ജയേഷുമായി വളരെക്കാലത്തെ സൗഹൃദം, അവൻ പോയാലും അവന്റെ എഴുത്തുകൾ ഇവിടെയുണ്ടാകും: വി.എം.ദേവദാസ്

jayesh-devadas
എസ്. ജയേഷ്, വി. എം. ദേവദാസ്. Image Credit: facebook/devadas.vm.50
SHARE

അന്തരിച്ച യുവ എഴുത്തുകാരൻ എസ്. ജയേഷിന്റെ ഓർമ്മകൾ പങ്കുവെച്ച് ചെറുകഥാകൃത്തും, നോവലിസ്റ്റുമായ വി. എം. ദേവദാസ്. ഏറെ നാളുകളായുള്ള സൗഹൃദമാണെന്നും ഏകദേശം ഒരേ സമയത്താണ് ഇരുവരും എഴുത്തിലേക്കു വന്നതെന്നും ദേവദാസ് കുറിക്കുന്നു. ' ജയേഷിന്റെ ആരോഗ്യത്തിലുണ്ടായ നേരിയ പുരോഗതി സന്തോഷിപ്പിച്ചു. എന്നാൽ പെട്ടന്നായിരുന്നു സ്ഥിതി വഷളായതും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതും. ഇന്നു രാവിലെയോടെ എല്ലാ പ്രതീക്ഷയുമറ്റു.' ജയേഷിന്റെ അമ്മ ഒപ്പം തന്നെയുണ്ടായിരുന്നുവെന്നും തനിക്ക് ആ അമ്മയെ വിളിക്കാനുള്ള മനക്കരുത്ത് ഇല്ലെന്നും ദേവദാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി.

പന്നിവേട്ട, ഏറ് തുടങ്ങി അനവധി നോവലുകളും ചെറുകഥാസമാഹാരങ്ങളും ദേവദാസ് രചിച്ചിട്ടുണ്ട്. ജയേഷിന്റെ ചിത്രവും എഴുതിയ പുസ്തകങ്ങളുടെ കവറും ചേർത്താണ് ദേവദാസ് തന്റെ സുഹൃത്തായ ജയേഷിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. 

കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം:

അവന്റെ ജീവൻ പിടിച്ചു നിർത്താൻ ആളായും അർത്ഥമായും കൂടെ നിന്ന ഒരു കൂട്ടം മനുഷ്യരുടെ ശ്രമങ്ങളെയും പ്രതീക്ഷകളെയും ഒക്കെ ഇല്ലാതാക്കിക്കൊണ്ട് ജയേഷ് പോയി എന്നറിയുന്നു. പനിയെ തുടർന്നുള്ളൊരു വീഴ്ചയിൽ തലക്ക് ക്ഷതമേറ്റ് അബോധത്തിലേക്കാണ്ടുപോയ അവനെത്തിരക്കി പാലക്കാട്ടെ ആശുപത്രിയിൽ പോയിരുന്നു. ഒരു ഫോൺ സന്ദേശംകൊണ്ട് അറിയിച്ചപ്പോൾ പോലും അവനായി സഹായഹസ്തങ്ങൾ നീട്ടിയവർ ഏറെയാണ്, കേരളസാഹിത്യ അക്കാദമിയുൾപ്പെടെ. രണ്ട് ശസ്ത്രക്രിയകൾ.. കൊയംബത്തൂരിലെ ആശുപത്രിയിലേക്കുള്ള മാറ്റം.. പതിയെയാണെങ്കിലും  സ്വബോധത്തിലേക്ക് തിരികെ വന്നുവെന്നതും ചെറിയ പ്രതികരണങ്ങളുണ്ടായി എന്നതുമൊക്കെ വളരെ പ്രതീക്ഷ നൽകിയിരുന്നു. അഞ്ചാറ് ദിവസം മുമ്പ് അവന്റെ അമ്മയുടെ ഫോൺ സ്പീക്കർ മോഡിലിട്ട്‌ സംസാരിക്കുന്നേരത്ത് അവൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്, തല ചെറുതായി ഇളക്കുന്നുണ്ട് എന്നൊക്കെ കേട്ടപ്പോൾ ഉണ്ടായ സന്തോഷം ഏറെയായിരുന്നു. പക്ഷെ അതൊക്കെ പൊടുന്നനെ ഇല്ലാതാക്കിക്കൊണ്ടാണ് ന്യുമോണിയ ബാധിച്ചതും വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതുമെല്ലാം... ഇന്ന് രാവിലെ സകല പ്രതീക്ഷയുമറ്റു. കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ ആരോഗ്യവിവരങ്ങൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ തിരക്കുകയും പങ്കിടുകയും ചെയ്യുന്നതൊരു പതിവായിരുന്നു. ഇനി...? ഇത്രയൊക്കെ സംഭവിക്കുമ്പോഴും സധൈര്യം കൂടെ നിന്ന അവന്റെ അമ്മയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കനാകുന്നില്ല. ഈ വിവരമറിഞ്ഞശേഷം അവരെ വിളിക്കാനുള്ള മനക്കരുത്തുമില്ല... 

മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായിരുന്ന കാലം മുതൽക്കുള്ള സൗഹൃദമായിരുന്നു ജയേഷുമായുള്ളത്. എതാണ്ട് ഒരേക്കാലത്താണ് ഇരുവരും മുഖ്യധാരയിൽ എഴുതിത്തുടങ്ങുന്നതെന്നും ഓർമ്മ... ഇടക്കാലത്ത് കുറച്ചുനാൾ ചെന്നൈയിലും ഒരുമിച്ചുണ്ടായിരുന്നു. എഴുതിയ ഡ്രാഫ്റ്റുകളൊക്കെ 'സൗകര്യം പോലെ ഒന്നു നോക്കുമോ...' എന്നൊരു വരിയാലെ പരസ്പരം പങ്കിടുകയും, അത് ആസ്വദിക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇരുവരും അവിവാഹിതരായിരുന്ന കാലത്ത് ഞങ്ങൾ ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നത് താന്താങ്ങളുടെ മുത്തച്ഛന്മാരെപ്പറ്റിയായിരുന്നു. വിവാഹശേഷം അവരവരുടെ കുഞ്ഞുങ്ങളെക്കുറിച്ചും... അതുകൊണ്ടുതന്നെ ഊർസുവിന്റെ മുഖമിപ്പോൾ എങ്ങനെയായിരിക്കുമെന്നൊരു സങ്കടം വന്നു പൊതിയുന്നു. വിഷമനേരങ്ങളിൽ പരസ്പരം ഉരലും മദ്ദളവും കളിച്ചുകൊണ്ട് കുറച്ചുനേരമെങ്കിലും കേൾവിക്കാരായിരുന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ 'കിടന്ന് അധികം നരകിക്കേണ്ടി വന്നില്ലല്ലോ...' എന്നൊരു പതിവ് സമാധാനത്തിലേക്ക് പതിയെ ചെന്നു ചേരാൻ ശ്രമിക്കുന്നു. ജയേഷ് പോയാലും അവന്റെ എഴുത്തുകളും പരിഭാഷകളുമൊക്കെ ഇവിടെത്തന്നെയുണ്ടാകും എന്ന് സ്വയം ആശ്വസിക്കുന്നു. അവന്റെ ഒരു പുസ്തകത്തിനായി എഴുതിയ കുറിപ്പിൽ നിന്നൊരു വരി താഴെ കൊടുക്കുന്നു. Jayesh വിട!

"ഗൂഢാർത്ഥങ്ങളും ആകുലതകളും കുസൃതികളും കളിമട്ടുകളുമൊക്കെ സ്വയംചുമക്കുന്ന രൂപത്തിലാണ് ‌ജഷേഷിന്റെ കഥകൾ ഒരുക്കപ്പെട്ടിരിക്കുന്നത്.  നാട്ടുമിത്തുകളും ചരിത്രവും ഭ്രമാത്മകതയും അറംപറ്റലുകളും ഘടനാപരീക്ഷണങ്ങളുമെല്ലാം അതിന്റെ ഭാഗമാകുന്നു."

Content Summary: Novelist Devdas shared his memories about writer jayesh on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA