ADVERTISEMENT

കാണുമ്പോഴെല്ലാം കഥകളെക്കാൾ ചായക്കടയിലെ പാലപ്പത്തെയും കറികളെയും പറ്റി പറയാനായിരുന്നു കഥാകാരിക്കു തിടുക്കം. കാരണം ഗ്രാമം നിറയെ അന്ന് ചായക്കടകളുണ്ടായിരുന്നു. കുറിയന്നൂരിലെ ഭർതൃഗൃഹത്തിൽ വന്നാൽ ചില്ലറ പലഹാരങ്ങൾ വാങ്ങും; അധികമാരെയും അറിയിക്കാതെ. കഥകളുറങ്ങിക്കിടന്ന ആ മനസ്സിൽ കുറിയന്നൂർ ഗ്രാമം നാടൻ വിഭവങ്ങളുടെ വേറിട്ടൊരു ചില്ലുകൂട് തുറന്നിരുന്നുവെന്നത് സാഹിത്യ ലോകത്തുപോലും അറിയാത്ത രഹസ്യം.

പത്തനംതിട്ട ജില്ലയിലെ കുറിയന്നൂർ ഗ്രാമത്തിന്റെ മരുമകളാണ് പ്രശസ്ത എഴുത്തുകാരി കഴിഞ്ഞ ദിവസം അന്തരിച്ച സാറാ തോമസ് (88).

കുറിയന്നൂർ പുളിമുക്കിനടുത്ത് ചക്കംവേലിൽ കുടുംബാംഗമാണ് സാറാ തോമസിന്റെ ഭർത്താവ് പരേതനായ ഡോ. തോമസ് സക്കറിയ. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫസറായിരുന്ന ഡോ. തോമസിന്റെ പിതാവ് സി.എം. സക്കറിയ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ ഹെഡ്മാസ്റ്ററായിരുന്നു. മാതാവ് ചിന്നമ്മ പുളിമുക്കിലെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് തിരുവനന്തപുരത്തു നിന്നു ഭർത്താവിനൊപ്പം സാറാ തോമസ് വാരാന്ത്യങ്ങളിൽ ഇവിടെയെത്തി താമസിച്ചു മടങ്ങുന്നതു പതിവായിരുന്നു. എൺപതുകളിൽ ഓണപ്പതിപ്പുകളിലും മറ്റും വന്ന ചില കഥകൾക്കുള്ളിലെങ്കിലും തെളിയാത്ത കൈരേഖകൾ പോലെ കുറിയന്നൂരിന്റെ ഗ്രാമീണത പവിഴമുത്തുകളായി തിളങ്ങി നിന്നു.

പുളിമുക്കിന് അക്കാലത്ത് ഒട്ടേറെ ചായക്കടകൾ ഉണ്ടായിരുന്ന കാര്യവും അവിടുത്തെ ചൂടു പലഹാരങ്ങൾ രുചിയോടെ കഴിച്ചിരുന്ന കാര്യവും എപ്പോൾ കണ്ടാലും സാറാ തോമസ് ഓർമിപ്പിക്കുമായിരുന്നുവെന്ന് തിരുവനന്തപുരത്ത് ഏറെക്കാലമായി താമസിക്കുന്ന കുറിയന്നൂർ കോളച്ചേരിൽ കുടുംബാംഗമായ സംഗീത സംവിധായകൻ അനിൽ ഗോപാലൻ അനുസ്മരിച്ചു.

കുറിയന്നൂരിൽ നിന്ന് എത്തുന്ന രോഗികൾക്ക് ഡോക്ടറും കുടുംബവും ആശ്വാസത്തണലായിരുന്നുവെന്നു ബന്ധുവായ കുറിയന്നൂർ ചക്കംവേലിൽ പാപ്പച്ചൻ പറഞ്ഞു.

കുടുംബവീട് കൈമാറ്റം ചെയ്തതിനു ശേഷം അവധിക്കാല വരവുകൾ നിലച്ചുപോയെങ്കിലും ബന്ധുക്കളുമായുള്ള സജീവബന്ധം തുടരുന്നു. ഇന്നലത്തെ സംസ്കാര ചടങ്ങുകളിൽ കുറിയന്നൂരിലെ ബന്ധുക്കൾ പലരും പങ്കെടുത്തു.

anil-gopalan-music-director
സംഗീത സംവിധായകൻ അനിൽ ഗോപാലൻ

കുറിയന്നൂരിന്റെ മരുമകളാണ് പ്രശസ്തയായ എഴുത്തുകാരി എന്നതു പലർക്കും അറിയില്ല. നാടുമായി വലിയൊരു മാനസിക ബന്ധം പുലർത്തിയിരുന്നു ഭർത്താവിനെ പോലെ തന്നെ സാറാ തോമസും.

ആ കാലത്തു നമ്മുടെ നാട്ടിൽ നിന്ന് എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വലിയ സഹായം ആയിരുന്നു ഡോക്ടർ ചെയ്തു കൊടുത്തിരുന്നത്. ആ സ്നേഹം സാറാ തോമസും മനസ്സിൽ ഈ നാട്ടുകാരോട് കരുതിയിരുന്നു.

പതിവായി തിരുവനന്തപുരത്ത് നന്ദാവനത്തുള്ള വീട്ടിൽ പോയി കാണാറുണ്ടായിരുന്നു. ‘നാർമടിപ്പുടവ’ പോലെ ഉള്ള നോവലുകൾ എഴുതിയിട്ടുള്ളത് നമ്മുടെ നാട്ടുകാരിയാണെന്ന തിരിച്ചറിവ് പലപ്പോഴും എന്നിൽ ഉണ്ടാക്കിയിട്ടുള്ള അഭിമാനം ചെറുതായിരുന്നില്ല.

കാണുമ്പോഴൊക്കെ എഴുത്തുകാരിയുടെ ചിന്തയോടെ ആ പഴയ കാലം ഓർത്തെടുക്കും.

അനിൽ ഗോപാലൻ കുറിയന്നൂർ (സംഗീത സംവിധായകൻ )

Content Summary: Remembering Sara Thomas  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com