ADVERTISEMENT

ഡോൺ നദിയെ കുറിച്ച് നമുക്കറിയാം, യൂറോപ്പിലെ ഏറ്റം നീളം കൂടിയ നദികളിലൊന്ന്, കൊസ്സാക്കുകൾ എന്നറിയപ്പെട്ടിരുന്ന ഓർത്തഡോക്സ് കൃസ്ത്യാനികളിൽ ഒരു വിഭാഗം പാർത്തിരുന്നത് ഈ നദിയുടെ കരയിലാണ്. പക്ഷെ കാനഡയിലുള്ളവർ ഇക്കാര്യം സമ്മതിച്ചു തരണമെന്നില്ല, അവരറിയുന്ന ഡോൺ നദി ടൊറൊന്റോയിലാണുള്ളത്. കാനഡക്കാരോട് അഭിപ്രായൈക്യമുള്ളവർ വേറെയുമുണ്ട്, എന്തെന്നാൽ ഇനിയുമുണ്ട് ഡോൺ നദികൾ, ബ്രിട്ടനിൽ നാലെണ്ണം, ഫ്രാൻസിൽ ഒരെണ്ണം, ഓസ്ട്രേലിയയിൽ ഇനിയുമൊരു നാലെണ്ണം. എന്നാൽ സാഹിത്യലോകത്തിന് അമ്പരപ്പൊട്ടുമില്ല, അവർക്കറിയേണ്ട ഡോൺ, അസോവ് കടലിൽ ചെന്നുചേരാനായി ഒഴുകുന്നത് റഷ്യയിൽ, കാരണം രണ്ടായിരത്തോളം പേജുകളിലായി, നാലു ഭാഗങ്ങളായി, കൊസ്സാക്കുകളുടെ കഥ പറഞ്ഞ മിഖായേൽ ഷൊളോക്കോവ് ജനിച്ചത് ഈ നദിക്കരയിലാണ്. 

mikhael-sholacov
മിഖായേൽ ഷൊളോക്കോവ്. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ

കാൽപ്പനികവിവരണങ്ങൾക്കപ്പുറം, പ്രകൃതി സാഹിത്യത്തിലേക്കിറങ്ങിവന്ന സന്ദർഭങ്ങൾ പലതുണ്ട്, സമുദ്രങ്ങളും പർവ്വതങ്ങളും - മാജിക് മൗണ്ടനെ കുറിച്ച് ഒന്നോർത്തു നോക്കൂ - നദികളും എല്ലാം പലവട്ടം വന്നു പോയി. അവ സാഹിത്യകൃതിയുമായി വേർതിരിക്കാനാവാത്ത വിധം ഉൾച്ചേർന്നു നിൽക്കുന്ന കാഴ്ച നമ്മൾ പലപ്പോഴും കാണുന്നു. അത്തരത്തിൽ, ഒരു കൃതിക്ക് പേര് കടം കൊടുക്കുകയും അതുവഴി സ്വന്തം യശസ്സ് വർധിപ്പിക്കുകയും ചെയ്ത നദിയാണ് നമ്മൾ നേരത്തെ പരാമർശിച്ച ഡോൺ. 

don-books

"ഇഗോറിന്റെ യുദ്ധചരിതം' (The Tale of Igor's Campaign), പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു മഹാകാവ്യം, നമ്മുടെ വടക്കൻ പാട്ടുകളെ പോലെ കർത്താവാരെന്ന് അറിവില്ലാത്ത, പുരാതന സ്ലാവിക് ഭാഷയിലെഴുതപ്പെട്ട ഒരു കാവ്യം, അതിലാണ് ഡോൺ നദിയെ പറ്റിയുള്ള ആദ്യത്തെ പരാമർശമുള്ളത്. സരളമാണ് ഈ നദിയെ കുറിച്ചുള്ളതെല്ലാം, 1870 കിലോമീറ്റർ ഒഴുകുന്നത് ഒട്ടും തിരക്കില്ലാതെ - വെറും 3 കിലോമീറ്റർ വേഗത്തിൽ, ഗഹനമായതൊന്നും പേരിലും ഒളിച്ചു വയ്ക്കുന്നില്ല - ഡോൺ എന്ന പദത്തിന് സ്ക്കൈത്തിയക്കാരുടെ ഭാഷയിൽ നദി എന്നു മാത്രമാണർത്ഥം. എന്നിട്ടും ഷൊളോക്കോവിന് ഈ നദി പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം ജനിച്ച കൊസ്സാക്ക് വംശത്തിലെ ഒരു വിഭാഗം ഈ നദിക്കരയിലാണ് പാർത്തിരുന്നത്. ഡോണിന്റെ കരയിലെ കൊസ്സാക്കുകൾ, അഥവാ ഡോൺ കൊസ്സാക്കുകൾ, അവർക്കിടയിലെ ഒരു കുടുംബം, മെലെക്കോവ് കുടുംബം, അവരുടെ കഥയാണ് നാല് ഭാഗങ്ങളുള്ള "ശാന്തയായ ഡോൺ'' (The Quiet Don) എന്ന ചരിത്ര നോവൽ, "ഡോൺ ശാന്തമായി ഒഴുകുന്നു", "ഡോൺ കടലിലേക്ക് ഒഴുകുന്നു" എന്നിങ്ങനെ രണ്ടു പുസ്തകങ്ങളിലായി ഈ നാലു ഭാഗങ്ങൾ, അവയിൽ, ഡോൺ നദിക്കരയിലെ കൊസ്സാക്കുകളുടെ ഒന്നാം ലോകയുദ്ധത്തിന് തൊട്ടുമുമ്പുള്ള ജീവിതം അടുത്തു നിന്ന് കാണാം (ഈ നോവലിനെ ആധാരമാക്കി സെർഗെയ് ബൊണ്ടാർചുക് ഒരു ടെലി സീരീസ് ചെയ്തിരുന്നു, എന്നാൽ 1994 ൽ അദ്ദേഹത്തിന്റെ മരണശേഷം അത് മുഴുമിച്ചത് മകനായ ഫയോദോർ ബൊണ്ടാർചുക് ആണ്). 

ഡോൺ നദി ആദികാലങ്ങളിൽ കരിങ്കടലിലായിരുന്നു ചെന്നു ചേർന്നിരുന്നത്, സംഗമസ്ഥാനത്തിനടുത്ത് ജലം പരന്ന് അസോവ് കടൽ ഉണ്ടാവുന്നതു വരെ. അവ്വിധത്തിൽ നോക്കിയാൽ, ഭൂമിശാസ്ത്രപരമായ ഒരു വ്യതിയാനത്തിന് സാക്ഷിയാണീ നദി. സാക്ഷികളായ നദികളിനിയും ഏറെ, ബാൾക്കൻ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഡ്രീന നദിയും സാക്ഷിയായിട്ടുണ്ട്, ചരിത്ര സംഭവങ്ങൾക്കാണെന്നു മാത്രം. 1992 ൽ യുഗോസ്ലാവിയ മുറിഞ്ഞ് പല രാജ്യങ്ങളായി മാറിയപ്പോൾ ബോസ്നിയയേയും സെർബിയയേയും രണ്ടായി പിളർത്തി, അതിര് കാത്തുനിന്നത് ഡ്രീനയാണ്. ഈ നദിയ്ക്ക് കുറുകെ, ബോസ്നിയൻ അതിർത്തിയ്ക്കുള്ളിൽ, ഒരു പാലം കാണാം, ഓട്ടോമാൻ ഭരണകാലത്ത് പണി തീർക്കപ്പെട്ട മെഹ്മദ് പാഷ സോക്കൊലോവിച് പാലം. രണ്ടാം ലോകയുദ്ധം തുടങ്ങുമ്പോൾ ജർമ്മനിയിലെ യുഗോസ്ലാവിയയുടെ സ്ഥാനപതി ആയിരുന്ന ഈവോ ആൻഡ്രിച് (Ivo Andric), യുദ്ധം അവസാനിക്കും മുമ്പേ എഴുതി തീർത്ത നോവൽ, 'ഡ്രീനാനദിയിലെ പാലം' (The Bridge on the Drina), അതിൽ പറയുന്ന പാലം തന്നെയാണ് മെഹ്മദ് പാഷ സോക്കൊലോവിച് പാലം. 

ivo-andric
ഈവോ ആൻഡ്രിച്. ചിത്രത്തിന് കടപ്പാട്: twitter/NobelPrize

പാലങ്ങളെ കുറിച്ചുള്ള ചിന്ത ഈ കൃതിയെഴുതുന്നതിന് വളരെ മുമ്പേ തന്നെ - ഈ കൃതി വരുന്നത് 1945 ലാണ് - ഈവോ ആൻഡ്രിചിന്റെ മനസ്സിലുണ്ടായിരുന്നു, "പാലങ്ങൾ" എന്ന പേരിൽ 1933ൽ അദ്ദേഹം ഒരു ലേഖനമെഴുതിയിരുന്നു, അതിനും മുമ്പ്, 1925ൽ, "സേപാ നദിയിലെ പാലം" (The Bridge on the Zepa) എന്നൊരു ചെറുകഥയും. പാലങ്ങളോടുള്ള അഭിനിവേശത്തിന് കാരണവുമുണ്ട്, അദ്ദേഹം വളർന്നത് സോക്കലോവിച് പാലമിരിക്കുന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്താണ്. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ ജർമ്മനിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ആൻഡ്രിച് യുദ്ധം തീരുന്നതിനു മുമ്പ് മൂന്ന് നോവലുകൾ എഴുതി തീർത്തിരുന്നു, അതിൽ ആദ്യത്തേതാണ് "ഡ്രീനാനദിയിലെ പാലം" എന്ന ചരിത്ര നോവൽ. 

പണ്ടത്തെ യുഗോസ്ലാവിയയിൽ, ഇന്നത്തെ ബോസ്നിയയിൽ, ഉള്ള ഒരു കൊച്ചു പട്ടണമാണ് വീഷേഗ്രാഡ് (Visegrad), പതിനായിരത്തോളം ജനങ്ങൾ മാത്രം പാർക്കുന്ന ഒരു നദിതീരനഗരം, ഇവിടെയാണ് മെഹ്മദ് പാഷ സോക്കൊലോവിച് പാലം, ആൻഡ്രിച്ചിന്റെ സ്വന്തം 'ഡ്രീനാനദിയിലെ പാലം'. മുന്നൂറോളം പേജുകളിലായി നാനൂറ് വർഷത്തെ ജീവിതമാണ് ഈ കൃതിയിൽ. എന്നാൽ ഈ കഥ തുടങ്ങുമ്പോൾ ഡ്രീനാനദിയ്ക്ക് കുറുകെ പാലമില്ല. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലം, അതിന് ഒരു നൂറു വർഷം കൂടി മുമ്പ് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ പിടിയിലായിപ്പോയ പല യുഗോസ്ലാവ്യൻ പ്രവിശ്യകളിലൊന്ന് മാത്രമാണ് അന്ന് വീഷേഗ്രാഡ്. 

ഓട്ടോമാൻ സുൽത്താന്മാരുടെ കീഴിൽ വിചിത്രമായ പേരുള്ള ഒരു നടപടിക്രമം ഉണ്ടായിരുന്നു, 'ഡെവ്സിർമെ' എന്ന പേരിൽ, 'രക്തക്കരം', 'ശിശുച്ചുങ്കം' എന്നൊക്കെ വേണമെങ്കിൽ പറയാം. സുൽത്താന്റെ പട്ടാളത്തിലേക്കും കച്ചേരികളിലേക്കും ആളുകളെ കണ്ടെത്തുന്നതിനുള്ള ഒരു മാർഗ്ഗമായിരുന്നു ഈ ചുങ്കം പിരിക്കൽ. പിരിച്ചിരുന്നത് പണമല്ല, കുട്ടികളെയാണ്, ബാൾക്കൻ കൃസ്ത്യാനി കുടുംബങ്ങളിലെ എട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള കുട്ടികളെ, അവരെ ടർക്കിയിലെത്തിച്ച് മതം മാറ്റി, പരിശീലിപ്പിച്ച്, പട്ടാളത്തിലൊ വിവിധ കാര്യാലയങ്ങളിലൊ നിയമിക്കും. അങ്ങനെയെത്തിപ്പെട്ട പത്തു വയസ്സുള്ള ഒരു ബാലൻ - അവൻ അവന്റെ അമ്മയെ പിരിയുന്നത് ഡ്രീനാ നദിയുടെ കരയിൽ വച്ച് - വളർന്ന് സുൽത്താന്റെ പ്രധാനമന്ത്രിയായി, ഗ്രാന്റ് വസീറായി, മാറുന്ന കഥയാണ് ഈ കൃതിയിൽ നമ്മൾ വായിക്കുന്നത്. 

മെഹ്മദ്‌ എന്നാണവന്റെ പേര്. പ്രധാനമന്ത്രിയായി അധികാരത്തിന്റെ ഉയരങ്ങളിലിരിക്കുമ്പോഴും അയാളുടെ മനസ്സിൽ അമ്മയുണ്ട്, നദീതീരത്ത് വച്ച് അവരെ പിരിഞ്ഞ ഓർമ്മയുണ്ട്, അമ്മയുടെ അവസാനം കേട്ട നിലവിളിയുണ്ട്, കണ്ണീരിന്റെ നനവുണ്ട്. അയാൾക്കറിയാം ശിശു ചുങ്കത്തിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പിരിയുന്ന അമ്മമാരുടെ നിലവിളികൾ നദിക്കരയ്ക്കപ്പുറം പോകാറില്ലെന്ന്, പട്ടാളക്കാരോടൊത്ത് വള്ളത്തിൽ മറുകരയിലേക്ക് പോകുന്ന കുട്ടികളെ പുഴക്കരയിൽ നിന്ന് അവസാനനോക്ക് കണ്ടു മടങ്ങാനേ അമ്മമാർക്ക് കഴിയൂ, കാരണം പുഴയ്ക്കക്കരയിലേക്ക്, ഡ്രീനാനദിയ്ക്ക് കുറുകെ, പാലമില്ല. അതിന് പരിഹാരമായി, മെഹ്മദ് ഒരു പാലം പണിയാൻ ഉത്തരവിട്ടു, വർഷങ്ങൾക്കു മുമ്പ് അമ്മയെ പിരിഞ്ഞ അതേ സ്ഥലത്തു തന്നെ. പാലത്തിന്റെ പണി തുടങ്ങുന്നതോടെ നാടിന്റെ ഗതി മാറി, സംഭവങ്ങളുടെ ഗതി മാറി, മെഹ്മദ് പാഷ വധിയ്ക്കപ്പെട്ടു, വേറെയും വധങ്ങളുണ്ട്, ഓസ്ട്രിയയുമായുള്ള യുദ്ധമുണ്ട്, ഫതാ എന്ന സുന്ദരിപ്പെണ്ണിന്റെ ആത്മഹത്യയുണ്ട്, പിന്നനേകം സംഭവങ്ങളും, ഒരു പൊട്ടിത്തെറിയിൽ പാലം തകരുന്നിടത്താണ്, സ്വതന്ത്ര ചിന്തയുടെ പ്രതീകമായിരുന്ന അലിഹോഡ്ജ മരിക്കുന്നിടത്താണ്, നോവൽ അവസാനിക്കുന്നതു്. ഇതിത്ര മതിയാകും, ആഖ്യാനവൈശിഷ്ട്യത്തെക്കുറിച്ച് എഴുതാനില്ല, അത് വായിച്ചറിയേണ്ടതാണ്. 

mt-vasudevan-mukundan
എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ

മലയാള സാഹിത്യത്തിലുമുണ്ട് നദികളുടെ, ജലപാതകളുടെ, സാന്നിദ്ധ്യം. അങ്ങകലെ ഒരു കണ്ണുനീർത്തുള്ളി പോലെ കാണപ്പെടുന്ന വെള്ളിയാങ്കല്ലുള്ള സമുദ്രത്തിലേക്ക് ഒഴുകിത്തീരുന്ന മയ്യഴിപ്പുഴ തന്നെ ഏറ്റവും വലിയ ഉദാഹരണം. മുകുന്ദന്റെ വാക്കുകളിൽ തെളിഞ്ഞും മറഞ്ഞും മയ്യഴിപ്പുഴ ആ കൃതിയാകെ നിറഞ്ഞുനിൽക്കുന്നു. എം.ടി.യുടെ എഴുത്തിലാകട്ടെ സദാ വന്നു പോകുന്നതു നിളാനദിയാണ്, കാലത്തിലും മുറപ്പെണ്ണിലും അത് കാഴ്ചയാണെങ്കിൽ മറ്റു പല കൃതികളിലും നിള സ്ഥിര സാന്നിദ്ധ്യമായ ഒരു നിഴലാണ്, വള്ളുവനാടൻ ഭാഷയിലൂടെയെങ്കിലും അത് എഴുത്തിന് മേൽ വീണു കിടക്കുന്നു. അവ്വിധത്തിൽ, എഴുത്തുകാരന്റെ ഒരു അവയവം എന്ന നിലയിൽ പുഴ പ്രത്യക്ഷപ്പെടുന്ന ഒരു ശ്രേഷ്ഠകൃതിയുണ്ട്, അതിപ്രകാരം തുടങ്ങുന്നു: “നെല്ലി എന്ന ചെറുനൗക, നങ്കൂരമിടുന്നയിടത്തേക്ക് ബഹളമൊട്ടുമില്ലാതെ തെന്നിമാറി, മെല്ലെ സ്വസ്ഥമായി.“ (The Nellie, a cruising yawl, swung to her anchor without a flutter and was at rest).

joseph-conrad
ജോസഫ് കോൺറാഡ്. ചിത്രത്തിന് കടപ്പാട്: twitter/JosephConradUK

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ, ആഫ്രിക്കയുടെ ഭൂരിഭാഗവും ലിയോപോൾഡ് രണ്ടാമന്റെ നിഷ്ടൂര ഭരണത്തിലായിരുന്ന കാലത്ത്, ജോസഫ് കോൺറാഡ് - അദ്ദേഹമന്ന് ഒരു ബെൽജിയൻ ചരക്കുകപ്പലിലെ നാവികനാണ്‌ - ആഫ്രിക്കയിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയിലെ അനുഭവങ്ങൾ, അതൊക്കെ കുറിപ്പുകളായി അദ്ദേഹം സൂക്ഷിച്ചിരുന്നു, ആ കുറിപ്പുകളാണ്‌ വളര്‍ന്ന് 'അന്ധകാരത്തിന്റെ ഹൃദയം' (Heart of Darkness) എന്ന കൃതിയായി മാറിയത്. ഈ നോവൽ - നോവല്ല എന്ന് പറയുന്നതാവും കൂടുതൽ ശരി, നൂറ്റിമുപ്പതിൽ താഴെ പേജുകൾ മാത്രമേയുള്ളൂ - പുറത്തിറങ്ങി എൺപത് വർഷങ്ങൾക്ക് ശേഷം ഫ്രാൻസിസ് ഫോർഡ് കപ്പോള അതിന് ചലച്ചിത്ര വ്യാഖ്യാനം നൽകിയിരുന്നു, "അപ്പോക്കലിപ്സ് നൗ" എന്ന പേരിൽ. 

ഇനിയുമെത്രയോ പേരുണ്ട് നദികളിൽ നിന്ന് കഥകൾ മെനഞ്ഞവർ. മിസ്സിസ്സിപ്പി നദി സ്വന്തം സ്വത്വത്തിന്റെ ഭാഗമാണെന്ന മട്ടിൽ സാഹിത്യജീവിതം നയിച്ച മാർക്ക് ട്വയ്ൻ (ഹക്കിൾബറി ഫിന്നിലും ടോം സോയറിലും മിസ്സിസ്സിപ്പിയിലെ ജീവിതത്തിലും (Life on the Mississippi) ആ നദി നിറഞ്ഞു നിൽക്കുന്നു), ചൈനയിലെ യാങ്ങ്സെ നദിയിലൂടെ 1979ൽ നടത്തിയ യാത്രയെക്കുറിച്ച് 64 പേജ് മാത്രം നീണ്ട കുറിപ്പെഴുതിയ പോൾ തെറൂ, അങ്ങനെ എത്ര പേർ. 

രാഷ്ട്രീയമായ ശരി (Political correctness) ആയിരിക്കണം ജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എന്ന കാഴ്ചപ്പാട് ശക്തിയാർജ്ജിക്കുന്ന ഈ കാലത്തിൽ, വീണ്ടും ഓർത്തുപോകുന്നു രാഷ്ട്രീയത്തിലെ സോവ്യറ്റ് ശരി മാത്രം പിന്തുടർന്നിരുന്ന ഷൊളോക്കോവിനെ. സോവ്യറ്റ് വ്യവസ്ഥിതിയുടെ ഉറച്ച അനുയായിയായിരുന്നു അദ്ദേഹം, അതുകൊണ്ടു കൂടിയാകണം പാസ്റ്റർനാക്കിനേയും (പാസ്റ്റർനാക്കിനെ 'വൃദ്ധകളുടെ കവി'യായി - poet for old maids - അദ്ദേഹം കരുതി) സോൾഷനിറ്റ്സനേയും വല്ലാതെ വിമർശിച്ചിരുന്നു -  സോൾഷനിറ്റ്സനെതിരെ തിരിയാൻ കാരണം മറ്റൊന്നായിരുന്നുവെന്ന് പറയുന്നവരുമുണ്ട്, ഫയോദോർ ക്റ്യൂക്കോവ് (Fyodor Kryukov) എന്ന കൊസ്സാക്ക് എഴുത്തുകാരന്റെ കൃതി ഷൊളോക്കോവ് മോഷ്ടിച്ചുവെന്ന് സോൾഷെനിറ്റ്സൻ ആരോപിച്ചിരുന്നു. ആ ആരോപണം ഒരിക്കലും തെളിയിക്കപ്പെട്ടില്ല, ഭരണകൂടവും ഗോർക്കി പോലുള്ള എഴുത്തുകാരും ഷൊളോക്കോവിനൊപ്പം നിന്നു. സോൾഷെനിറ്റ്സന്റെ അധിക്ഷേപത്തിന് പ്രത്യാക്രമണമായിരുന്നോ എന്നറിയില്ല, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സോവ്യറ്റ് വിരുദ്ധ നിലപാടിനുള്ള ചെകിട്ടത്തടി എന്ന രീതിയിലുമാകാം, ഷൊളോക്കോവ് അദ്ദേഹത്തെ "കൊളറാഡോ കീടം" (colorado beetle) എന്ന് വിളിച്ചിരുന്നു, നശിപ്പിക്കപ്പെടേണ്ടതാണ് ഈ കീടമെന്ന് പറഞ്ഞിരുന്നു. മറ്റു ചിലതും കൂടി അദ്ദേഹം പറഞ്ഞിരുന്നു, യൂലി ഡാനിയേലിനെ (Yuli Daniel) പോലെ, ആൻഡ്രെ സിൻയാവ്സ്കിയെ (Andrei Sinyavsky) പോലെയുള്ള വിമത എഴുത്തുകാരെ സോവ്യറ്റ് ഭരണകൂടം ജയിലിലടച്ചപ്പോൾ, അവരെ തടവിലാക്കുകയല്ല, വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്ന്. 

1984 ഫെബ്രുവരി 21 ന് തൊണ്ടയിലെ കാൻസർ മൂലം ഷൊളോക്കോവ് മരണപ്പെടുമ്പോഴും ഡോൺ നദി ശാന്തമായിത്തന്നെയായിരുന്നിരിക്കണം ഒഴുകിയിരുന്നത്.

Content Summary: Varantha Column by Jojo Antony about Rivers Featured in World Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com