ADVERTISEMENT

"എല്ലാ യുദ്ധങ്ങള്‍ക്കു ശേഷവും, ഒരു ചിത്രശലഭം സുന്ദരമായിത്തുടരും." 

ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്നേഹിക്കുവാന്‍ കഴിയുന്ന ഒരു മനുഷ്യനു മാത്രമേ ആകുലതകൾക്കപ്പുറമുള്ള ഈ ചിത്രം സങ്കൽപിക്കുവാൻ, അതേക്കുറിച്ചെഴുതുവാൻ സാധിക്കുകയുള്ളൂ. റസ്കിൻ ബോണ്ട് അങ്ങനെയൊരു മനുഷ്യനാണ്. കടുത്ത ഏകാന്തതയിലും ജീവിതത്തെ നിഷ്കളങ്കതയോടെ നോക്കിക്കാണുവാൻ ശീലിച്ച നമ്മുടെയെല്ലാം പ്രിയപ്പെട്ട മിസ്റ്റർ ബോണ്ട്.

മേഘാവൃതമായ ആകാശത്തെയും പർവതങ്ങളിലെ മഞ്ഞിനെയും കൂകിപ്പായുന്ന തീവണ്ടിയെയും കാടിന്റെ മൃദുസ്വരങ്ങളെയും കുട്ടിമനസ്സുകളിലേക്ക് വരച്ചിട്ട എഴുത്തുകാരനാണ് അദ്ദേഹം. വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്നവൻ. സ്‌കൂൾ കാലഘട്ടം കൊണ്ടു മാത്രം പതിനയ്യായിരം പുസ്തകങ്ങൾ വായിച്ചു തീർത്ത, ചാൾസ് ഡിക്കൻസിന്റെയും ഷാർലറ്റ് ബ്രോണ്ടെയുടെയും റുഡ്യാർഡ് കിപ്ലിങ്ങിന്റെയും ആരാധകന്‍. 

റസ്കിൻ ബോണ്ട്. Image Credit: twitter/RealRuskinBond
റസ്കിൻ ബോണ്ട്. Image Credit: twitter/RealRuskinBond

കുട്ടികളുടെ എഴുത്തുകാരൻ എന്ന് അറിയപ്പെടുന്ന റസ്കിൻ ബോണ്ട് ഇതുവരെ എഴുതിക്കൂട്ടിയത് നോവലുകൾ, ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിവയടക്കം 69 പുസ്തകങ്ങളാണ്. അതിൽ ചെറുകഥകൾ മാത്രം അഞ്ഞൂറിലധികമുണ്ട്. 70–ാം പുസ്തകം അദ്ദേഹത്തിന്റെ 89 –ാമത്തെ ജന്മദിനമായ ഇന്ന് പുറത്തിറങ്ങും.

ruskinbond-newbook
റസ്കിൻ ബോണ്ട്

ഓബ്രി അലക്സാണ്ടർ ബോണ്ടിന്റെയും എഡിത്ത് ക്ലാർക്കിന്റെയും മകനായി 1934 മേയ് 19ന് കസൗലിയിലാണ് അദ്ദേഹം ജനിച്ചത്. റസ്കിനും സഹോദരി എലനും നാലുവയസ്സ് വരെ അവിടെ താമസിച്ചു. പിന്നീട്, 1939-ൽ പിതാവ് റോയൽ എയർഫോഴ്സിൽ ചേർന്നതോടെ, അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഡെറാഡൂണിലെ അമ്മവീട്ടിൽ താമസമാക്കി. എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളുടെ വേർപിരിയലിനു സാക്ഷിയാകേണ്ടി വന്ന ബോണ്ടിന് തന്റെ അമ്മയുമായി സങ്കീർണ്ണമായ ബന്ധമാണുണ്ടായിരുന്നത്. അപൂർവമായി മാത്രം വാത്സല്യം പ്രകടിപ്പിച്ചിരുന്ന അമ്മയുടെ അടുത്തുനിന്ന് പിതാവിനൊപ്പം കഴിയാൻ ന്യൂഡൽഹിയിലേക്കു പോയ ബോണ്ടിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമായി മാറി ആ രണ്ടു വർഷം. തനിക്കൊപ്പം ഒരുപാടു നേരം ചെലവഴിക്കുമായിരുന്ന പിതാവിനോടു ബോണ്ടിന് സ്‌നേഹവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സുരക്ഷിതത്വവും തോന്നി.

റസ്കിൻ ബോണ്ടിന്റെ പഴയകാല ചിത്രങ്ങൾ. Image Credit: facebook/RuskinBondOfficial
റസ്കിൻ ബോണ്ടിന്റെ പഴയകാല ചിത്രങ്ങൾ. Image Credit: facebook/RuskinBondOfficial

എന്നാൽ പെട്ടെന്നുള്ള പിതാവിന്റെ വിയോഗം അദ്ദേഹത്തെ മാറ്റിമറിച്ചു. ഡെറാഡൂണിലേക്ക് താമസം മാറിയ ബോണ്ടിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. എന്നാൽ തന്നെ ഏകാന്തനാക്കിയ ജീവിതത്തെ മനോഹരമായി ജീവിച്ചു നേരിടണം എന്ന് തീരുമാനിച്ച ആ കുട്ടി, തന്റെ ഏറ്റവും മികച്ച കഴിവെന്ന് പിതാവ് ചൂണ്ടിക്കാട്ടിയ എഴുത്തിലേക്ക് തിരിഞ്ഞു. ആ തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് നൽകിയത് ആർദ്രത തുളുമ്പി നിൽക്കുന്ന നിരവധി പുസ്തകങ്ങളാണ്.

ruskin-bond
റസ്കിൻ ബോണ്ട്

സംഘർഷം നിറഞ്ഞ ജീവിതത്തിന്റെ ആദ്യ ഇരുപത് വർഷങ്ങൾ ബോണ്ടിനെ ഒരു നല്ല എഴുത്തുകാരനായി വളർത്തി. സ്‌കൂൾ പഠനകാലത്ത് ഇർവിൻ ഡിവിനിറ്റി പ്രൈസ്, ഹെയ്‌ലി ലിറ്ററേച്ചർ പ്രൈസ് തുടങ്ങി ഒട്ടനവധി രചനാ മത്സരങ്ങളിൽ വിജയിച്ചിരുന്ന അദ്ദേഹം, 1951-ൽ, പതിനാറാം വയസ്സിൽ, 'അൺടച്ചബിൾ' എന്ന പേരിൽ തന്റെ ആദ്യ ചെറുകഥ എഴുതി.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തന്റെ ആന്റിയോടൊപ്പം താമസിക്കാൻ യുകെയിലേക്കു പോയപ്പോഴാണ് ബോണ്ട് തന്റെ ആദ്യ നോവൽ ‘ദ് റൂം ഓൺ ദ് റൂഫ്’ എഴുതാൻ തുടങ്ങിയത്.

ruskin-bond-book

കർക്കശക്കാരനായ രക്ഷാധികാരിയുടെ അടുത്തുനിന്ന് സുഹൃത്തുക്കളോടൊപ്പം ജീവിക്കാൻ ഓടിപ്പോകുന്ന അനാഥബാലനായ റസ്റ്റിയുടെ ജീവിതമാണ് നോവൽ. ആത്മകഥാപരമായ ആ കഥ, ബോണ്ട് ഡെറാഡൂണിലെ ഒരു ചെറിയ വാടകമുറിയിൽ താമസിച്ചിരുന്നപ്പോഴുള്ള യഥാർഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പ്രസാധകനെ തിരയുന്നതിനിടയിൽ അദ്ദേഹം ഒരു ഫോട്ടോ സ്റ്റുഡിയോയിൽ ജോലി ചെയ്തു. നാലു വർഷത്തിനുശേഷം ഇരുപത്തിയൊന്ന് വയസ്സിൽ, 1957-ൽ പ്രസിദ്ധീകരികരിച്ച പുസ്തകത്തിന് ജോൺ ലെവെലിൻ റൈസ് മെമ്മോറിയൽ സമ്മാനം ലഭിച്ചു. 

തന്റെ നോവൽ പ്രസിദ്ധീകരിച്ചതിനു കിട്ടിയ തുക, ബോംബെയിലേക്കുള്ള കടൽയാത്രയ്ക്കും ഡെറാഡൂണിലെത്തി സ്ഥിരതാമസമാക്കാനുമായാണ് ബോണ്ട് ഉപയോഗിച്ചത്. അന്നുമുതൽ മുസ്സൂറിയിലെ ലാൻഡൂർ കാന്റിലുള്ള തന്റെ കൊച്ചുവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. മലമുകളിലെ ജീവിതം പ്രകൃതിയോടുള്ള അടുപ്പം വർധിപ്പിച്ചു. എഴുതപ്പെട്ട ഓരോ വരിയിലും വെറുമൊരു എഴുത്തുകാരനല്ല, മറിച്ച് ഋതുക്കളുടെ പ്രണയിതാവായി ബോണ്ട് മാറി. ലളിതമായ വാക്കുകളിൽ കാലാന്തരങ്ങളെ വിവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് വായനക്കാരുടെ ഉള്ളിൽ കാൽപനികതയെ ഉദ്ദീപിപ്പിച്ചു. യഥാർഥ ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന കഥകളായിരുന്നു ഓരോ രചനയും; ഹൃദ്യവും സന്തോഷപ്രദവുമായൊരു വെളിച്ചം.

നിഷ്കളങ്കതയുടെയും അനുഭവത്തിന്റെയും സംയോജനമാണ് ബോണ്ടിന്റെ കഥാപാത്രങ്ങൾ. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഴം, വാർധക്യത്തിന്റെ ശാന്തത, ബാല്യത്തിന്റെ മനോവ്യാപാരങ്ങൾ എന്നിവയെല്ലാം അവരിൽ കാണപ്പെടുന്നു. കഥാകൃത്തിനെപ്പോലെതന്നെ ഏകാന്തതയെ എളുപ്പത്തിൽ പ്രണയിക്കാൻ കഴിയുന്നവരാണ് ആ കഥാപാത്രങ്ങൾ ഓരോരുത്തരും. അത് 'കൈറ്റ് മേക്കറി'ലെ സ്നേഹനിധിയായ മുത്തച്ഛൻ മെഹമൂദ് ആണെങ്കിലും, ഗർവാൾ കുന്നുകളിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 'ദ ബ്ലൂ അംബ്രല്ല'യിൽ നിന്നുള്ള ബിന്യ എന്ന ബിന്യാദേവി ആണെങ്കിലും. 

ruskin-bond-young
റസ്കിൻ ബോണ്ട്. Image Credit: facebook/RuskinBondOfficial

ഏകാന്തത ആഗ്രഹിച്ച ബോണ്ട് വിവാഹം കഴിച്ചിട്ടില്ല. എന്നാൽ സ്നേഹിക്കാനായി ഒരു ദത്തുകുടുംബത്തെ അദ്ദേഹം കണ്ടെത്തി. വർഷങ്ങളായി അവരാണ് ഒപ്പമുള്ളത്; മകനായി കരുതുന്ന രാകേഷ് ബോണ്ടും ബീനയും.

ruskin-bond-books

പിതാവിന്റെ വേർപാട് നൽകിയ മുറിവ് പലപ്പോഴും മനുഷ്യത്വത്തിന്റെ അതിരുകളായി കഥകളിൽ പ്രത്യക്ഷപ്പെട്ടു. അമ്മയുമായുള്ള അകൽച്ചയും പിതാവുമായുള്ള സൗഹൃദവും ബോണ്ടിന്റെ കൃതികളിൽ ആവർത്തിച്ചുള്ള വിഷയങ്ങളായി. "മരണം വരുന്നതുവരെ ഉള്ളതെല്ലാം ജീവിതമാണ്" എന്ന് പറഞ്ഞ എഴുത്തുകാരൻ ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളെ പോലും വിലമതിച്ചു. പ്രകൃതിയെ പ്രണയിക്കാന്‍ നമ്മെ പഠിപ്പിച്ച അദ്ദേഹത്തിന്റെ സാഹിത്യകൃതികൾ മനുഷ്യജീവിതത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. മണ്ണും മഴയും മഞ്ഞും ചെളിയും മാത്രമല്ല നഗരത്തിന്റെ തിരക്കുകളും കഥകളിൽ ഇടം നേടി. 

ഏതു പ്രായക്കാർക്കും വായിക്കാവുന്ന പുസ്തകങ്ങൾ പല വിഷയങ്ങളിൽ എഴുതിയിട്ടും കുട്ടികളുടെ എഴുത്തുകാരൻ എന്നു വിളിക്കപ്പെട്ടത് ജീവിതമൂല്യങ്ങളും മനുഷ്യവികാരങ്ങളും ഇത്രമേൽ സമ്മേളിച്ച കഥകൾ വിശ്വസിച്ച് ഏതൊരു കുട്ടിക്കും വാങ്ങി നൽകാമെന്നതിനാലാണ്. നന്മയുടെ പാഠങ്ങളുള്ള ആ വരികൾ എഴുതുന്നത് മലമുകളിലിരിക്കുന്ന ഒരു മുത്തശ്ശനാണെന്ന് അവരോട് നമുക്ക് പറയാനാവുന്നതിനാലാണ്.

ruskin-bond
റസ്കിൻ ബോണ്ട്

സവിശേഷമായ ചിത്രീകരണശൈലി കാരണം ബോണ്ടിന്റെ സൃഷ്ടികൾ ഇന്ത്യൻ ചലച്ചിത്ര സംവിധായകരിൽ പലരെയും ആകർഷിച്ചു. ചരിത്ര നോവലായ 'എ ഫ്ലൈറ്റ് ഓഫ് പിജിയൺസി'നെ അടിസ്ഥാനമാക്കി 1978-ല്‍ ജുനൂൻ എന്ന ബോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങി. 'ദി റസ്റ്റി സ്റ്റോറീസ്' എന്ന പുസ്തകം ദൂരദർശൻ ടിവി സീരീസായ 'ഏക് താ റസ്റ്റി'യായി രൂപാന്തരപ്പെടുത്തിട്ടുണ്ട്. 

ജനപ്രിയ നോവലായ 'ദ ബ്ലൂ അംബ്രല്ല'യെ അടിസ്ഥാനമാക്കി 2005-ൽ ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് കുട്ടികൾക്കായി ഒരു സിനിമ നിർമ്മിച്ചു. ഈ ചിത്രം, മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 'സൂസന്നാസ് സെവൻ ഹസ്ബൻഡ്‌സ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പ്രിയങ്ക ചോപ്ര ടൈറ്റിൽ റോളിൽ അഭിനയിച്ച ചിത്രം '7 ഖൂൻ മാഫ്' 2011-ൽ പുറത്തിറങ്ങി. 

ruskin-bond-famous-books

അദ്ദേഹത്തിന്റെ നിരവധി കഥകൾ ഇന്ത്യയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

1992-ൽ, 'ഔവർ ട്രീസ് സ്റ്റിൽ ഗ്രോ ഇൻ ഡെഹ്‌റ' എന്ന ചെറുകഥാസമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബോണ്ടിന്റെ ലേഖനങ്ങള്‍ ദ് പയനിയർ, ദ് ലീഡർ, ദ് ട്രിബ്യൂൺ, ദ് ടെലിഗ്രാഫ് തുടങ്ങിയ നിരവധി മാസികകൾ പ്രസിദ്ധീകരിക്കാറുണ്ട്. സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് 1999-ൽ പത്മശ്രീയും 2014-ൽ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തി. 

"എന്നെപ്പോലെ, ഇനി മരം കയറാനോ പറക്കുന്ന ട്രപ്പീസിൽ നിന്ന് ചാടാനോ സ്കൈ ഡൈവിങ്ങിന് പോകാനോ കഴിയാത്തവർക്കായി ഞാൻ എഴുതിയ പുസ്തകം. എന്നിരുന്നാലും, നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട്, അവയിൽ ചിലത് ഈ പുസ്തകം വിവരിക്കുകയും പട്ടികപ്പെടുത്തുകയും ചെയ്യുന്നു." എന്നാണ് തന്റെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ച് ബോണ്ട് പറയുന്നത്. ജീവിതത്തിന്റെ ഈ ഘട്ടത്തിനെയും ആഹ്ളാദത്തോടെ, നിറവോടെയാണ് റസ്കിൻ ബോണ്ട് സ്വീകരിക്കുന്നത്. ബാക്കിയായ ഓരോ നിമിഷവും അദ്ദേഹം അങ്ങനെ തന്നെ ജീവിക്കും. 

ruskin-bond-awards
പ്രണബ് മുഖര്‍ജി, ഷീല ദീക്ഷിത് എന്നിവരിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന റസ്കിൻ ബോണ്ട്

ഒരിക്കല്‍ ബോണ്ട് പറഞ്ഞതു പോലെ, "ഭാഗ്യമല്ല, ധൈര്യമാണ് വഴിയുടെ അവസാനം വരെ നമ്മെ കൊണ്ടുപോകുന്നത്."

ജീവിക്കുവാനുള്ള ധൈര്യം..!

Content Summary: Indian Writer Ruskin Bond 89th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com