ADVERTISEMENT

എം.ടി.വാസുദേവൻ നായർ തുഞ്ചൻപറമ്പിലെത്തിയാൽ പിന്നെയദ്ദേഹത്തിന്റെ നിഴലിനൊരു പേരുണ്ട്. സേതു എന്നദ്ദേഹം വിളിക്കും. തിരിച്ച് വാസ്വേട്ടനെന്നു വിളിച്ച് സേതുവെന്ന കെ.എസ്.വെങ്കിടാചലം എംടിക്കൊപ്പമുണ്ടാകും. വായനയിലൂടെ എംടിയുടെ ആരാധകനായി, സുഹൃത്തായി, പിന്നെ നിഴലായി മാറിയ വെങ്കിടാചലം കോഴിക്കോട്ടുകാരനാണ്, എംടിയുടെ സ്നേഹം തൊട്ടറിഞ്ഞിട്ടുള്ള അപൂർവം ചിലരിൽ ഒരാൾ.

അത്ര പെട്ടെന്നൊന്നും ഒരാൾക്ക് എംടിയുടെ മനസ്സിൽ കയറിപ്പറ്റാൻ സാധിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പ്രകൃതം. നിരീക്ഷിക്കും, സംസാരം കേൾക്കും, പിന്നെ മനസ്സിലാക്കും. പതിയെ ഉൾക്കൊള്ളാൻ കഴിയുന്നയാളെന്നു ബോധ്യപ്പെട്ടാൽ മാത്രം തന്റെ മനസ്സിന്റെ വാതിൽ തുറക്കും. ഈ പരീക്ഷകളെല്ലാം കഴിഞ്ഞയാളാണ് വെങ്കിടാചലം.

mt-vasudevan-venkidachalam
കെ. എസ്. വെങ്കിടാചലം തുഞ്ചൻപറമ്പിൽ എം.ടി വാസുദേവൻ നായർക്കൊപ്പം

ഇന്നയിടത്തേക്ക് വരാൻ പറഞ്ഞ് വിളിക്കലല്ല, മറിച്ച് ഞാൻ ഇന്നയിടത്തുണ്ട് എന്നറിയിക്കലാണ് എംടി വെങ്കിടാചലത്തോടു ചെയ്യാറുള്ളത്. സ്ഥലമറിഞ്ഞാൽ വെങ്കിടാചലം എത്തിയിരിക്കും. 2004ൽ ഉറൂബിന്റെ ഒരു പരിപാടി കഴിഞ്ഞ ശേഷം കോഴിക്കോട് ബീച്ചിലേക്ക് നോക്കി നിന്നിരുന്ന വെങ്കിടാചലത്തിനടുത്ത് എംടിയുടെ കാർ വന്നു നിന്നു. തുഞ്ചൻപറമ്പിലേക്കു വിജയദശമിക്കു വരണമെന്ന ആവശ്യം പറഞ്ഞു. കാണാൻ വരാമെന്നു പറഞ്ഞ വെങ്കിടാചലത്തോട് അതിനല്ല, കുട്ടികൾക്ക് സേതു ആദ്യാക്ഷരം കുറിച്ചു കൊടുക്കണമെന്നാണ് എംടി പറഞ്ഞത്. ഈ സംഭവമിന്നും വെങ്കിടാചലത്തിന് തന്റെ ഓർമക്കൂട്ടുകളിലെ നിധിയാണ്. 1972 മുതൽ നേരിട്ടറിയാമെങ്കിലും അന്നു മുതലാണ് എംടിയുടെ മനസ്സിലെ അംഗീകാരം തന്നെ തേടിയെത്തിയതെന്നാണ് വെങ്കിടാചലം വിശ്വസിക്കുന്നത്.

എംടിയുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുള്ള ഇദ്ദേഹത്തിനു പല പുസ്തകങ്ങളും കാണാപ്പാഠമാണ്. 2000 മുതൽ തുഞ്ചൻപറമ്പിൽ എത്തിത്തുടങ്ങിയ വെങ്കിടാചലം 2001ൽ എസ്ബിഐയിൽ നിന്ന് വിആർഎസ് എടുത്ത് സാഹിത്യലോകത്തേക്കു തിരിഞ്ഞയാളാണ്. പരിഭാഷകൻ, നിരൂപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഇരുനൂറോളം പുസ്തകങ്ങൾക്ക് നിരൂപണമെഴുതി. 2017ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, നല്ല ചിന്ന സ്വാമി – തിശൈ എട്ടും പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Content Summary: Friendship between Malayalam Writer M T Vasudevan Nair and Critic K S Venkidachalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com