ADVERTISEMENT

ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട രുചികളുടെ വേരുകൾ തേടിയാൽ അവ കേരളത്തിലേക്കും നീളും. എരിവും മധുരവും പുളിയുമൊക്കെയായി രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിഭേദങ്ങൾ. കേരളത്തിലേക്കു വിരുന്നെത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒന്നാണല്ലോ സദ്യ. എന്നാൽ അന്യനാടുകളില്‍ പലർക്കും സദ്യ കഴിക്കാൻ അവസരമുണ്ടാകണമെങ്കിൽ ഓണം വിഷു പോലുള്ള വിശേഷ ദിവസങ്ങൾ എത്തണം. എന്നാൽ എല്ലാ ദിവസവും വിശേഷ ദിവസങ്ങളാക്കാൻ കഴിയുമെന്നാണ് ശോഭ പിള്ള കുട്ടിൻഹോയുടെ പുസ്തകം ' ആഹാരം സദ്യ' പറയുന്നത്. കേരളത്തിന്റെ തനത് രുചികൾ ലോകത്തിനു മുന്നിൽ അക്ഷരങ്ങളിലൂടെ തുറന്നു വെക്കുകയാണ് ശോഭ. ലോകത്ത് എവിടെയാണെങ്കിലും കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന രുചികൾ.

∙ സദ്യയ്ക്കു മാത്രമായി ഒരു പുസ്തകം

മീഡിയ പ്രൊഫഷണലും കേരളീയ രുചിയിലെ സ്പെഷ്യലൈസ്ഡ് ഷെഫുമായ ശോഭ പിള്ളയുടെ ഏറെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമാണ് ആഹാരം സദ്യ എന്ന പുസ്തകം. മുംബൈയിലെ ജോലിയും മറ്റ് തിരക്കുകൾക്കിടയിലും വിശേഷ ദിവസങ്ങളിൽ ശോഭ തന്റെ പ്രിയപ്പെട്ടവർക്കായി സദ്യയൊരുക്കും. വീട്ടിലേക്കും ഓഫിസിലേക്കുമായി വെജ് നോൺ വെജ് വിഭവങ്ങൾ തയാറാക്കുമെങ്കിലും സദ്യക്കാണ് ഡിമാന്റ് കൂടുതല്‍. ' ഈ ലോകത്ത് കേരളീയ രുചികൾ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? അതുകൊണ്ടു തന്നെ ഇത് എങ്ങനെയുണ്ടാക്കി, റെസിപ്പി എന്താണ് എന്നൊക്കെയാണ് എല്ലാവർക്കും അറിയേണ്ടത്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും കേരളത്തിലെ ഭക്ഷണത്തോടുള്ള അവരുടെ സ്നേഹത്തിനു പകരം നൽകുന്ന സമ്മാനവുമാണ് ഈ പുസ്തകം. പലരും സദ്യ കഴിക്കാനായി ഓണത്തിനും വിഷുവിനുമൊക്കെയായി കാത്തിരിക്കും. എന്നാൽ സദ്യ കഴിക്കാൻ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസത്തിനു വേണ്ടി എന്തിനു കാത്തിരിക്കണം. അവിയലും സാമ്പാറുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് റെസിപ്പി കയ്യിലുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാമല്ലോ.' കേരളത്തിലെ ഭക്ഷണം ഇഷ്ടമുള്ളവർക്ക് സിമ്പിളായി ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് ശോഭ തന്റെ പുസ്തകമെഴുതിയിരിക്കുന്നത്.

∙ കുട്ടിക്കാലത്തെ രുചിയോർമകൾ

'അവധിക്കാലം എപ്പോഴും അമ്മൂമ്മയുടെ കൈപ്പുണ്യമറിഞ്ഞാണ് കടന്നുപോവുക. കുട്ടിക്കാലത്ത് കായംകുളത്തെ കോൺവെന്റ് സ്കൂളിൽ നിന്നും തറവാട്ടിലേക്കെത്തുന്ന നിമിഷം മുതൽ ആഘോഷമാണ്. വിറകടുപ്പിലെ ചട്ടിയിൽ തിളച്ചുമറിയുന്ന കറികളുടെ രുചിയും മണവും ഇന്നും മനസ്സിലുണ്ട്'. അമ്മയും അമ്മൂമ്മയും വെച്ചുവിളമ്പുന്ന രുചികൾ ശോഭയുടെ മനസ്സിന്റെ കോണിൽ അന്നേ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു. അതുപോലെയൊക്കെ ഒന്ന് പാചകം ചെയ്യാൻ മനസ്സ് കൊതിച്ചെങ്കിലും ആ പത്ത് വയസ്സുകാരിയുടെ പാചകമോഹങ്ങളെ അമ്മ തീരെ പ്രോത്സാഹിപ്പിച്ചില്ല. എങ്കിലും അമ്മയുടെ കണ്ണുവെട്ടിച്ച് അടുക്കളയിൽ ചില പരീക്ഷണങ്ങൾക്ക് കുഞ്ഞ് ശോഭ അവസരങ്ങൾ കണ്ടെത്തി. ' അമ്മ പുറത്തു പോകുന്ന തക്കത്തിനാണ് അടുക്കളയിലേക്കുള്ള കടന്നു കയറ്റം. കൃത്യത്തിൽ നാല് സഹോദരിമാരുടെ പങ്കാളിത്തവുമുണ്ടാകും. അമ്മ മടങ്ങി വരും മുൻപ് ഒരു തെളിവ് പോലും അവ‌ശേഷിപ്പിക്കാതെ അടുക്കള വിടും. അതാണ് കുട്ടിക്കാലത്തെ പാചക ഓർമകൾ. എന്നാൽ അന്നത്തെ അതേ രുചികളാണ് പുസ്തകത്തിൽ ആവർത്തിച്ചിട്ടുള്ളത്.'

sadhya-book

∙ അമ്മയുടെ ആരാധിക

നാലാം ക്ലാസ് വരെ മാത്രമാണ് കേരളത്തിൽ പഠിച്ചത്. പിന്നീട് മുംബൈയില്‍. ഭാഷ മറക്കാൻ അച്ഛനും കേരളീയ രുചി മറക്കാൻ അമ്മയും സമ്മതിച്ചില്ല. തറവാട്ടിലെ അവധി കഴിഞ്ഞ് മുംബൈയിലെ വീട്ടിലെത്തിയാലും ഭക്ഷണത്തിന്റെ രുചിയിൽ മാറ്റം തീരെയില്ലായിരുന്നു. അമ്മൂമ്മയെപ്പോലെ അമ്മയും മികച്ച പാചകക്കാരിയായിരുന്നു. അച്ഛനാണെങ്കില്‍ നല്ലൊരു ഭക്ഷണപ്രേമിയും. അച്ഛൻ നടത്തുന്ന പാർട്ടികളിലെ അതിഥികൾക്കായി ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ആഹാരങ്ങൾ അമ്മയ്ക്ക് ഒരുപാട് ആരാധകരെയും സൃഷ്ടിച്ചു. പാചകത്തിൽ ഇടപെടാനുള്ള അനുവാദമൊന്നും ഇല്ലെങ്കിലും ശോഭ അമ്മയുടെ പാചകം നോക്കിനിൽക്കും. അങ്ങനെ അമ്മയുടെയും അമ്മയൊരുക്കിയ രുചികളുടെയും ഏറ്റവും വലിയ ആരാധികയായി ശോഭ മാറി. കാലങ്ങൾക്ക് ശേഷം അമ്മയുടെ രുചികൾ ഓർത്തെടുത്ത് ആ മകൾ പുസ്തകമെഴുതി. പാചകം ചെയ്യാൻ അനുവദിക്കാതിരുന്ന അമ്മയ്ക്ക് മകളുടെ സ്നേഹസമ്മാനം. വളരെ നേരത്തെ തന്നെ അമ്മയെ നഷ്ടമായെങ്കിലും ശോഭയുടെ ഓർമ്മകളിൽ അമ്മ ഇപ്പോഴും ആവി പറക്കുന്ന വിഭവങ്ങൾ വിളമ്പുന്നുണ്ട്. നല്ല എരിവും മധുരവുമൊക്കെയുള്ള രുചിയുള്ള വിഭവങ്ങൾ. 

പിന്നീട് ഒരു മംഗളോരിയൻ കുടുംബത്തിലെ മരുമകളായി എത്തിയപ്പോൾ അവിടെയും കേരള രുചികളെ പരിചയപ്പെടുത്താൻ ശോഭയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. അമ്മ വിളമ്പിയ രുചികളെ ഓർമയിൽ നിന്നെടുത്ത് അതുപോലെ വിഭവങ്ങളൊരുക്കി. അതൊക്കെയും എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. 'എല്ലാ ക്യുസിനുകളും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ വിഭവങ്ങൾ തയാറാക്കാൻ തന്നെയാണ് ഏറ്റവുമിഷ്ടം. ഓണത്തിനും വിഷുവിനുമൊക്കെ ഓഫിസിലുള്ളവർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊക്കയായി സദ്യ കൊണ്ടുപോകും. എനിക്കും അവർക്കും ആ ഒരു എക്സ്പീരിയൻസ് ഒരുപാട് ഇഷ്ടമാണ്..'

∙ ആശ്വാസമാണ് കുക്കിംഗ്

കഴിഞ്ഞ 31 വർഷങ്ങളായി മീഡിയ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ശോഭയ്ക്ക് 24 മണിക്കൂറും ജോലിയാണ്. അതുകൊണ്ടുതന്നെ അവധി ദിവസങ്ങളിലാണ് കുക്കിംഗ് പരിപാടികളൊക്കെ. ' അടുക്കളയിലായിരിക്കുമ്പോൾ ഒരുപാട് സന്തോഷമാണ്. ദിവസം മുഴുവൻ അടുക്കളയിൽ നിൽക്കേണ്ടി വന്നാലും എനിക്ക് മടുക്കില്ല. പാചകത്തിനോടുള്ള  ഇഷ്ടവും പാഷനും കൊണ്ടാണ് അങ്ങനെ. മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതും രുചികരമായ ഭക്ഷണം പ്രതീക്ഷിച്ചിരിക്കുന്ന ആളുകളിലേക്ക് നല്ല ഭക്ഷണം എത്തിക്കുന്നതുമൊക്കെ എന്നെ സന്തോഷിപ്പിക്കുകയും എക്സൈറ്റ് ചെയ്യിക്കുകയും ചെയ്യും. പുതിയ പരീക്ഷണങ്ങൾക്കൊടുവിൽ രുചി നോക്കാനെത്തുന്ന ഭർത്താവ് ലാൻസി മാര്‍ക്കസിന്റെയും മക്കളായ ജോഷ്വയുടെയും ജെയ്ഡന്റയും പ്രോത്സാഹനങ്ങളും പ്രചോദനമാകാറുണ്ട്. ആരെയും നിരാശരാക്കാൻ താൽപര്യം ഇല്ലാത്തതുകൊണ്ടു തന്നെ നന്നായി തന്നെ കുക്ക് ചെയ്യണമെന്ന് നിർബന്ധമാണ്..'

നേരത്തെ ബുക്ക് ചെയ്യുന്നവർക്കായി വാരാന്ത്യങ്ങളിൽ നല്ല കേരളീയ ഭക്ഷണം തയാറാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. താൻ പുതുതായി ആരംഭിച്ച ഒരു പരിപാടിയാണ് ഇതെന്ന് പറയുമ്പോൾ കേരളത്തിലെ രുചികൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷമാണ് ശോഭയ്ക്ക്.

1223036238

∙ ആഹാരം  സദ്യ

ഏറ്റവും എളുപ്പത്തിൽ നല്ല രുചിയിൽ സദ്യ തയാറാക്കാനുള്ള എല്ലാം ഈ പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ക്യാപ്റ്റൻ വിനോദ് നായരാണ്. ഡോ വിത്തൽ കാമത് സ്വന്തം ഹോട്ടലിലേക്ക് തന്നെ ക്ഷണിച്ചതും പുസ്തകം പ്രകാശനം ചെയ്തതുമെല്ലാം തനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും സമ്മാനിച്ച മുഹൂർത്തങ്ങളാണെന്ന് ശോഭ പറയുന്നു.   

നാടൻ സദ്യയൊരുക്കാനുള്ള ഈ ബുക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ബുക്ക് വിറ്റുപോയത് യുഎസിലേക്കാണ്. കേരളീയ ഭക്ഷണത്തിനോടുള്ള ലോകത്തിന്റെ സ്നേഹമാണ് ഇതിലൂടെ മനസ്സിലാകുന്നതെന്ന് ശോഭ പറയുന്നു. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളൊക്കെയും വീട്ടിൽ ശോഭ തയാറാക്കിയ വിഭവങ്ങൾ തന്നെയാണ്. അമ്മൂമ്മയുടെ അടുക്കളയിലെ തിളച്ചു മറിയുന്ന പല നിറത്തിലെ കറികളും, കുനുകുനാ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും, മൂക്കിലേക്ക് ഇടിച്ചുകയറുന്ന മണങ്ങളുമൊക്കെ തന്നെയാണ് കുഞ്ഞ് ശോഭയെ മുതിർന്നപ്പോൾ നല്ലൊരു പാചകക്കാരിയാക്കിയതും പുസ്തകമെഴുതാൻ പ്രേരിപ്പിച്ചതും. എന്നാൽ ഇതിനെല്ലാം കാരണക്കാരി തന്റെ പ്രിയപ്പെട്ട അമ്മ തന്നെയാണ്. 

പൂർണമായും വെജിറ്റേറിയൻ വിഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്താതിരുന്നത് ബോധപൂർവ്വമുള്ള ശ്രമമായിരുന്നു, എന്നാൽ നോൺവെജ് വിഭവങ്ങൾ ഉൾപ്പെടുത്തി രണ്ടാമതൊരു പുസ്തകം കൂടി ഉടൻ വരുന്നുണ്ട്. 

∙ വെറൈറ്റി ബ്രാൻഡ് നെയിം

ബാക്ക് വാട്ടേഴ്സ് ചേച്ചി എന്ന പേരിന് ഒരു പുതുമയുണ്ട്. ആരും ശ്രദ്ധിക്കും. പേരിനു പിന്നിലെ കാരണമെന്തെന്നു ചോദിച്ചാൽ മാവേലിക്കരയിൽ നിന്നു വന്നൊരാൾക്ക്, കായലുകൾ കണ്ടു വളർന്നൊരാൾ‌ക്ക് എങ്ങനെ ബാക്ക് വാട്ടർ എന്ന പേര് ഒഴിവാക്കാനാകും എന്നാണ് ശോഭ ചോദിക്കുന്നത്. സമൂഹമാധ്യമത്തിൽ തന്നെ പ്രിയപ്പെട്ടവർ ചേച്ചി എന്നു വിളിക്കുന്നതു കൊണ്ട് രണ്ടും കൂടി യോജിപ്പിച്ച് ബാക്ക് വാട്ടേർസ് ചേച്ചി എന്ന പേരും വന്നു.

വിജയ രഹസ്യം

ശോഭയുടെ പഠന കാലത്താണ് അച്ഛന്റെ വേർപാട്, ജോലി ചെയ്യാൻ ആരംഭിച്ചപ്പോഴേക്കും അമ്മയും മരണപ്പെട്ടു. അഞ്ച് പെൺകുട്ടികളുണ്ടായിരുന്ന കുടുംബത്തെ നല്ല നിലയിൽ എത്തിച്ചതിനു പിന്നിൽ മൂത്ത സഹോദരി ഗീതയും ഭർത്താവ് സുരേഷ് പിള്ളയുമാണ് ഉണ്ടായിരുന്നത്. ഇളയ സഹോദരിമാരായ സുമയും ബീനയും പാർവതിയും എന്നും ഒപ്പം തന്നെയുണ്ടായിരുന്നു, ജീവിതത്തിലും അടുക്കളയിലും. അമ്മയുടെ ചേച്ചിയുടെ മകനായ എന്റെ സഹോദരൻ വിശ്വനാഥൻ, ഭർതൃ സഹോദരിമാരായ ഗ്രേറ്റ, റീറ്റ എന്നിവർക്കും പങ്കുണ്ട്. എഡിറ്റർ സുഗത മേനോൻ, കോപ്പി എഡിറ്റർ രമ, ക്രിയേറ്റിവ് ഡയറക്ടർ രാധിക, ഫുഡ് സ്റ്റൈലിസ്റ്റ് നിഖിത, ഫോട്ടോഗ്രഫർ വികാസ് എന്നിവരുടെ രാത്രിയും പകലുമില്ലാത്ത കഷ്ടപ്പാടിനൊടുവിലാണ് പുസ്തകം മനോഹരമായതെന്നും ശോഭ പറയുന്നു. ഭർത്താവും മക്കളും എന്നും കൂടെയുണ്ടായിരുന്ന ഇവരോരുത്തരുമാണ് വിജയങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ സഹായിച്ചത്. 

പുസ്തകം ആമസോണിൽ ലഭ്യമാണ്

Content Summary: Aharam- Sadhya Book by Shobha Pillai Coutinho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com