ADVERTISEMENT

കാറ്റടിച്ചാൽ ഒരു പട്ടണം അപ്പാടെ മറഞ്ഞുപോകുമോ? നിങ്ങൾ ഒരു കടുത്ത മാർക്കേസ് വിശ്വാസിയാണെങ്കിൽ അതിൽ അസ്വാഭാവികതയൊന്നും തോന്നാനിടയില്ല. കാരണം മാർക്കേസിൽ എന്തും സംഭവ്യമാണ്. ‘നിങ്ങൾക്ക് അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ ഞങ്ങൾക്കു സ്വാഭാവികമാണെ’ന്ന് മാർക്കേസ് പറഞ്ഞതു ലാറ്റിനമേരിക്കൻ ജീവിതത്തെയും പുരാസ്മൃതികളെയും വിശ്വാസങ്ങളെയും മാത്രം മുൻനിർത്തിയായിരുന്നില്ല, തന്റെ എഴുത്തുവഴിക്കു ന്യായീകരണമായിക്കൂടിയായിരുന്നു. മാസ്മര യാഥാർഥ്യങ്ങളുടെ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് മരണാനന്തരവും വായനക്കാരെ വിസ്മയിപ്പിക്കുന്നതു തുടരുകയാണ്. മാർക്കേസിനെ പുനർവായിക്കുകയല്ലാതെ പുതുതായി വായിക്കാൻ ഒന്നും ഉണ്ടാകുകയില്ലെന്ന യാഥാർഥ്യവുമായി ലോകമെങ്ങുമുള്ള മാർക്കേസ് ആരാധകർ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. അദ്ദേഹം പോയിമറഞ്ഞിട്ടു തന്നെ ഒരു പതിറ്റാണ്ടാകുന്നു. അത്ഭുതങ്ങൾ സംഭവിക്കാനുള്ള കാലം കഴിഞ്ഞല്ലോ. 

 ഗബ്രിയേൽ ഗാർസിയ മാർകേസ്, Image Credit: Yuri Cortez/AFP/Getty Images
ഗബ്രിയേൽ ഗാർസിയ മാർക്കേസ്. Photo Credit: AFP

മാർക്കേസിന്റെ എഴുത്തുമുറിയിൽ പൊടിപിടിച്ചു കിടക്കുന്ന കയ്യെഴുത്തുപ്രതികളിൽ നിന്ന് ഇതുവരെ വെളിച്ചം കാണാത്ത എന്തെങ്കിലും പുറംലോകം കാണുമെന്ന് ഏറെക്കാലം വായനക്കാർ കരുതിയിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോകുന്തോറും അതിന്റെ സാധ്യത മങ്ങുകയായിരുന്നു. എന്നാൽ നിൽക്കൂ, മാർക്കേസിന്റെ പുതിയ നോവൽ ഇതാ വായനക്കാരിലേക്ക് എത്താൻ പോകുന്നു. അടുത്തവർഷം ലാറ്റിനമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെടാൻ പോകുന്ന പുസ്തകത്തിന്റെ പേര് എൻ അഗോസ്റ്റോ നൊസ് വെമോസ്(We’ll See Each Other in August). ആഖ്യാനത്തിന്റെ പിരിയൻ ഗോവണിയോ മഹാദുർ‌ഗങ്ങളോ പ്രതീക്ഷിക്കരുതെന്നു മാത്രം. അഞ്ചു ഭാഗങ്ങളുണ്ടെങ്കിലും നൂറ്റൻപതോളം പേജുകളേ പുസ്തകത്തിനുള്ളൂ. സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങുന്ന പുസ്തകം ഇംഗ്ലിഷിൽ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതിന്റെ മൊഴിമാറ്റവും ഇതിനൊപ്പം നടക്കുന്നുണ്ടെന്നു കരുതാം. മാർക്കേസിനെപ്പോലെ വിൽപനമൂല്യമുള്ള ഒരെഴുത്തുകാരന്റെ കാര്യത്തിൽ വിവർത്തനം വച്ചുതാമസിപ്പിക്കാൻ പ്രസാധകർ തയ്യാറാവില്ല. 

gabriel-garcia-photo
Photo: REUTERS/Tomas Bravo

കൊളംബിയയിൽ നിന്നിറങ്ങുന്ന കാംബിയോ എന്ന മാസികയിൽ 1999ൽ മാർക്കേസ് ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. അന മഗ്ദലീനാ ബാക് എന്ന മധ്യവയസ്കയുടെ കഥയായിരുന്നു അത്. അമ്മയുടെ കുഴിമാടത്തിൽ പൂക്കൾ അർപ്പിക്കാൻ ഒരു ദ്വീപിലെത്തുന്ന അന അനുഭവിക്കുന്ന ഉടലുൽസവങ്ങളുടെ കഥയായിരുന്നു മാർക്കേസ് എഴുതിയത്. എന്നാൽ ഒറ്റ തിരിഞ്ഞുനിൽക്കുന്ന ഒരു ചെറുകഥയേക്കാളും ഒരു നോവലിലേക്കുള്ള വഴിമരുന്നാണ് അതെന്നു മാർക്കേസിനെ ഉള്ളംകയ്യിലെന്ന പോലെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന വായനക്കാർക്ക് അന്നേ തോന്നി. ഇതെന്തുകൊണ്ടാണ് മാർക്കേസ് ചെറുകഥയിൽ നിർത്തിയത്, നീട്ടിയെഴുതാത്തത് എന്ന് അവർ ചോദിക്കുകയും ചെയ്തു. ആ കഥയിൽ കണ്ട അന മഗ്ദലീന പ്രസിദ്ധീകരിക്കപ്പെടാൻ പോകുന്ന നോവലിൽ പുനരവതരിക്കുന്നതായാണ് ലാറ്റിനമേരിക്കയിൽ നിന്നുള്ള വാർത്തകൾ പറയുന്നത്. അഞ്ചു ഭാഗങ്ങളിലായി എഴുതപ്പെട്ട ഈ നോവൽ മാർക്കേസ് പൂർത്തിയാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസിദ്ധീകരിക്കേണ്ട എന്ന നിലപാടിലായിരുന്നു കുടുംബം. എന്നാൽ ഒരുവട്ടം കൂടി അതു വായിച്ച മാർക്കേസിന്റെ മക്കളായ റോഡ്രിഗോയും ഗോൺസാലോയും നിലപാടു തിരുത്തുകയായിരുന്നു. ഇതു പ്രസിദ്ധീകരിക്കുന്നതു മാർക്കേസിന്റെ യശസ്സിനെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നു മാത്രമല്ല, പഴയ മാർക്കേസിന്റെ മിന്നലുകൾ ഇതിലുമുണ്ടെന്നു കൂടിയാണ് മക്കളുടെ പത്രക്കുറിപ്പിൽ നിന്നു മനസ്സിലാക്കേണ്ടത്. ‘അദ്ദേഹത്തിന്റെ മരണം സംഭവിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം അത് ഒരിക്കൽക്കൂടി വായിച്ചപ്പോൾ ഞങ്ങൾ ഒരു കാര്യം കണ്ടെത്തി. ഗാബോയുടെ ഏറ്റവും ഉജ്വലമായ കൃതികൾ ആസ്വദിക്കുന്നതിൽ നിന്നു തടയുന്ന ഒന്നും അതിലില്ല. മാത്രവുമല്ല, ആസ്വദിക്കാവുന്ന ഒരുപാടു ഗുണഗണങ്ങൾ അതിനുണ്ട്: കാര്യങ്ങൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശേഷി, കാവ്യാത്മകമായ ഭാഷ, വശീകരിക്കുന്ന ആഖ്യാനം, മനുഷ്യരെക്കുറിച്ചുള്ള ധാരണ, മിക്കവാറും അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും പ്രധാന പ്രമേയം തന്നെയായ, തന്റെ അനുഭവങ്ങളോടും ഇടർച്ചകളോടും പ്രത്യേകിച്ചു സ്നേഹത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിനുള്ള ചായ്‌വ്..’

gabriel-garcia-books
ഗബ്രിയേൽ ഗാർസിയ മാർക്കേസ്

മാർക്കേസിന്റെ പുതിയ നോവലിൽ നിന്നു വായനക്കാർ എന്താണു പ്രതീക്ഷിക്കേണ്ടത്? ഏകാന്തതയുടെ നൂറുവർഷങ്ങളോ കോളറക്കാലത്തെ പ്രണയമോ പോലെ അനവധി അടരുകളും മാനങ്ങളുമുള്ള ഒരു പുസ്തകം ദയവായി പ്രതീക്ഷിക്കാതിരിക്കുക. ഈ പുസ്തകത്തിൽ മാർക്കേസ് പണിയെടുത്ത കാലമേതെന്നു കൃത്യമായി ഇപ്പോൾ അറിയില്ലെങ്കിലും മറവിരോഗം ബാധിച്ചുതുടങ്ങിയ നാളുകളിലായിരുന്നിരിക്കണം അത്. തന്റെ കൃതികളെ ഓർമകളുടെ ഉത്സവമാക്കിയ ഒരാൾ, ‘നിങ്ങൾക്കെന്ത് സംഭവിക്കുന്നു എന്നതല്ല ജീവിതത്തിൽ പ്രധാനം, നിങ്ങൾ എന്ത് ഓർമിക്കുന്നു എന്നതും എങ്ങനെ ഓർമിക്കുന്നു എന്നതുമാണ് പ്രധാന’മെന്നും എഴുതിയിട്ടുള്ള ഒരാൾ സ്മൃതിനാശത്തിന്റെ ആ ദിനങ്ങളെ എങ്ങനെ ഭാവന കൊണ്ടു നേരിട്ടിട്ടുണ്ടാകും എന്നുപറയാൻ ഒരുപക്ഷേ ഈ പുസ്തകത്തിനാകും. മറവിരോഗം പിടിപെട്ടിരിക്കുന്നു എന്നു ചുറ്റുമുള്ളവർക്കും മാർക്കേസിനു തന്നെയും മനസ്സിലാകും മുൻപുള്ള ദിനങ്ങളിലാകണം ഈ നോവൽ എഴുതിത്തുടങ്ങിയിട്ടുണ്ടാകുക. മറവിരോഗം മാർക്കേസ് കുടുംബത്തിന്റെ ജനിതകത്തിൽ തന്നെ പതിഞ്ഞുകിടപ്പുള്ള ഒന്നായിരുന്നല്ലോ. മറവിക്കെതിരായ ഓർമയുടെയും ഭാവനയുടെയും പോരാട്ടം നയിച്ച, ‘നിന്നെ മറക്കാൻ എന്നെ അനുവദിക്കാതിരിക്കുക’യെന്നു തീവ്രമായി കുറിച്ച മാർക്കേസെന്ന കുലപതി മറവിയുടെ പിടിയിൽ നിന്നു കുതറി തീർത്തിട്ടുണ്ടാകാവുന്ന മിന്നൽപ്പിണരുകൾക്കും ഇടിമുഴക്കങ്ങൾക്കുമായി കാത്തിരിക്കുന്നു; അത് ഒരൊറ്റ വാചകത്തിലായാൽ പോലും. അങ്ങേയറ്റം, ‘മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്’ പോലൊരു കൃതി. അതിലപ്പുറം പ്രതീക്ഷിക്കരുതെന്നു മനസ്സ് പറയുന്നു. കൊളംബിയൻ എഴുത്തുകാരനായ വാസ്ക്വേസ് മാർക്കേസിന്റെ നോവലിനെ എങ്ങനെ കരുതണമെന്നു കൃത്യമായി പറയുന്നുണ്ട്: ‘അതെങ്ങനെ വായിക്കണമെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്: അതു പൂർണമായ ഒരു കൃതിയല്ല. ഗാർസിയ മാർക്കേസാകട്ടെ ശ്രദ്ധാലുവായ കരകൗശലക്കാരനുമായിരുന്നു. പക്ഷേ അതെന്താണോ അതിന്റേതായ രീതിയിൽ ആസ്വദിക്കാൻ നമുക്കു കഴിയും: ഒരു മഹാനായ കലാകാരന്റെ അപൂർണമായ കൃതി. ആ ആനന്ദം നമുക്കു നിഷേധിക്കാൻ കാരണമൊന്നും ഇല്ല’. പക്ഷേ ഒരുറപ്പു മാത്രമുണ്ട്. മാർക്കേസിന്റെ ഇതപര്യന്തമുള്ള എഴുത്തിനു പോറലേൽപ്പിക്കാൻ ഒന്നിനുമാകില്ല. മാർക്കേസ് തന്നെ മുൻപെഴുതിയിട്ടുണ്ടല്ലോ, ‘നോ മാറ്റർ വാട്ട്, നോബഡി കാൻ ടേക്ക് എവേ ദ് ഡാൻസസ് യു ഹാവ് ഓൾറെഡി ഹാഡ്’. 

Content Summary:  Gabriel García Márquez Novel 'We’ll See Each Other in August' to be Published Next Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com