ADVERTISEMENT

‘അയാൾ നമ്മടെ സാർ അല്ല’ എന്ന ഒറ്റ വാചകമാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ പ്രസ് സെക്രട്ടറി കിറ യർമിഷ് എന്ന യുവതിയെ രണ്ടാമതും ജയിലിലാക്കിയത്. സാർ എന്ന് ഉദ്ദേശിച്ചത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെയാണ്. മോസ്കോയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യവെയാണ് യർമിഷ് ഇങ്ങനെ പറഞ്ഞത്. നാലാം തവണയും പുട്ടിൻ പ്രസിഡന്റായി അധികാരമേറ്റ 2018 ലാണ് ഇതു സംഭവിക്കുന്നത്. 

റാലി നടത്താൻ മോസ്കോ ഭരണകൂടം അനുമതി നൽകിയില്ല. നൂറു കണക്കിനു പ്രക്ഷോഭകർ അറസ്റ്റിലായി; യർമിഷിന്റെ സഹപ്രവർത്തകർ ഉൾപ്പെടെ. ഇവരുടെ മോചനം തേടി ജയിൽ അധികൃതരെ കാണാൻ എത്തിയതായിരുന്നു യർമിഷ്. അധികാരികൾ തടഞ്ഞുവച്ചു. ആ രാത്രി ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നു. ലഹളയ്ക്കു പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കോടതി 25 ദിവസത്തെ ജയിൽവാസവും വിധിച്ചു. തടവുകാരെ പാർപ്പിക്കുന്ന പ്രത്യേക കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. നവൽനിയും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ ജയിലിലായിരുന്നു. ജയിൽമോചിതരായതിനു ശേഷം ഇരുവരും കൂടി ചർച്ച ചെയ്തു. റഷ്യൻ ഭരണകൂടത്തിന്റെ ക്രൂരമായ നടപടികളെ എങ്ങനെ നേരിടണമെന്ന്. നവൽനിയാണ് പുസ്തകമെഴുതാൻ പ്രേരിപ്പിച്ചത്. ലേഖനമോ അനുഭവമോ അല്ല , നോവൽ തന്നെയെന്നും ഉറപ്പിച്ചു. എഴുതാൻ കൊതിച്ചിരുന്ന യർമിഷിന് വീണുകിട്ടിയ അവസരം.  

The incredible events in womens cell number 3 എന്ന നോവൽ 2020 ൽ പുറത്തുവന്നു. അതേ വർഷം ഇംഗ്ലിഷ് വിവർത്തനവും. 

നോവലിന്റെ തുടക്കം യർമിഷിന്റെ സ്വന്തം അനുഭവത്തിൽ നിന്നു പ്രചോദനം നേടി എഴുതിയതാണ്. കോടതിയിൽ നടക്കുന്ന അസംബന്ധ വിചാരണ. ഒരു ദയയും കാണിക്കാത്ത സുരക്ഷാ ഭടൻമാരുടെ കാവലിൽ 10 ദിവസം നീണ്ട ജയിൽവാസം. എന്നാൽ, പിന്നീട് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കു നോവൽ കടക്കുന്നു. സ്വന്തം അനുഭവങ്ങളുടെ വിവരണം എന്നതിനപ്പുറത്തേക്ക് യഥാർഥ നോവൽ എന്ന നിലയിലേക്ക് പുസ്തകം വളരുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റിലാകുന്ന അന്യ എന്ന പ്രധാന കഥാപാത്രത്തിന് ജയിലിൽ അയഥാർഥ കാഴ്ചകൾ കാണേണ്ടിവരുന്നു. യഥാർഥത്തിൽ ഉള്ളതോ ഇല്ലയോ എന്നറിയാത്തവയാണ് പല കാഴ്ചകളും. എന്നാൽ പല അനുഭവങ്ങൾക്കും യാഥാർഥ സംഭവഭങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. 

രാഷ്ട്രീയ പ്രകടന പത്രിക എഴുതുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്ന് യർമിഷ് വ്യക്തമാക്കുന്നു. തന്നെ അലട്ടിയ അനുഭവങ്ങളും ആശയങ്ങളും ഏറ്റവും രസകരമായി വായനക്കാരോട് പങ്കുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഫാന്റസിയും ഫ്ലാഷ്ബാക്കും സ്വേഛാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ സ്വതന്ത്രമായി ചിന്തിക്കുന്നവർക്കുണ്ടാകുന്ന ദുരന്തങ്ങളും നോവലിന്റെ പ്രമേയവുമായി സവിശേഷമായി ഇണങ്ങിച്ചേരുകയായിരുന്നു. കൗമാരം മുതലേ അസ്വസ്ഥമാക്കിയ ചിന്തകൾക്ക് നോവലിന്റെ രൂപം കൊടുക്കുകയായിരുന്നു യർമിഷ്. റഷ്യൻ സാഹിത്യത്തിൽ തന്നെ ഇത്തരമൊരു നോവൽ അപൂർവമാണെന്നു പറയുന്നു വിമർശകരും. 

dostoevsky-tolstoy
ടോൾസ്റ്റോയ്, ഡോസ്റ്റോവ്സ്കി

‌നേരത്തേ ഡോസ്റ്റോവ്സ്കി, ടോൾസ്റ്റോയ് ഉൾപ്പെടെയുള്ളവർ ഇത്തരത്തിലുള്ള അനുഭവങ്ങളെ നോവലിനും കഥകൾക്കും പ്രമേയമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു സ്ത്രീയുടെ പക്ഷത്തുനിന്നുകൊണ്ട് ആദ്യമായാണ് ഒരാൾ ഇങ്ങനെയൊരു പുസ്തകം എഴുതുന്നത്. അതിന്റെ പുതുമയും തീക്ഷ്ണതയും തന്നെയാണ് വായനക്കാരെ ആകർഷിച്ചതും. 

വ്യത്യസ്തമായ പലരുമുണ്ടായിരുന്നു യർമിഷ് ഒരു മാസത്തോളം കഴിച്ചുകൂട്ടിയ ജയിലിൽ. പുരുഷ തടവുകാരു‌ടെ ഭാഗത്തുനിന്ന് മോശം അനുഭവങ്ങളും ഉണ്ടായി. എന്നാൽ, സമാന മനസ്കരെ ഒരുമിപ്പിക്കാനും ജയിലിനു കഴിയുന്നുണ്ടെന്ന് യർമിഷ് പറയുന്നു. ഒരുപക്ഷേ മറ്റൊരു സ്ഥലത്തുമില്ലാത്ത കൂട്ടായ്മയും സഹോദര മനോഭാവവും ജയിലിൽ പ്രകടമാണ്. 

2014 ലാണ് യർമിഷ് നവൽനിയുടെ പ്രസ് സെക്രട്ടറിയാകുന്നത്. അതിനുശേഷം രണ്ടു തവണ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. നവൽനിയുടെ യൂ ട്യൂബ് ചാനലിന്റെ ലിങ്ക് ട്വീറ്റ് ചെയ്തതിനാണ് ആദ്യത്തെ തവണ അഞ്ചു ദിവസം ജയിലിൽ കിടന്നത്. 

ജയിൽ ജീവിതം പുസ്തകമാക്കിയതിന്റെ പേരിൽ മറ്റനേകം ക്രൂരതകളും യർമിഷിന് സഹിക്കേണ്ടിവന്നു. യർമിഷിന്റെ പുസ്തകം ഉൾപ്പെട്ടതിന്റെ പേരിൽ മോസ്കോ ബുക്ക് ഫെയർ തന്നെ വിലക്കി. കുറച്ചുകാലം എഴുത്തുകാരിയെ വിട്ടുതടങ്കലിലുമാക്കി. യർമിഷ് പങ്കെടുക്കേണ്ടിയിരുന്ന പുസ്തകവുമായി ബന്ധപ്പെട്ട ചടങ്ങ് വലിയ വേദിയിൽ നിന്ന് ചെറിയ വേദിയിലേക്കു മാറ്റി. പിന്നീട് അതിനും വിലക്ക് വന്നു. പ്രധാന കഥാപാത്രമായ അന്യയും സുഹൃത്തും തമ്മിലുള്ള ബന്ധം ശരിയായ രീതിയിലുള്ളതല്ല എന്ന ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ‌

2021 ൽ സ്വതന്ത്ര ജീവിതത്തിനുവണ്ടി റഷ്യ വിട്ടു. അതിർത്തി കടക്കാൻ റഷ്യൻ ഭരണകൂടം അനുവദിച്ചു എന്നവർ ആശ്വാസത്തോടെ ഓർമിക്കുന്നു. എന്നാൽ അപ്പോഴേക്കും നവൽനി വീണ്ടം ജയിലിലായി. സൈബീരിയയിൽ വച്ചുണ്ടായ വിഷ പ്രയോഗത്തെ ജർമനിയിലെ ചികിത്സയിലൂടെ അദ്ദേഹം അതിജീവിച്ചു. മോസ്കോയിൽ തിരിച്ചെത്തി. ആധുനിക കാലം കണ്ട ഏറ്റവും ധീരോചിതമായ മടങ്ങിവരവുകളിൽ ഒന്നായിരുന്നു ഇത്. ആരെയും ഭയക്കാതെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിക്കുന്ന പുട്ടിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയും. നവൽനി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വീണ്ടും അദ്ദേഹത്തിനു നേരെ ദുരൂഹമായ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയിക്കണം. ഭാരം അസാധാരണമായി കുറഞ്ഞു. സാധാരണ ജീവിതം സാധ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. എന്നാലും പോരാട്ടം തുടരുകയാണ് നവൽനി. 

യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങിയതോടെ റഷ്യയിൽ പ്രതിപക്ഷം തന്നെ ഇല്ലാതായ സ്ഥിതിയാണ്. നവൽനിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത അഴിമതി വിരുദ്ധ പ്രക്ഷോഭക സംഘത്തിലെ പ്രധാനികളെ മിക്കവരെയും ജയിലിലടച്ചു. മറ്റുള്ളവരെ നാടുകടത്തി. യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ എഴുതുന്നവർക്ക് 10 വർഷത്തെ തടവുശിക്ഷയാണ് കാത്തിരിക്കുന്നത്. 

ഇപ്പോൾ നടക്കുന്ന യുക്രെയ്ൻ യുദ്ധത്തിന്റെ അടിസ്ഥാന കാരണം അഴിമതിയാണെന്നാണ് യർമിഷ് പറയുന്നത്. ജനങ്ങളുടെ ശ്രദ്ധ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് മാറ്റുന്നതിനാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്. സ്വേഛാധിപത്യമാണ് റഷ്യയിൽ നിലനിൽക്കുന്നത്. ഒരൊറ്റ വ്യക്തിക്കു കീഴിൽ ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതാക്കി നടത്തുന്ന അഴിമതി ഭരണം. 

kira-yarmysh-book

33 വയസ്സുള്ള യർമിഷ് ഇപ്പോൾ യൂറോപ്യൻ രാജ്യത്താണു ജീവിക്കുന്നത്. ഹറാസ്മെന്റ് എന്ന പേരിൽ രണ്ടാമത്തെ നോവൽ പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ നോവലിന്റെ പണിപ്പുരയിലുമാണ്. 

നീതി ഞങ്ങളുടെ ഭാഗത്താണ്. പുട്ടിന് പ്രായം ഏറെയായി. അദ്ദേഹത്തിന്റെ ഭരണം കാലാഹരണപ്പെട്ടു. തീർച്ചയായും ഏകാധിപത്യം അവസാനിക്കും. എന്നാണെന്ന് എനിക്കറിയില്ല. എന്നാൽ ഒരിക്കൽ സ്വാതന്ത്ര്യത്തിന്റെ പ്രഭാതം വിടരുക തന്നെ ചെയ്യും... 

റഷ്യയിലെ സാഹചര്യം എല്ലാക്കാലത്തും ഇങ്ങനെതന്നെ തുടരില്ലെന്ന ഉറപ്പിൽ യർമിഷ് പറയുന്നു. റഷ്യയിൽ രണ്ടാം വിപ്ലവത്തിനു സമയമായിരിക്കുന്നു എന്നവർ പറയുന്നു. പുതു  വസന്തത്തിന്റെ ഇടിമുഴക്കത്തിനു ശബ്ദം കൊടുക്കുന്നവരിൽ നവൽനിക്കൊപ്പം യർമിഷുമുണ്ട്. 

Content Summary: ' The incredible events in womens cell number 3 ' Novel by Kira Yarmysh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com