ADVERTISEMENT

പെൺകുട്ടികൾക്കായി ഒരു പുസ്തകം എഴുതാൻ തന്റെ എഡിറ്റർ ആവശ്യപ്പെട്ടപ്പോൾ അമേരിക്കൻ എഴുത്തുകാരി ലൂയിസ മേ ആൽകോട്ട് ആദ്യം തന്നെ നിരസിക്കുകയായിരുന്നു. ‘‘ഒരിക്കലും പെൺകുട്ടികളെ ഇഷ്ടപ്പെട്ടിട്ടില്ല, അല്ലെങ്കിൽ പലരെയും അറിഞ്ഞിട്ടില്ല, എന്റെ സഹോദരിമാരൊഴികെ.’’ എന്നായിരുന്നു അന്ന് അവർ പറഞ്ഞത്. ലൂയിസ മേ ആൽകോട്ട് ഒരിക്കലും പെൺകുട്ടികളെ ഇഷ്ടപ്പെടുകയോ അറിയുകയോ ചെയ്തിട്ടുണ്ടാകില്ല, എന്നാൽ അവരുടെ പേര് തന്നെ ഇപ്പോൾ ‘പെൺകുട്ടി’യുടെ പര്യായമാണ് അറിയപ്പെടുന്നത്. 

1868 ലും 1869 ലും രണ്ടു വാല്യങ്ങളായാണ് ലിറ്റിൽ വിമൻ പ്രസിദ്ധീകരിച്ചത്. മെഗ്, ജോ, ബെത്ത്, ആമി മാർച്ച് എന്നിങ്ങനെ നാലു സഹോദരിമാരുടെ ബാല്യം മുതൽ യൗവനം വരെയുള്ള ജീവിതമാണ് നോവലിലെ പ്രതിപാദ്യം. അർധ-ആത്മകഥാപരമായ പുസ്തകത്തിൽ ആൽകോട്ട് പറഞ്ഞത് തന്റെയും മൂന്നു സഹോദരിമാരുടെയും കഥ തന്നെയായിരുന്നു എന്നാണു കരുതുന്നത്. എന്തായാലും ഈ പുസ്തകത്തിലൂടെ നാലു സഹോദരിമാരും അനശ്വരരായി. ലിറ്റിൽ വിമൻ എന്ന പുസ്തകത്തിന് അത്രമാത്രം സ്വീകാര്യതയാണ് വായനക്കാർ നൽകിയത്. 

ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സഹോദരിമാരുടെ കഥ പുരോഗമിക്കുന്നത്. 1868-ൽ ഈ പുസ്തകം പ്രസിദ്ധീകൃതമായപ്പോൾ ആൽകോട്ടിന്റെ ഭാഗ്യനക്ഷത്രം ഉദിക്കുകയായിരുന്നു. 50 വിവർത്തനങ്ങളിലൂടെയും നിരവധി അനുരൂപീകരണങ്ങളിലൂടെയുമായി  ലിറ്റിൽ വിമൻ ലോകമെമ്പാടുമുള്ള വായനക്കാരിലെത്തി. എന്നാൽ ആൽകോട്ടിന്റെ രചനകളിൽ ശക്തമായി പ്രതിഫലിക്കുന്ന ആൺ ആഭിമുഖ്യം വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ഉയരുന്ന ചോദ്യം, ആൽകോട്ട് വാസ്തവത്തിൽ പുരുഷനായിരുന്നോ സ്ത്രീയായിരുന്നോ എന്നതാണ്.

ലൂയിസ മേ ആൽകോട്ട് എന്ന പേരിന് അവരുടെ വ്യക്തിജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. കുടുംബത്തിനും സുഹൃത്തുക്കൾക്കും അവൾ ലൂ, ലു അല്ലെങ്കിൽ ലൂയി ആയിരുന്നു. അനന്തരവർക്ക് ‘പാപ്പാ’ അല്ലെങ്കിൽ അച്ഛൻ എന്നാണ് ആൽകോട്ട് തന്നെക്കുറിച്ച് എഴുതിയത്. പിതാവ് ബ്രോൺസണാകട്ടെ ഒരിക്കൽ ആൽകോട്ടിനെ തന്റെ ഏക മകൻ എന്നാണ് വിശേഷിപ്പിച്ചത്. അടുത്ത സുഹൃത്തായ ആൽഫി വിറ്റ്‌മാന് എഴുതിയ കത്തിൽ ആൽകോട്ട് ‘എല്ലാ ജോലികളുടെയും പുരുഷൻ’ എന്നും ‘ഒരു മാന്യൻ’ എന്നും സ്വയം വിശേഷിപ്പിച്ചിരിക്കുന്നു. സ്ത്രീ എന്നതിനെക്കാൾ പുരുഷനായി സ്വയം കരുതാനാണ് ആൽകോട്ട് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അവരുടെ തുറന്നു പറച്ചിലുകൾ വിരൽചൂണ്ടുന്നത് അവർക്ക് പുരുഷത്വവുമായി ഉണ്ടായിരുന്ന അഗാധമായ അടുപ്പത്തിലേക്കാണ്. പിന്നീട് ആൽകോട്ടിനെ പഠിക്കാൻ ശ്രമിച്ചവരും ഇതേ അഭിപ്രായം പങ്കു വയ്ക്കുന്നുണ്ട്.  

പുലിറ്റ്‌സർ സമ്മാനം നേടിയ, ആൽകോട്ടിന്റെ ജീവചരിത്രമായ ‘ഈഡൻസ് ഔട്ട്‌കാസ്റ്റ്‌സ്’ എന്ന പുസ്തകത്തിൽ ജോൺ മാറ്റ്സൺ എഴുതിയത് ‘അവൾ ഒരു ആൺകുട്ടിയായി ജനിക്കണമായിരുന്നു’ എന്നാണ്. ബാലസാഹിത്യ പ്രഫസറായ ജാൻ സൂസിനയും ഇതിനോടു യോജിക്കുന്നുണ്ട്. ഇന്ന് നമ്മൾ ലിംഗവിഭ്രാന്തിയായി കണക്കാക്കുന്നത് ആൽകോട്ട് അനുഭവിച്ചിട്ടുണ്ടാകാമെന്നാണ് സൂസിന ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇവരെല്ലാം  ആൽകോട്ടിനെ ‘ട്രാൻസ്ജെൻഡർ’ എന്ന് വിശേഷിപ്പിക്കാൻ  മടിക്കുന്നവരുമാണ്. നമ്മുടെ വാക്കുകളും നിബന്ധനകളും ധാരണകളും മുൻ കാലഘട്ടത്തിൽ അടിച്ചേൽപിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ് ഡോ. ഐസെലിൻ പറയുന്നത്. 19-ാം നൂറ്റാണ്ടിലെ ആളുകൾ ലിംഗഭേദം, ലൈംഗികത, ലൈംഗിക ഐഡന്റിറ്റി എന്നിവയെക്കുറിച്ചു ചിന്തിച്ചിരുന്ന രീതി ഇന്നു നമ്മൾ ഉപയോഗിക്കുന്ന ചില പദങ്ങളിൽനിന്നു വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഡോ. ഐസലീന്റെ ഈ ആശങ്ക പങ്കിടുന്നയാളാണ് ഡോ. മാറ്റ്‌സൺ. ‘എമേഴ്സൺ, തോറോ, ലൂയിസയുടെ പിതാവ്, ബ്രോൺസൺ എന്നിവരെല്ലാം വിശ്വസിച്ചിരുന്നത് മനുഷ്യർ അടിസ്ഥാനപരമായി ഒരു പ്രത്യേക ശാരീരിക രൂപത്തിൽ സംഭവിച്ച ആത്മാക്കളാണെന്നാണ്. എന്നാൽ ആ ആത്മാവിനെ പരിമിതപ്പെടുത്തരുത്, കാരണം സ്വന്തം അതുല്യപ്രതിഭ അനുസരിച്ച് ആത്മാവിന് സ്വയം വളരാനുള്ള കടമയുണ്ട്’ – ഡോ.മാറ്റ്സൺ പറയുന്നു. 

ആൽകോട്ടിന്റെ രചനകളിലെ പരാമർശങ്ങളിൽ ഉറച്ചുനിന്നാണ് അവരുടെ അസ്തിത്വത്തെക്കുറിച്ചു ചർച്ച നടക്കുന്നത്. താൻ നല്ല ഒരു പുരുഷനാകാൻ ആഗ്രഹിക്കുന്നു എന്നും ഒരു ആൺകുട്ടിയുടെ സ്വഭാവത്തോടെയാണ് ജനിച്ചതെന്നും തുടങ്ങി അവരുടെ പുരുഷാഭിമുഖ്യം വ്യക്തമാക്കുന്ന വരികൾ യഥേഷ്ടമുണ്ട് കൃതികളിൽ. എന്തായാലും 1888 ൽ ഇഹലോകവാസം വെടിഞ്ഞ ഒരു എഴുത്തുകാരിയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ചർച്ച കാലങ്ങൾക്കിപ്പുറവും തുടരുകയാണ്. അഭ്യൂഹങ്ങളും ഭാവനകളുമൊന്നുമില്ലാതെ തീർത്തും വസ്തുനിഷ്ഠമായ ചർച്ചയാണ് നടക്കുന്നത് എന്നത് ആ അമേരിക്കൻ എഴുത്തുകാരിക്ക് ആധുനികവായനാലോകം സമ്മാനിക്കുന്ന ആദരം കൂടിയാകുകയാണ്.

Content Summary: Discussions on the Gender Identity of Louisa May Alcott, Author of the Novel ' Little Women ' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com