവും ചരിത്രവീക്ഷണവും ജ്ഞാനസിദ്ധാന്തവും അവതരിപ്പിച്ച പുസ്തകമായിരുന്നു. മാർക്സിസത്തെക്കുറിച്ചുള്ള പൊതുവായ സാമാന്യധാരണ എനിക്കു ലഭിക്കുന്നത് ആ പുസ്തകത്തിൽ നിന്നാണ്.

അധികം താമസിയാതെ ഞാൻ നക്സലൈറ്റ് പ്രസ്ഥാനത്തിൽ എത്തിപ്പെടുകയും ജയിലിലാവുകയും ചെയ്തു. 4 വർഷത്തിലധികം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നു. അക്കാലത്താണ് കാൾ മാർക്സിന്റെ മൂലധനവും മറ്റു പ്രധാന കൃതികളും വായിക്കുകയും പഠിക്കുകയും ചെയ്തത്. അതോടെ, മാർക്സിസം ആധികാരികമായി മനസ്സിലാക്കിയ ഒരാൾ എന്ന ആത്മവിശ്വാസം എന്നിൽ വളരുകയും ചെയ്തു.

ജയിലിലേക്ക് ഹെഗൽ എത്തിയതെങ്ങനെ

പിന്നീട് അടിയന്തരാവസ്ഥക്കാലത്തു കണ്ണൂർ ജയിലിൽ കിടന്ന സമയത്താണു മാർക്സിസത്തെക്കുറിച്ചുള്ള എന്റെ അടുത്ത ഘട്ട പഠനം നടക്കുന്നത്. മാവോയുടെ കൃതികളിൽ ലെനിന്റെ സമാഹൃത കൃതികളുടെ മുപ്പത്തിയെട്ടാം വാള്യത്തിൽ നിന്നുള്ള ധാരാളം ഉദ്ധരണികൾ കാണാം. മാർക്സിന്റെ ദാർശനിക ഗുരുവായിരുന്ന ജർമൻ ചിന്തകൻ ഹെഗലിന്റെ ‘സയൻസ് ഓഫ് ലോജിക്’ എന്ന പ്രസിദ്ധ കൃതി ലെനിൻ വായിച്ചപ്പോൾ എഴുതിയ കുറിപ്പുകളാണ് ആ വാള്യം മുഴുവനും. ഹെഗലിനെ വായിച്ചു മനസ്സിലാക്കിയിട്ടില്ലാത്ത ഒരാൾക്കു മാർക്സിസം മനസ്സിലാക്കാനാവുകയില്ലെന്ന ലെനിന്റെ കുറിപ്പും അതിലുണ്ടായിരുന്നു. ഇതോടെ മാർക്സിസം മനസ്സിലാക്കിയ ആളെന്ന എന്റെ ആത്മവിശ്വാസവും തകർന്നടിഞ്ഞു.

ഒരു സുഹൃത്തു വഴി തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്ന് ഹെഗലിന്റെ പ്രസ്തുത പുസ്തകം കണ്ണൂർ ജയിലിലെത്തിക്കാൻ ഞാൻ ഏർപ്പാടാക്കി. ഹെഗലിനെ വായിച്ചപ്പോൾ (അതൊരെളുപ്പം പണിയല്ല!) ലെനിൻ പറഞ്ഞതു ശരിയാണെന്നും ബോധ്യമായി. പ്രകൃതിയിലും സമൂഹത്തിലും ചരിത്രത്തിലും ദൃശ്യമാവുന്ന ഓരോ പ്രതിഭാസവും നിശ്ചിത സാഹചര്യത്തിൽ അതിന്റെ നേരേ വിപരീതമായി മാറുമെന്നും അതെങ്ങനെയെന്നും വിശദമായും സൂക്ഷ്മമായും പരിശോധിക്കുകയാണ് ആ പുസ്തകത്തിൽ ഹെഗൽ ചെയ്തിട്ടുള്ളത്. ആശയവാദപരമായ ദാർശനിക ചട്ടക്കൂടാണു ഹെഗലിന്റേത്. മാർക്സ് ആ രീതിശാസ്ത്രത്തെ അപ്പടിയെടുത്ത് ഭൗതികവാദ അടിത്തറയിലേക്കു സന്നിവേശിപ്പിക്കുകയാണു ചെയ്തത്. ആർജ്ജിച്ചുപോയ വിശ്വാസങ്ങളിൽ അള്ളിപ്പിടിക്കാതെ പ്രകൃതിയെയും സമൂഹത്തെയും ചലനാത്മകമായി നോക്കിക്കാണാൻ എന്നെ സഹായിച്ചത് ഇത്തരം പഠനങ്ങളാണ്.

ഇങ്ങനെ പുതുതായി മനസ്സിലാക്കിയ മാർക്സിസത്തെ അടിസ്ഥാനമാക്കി 1979ൽ കണ്ണൂർ ജയിലിൽ വച്ചു സഖാക്കൾക്കുവേണ്ടിയെഴുതിയ പുസ്തകമാണ് ‘വിപ്ലവത്തിന്റെ ദാർശനികപ്രശ്നങ്ങൾ’. അതിലെ നിലപാടുകളിൽനിന്ന് എന്റെ കാഴ്ചപ്പാടുകൾ ഏറെ മാറിപ്പോയെങ്കിലും ആ പുസ്തകത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നവരോട് ഞാൻ പറയാറുള്ളത്, ലെനിനിസത്തിലേക്കും മാവോയിസത്തിലേക്കും വളർന്ന മാർക്സിസം എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പാഠപുസ്തകമായി അതിനെ കണക്കാക്കാമെന്നാണ്. മാവോയിസത്തെ കൂടി ഉൾക്കൊള്ളുന്ന മാർക്സിസ വ്യാഖ്യാനങ്ങൾ ലോകത്തിൽ തന്നെ അത്യപൂർവ്വമാണെന്ന യാഥാർത്ഥ്യവും നാം വിസ്മരിച്ചുകൂടാ.

അപ്പോഴേക്കും കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങളിലെ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുകയും ഒരു അഖിലേന്ത്യാ സംഘടനയ്ക്കു രൂപം നൽകുകയുമുണ്ടായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനതിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി പ്രവർത്തിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. അക്കാലത്ത് പഞ്ചാബിലും അസമിലും മറ്റും ശക്തിപ്രാപിച്ച ഭാഷാപ്രക്ഷോഭങ്ങൾ ഇന്ത്യയിലെ ഭാഷാദേശീയതകളുടെ പ്രശ്നമാണ് ഉയർത്തിയത്. വർണജാതിവ്യവസ്ഥ തകർക്കപ്പെടാതെ ഇന്ത്യയിൽ ജനാധിപത്യത്തിനു വേരൂന്നാനാവില്ലെന്ന ഡോ. ബി.ആർ. അംബേദ്കറുടെ നിലപാടും സജീവ ചർച്ചാവിഷയമായിരുന്നു. 

വർഗസമരത്തിലേക്ക് ചുരുണ്ടുകൂടിയ പാർട്ടികൾ

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ വിഷയങ്ങളിൽ ഇടപെടാൻ തയാറായിരുന്നില്ല. വർഗസമരത്തിലൂടെ സാമ്പത്തികമായ അസമത്വങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഇത്തരം പ്രശ്നങ്ങളെല്ലാം സ്വാഭാവികമായും അവസാനിക്കുമെന്നാണ് കമ്യൂണിസ്റ്റുകാർ നിലപാടെടുത്തിരുന്നത്.  ശക്തമായ പുരുഷമേധാവിത്തവും വർഗ്ഗസമരത്തിലൂടെ പരിഹരിക്കപ്പെടും എന്നവർ സമർഥിച്ചിരുന്നു. വർഗേതരമായ തലത്തിൽ നടക്കുന്ന സാമൂഹിക പ്രക്രിയകളാണ് ഇവയ്ക്കു പിന്നിലെന്നു മനസ്സിലാക്കാൻ അവർ തയാറായിരുന്നില്ല. എല്ലാ സാമൂഹിക പ്രക്രിയകളെയും വർഗസമരത്തിലേക്കു ചുരുക്കിക്കെട്ടിയ മാർക്സിന്റെ വർഗന്യൂനീകരണ നിലപാടു തന്നെയാണ് ഇന്ത്യയിലെ  കമ്യൂണിസ്റ്റുകാരെയും സ്വാധീനിച്ചിരുന്നത്.

സാമൂഹികപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ മാർക്സിസത്തിനു പരിമിതിയുണ്ടെ‌ന്നു തിരിച്ചറിഞ്ഞ ഈ സന്ദർഭത്തിലാണ്, 1989ൽ, ചൈനയിൽ വിദ്യാർഥികലാപം പൊട്ടിപ്പുറപ്പെടുന്നത്. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്നു എന്നതു തന്നെ ഗുരുതരമായ പ്രശ്നങ്ങളാണുയർത്തുന്നത്. നേരത്തേ ഉയർന്നു വന്നിരുന്ന വിഷയങ്ങളുൾപ്പെടെ ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുന്നതിനു വേണ്ടി വിശദമായ പഠനം നടത്തുന്നതിനായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് ആറു മാസത്തെ ലീവ് അനുവദിക്കണമെന്ന് കേന്ദ്രകമ്മിറ്റിയോടു ഞാൻ ആവശ്യപ്പെടുകയും അത് അനുവദിക്കപ്പെടുകയും ചെയ്തു. അങ്ങനെ നടത്തിയ പഠനങ്ങൾ അമ്പരിപ്പിക്കുകയും അതിനെക്കാൾ വേദനിപ്പിക്കുകയും ചെയ്യുന്ന നിഗമനങ്ങളിലേക്കാണ് എന്നെ എത്തിച്ചത്.

ലെനിനും സ്റ്റാലിനും നടപ്പിലാക്കിയ ഏകപാർട്ടി സ്വേച്ഛാധിപത്യത്തിന്റെ ഉറവിടം മാർക്സിന്റെ തൊഴിലാളിവർഗ സർവാധിപത്യ സങ്കൽപം തന്നെയാണെന്നും അത് സോഷ്യൽ ഫാസിസത്തിലേക്കു തന്നെയാണു നയിക്കുകയെന്നും കമ്യൂണിസ്റ്റു പാർട്ടിക്ക് ഒരിക്കലും ഒരു ജനാധിപത്യ പാർട്ടിയാവാൻ കഴിയില്ലെന്നുമുള്ള തിരിച്ചറിവുകളാണ് എനിക്കു ലഭിച്ചത്. രണ്ടു ദശകത്തിലധികം കാലം എന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച പ്രസ്ഥാനം ഇതായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ആ നിമിഷങ്ങളിൽ ഒറ്റയ്ക്കിരുന്ന് ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ സമാഹരിച്ചു  പാർട്ടിയിൽ ചർച്ചയ്ക്ക് ഒരു രേഖ തയാറാക്കിയപ്പോൾ, സ്വേച്ഛാധിപത്യ സാധ്യതകളെ മറികടന്നു തൊഴിലാളിവർഗ ജനാധിപത്യം സ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയാണ് പാർട്ടി അവതരിപ്പിച്ചത്. ‘തൊഴിലാളിവർഗ ജനാധിപത്യത്തെപ്പറ്റി’ എന്ന് ആ രേഖയ്ക്കു പേരും നൽകി.

ഇഎംഎസിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് 

അക്കാലത്ത് ഞങ്ങളുടെ പാർട്ടി ഉൾപ്പെടെ മുപ്പതോളം മാവോയിസ്റ്റ് പാർട്ടികളുടെ ഒരു സാർവദേശീയ പ്രസ്ഥാനമുണ്ടായിരുന്നു. അവർക്കെല്ലാം ഈ രേഖ ചർച്ചയ്ക്കു വിട്ടിരുന്നു. പക്ഷേ, ഈ ചർച്ചകൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഒരു  കമ്യൂണിസ്റ്റു പാർട്ടിക്കും ജനാധിപത്യവൽക്കരിക്കപ്പെടാനാവില്ല. അഥവാ അങ്ങനെ ജനാധിപത്യവൽക്കരിച്ചാൽ പിന്നെ അത്  കമ്യൂണിസ്റ്റുപാർട്ടിയല്ല. അതുകൊണ്ടു ഈ ചർച്ചകൾ നടക്കുന്നതിനിടയിൽത്തന്നെ 1991 ഒക്ടോബറിൽ കൂടിയ കേന്ദ്രകമ്മിറ്റി യോഗത്തിൽ എന്റെ നിലപാട് വിശദീകരിച്ചു ഞാൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്രകമ്മിറ്റിയിൽനിന്നും രാജിവച്ചു. 

അപ്പോൾ എത്തിച്ചേർന്നിരുന്ന നിലപാടുകൾ വിശദീകരിച്ചു കൊണ്ട് ഒരു പുസ്തകമെഴുതുകയാണ് തുടർന്നു ഞാൻ ചെയ്തത്. ‘ഒരു  കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കൽപം’ എന്ന പേരിൽ 1992 മേയിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർക്സിസത്തിന്റെ എല്ലാ വശങ്ങളെയും വിമർശനവിധേയമാക്കുകയും ദർശനമൊഴിച്ചുള്ള മേഖലകളെയെല്ലാം നിരാകരിക്കുകയും എന്നാൽ, കമ്യൂണിസത്തെക്കുറിച്ചുള്ള കാൽപനിക സ്വപ്നം നിലനിർത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം. അപ്പോഴും ഞാനൊരു  കമ്യൂണിസ്റ്റുകാരനാണെന്ന് സങ്കൽപfച്ചിരുന്നതു കൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ടും അങ്ങനെയായത്.  

സക്കറിയ ഉൾപ്പെടെ പ്രമുഖരായ പലരും അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ അന്നു നൽകി. ഇ.എം.എസ്. നമ്പൂതിരിപ്പാട് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ നാലാഴ്ച തുടർച്ചയായി ആ പുസ്തകത്തെക്കുറിച്ച് എഴുതി. ‘ഒരു ബൂർഷ്വാ ജനാധിപത്യവാദിയുടെ ബൂർഷ്വാ ജനാധിപത്യസങ്കൽപം’ എന്നായിരുന്നു തലക്കെട്ട്. അണികൾ എന്റെ പുസ്തകം വായിക്കാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു വ്യക്തമായിരുന്നു. ഇഎംഎസിന്റെ പ്രതികരണങ്ങളും അവയ്ക്കുള്ള എന്റെ മറുപടികളും ഉൾപ്പെടെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഞാൻ തീരുമാനിച്ചു. ഇഎംഎസിന്റെ പ്രതികരണം ചേർക്കുന്നതിനുള്ള അനുവാദം ചോദിക്കാനായി അദ്ദേഹത്തെ നേരിട്ടു കാണാൻ ഭാസുരേന്ദ്ര ബാബുവാണ് ഏർപ്പാടുണ്ടാക്കിയത്. ബാബുവിനോടൊപ്പമാണ് ഞാൻ ഇഎംഎസിനെ പോയിക്കണ്ടത്.

ഉള്ളുതുറന്ന് ചിരിച്ചുകൊണ്ടു സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. എന്റെ പുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തിനാണ് വന്നതെന്നു പറഞ്ഞപ്പോൾ ‘അതിന് അനുവാദമൊന്നും ആവശ്യമില്ല, പ്രസിദ്ധീകരിച്ചോളൂ’ എന്ന മറുപടി ഉടനേ വന്നു. ആ പ്രതികരണം ഒന്നു ചുരുക്കിത്തരണം എന്നു പറഞ്ഞപ്പോൾ ‘അതും വേണുവിന് ഇഷ്ടംപോലെ ചെയ്യാം’ എന്ന് ചിരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞത്. ഹൃദ്യവും സൗഹൃദം നിറഞ്ഞതുമായ അദ്ദേഹത്തിന്റെ സമീപനം ഏറെ സന്തോഷം പകർന്ന നിമിഷങ്ങളാണു നൽകിയത്.

പിൽക്കാലത്ത് കമ്യൂണിസ്റ്റുബോധത്തിൽനിന്ന് പതുക്കെപ്പതുക്കെ ഞാൻ മുക്തനായി വന്നു. ജനാധിപത്യവാദിയാവണമെങ്കിൽ ആ മോചനം പൂർത്തിയാകണമെന്നും എനിക്കു ബോധ്യമായി. ജനാധിപത്യത്തെക്കുറിച്ചുള്ള പഠനങ്ങളിലേക്കാണ് തുടർന്നുള്ള എന്റെ അന്വേഷണം തിരിഞ്ഞത്. മനുഷ്യസമൂഹം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതോടെ അഹംബോധമുള്ള വ്യക്തികളും അത്തരം വ്യക്തികൾ ചേർന്നുള്ള സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിലൂടെ ജനാധിപത്യ പ്രക്രിയയ്ക്കു തുടക്കം കുറിച്ചതു മുതലുള്ള ചരിത്രമാണ് തുറന്നുകിട്ടിയത്. മനുഷ്യസമൂഹത്തിന്റെ വികാസചരിത്രത്തിലുടനീളം അന്തർധാരയായി ഈ ജനാധിപത്യ പ്രക്രിയ തുടിച്ചുകൊണ്ടിരുന്നതു കാണാം. പാർലമെന്ററി ജനാധിപത്യവും രാജ്യങ്ങൾക്കിടയിലെ ജനാധിപത്യ (ഐക്യരാഷ്ട്രസംഘടന) വുമെല്ലാം ഈ പ്രക്രിയയുടെ തുടർച്ച തന്നെയാണ്. പ്രകൃതിയുടെ പരിണാമചരിത്രത്തിന്റെ തുടർച്ചയായി സാമൂഹിക പരിണാമ ചരിത്രം കൂടി ക്രോഡീകരിച്ചു 2017ൽ ഞാൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം’.

എന്റെ സൈദ്ധാന്തികാന്വേഷണങ്ങളുടെ ഇത്തരമൊരു പശ്ചാത്തലത്തിലാണ് മാർക്സിസത്തെക്കുറിച്ചുള്ള ഈ പുസ്തകം എഴുതിയിട്ടുള്ളത്.  മാർക്സിസത്തെക്കുറിച്ച് ഒരു സാമാന്യധാരണ ലഭിക്കത്തക്ക വിധമുള്ള കാര്യങ്ങൾ മാത്രം സംക്ഷിപ്തമായി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുള്ള പരിമിതികൾ അനിവാര്യമാണ്. വായനക്കാർ അതു മനസ്സിലാക്കി ഈ പുസ്തകത്തെ സമീപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

(കെ. വേണുവിന്റെ 'മാർക്സിസം- ഉത്ഭവവും വികാസവും പരാജയവും' എന്ന പുതിയ പുസ്തകത്തിന്റെ ആമുഖം)

പ്രസാധകർ. പ്രിസം ബുക്സ്, കൊച്ചി)

Content Summary: Introduction of the Book ' Marxism - Udbhavavum Vikasavum Parajayavum ' written by K Venu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS