ADVERTISEMENT

എഴുത്തുമുറിയേക്കാൾ വലിയ വായനാമുറി സ്വന്തമായുള്ള എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ന്യൂയോർക്കറും പാരീസ് റിവ്യൂവും ലണ്ടൻ റിവ്യു ഓഫ് ബുക്സുമെല്ലാം വായിച്ച് അദ്ദേഹം പുതിയ പുസ്തകങ്ങളെക്കുറിച്ച് അറിഞ്ഞു. താൽപര്യമുള്ളവ സുഹൃത്തുക്കൾ വഴി വരുത്തിയോ ലൈബ്രറികളിൽ നിന്നു തേടിപ്പിടിച്ചോ വായിച്ചു.

gabriel-gaecia-marquez
ഗബ്രിയേൽ ഗാർസിയ മാർക്കേസ്

എംടിയുടെ ഒരു കുറിപ്പിൽ നിന്നാണ് മലയാളി ആദ്യമായി ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്ന എഴുത്തുകാരനെക്കുറിച്ചും ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന ക്ലാസിക്കിനെക്കുറിച്ചും കേട്ടത്. ഒരമേരിക്കൻ യാത്രയ്ക്കിടെ അവിടത്തെ സുഹൃത്താണ് ‘ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന ഒരു മഹത്തായ കൃതി’ എന്നുപറഞ്ഞുകൊണ്ട് എംടിക്ക് ആ പുസ്തകം സമ്മാനിച്ചത്. വിമാനയാത്രയ്ക്കിടെ എംടിയുടെ കയ്യിൽ ‘ഏകാന്തതയുടെ നൂറുവർ‌ഷങ്ങൾ’ കണ്ട അമേരിക്കൻ പെൺകുട്ടി ആ പുസ്തകം താൻ വായിച്ചിട്ടുണ്ടെന്നും ഗംഭീരമാണെന്നും പറഞ്ഞു. ആ അനുഭവമാണ് എംടി എഴുതിയത്. ‘വാരിക്കുഴി’ എന്ന സിനിമയിൽ നെടുമുടി അവതരിപ്പിച്ച കഥാപാത്രവും ഈ പുസ്തകത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട്. 

alaxandre-dumas

കുട്ടിക്കാലത്തേ വായനയിൽ താൽപര്യമുണ്ടാക്കിയത് കുമരനെല്ലൂർ സ്കൂളിലെ ഒരു അധ്യാപകനാണ്. ഒഴിവുള്ള ഒരു ക്ലാസിൽ വെറുതെ കയറിവന്ന് അദ്ദേഹം ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ സരസമായി അവതരിപ്പിച്ചു. അതു മുഴുമിക്കും മുൻപ് പീരിയഡ് തീർന്നു. സ്കൂൾ വിടുമ്പോൾ ആ അധ്യാപകന്റെ പുറകേക്കൂടി അതു മുഴുമിച്ചു കേട്ടു. പിന്നീട് ‘ത്രീ മസ്കറ്റിയേഴ്സ്’ തുടങ്ങി. വിശ്വസാഹിത്യപ്രവേശത്തിനുള്ള മുഖവുരയായിരുന്നു അത്.

mt-books
എം.ടി. വാസുദേവൻ നായർ

എംടിയുടെ വായന തുടങ്ങുന്നത് അക്കിത്തത്തു മനയിലെ ലൈബ്രറിയിൽ നിന്നാണ്. അമൂല്യങ്ങളായ ഒട്ടെറെ പുസ്തകങ്ങളും കാലികങ്ങളും ഉണ്ടായിരുന്നു അവിടെ. കുട്ടിക്കാലത്തേ ഒരുപാടു പുസ്തകങ്ങൾ  അവിടെ നിന്നു വായിച്ചു. ‘‘എസ്എസ്എൽസി കഴിഞ്ഞ് ഒരു കൊല്ലം നാട്ടിൽ സ്വസ്ഥമായിരുന്നു. ആ കാലത്താണ് ​ഞാൻ ഇംഗ്ലിഷിലെ പ്രധാന ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയത്. ദഹിക്കുമോ ഇല്ലയോ എന്ന സംശയത്തോടെയല്ല പുസ്തകങ്ങൾ കയ്യിലെടുത്തിരുന്നത്. അക്കിത്തത്തിന്റെ ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ എടുത്തുകൊണ്ടു വരും. മനസ്സിലാവാത്തതു വീണ്ടും വായിച്ചു ദഹിപ്പിക്കാൻ ശ്രമിക്കും. കാറൽ മാർക്സിന്റെ കൃതികളുടെ ഒന്നാം വോള്യവും ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റെ ഇല്യൂഷൻ ആൻഡ് റിയാലിറ്റിയും എന്നെ ഏറ്റവും വിഷമിപ്പിച്ച രണ്ടു ഗ്രന്ഥങ്ങളാണ്. ഭൗതികവാദവും ഡയലക്ടിക്സും സാമ്പത്തികശാസ്ത്രവുമെല്ലാം അടങ്ങുന്ന മാർക്സ് വായിക്കുമ്പോൾ എന്റെ സഹോദരൻമാരിലൊരാൾ പറഞ്ഞു: ‘പൊട്ടാത്തത് പിടിച്ചു കടിക്കുന്നതെന്തിനാണ്?’’.

mt-vasudevan-nair-life
എം. ടി. വാസുദേവൻ നായർ (പഴയകാല ചിത്രം)

വലിയ കുടുംബത്തിൽ പ്രതാപത്തിന്റെ നടുവിൽ ജനിച്ചു വളർന്നിട്ടും കമ്യൂണിസത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കെ.പി.മാധവ മേനോൻ എംടിയുടെ നാട്ടിലുണ്ടായിരുന്നു. പ്രായത്താലും പൊലീസ് മർദനങ്ങളാലും അവശനായിരുന്ന അദ്ദേഹം അതിഗംഭീര വായനക്കാരനായിരുന്നു. വലിയൊരു പുസ്തകശേഖരം അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു. നല്ലൊരു വായനക്കാരനായിരുന്ന മൂത്ത ചേട്ടൻ ഗോവിന്ദൻ നായർ പുസ്തകം വാങ്ങാനായി മാധവ മേനോന്റെ അടുത്തേക്ക് എംടിയെ വിടുമായിരുന്നു. ‘യുദ്ധവും സമാധാനവും’ ആദ്യമായി കണ്ടത് മാധവ മേനോൻ അതു കയ്യിലെടുത്തു കൊടുത്തപ്പോളാണ്. ആഴ്ചപ്പതിപ്പുകളിലെ വിഭവങ്ങൾ അരച്ചുകലക്കി കുടിച്ചു.

mt-vasudevan-nair1
എം.ടി. വാസുദേവൻ നായർ

വിക്ടോറിയ കോളജിൽ വിപുലമായ ഒരു ലൈബ്രറിയുണ്ടായിരുന്നു. ഓരോ അവധിക്കാലത്തും എംടി കൂടല്ലൂരിലേക്കു മടങ്ങിയിരുന്നത് പത്തു, പന്ത്രണ്ട് കൂട്ടുകാരുടെ ലൈബ്രറി കാർഡുകൾ ഉപയോഗിച്ചു സ്വന്തമാക്കിയ പുസ്തകങ്ങളുമായാണ്. സിഗററ്റ് വാങ്ങിക്കൊടുത്താണ് ചില കൂട്ടുകാരെ അനുനയിപ്പിച്ചത്. അവധിക്കാലങ്ങൾ വായനയ്ക്കു വേണ്ടി മാറ്റിവച്ചവയായിരുന്നു. 

changampuzha-ramanan
ചങ്ങമ്പുഴ

ചങ്ങമ്പുഴയുടെ രമണൻ തരംഗമായ കാലത്ത് ആ പുസ്തകം വാങ്ങാൻ തൃശൂരിലേക്കു പോയ ചേട്ടൻ വെറുംകയ്യോടെ മടങ്ങിവന്നതിനെക്കുറിച്ചും പന്നിയൂരിൽ ഒരു വീട്ടിൽ കയ്യെഴുത്തുപ്രതിയുണ്ടെന്ന് അറിഞ്ഞ് അവിടേക്കു പോയതിനെക്കുറിച്ചും രാത്രി ഉറക്കമിളച്ച് പകർത്തിയെഴുതിയതിനെക്കുറിച്ചും എംടി എഴുതിയിട്ടുണ്ട്. ഇടയ്ക്ക് എംടിയെയും രമണൻ പകർത്താൻ അവർ നിയോഗിച്ചു. ‘ഒരു ദീർഘനിശ്വാസത്തോടെ’ എന്ന വരിയായിരുന്നു എംടി പകർത്തിയെഴുതിയത്. ‘കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന വലിയ അക്ഷരങ്ങൾ. എന്റെ സഹായം കൊണ്ട് വേഗം കുറയും, ഉപദ്രവമേ ഉണ്ടാകൂ എന്നവർ തീരുമാനിച്ചു’ എംടി അതേക്കുറിച്ചെഴുതി. വായന എത്ര വികാരതീവ്രമായ അനുഭവമാണെന്ന് എംടി ആദ്യമായി മനസ്സിലാക്കിയത് ചങ്ങമ്പുഴയുടെ രമണനെ വായനക്കാർ ഹൃദയത്തിലേറ്റിയതുകണ്ടാണ്. 

malayalam-writer-sk-pottekkatt
എസ്.കെ.പൊറ്റെക്കാട്ട്

എസ്.കെ.പൊറ്റെക്കാട്ടായിരുന്നു അന്നത്തെ മറ്റൊരു പ്രിയപ്പെട്ട എഴുത്തുകാരൻ. ‘സാഹസപ്പെട്ടു നടന്ന് കടം വാങ്ങി എസ്കെ കൃതികൾ–അന്നുവന്നിട്ടുള്ള മുഴുവൻ–വായിച്ചുതീർത്തു. വൈജയന്തിയും മണിമാളികയും മേഘമാലയും ഇന്ദ്രനീലവുമൊക്കെ വായിച്ചപ്പോഴുണ്ടായ കോരിത്തരിപ്പ് ഞാനോർക്കുന്നു. മുതിർന്നവർ മുൻപ് കോലാഹലമുണ്ടാക്കിയിരുന്നത് വെറുതെയല്ല’. 

കോഴിക്കോട് കാലം സൗഹൃദങ്ങളുടെ ഉത്സവകാലമായിരുന്നു എംടിക്ക്. എൻ.പി.മുഹമ്മദിനെയും പട്ടത്തുവിളയെയും പോലുള്ള എഴുത്തുകാർ അത്യുജ്വല വായനക്കാർ കൂടിയായിരുന്നു. പുതിയ പുസ്തകങ്ങൾ പരിയപ്പെടാനും അതേക്കുറിച്ചും സംസാരിക്കാനുമൊക്കെ കൂട്ടുകാരുണ്ടായി. ‘വാസു ജീൻ ക്രിസ്റ്റോഫ് വായിക്കണം. സ്റ്റോറി ഓഫ് സാൻ മിഷെയ്ൽ വായിക്കണം’ എന്ന് താൻ വായിച്ച കൃതികളെ എംടിക്കു നിർദേശിച്ചിരുന്നു എൻപി.

vanka-anton-chekov
ആന്റൺ ചെക്കോവ്

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ച് ഉൻമത്തമായ ദിനങ്ങൾ. ദസ്തയേവ്സ്കിയും ടോൾസ്റ്റോയിയും ചെക്കോവും മോപ്പസാങ്ങും സോമർസെറ്റ് മോമും വെർജീനിയ വുൾഫുമെല്ലാം മേശപ്പുറത്ത് വന്നു താമസിച്ചു. ചെക്കോവിന്റെ ‘വാങ്ക’ ഏറെ വർഷങ്ങൾ കൂടി വീണ്ടും വായിച്ചപ്പോഴും കരഞ്ഞുപോയതായി എംടി എഴുതിയിട്ടുണ്ട്. 

ernest-hemingway
ഏണസ്റ്റ് ഹെമിങ്‌വേ

ക്ലാസിക്കുകളെന്ന പോലെ പുതിയ പുസ്തകങ്ങളും നിഷ്ഠയോടെ വായിച്ച ദിനങ്ങൾ. ഹെമിങ്‌വേയെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളുമെന്നു തന്നെ പറയാം വായിച്ചിരുന്നു. ഹെമിങ്‌വേയെക്കുറിച്ച് പുസ്തകമെഴുതുക മാത്രമല്ല മൂത്ത മകൾ സിതാരയ്ക്ക് ‘പാപ്പ’ എന്ന് വിളിപ്പേരിടുകയും ചെയ്തു. എല്ലാക്കാലത്തും ഒരേ ഇഷ്ടത്തോടെ വായിച്ച എഴുത്തുകാരൻ മാർക്കേസായിരുന്നു. ‘ഈ മനുഷ്യന് എന്നും ഒരു നിധിയുണ്ട് കയ്യിൽ എന്നു തോന്നിപ്പോകും’ എന്നാണ് എംടി കുറിച്ചത്.

mt-vasudevan-nair-writings
എം.ടി. വാസുദേവൻ നായർ

എംടിക്ക് അടുത്തറിയാമായിരുന്ന എഴുത്തുകാരനായിരുന്നു മിലൻ കുന്ദേര. ഒരുകാലത്ത് കുന്ദേരയെ പിന്തുടർന്നു വായിച്ചിരുന്നു. എന്നാൽ എഴുത്തിൽ മിടുക്കു കാണിക്കാനുള്ള ഒരു പ്രവണത കുന്ദേരയിൽ പ്രകടമായിരുന്നു. അതു വായനക്കാരനെന്ന നിലയിൽ മടുപ്പിച്ചു. അതോടെ കുന്ദേരയിൽ നിന്നു വഴിമാറി നടക്കാൻ തുടങ്ങി. തുടക്കത്തിലേ മടുപ്പിച്ചൊരാൾ സാർത്രായിരുന്നു. അദ്ദേഹത്തിന്റെ നോവലുകൾ അതീവ മുഷിപ്പനായാണ് എംടിക്ക് അനുഭവപ്പെട്ടത്. ഫ്ലോബേറിന്റെ ‘മാഡം ബോവറി’ പ്രിയപ്പെട്ട പുസ്തകമായിരുന്നു. തോമസ് ഹാർഡിയുടെ മിക്കവാറും രചനകളിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ട്. ദ് റിയൽ ലൈഫ് ഓഫ് അലയാന്ദ്രമെയ്ത പോലുള്ള മാരിയോ വാർഗസ് യോസയുടെ നോവലുകൾ എംടി ആസ്വദിച്ചിരുന്നു. ‘ചില ഘടകങ്ങളിൽ യോസ മാർക്കേസിനേക്കാൾ ഉയർന്നുനിൽക്കുന്നുണ്ട്’ ഒരു അഭിമുഖത്തിൽ എംടി പറഞ്ഞു. 

ഓട്ടോ ദ് ഫെ എഴുതിയ ഏലിയാസ് കനേറ്റി പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. കനേറ്റിയുടെ നോവലല്ലാത്ത ക്രൗഡ്സ് ആൻഡ് പവർ എന്ന ഗംഭീരകൃതിയെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചെഴുതിയിട്ടുണ്ട്. 

mt-vasudevan-nair-writer
എം.ടി. വാസുദേവൻ നായർ

വായിച്ച പുസ്തകങ്ങളെക്കുറിച്ച് എംടി വാചാലനാകുക പതിവില്ല. ഞാൻ ഇതൊക്കെ വായിച്ചു എന്നു ലോകത്തെയറിയിക്കാൻ അദ്ദേഹം തിടുക്കം കാണിച്ചിട്ടില്ല. എന്നാൽ ഒരു പുസ്തകത്തോട്, എഴുത്തുകാരനോട് ഒക്കെയുള്ള ഇഷ്ടം അടക്കാനാവാതെ വരുമ്പോൾ മാത്രമേ എംടി അതേക്കുറിച്ച് എഴുതുകയോ അഭിമുഖങ്ങളിൽ പറയുകയോ പതിവുള്ളൂ. ഒരുപാടു പുസ്തകങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റാൻ എംടി കാരണക്കാരനായി. വിവർത്തകരുടെയും പ്രസാധകരുടെയും ശ്രദ്ധയിലേക്ക് അദ്ദേഹം ഒരുപാടു പുസ്തകങ്ങളെ കൊണ്ടുവന്നു. മലയാളിയുടെ വായനാ ചക്രവാളങ്ങൾ കൂടിയാണ് അങ്ങനെ വലുതായത്.

MT-Vasudevan-Nair
എം.ടി. വാസുദേവൻ നായർ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തേടി പുസ്തകങ്ങൾ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുവാചകരും സ്നേഹപുരസ്സരം പുസ്തകങ്ങൾ അയച്ചുകൊടുത്തു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യാത്രകളിലും അദ്ദേഹം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. അസുഖങ്ങൾ അലട്ടിയ കാലത്തു വായന കുറഞ്ഞെങ്കിലും മുടക്കിയില്ല. കണ്ണിനെ അസുഖങ്ങൾ ബാധിച്ച കുറച്ചുകാലമാണ് വായന നിന്നത്. എന്നാൽ ശസ്ത്രക്രിയയിലൂടെ അതു പരിഹരിച്ചപ്പോൾ ആ പ്രശ്നത്തിനു പരിഹാരമായി. ഒരു പത്തു േപജെങ്കിലും വായിക്കാനാകാത്ത ദിവസത്തെപ്പോലെ മറ്റൊന്നിനെയും അദ്ദേഹം ഭയന്നില്ല.

randamoozham-mt
എം.ടി. വാസുദേവൻ നായർ

മഹാഭാരതം വായിച്ചതുകൊണ്ടാണ് ഉറൂബ് ഉമ്മാച്ചു എഴുതിയതെങ്കിൽ എംടി രണ്ടാമൂഴം എഴുതിയതും അതുകൊണ്ടു തന്നെ. അക്കിത്തത്തിന്റെയും ഉറൂബിന്റെയും നിർബന്ധത്തെത്തുടർന്നാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ‌ തമ്പുരാന്റെ മഹാഭാരത വിവർത്തനത്തിലേക്ക് എംടി തിരിഞ്ഞത്. രണ്ടാമൂഴത്തിന്റെ എഴുത്തൊരുക്കങ്ങൾക്കായി മാത്രം അദ്ദേഹം നൂറിലേറെ പുസ്തകങ്ങളിലൂടെ കടന്നുപോയി. എംടിയുടെ വായനാനയം പുനത്തിൽ കുഞ്ഞബ്ദുല്ല വിദ്യാർഥിയായിരുന്ന കാലത്തെഴുതിയ കത്തിൽ കാണാം. ‘ എല്ലാം വായിക്കണം. ക്ലാസിക്കുകൾ മാത്രം പോരാ, ഡിറ്റക്ടീവ് നോവലുകളും വായിക്കണം’. അഭിജാതവായനയിൽ മാത്രം അഭിരമിച്ചിരുന്ന വായനക്കാരനായിരുന്നില്ല എംടി. 

എം.വി.ദേവൻ ഒരിക്കൽ എഴുതി: ‘അറബിക്കഥകൾ വാസു നിരന്തരം വായിക്കുമായിരുന്നു. സ്ഥിരമായി ഒരു സെറ്റ് അറബിക്കഥകൾ വാസുവിന്റെ മേശപ്പുറത്തുണ്ടായിരുന്നു. കഥയുടെ ക്രാഫ്റ്റിലുള്ള മികവ് അങ്ങനെയൊക്കെ കിട്ടിയതാകണം’. ആത്മകഥകളും ജീവചരിത്രങ്ങളും തേടിപ്പിടിച്ചു വായിച്ചു. ക്രൈംത്രില്ലറുകളുടെ വൻ ശേഖരം തന്നെ സ്വന്തമായുണ്ടായിരുന്നു.

M-T-Vasudevan-Nair-1
എം.ടി. വാസുദേവൻ നായർ

എംടി ഏറ്റവും കുറച്ചു വായിച്ചതെന്താവാം? അതു ശാസ്ത്ര പുസ്തകങ്ങളാകും. എത്തിപ്പിടിക്കാനാവാത്ത വിധം പരന്നുകിടക്കുന്നവയാണ് അതെന്ന് ഒരിക്കൽ എംടി പറഞ്ഞു. എംടി വിശ്വസാഹിത്യത്തിലേക്കു തുറന്നിട്ട കിളിവാതിലിലൂടെ ഒരുപാട് പുസ്തകങ്ങൾ മലയാളത്തിലേക്കു വന്നു. എഴുതി മാത്രമല്ല വായിച്ചും എംടി മലയാളത്തെ സമ്പന്നമാക്കി. 

 

Content Summary: Malayalam Author M T Vasudevan Nairs Journey as a Reader 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com