‘നൻപകൽ നേരത്ത് മയക്കം' രണ്ടാം ഭാഗം എഴുതി 'ഐസോപ് '; 'നിഗൂഢം' ഈ കഥ

HIGHLIGHTS
  • പ്രതികാരത്തിന്റെയും നീതിയുടെയും പാതകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു പുത്തൻ കഥാതന്തുവാണിതെന്നാണ് ലിവിങ് ലീഫിന്റെ അവകാശം
AISOP
SHARE

തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനും പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടാവുമോ? അവരുടെ ജീവിതത്തിൽ ഒരിടപെടലിനും സാധ്യത ബാക്കിവയ്ക്കാതെ, ആരോടും ഒന്നും പറയാതെ പദ്മരാജൻ അപ്രത്യക്ഷനായിട്ട് വർഷങ്ങളായി. ആ പ്രതിഭയുടെ തൂലികത്തുമ്പിൽ പിറന്ന അക്ഷരങ്ങൾക്കു ബാക്കി കുറിക്കാൻ ആർക്കു ധൈര്യം?

തൂവാനത്തുമ്പികൾ മാത്രമല്ല, രണ്ടാംഭാഗത്തിനായി മലയാളി കാത്തിരിക്കുന്ന ചലച്ചിത്രങ്ങൾ വേറെയുമുണ്ട്. അതൊക്കെ സാധ്യമാകുമോ ? ഒരിക്കലുമില്ലെന്ന് ഇനി പറയാനാകില്ല. കാരണം മനുഷ്യന് അസാധ്യമായതു സാധ്യമാക്കുന്ന ചിലതൊക്കെ ഇവിടെ പിറവിയെടുത്തുകഴിഞ്ഞു. ഇത് നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) കാലമാണ്. മലയാളത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റൈറ്റർ (AlSOP) കഥ എഴുതിത്തുടങ്ങിയിരിക്കുന്നു.

ആണെഴുത്തോ പെണ്ണെഴുത്തോ എന്നൊന്നും വേർതിരിക്കാനാകില്ല ഐസോപിന്റെ രചനകളെ. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ബുദ്ധിയുടെ പരിധിയിൽനിന്നുകൊണ്ട് കഴിയുന്നത്ര മികച്ച സൃഷ്ടികൾ സംഭാവന ചെയ്യുക എന്നതാണ് ഈ രചയിതാവിന്റെ ദൗത്യം. ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസാണ് ഗ്ലോബൽ മീഡിയാ കിറ്റ് ദുബായുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റൈറ്ററെ സൃഷ്ടിച്ചിരിക്കുന്നത്.

ഐസോപിനെക്കുറിച്ച് അതിന്റെ സ്രഷ്ടാക്കളായ ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസ് പറയുന്നതിങ്ങനെ: ‘കേരളത്തിൽ, സർഗ്ഗാത്മക കഥപറച്ചിലിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ അന്വേഷിക്കാൻ വഴിയൊരുങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എഐ പ്രതിഭകൾ കഥകൾ പറയട്ടെ, ചിത്രങ്ങൾ വരയ്ക്കട്ടെ, ചലച്ചിത്രങ്ങൾ നിർമിക്കട്ടെ, സംഗീതം പൊഴിക്കട്ടെ..’

അപ്പോൾ കഥ മാത്രമല്ല, സംഗീതവും കവിതയും ചിത്രങ്ങളുമൊക്കെ ഇനി നമുക്കു മുന്നിലെത്തുമെന്നുറപ്പ്. സർഗാത്മകതയിൽ മാത്രമല്ല സാങ്കേതികവും സാംസ്കാരികവുമായ ഇടപെടലുകളിലും ഐസോപ്പ് സജീവമാകുന്നതോടെ രോഗികൾ സുഖപ്പെടുമെന്നും പുത്തൻ കൃഷിരീതികളാൽ നാട് സമൃദ്ധമാകുമെന്നും നല്ല വാർത്തകളുണ്ടാകുമെന്നും ഭൂമിയിൽ കാരുണ്യം നിറയുമെന്നും ലോകം സ്വർഗമാകുമെന്നുമൊക്കെയാണ് ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസ് പ്രത്യാശ പ്രകടിപ്പിക്കുന്നത്. 

ചാറ്റ്ജിപിടിയോ ഐസോപോ ഉണ്ടാക്കുന്ന ലോകത്തെ പുതിയ തലമുറ പോസിറ്റീവായി ഉപയോഗിക്കണമെന്നും അതിന്റെ ഭാഗമായാണ് പുതിയ ‘എഴുത്തുകാരനെ’ സൃഷ്ടിച്ചതെന്നുമാണ് ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എബ്രഹാം കുര്യൻ വ്യക്തമാക്കുന്നത്. പക്ഷേ പ്രോംപ്റ്റ് ചെയ്യുന്ന ആൾ സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട്. അതായത്, സൃഷ്ടി നടത്താനുള്ള പൂർണസ്വാതന്ത്ര്യം എഐയ്ക്കായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഥ മാത്രമല്ല അതിന്റെ പരസ്യവും ചിത്രത്തിന്റെ നിർമാണവുമെല്ലാം എഐയുടെ ദൗത്യത്തിൽപ്പെടും.

എഴുത്തിനെക്കാൾ ചിത്രങ്ങളുടെ കാര്യത്തിലാണ് എഐയുടെ അനന്തസാധ്യതകൾ. ചിത്രങ്ങളെക്കുറിച്ച് പ്രോംപ്റ്റ് ചെയ്താൽ വരകളുടെ ഒരു വലിയ അദ്ഭുതലോകം നമുക്കു മുന്നിൽ വിരിയും. കഥയുടെ അടിസ്ഥാനത്തിലായിരിക്കും ചിത്രങ്ങൾ. ചിലപ്പോൾ ആ ചിത്രങ്ങളിലൊന്ന് കഥാഗതിയെ വീണ്ടും മാറ്റാൻ പ്രേരിപ്പിക്കുന്നതുമാകും.

എഴുത്തിലും വരയിലുമല്ലാതെ മറ്റ് മേഖലകളിലും കൈ വയ്ക്കാൻ എഐയ്ക്കു കഴിയും. രോഗങ്ങളെ മുൻകൂട്ടി കാണാനും പ്രതിരോധത്തിന് സാധ്യതയൊരുക്കാനും ഈ കൃത്രിമബുദ്ധി സഹായിക്കും. വായുവിലെയും വെള്ളത്തിലെയും മാലിന്യം തിരിച്ചറിഞ്ഞ്, വരാനിരിക്കുന്ന രോഗങ്ങളെ തടയാനുള്ള നിർദേശങ്ങൾ നൽകും. കൃഷിയുൾപ്പെടെയുള്ള മേഖലകളിലും ഇത് ബാധകമാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി വിളവെടുക്കാനും വിത്തെടുക്കാനുമൊക്കെ എഐ  സഹായിക്കും. മുൻകാല റിപ്പോർട്ടുകൾ സമഗ്രമായി അവലോകനം ചെയ്ത് പഴുതുകളില്ലാത്ത അഭിപ്രായങ്ങളും നിർദേശങ്ങളും അത് വഴി ലഭിച്ചുകൊണ്ടിരിക്കും.  

പക്ഷേ അതിനിടയിൽ ഉയരുന്ന ചോദ്യം, നിർമിത ബുദ്ധി നല്ലതു മാത്രമേ ചെയ്യുകയുള്ളോ എന്നതാണ്. ഐസോപിനെ സൃഷ്ടിച്ചതും അതിനോട് ആവശ്യങ്ങൾ ഉന്നയിക്കുന്നതും മനുഷ്യനാണ്. ചോദിക്കുന്ന മനുഷ്യന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും ഫലവും. എന്നാലും നല്ലതു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് എബ്രഹാം കുര്യൻ ഉറപ്പിച്ചു പറയുന്നു. ലോകാരംഭം മുതൽ പോസിറ്റീവും നെഗറ്റീവുമുണ്ട്. ശാസ്ത്രത്തിന്റെ ഓരോ വളർച്ചാഘട്ടങ്ങളിലും ഈ ആശങ്കയുയർന്നിട്ടുണ്ട്, ഒരു പരിധി വരെ അതിനെ മറികടക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഒരാളുടെ  ജീവനെ പിടിച്ചുനിർത്തുന്ന ഒറ്റമൂലി മറ്റൊരാളുടെ ജീവനെടുക്കുന്നതായിരിക്കും. അതൊക്കെ ഉപയോഗിക്കുന്നവരുടെ വിവേകം പോലെയാണെന്നും അതാണ് മനുഷ്യചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്നും എബ്രഹാം കുര്യൻ പറയുന്നു. എഐ എന്നത് തനിക്ക് പോസിറ്റീവാണ്. പുതിയ തലമുറയെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ പുതിയ സാങ്കേതികവിദ്യയെ അവർ പോസിറ്റീവായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നെന്നാണ് മനസ്സിലാകുന്നത്. ഇത് തലമുറമാറ്റമല്ല, യുഗമാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കാൻ കുട്ടികളെ പഠിപ്പിക്കുക കൂടിയാണ് ഐസോപ്പ് ചെയ്യുന്നത്. ഉത്തരം പറയലല്ല ചോദ്യം ചോദിക്കൽ തന്നെയാണ് പ്രധാനം. അതാണ് ഇവിടെ സംഭവിക്കുന്നതെന്നും എബ്രഹാം കുര്യൻ ചൂണ്ടിക്കാണിക്കുന്നു.  

nanpakal-nerathu-mayakkam-ai

ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസ് പ്രത്യാശിക്കുന്നതു പോലെയാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ അതൊരു വിപ്ലവം തന്നെയായിരിക്കും. ഒരേസമയം ഒന്നിലധികം മേഖലകളിൽ ഒന്നിച്ചുസംഭവിക്കുന്ന വിപ്ലവം. അതിന്റെ ആദ്യസൂചനയാണ് ഐസോപ്പ് പുറത്തിറക്കിയിരിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയുടെ തുടർക്കഥയായ ‘ഒരു കനവിൻ അരൈ തൂക്കം’ എന്ന പുസ്തകം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം'. ഈ ചലച്ചിത്രത്തിന്റെ കഥാതന്തുവിൽ നിന്നാണ് രണ്ടാംഭാഗത്തിന്റെ കഥയും തിരക്കഥയും ഐസോപ്പ് നൽകിയത്. കഥയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സഹിതം 24 പേജുള്ള ഒരു ചെറിയ പുസ്തകമാണിത്. പ്രതികാരത്തിന്റെയും നീതിയുടെയും പാതകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു പുത്തൻ കഥാതന്തുവാണിതെന്നാണ് ലിവിങ് ലീഫിന്റെ അവകാശം.

ai-writes-movie-story

നൂറുക്കണക്കിന് സിനിമാ നിർമ്മാതാക്കളുടെ രചനാശൈലികളും സാങ്കേതികതകളും പഠിക്കാൻ എഐയെ ഉപയോഗിച്ചെന്നും ആകർഷകവും യഥാർഥവുമായ കഥയും തിരക്കഥയും പാട്ടുകളും ചിത്രങ്ങളും പരസ്യങ്ങളും അങ്ങനെ ഐസോപ്പ് സൃഷ്‌ടിച്ചെന്നും ലിവിങ് ലീഫ് പബ്ലിഷിങ് ഹൗസ് പറയുന്നു. പരമ്പരാഗത എഴുത്ത് രീതികൾ ഉപയോഗിച്ച് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള നിരവധി ആശയങ്ങളും ട്വിസ്റ്റുകളും സൃഷ്ടിക്കാൻ എഐ റ്റൈർ ശ്രമിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏഴ് നിറങ്ങൾ ഒന്നുചേർന്ന് വിരിയുന്ന മഴവില്ലുപോലെ പലരുടെയും സർഗാത്മകത ചേർന്ന ഒരു സൃഷ്ടിയാണ് ഐസോപ്പ് നൽകുന്നത്. ഒരു മനുഷ്യന്റെ കഴിവും പ്രയത്നവും ഉപയോഗിക്കുന്നതിന് പകരം പത്തോ നൂറോ പേരുടെ പ്രതിഭയാണ് എഐ ശേഖരിച്ചുവച്ചിരിക്കുന്നത്. അതൊക്കെ ചേർന്ന് ഒരു ഔട്ട്പുട്ട് വരുമ്പോൾ അത് മൾട്ടി ഇൻറലിക്ച്വൽ  വർക്കായി മാറും.

‘ഒരു കനവിൻ അരൈ തൂക്കം’ എന്ന ഐസോപിന്റെ ആദ്യസിനിമാ ദൗത്യം വിജയിച്ചാൽ മലയാളചലച്ചിത്രപ്രേമികൾക്ക് അതൊരു വലിയ പ്രതീക്ഷയാകും. പദ്മരാജനും ഭരതനും ലോഹിതദാസും സൃഷ്ടിച്ച ചലച്ചിത്രാനുഭവങ്ങളിലേക്ക് പ്രമേയത്തിന്റെയും അവതരണത്തിന്റെയും വ്യത്യസ്തമാനങ്ങളുമായി ലിജോ ജോസ് പെല്ലിശേരിയും ജീത്തു ജോസഫും മധു സി നാരായണനുമൊക്കെ കടന്നുവരും. അതൊരു വ്യത്യസ്ത അനുഭവമാകും. അതുപോലെ തന്നെ സംഗീത കുലപതികളായ ഇളയരാജ, ദക്ഷിണാമൂർത്തി, ദേവരാജൻ മാഷ്. ഔസേപ്പച്ചൻ, എആർ റഹ്മാൻ, വിദ്യാസാഗർ തുടങ്ങിയവരുടെയെല്ലാം പ്രാവീണ്യവും പ്രതിഭയും കടമെടുത്ത് ഐസോപ്പ് പുതിയ സംഗീതലോകം സൃഷ്ടിക്കും. ദൈവമേ, സംഭവിക്കാനിരിക്കുന്ന  അത്ഭുതങ്ങളെ ഓർക്കാൻ കൂടി വയ്യല്ലോ...

Content Summary: AI Writes Malayalam Movie Nanpakal Nerathu Mayakkam Second Part

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA