ADVERTISEMENT

നിഗൂഢമായ ഇളം നീലക്കണ്ണുകൾ, വലിയ നെറ്റി, അസാധാരണ വലുപ്പമുള്ള തല, വിരിവാർന്ന തോളുകൾ, ദൃഢമായ കൈകൾ-ഇതാണ് സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയലിന്റെ പ്രിയ കഥാപാത്രത്തിന്റെ വിവരണം. കണ്ടുപിടുത്തങ്ങളോട് അഭിനിവേശമുള്ള, തീവ്രമായ പോരാട്ടവീര്യമുള്ള ഒരാൾ. വിചിത്രവും ആകർഷകവും സങ്കീർണവുമായ ഈ കഥാപാത്രം ഷെർലക്ക് ഹോംസല്ല, ഡോയലിന്റെ തന്നെ മറ്റൊരു കഥാപാത്രമാണ്. മികച്ച റൈഫിൾ ഷൂട്ടറും ബോഡി ബിൽഡറും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന കോനൻ ഡോയലിനെ പോലും ആകർഷിക്കാന്‍ പ്രാപ്തമായ ഈ കഥാപാത്രത്തെ അധികമാരും അറിയാതെ പോയത് അതികായനായ ഷെർലക്ക് ഹോംസെന്ന തന്റെ കഥാപാത്രം മൂലമാണെന്ന് ഡോയൽ പിന്നീടു മനസ്സിലാക്കിയിരുന്നു.

 

arthur-conan-doyle
ആർതർ കോനൻ ഡോയൽ.

ബ്രിട്ടിഷ് എഴുത്തുകാരനായ കോനൻ ഡോയൽ 22 നോവലുകളും 204 ചെറുകഥകളും എഴുതിയിട്ടുണ്ട്, അതിൽ നാല് നോവലുകളും 56 ചെറുകഥകളും മാത്രമാണ് ഷെർലക് ഹോംസിനെ അവതരിപ്പിക്കുന്നത്. ബാക്കി 18 നോവലുകളും 148 ചെറുകഥകളും സാഹിത്യകാരൻ എന്ന നിലയിലെ ഡോയലിന്റെ നൈപുണ്യം വെളിപ്പെടുത്തുന്നു. നിരവധി നോൺ-ഫിക്‌ഷൻ പുസ്തകങ്ങൾക്കു പുറമേ ചരിത്രനോവലുകള്‍, നാടകങ്ങൾ, കവിതകൾ, പ്രേതകഥകൾ, നർമകഥകൾ, സയൻസ് ഫിക്‌ഷനുകൾ, ഫാന്റസി കഥകൾ എന്നിവയും ഡോയൽ എഴുതിട്ടുണ്ട്. ഹോംസിന്റെ പ്രശസ്തി മൂലം തന്റെ അത്തരം രചനകളെ വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കാത്തതിൽ നിരാശനായ അദ്ദേഹം, ഗുണങ്ങളാൽ നിറയപ്പെട്ട ഹോംസിനെക്കാൾ സ്നേഹിച്ചത് പോരായ്മകളും പിഴവുകളുമുള്ള തന്റെ മറ്റു കഥാപാത്രങ്ങളെയാണ്. പിഴവുകൾക്കിടയിലും പ്രിയങ്കരമായ ചിലത് ബാക്കി വയ്ക്കുന്ന, സാധാരണക്കാരായ മനുഷ്യരുടെ എല്ലാ ഭാവങ്ങളും പ്രകടമാകുന്ന കഥാപാത്രങ്ങള്‍; പ്രഫസർ ചലഞ്ചറിനെപ്പോലെ.

arthur-conan-books

 

arthur-conan-book

‘‘എന്റെ മറ്റേതൊരു കഥാപാത്രത്തെക്കാളും എന്നെ എപ്പോഴും രസിപ്പിച്ചിട്ടുള്ള ഒരു കഥാപാത്രം’’ എന്നാണ് ഡോയൽ തന്റെ പ്രിയ കഥാപാത്രമായ പ്രഫസർ ചലഞ്ചറിനെ വിശേഷിപ്പിച്ചത്. ഷെർലക് ഹോംസ് തന്റെ മറ്റ് സൃഷ്ടികളെ മറികടക്കുന്നതിൽ ഡോയൽ എപ്പോഴും ആശങ്കാകുലനായിരുന്നു. ‘‘എന്റെ ഉന്നതമായ കൃതികളെ ‘മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്ന’ ഹോംസിനെ ഞാൻ ഒരിക്കലും സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ, സാഹിത്യത്തിലെ എന്റെ സ്ഥാനം ഈ നിമിഷം കൂടുതൽ ശക്തമായിരുന്നെനേ എന്ന് ഞാൻ വിശ്വസിക്കുന്നു.’’ കോനൻ ഡോയൽ തന്റെ ഓർമക്കുറിപ്പുകളിൽ എഴുതി. സഹിക്കവയ്യാതെ ‘ദ് ഫൈനൽ പ്രോബ്ല’ത്തിൽ ഹോംസിനെ കൊന്നുവെങ്കിലും തീവ്രമായ പൊതു സമ്മർദ്ദത്തിനും ധാരാളം ഭീഷണിസന്ദേശങ്ങൾക്കുമൊടുവിൽ മഹാനായ ഡിറ്റക്ടീവിനെ അർധമനസ്സോടെ തിരികെ കൊണ്ടുവരേണ്ടി വന്നു. അപ്പോഴും ഡോയൽ പറഞ്ഞു – ‘‘സത്യം പറഞ്ഞാൽ, ഷെർലക് ഹോംസിന്റെ രചയിതാവ് എന്ന് എന്നെ വിശേഷിപ്പിക്കുന്നതു കേട്ട് ഞാൻ മടുത്തു. എന്തുകൊണ്ട് ഒരു മാറ്റത്തിന് റോഡ്നി സ്റ്റോൺ, അല്ലെങ്കിൽ ദ് വൈറ്റ് കമ്പനി, ദ് ലോസ്റ്റ് വേൾഡ് എന്നിവയുടെ രചയിതാവ് എന്ന് പറയുന്നില്ല? ഞാൻ ഡിറ്റക്ടീവ് കഥകളല്ലാതെ മറ്റൊന്നും എഴുതിയിട്ടില്ലെന്ന് ഒരാൾ വിചാരിക്കും.’’

 

arthur-conan-doyle
ആർതർ കോനൻ ഡോയൽ.

ആക്രമണോത്സുകനായ, ആത്മവിശ്വാസമുള്ള ജോർജ് എഡ്വേഡ് ചലഞ്ചർ, ഡോയലിന്റെ ഫാന്റസി, സയൻസ് ഫിക്‌ഷൻ കഥകളുടെ ഒരു പരമ്പരയിലെ കഥാപാത്രമാണ്. സുവോളജി പ്രഫസറായ ചലഞ്ചർ പര്യവേക്ഷണങ്ങളിൽ തൽപരനാണ്. തന്റെ സുഹൃത്തായിരുന്ന പേഴ്സി ഫോസെറ്റ്, എഡിൻബറ സർവകലാശാലയിലെ പ്രഫസറായിരുന്ന വില്യം റുഥർഫോർഡ് എന്നിവരെ മാതൃകയാക്കിയാണ് ഡോയൽ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. പല കണ്ടുപിടുത്തങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ചലഞ്ചർ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1912 ൽ പ്രസിദ്ധീകരിച്ച ‘ദ് ലോസ്റ്റ് വേൾഡ്’ എന്ന നോവലിലാണ്. ദിനോസറുകൾ ഉൾപ്പെടെയുള്ള ചരിത്രാതീത ജീവികളുള്ള, തെക്കേ അമേരിക്കയിലെ ഒരു പീഠഭൂമിയിലേക്കുള്ള യാത്ര വിവരിക്കുന്ന ഈ പുസ്തകത്തിൽ ഒരു പരുക്കനായ മനുഷ്യനാണ് ചലഞ്ചർ. ശാരീരികമായി ബലവാനായ അയാൾ തികഞ്ഞ ഒരു ശാസ്ത്രകുതുകിയാണ്. സമൂഹത്തിന്റെ രീതികളിൽനിന്ന് വ്യതിചലിച്ചു സഞ്ചരിക്കാനിഷ്ടപ്പെടുന്ന ചലഞ്ചർ ഒരിക്കൽ ഭാര്യയുടെ ഉപദേശം അവഗണിച്ചുകൊണ്ട് പറയുന്നുണ്ട്, ‘‘നീ ഉപദേശിക്കുന്നത് ഞാൻ ചെയ്താൽ ഞാൻ ഒരു മികച്ച മനുഷ്യനായേക്കാം, പക്ഷേ ഞാൻ ജോർജ് എഡ്വേഡ് ചലഞ്ചർ ആകില്ല.’’

 

ദ് ഡിസിന്റഗ്രേഷൻ മെഷീൻ, വെൻ ദ് വേൾഡ് സ്ക്രീംഡ് എന്നീ കഥകളിൽ ചലഞ്ചർ ഒരു സാധാരണക്കാരന്റെ തഴക്കങ്ങളാണ് കാട്ടുന്നത്. പ്രഫസറുടെ അചഞ്ചലമായ ആത്മവിശ്വാസവും കാര്യപ്രാപ്‌തിയും അയാൾക്ക് ഒരു അഹംഭാവിയുടെ മുഖമാണ് പൊതുവേ നൽകുകയെങ്കിലും തന്റെ ഭാര്യയോടുള്ള സ്നേഹത്തിലൂടെ, തന്റെ കൂട്ടാളികളോടുള്ള താൽപര്യത്തിലൂടെ, ആത്യന്തികമായി സഹാനുഭൂതിയുള്ള കഥാപാത്രമായി അയാൾ ഉയർന്നുവരുന്നു. സ്വന്തം നിലപാടുകളിൽ പൂർണ വിശ്വാസമുള്ള ചലഞ്ചർ, കോനൻ ഡോയലിന്റെ തന്നെ ഒരു മറുപതിപ്പാണ്. സയൻസ്, യാത്ര, നർമം എന്നിവയിൽ രചയിതാവിനുള്ള അഭിനിവേശം പ്രകടിപ്പിക്കാൻ സൃഷ്ടിക്കപ്പെട്ട കഥാപാത്രമായി പലപ്പോഴും വായനക്കാർക്ക് ചലഞ്ചറെ അനുഭവപ്പെടുന്നു. മാനസിക, ആത്മീയ വിഷയങ്ങളിൽ ഡോയലിന് ഉണ്ടായിരുന്ന താല്‍പര്യവും ദ് ലാൻഡ് ഓഫ് മിസ്റ്റ് എന്ന നോവലിൽ കാണാം.  ‘‘തന്റെ നർമബോധത്തെ ആകർഷിച്ച പ്രഫസർ ചലഞ്ചറിൽ എന്റെ പിതാവ് സന്തോഷിച്ചിരുന്നു. അദ്ദേഹം ആ കഥകൾ എഴുതിയ ഉടൻ, ഞങ്ങൾക്കായി അത് ഉച്ചത്തിൽ വായിച്ചു’’– ഡോയലിന്റെ മകൾ ഓർക്കുന്നു.

 

arthur-conan1
ആർതർ കോനൻ ഡോയൽ.Image Credit: twitter/conandoylees

മറക്കാനാവാത്ത മറ്റൊരു കഥാപാത്രമാണ് ബ്രിഗേഡിയർ ജെറാർഡ്. ആർതർ കോനൻ ഡോയലിന്റെ 17 ചരിത്ര ചെറുകഥകളിലെയും ഒരു നാടകത്തിലെയും ഒരു നോവലിലെയും നായകനാണ് എറ്റിയെൻ ജെറാർഡ്. നെപ്പോളിയന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഇയാൾ ഒരു മികച്ച സൈനികനാണ്. സ്വന്തം കഴിവുകളിൽ തികഞ്ഞ ആത്മവിശ്വാസമുള്ള, പ്രഗത്ഭനായ കുതിരപ്പടയാളി. താൻ ഏറ്റവും ധീരനായ കാമുകനുമാണെന്ന് ജെറാർഡിനറിയാം. മാന്യതയിലും മഹത്വത്തിലും അഭിനിവേശമുള്ള ഇയാൾ പല അവസരങ്ങളിലും ശ്രദ്ധേയമായ ധീരത പ്രകടിപ്പിക്കാറുണ്ട്. വിരമിച്ചശേഷം പാരിസിലിരുന്ന് ഒരു വൃദ്ധന്റെ വീക്ഷണകോണിലാണ് ജെറാർഡ് കഥകൾ പറയുന്നത്. ചരിത്രപരവും നർമപരവുമായ കഥകളുടെ മിശ്രിതമാണ് അവ. നമ്മുടെ മനസ്സിന്റെ ക്രൂരമായ യാഥാർഥ്യത്തെ ഹാസ്യവും ദുരന്തവും വിരോധാഭാസവും ചേർത്ത് അവതരിപ്പിക്കുമ്പോഴും ബ്രിഗേഡിയർ ജെറാർഡ് ആവേശഭരിതമായ ദേശീയതയും പ്രണയവും ഉണർത്തുന്നുണ്ട്.

 

ആക്‌ഷനും തമാശയും തുല്യ അളവിൽ അവതരിപ്പിക്കുന്ന ദി അഡ്വഞ്ചേഴ്സ് ഓഫ് ജെറാർഡ്, അങ്കിൾ ബെർനാക്ക് എന്നീ കൃതികളിലൊക്കെ ആത്മസംതൃപ്തിയുള്ള ഒരാളാണ് ജെറാർഡ്. ചിലപ്പോഴൊക്കെ അയാള്‍ വ‍ളരെ ഏകാന്തനായ ഒരു മനുഷ്യനാണ്. കോഫി ഷോപ്പിൽ ഇരുന്ന്, കേൾക്കുന്ന ആരോടും തന്റെ കഥകൾ പറയുന്ന ഒരു രസികൻ. ഹോംസിന്റെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ നിമിഷങ്ങൾ തള്ളിനീക്കുന്ന വ്യക്തി. ഡോയൽ എന്ന എഴുത്തുകാരന്റെ മനോഹരസൃഷ്ടികളിലൊന്നാണ് ഈ സാഹസികനെന്നത് സംശയമില്ല.

 

ഡോയലിന്റെ ടൈൽസ് ഓഫ് ദ് ഹൈ സീസ്, ദ് ബ്ലൈറ്റിങ് ഓഫ് ഷാർക്കി ഉൾപ്പെടെ 4 ചെറുകഥകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് 

പൈറേറ്റ് ക്യാപ്റ്റൻ ജോൺ ഷാർക്കി. വൃത്തിയായി ഷേവ് ചെയ്ത മുഖം, ഉയർന്ന നെറ്റി, നീളമുള്ള മെലിഞ്ഞ മൂക്ക്, നീലക്കണ്ണുകൾ. കടൽക്കൊള്ളക്കാരനായ ക്യാപ്റ്റൻ ജോൺ ഷാർക്കി, കരീബിയൻ കടലിലെ ഹാപ്പി ഡെലിവറി എന്ന കപ്പലിന്റെ ക്യാപ്റ്റനായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രക്തദാഹികളായ അയാളും സംഘവും ഡസൻ കണക്കിന് കപ്പലുകൾ കൊള്ളയടിച്ചു. ശക്തനായ അയാളെ ആളുകൾ ഭയത്തോടും വെറുപ്പോടും കൂടി മാത്രം കണ്ടു. പ്രശസ്തനും ക്രൂരനുമായ കടൽക്കൊള്ളക്കാരൻ എന്ന നിലയിൽ ഡോയലിന്റെ ഏറ്റവും വ്യതിരിക്തമായ കഥാപാത്രമായി മാറി ഷാർക്കി.

 

തന്റെ സാന്നിധ്യം കൊണ്ട് ഭയം ഉണർത്താൻ ഷാർക്കിക്ക് അസാധാരണമായ കഴിവുണ്ട്. ആളുകളെ ദുരുപയോഗം ചെയ്യുന്നതിലും വധിക്കുന്നതിലും യാതൊരു മടിയുമില്ലാത്ത, മിക്ക നാവികരിൽനിന്നും വ്യത്യസ്തനായ അയാൾ, എല്ലായ്പ്പോഴും കനത്ത നീളമുള്ള കോട്ട് ധരിച്ചാണ് കാണപ്പെടുന്നത്. ശത്രുക്കൾക്കു നേരെ ധൈര്യത്തോടെ ‘‘എന്നെ മുക്കിക്കളയൂ!’’ എന്ന് വെല്ലുവിളിക്കുന്ന അയാൾ യഥാർഥത്തിൽ ഗഹനസ്വഭാവമുള്ള, എന്നാൽ അധികമാരും അറിപ്പെടാതെ പോയ കഥാപാത്രമാണ്. ഹോംസെന്ന ചിട്ട നിറഞ്ഞ സൃഷ്ടിയുടെ ഉടമ തന്നെയാണ്, കടൽക്കാറ്റു പോലെ തുറന്നടിക്കുന്ന ഈ മനുഷ്യനെയും എഴുതിയിട്ടതെന്നത് ആശ്ചര്യമുണ്ടാക്കുന്നു.

 

ഡോയൽ ഒരു മികച്ച എഴുത്തുകാരനായിരുന്നു. ഡിക്റ്റക്ടീവ് കഥകൾ മാത്രമല്ല, ഹോംസ് മാത്രമല്ല, ഡോയൽ. തന്റെ പരിധിയില്ലാത്ത രചനാപാടവത്തെ മറന്നുകളഞ്ഞ ലോകത്തേക്കു നോക്കി, തന്നെ കൂടുതൽ വായിക്കൂ എന്ന് ആവശ്യപ്പെടേണ്ടി വന്ന  പ്രതിഭയാണ്. മികവുറ്റതെന്ന് തനിക്ക് ഉറപ്പുള്ള പലതും ആരാലും വായിക്കപ്പെടാതെ പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന കഥാകാരൻ. ഹോംസിനെ സ്നേഹിക്കുമ്പോൾ നിങ്ങൾ ഡോയലിനെ മറന്നുപോയല്ലോ എന്നു വിലപിക്കേണ്ടി വന്ന അതികായനായ സ്രഷ്ടാവ്.

Content Summary: Literary works of Arthur Conan Doyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com