ADVERTISEMENT

ഒന്നുമേ സംഭവിക്കില്ല എന്നു തോന്നിയ ഒരു വൈകുന്നേരം ഇടിച്ചുകുത്തി പെയ്യുന്ന മഴയിലേക്ക് ഇറങ്ങേണ്ടി വന്ന ഒരുവന്റെ അവസ്ഥയാണ് പത്മരാജനിലേക്ക് എത്തിപ്പെട്ട ഒരാളുടേത്. ഓരോ വാക്കും ഓരോ മഴത്തുള്ളിയായി മാറി, ഉള്ളിലേക്ക് തുളഞ്ഞു കയറുന്നു. ആ നിറപ്പെയ്ത്തിന്റെ ഭാഗമായി മാത്രമേ ഇനിയൊരു മുന്നോട്ടു പോക്കുള്ളൂ.

കഥകളിൽ കാണുന്ന പത്മരാജൻ, സിനിമയിൽ കാണുന്ന പത്മരാജനിൽനിന്നു വ്യത്യസ്തനല്ല. സാധാരണമെന്ന് തോന്നുന്നവയില്‍നിന്ന് ഭ്രമാത്മകമായ ഒരു ലോകം പകർന്നു നൽകുന്നൊരാൾ. ഋതുഭേദങ്ങളുടെ മായക്കാഴ്ച കൊണ്ട് തീവ്രപ്രണയവും മരണഗന്ധവും ജീവിതത്തുടർച്ചകളും എഴുതിയിട്ട കഥാകാരന്റെ ഓർമകൾ വായനക്കാരുടെ ഉള്ളിൽനിന്നു മായില്ല. ഒരിക്കലറിഞ്ഞാൽ പിന്നെ മോചനമില്ലാത്ത ഒരു ലഹരിയായി പത്മരാജൻ തുടരുന്നു.

padmarajan-lola

അമൃതേത്ത്, പ്രഹേളിക, കഴിഞ്ഞ വസന്തകാലത്തിൽ, വെളിപാടുകൊണ്ടവർ, സ്വയം എന്നിങ്ങനെ കഥകളുടെ മായാപ്രപഞ്ചം തീർത്ത പത്മരാജൻ പലപ്പോഴും ഓർക്കപ്പെടുന്നത് ലോല, അപരൻ, തകര തുടങ്ങിയ കഥകളുടെ പേരിലാണ്. ഇനിയൊരു കണ്ടുമുട്ടൽ ഇല്ലാതെ പോയ ലോലയെപ്പോലെ തന്നെ വായിക്കപ്പെടേണ്ടതാണ് മൂവന്തിയിലെ പെൺകുട്ടിയും. പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ എഴുതിയിട്ട അതേ വിരലുകൾ പ്രാണഭയത്തിന്റെ ആഴങ്ങള്‍ പതിഞ്ഞ കബറ്, മഴ, മൃതി, കുഞ്ഞ്, അസ്ഥി–മജ്ജ–മാംസം, കബന്ധഗതി എന്നീ കഥകളുമെഴുതി. 

padmarajan
പത്മരാജൻ

എഴുതുവാൻ ഇനിയും എന്തോക്കെയോ ബാക്കി വച്ചു പോയ കഥയുടെ ഗന്ധർവൻ സാഹിത്യലോകത്തും തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. നിസ്സാരമെന്നു തോന്നുന്ന പലതിനെയും മനസ്സിൽ നട്ടു വയ്ക്കുവാൻ സാധിക്കുന്ന ഒരാളാണ് പത്മരാജൻ. നീറ്റുന്ന മുറിവും തീരാത്ത പ്രണയവും ജീവിതത്തിന്റെ ഭ്രാന്താണ് അദ്ദേഹത്തിന്. ദയ (അവളുടെ കഥ), ഒരു ദുഃഖിതന്റെ ദിനങ്ങള്‍ എന്നീ കഥകൾ തേടലുകളാണ്. സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും മണ്ണിൽ സ്വത്വം അന്വേഷിക്കുന്ന മനുഷ്യരാണ് പത്മരാജന്റെ കഥാപാത്രങ്ങള്‍. 

മരണത്തിന്റെ നിശബ്ദഭാഷ പോലെ തന്നെ പ്രകൃതിയുടെ രഹസ്യഭാവവും പത്മരാജനിൽ പ്രകടമാണ്. ചൂടിന്റെയും ആവിയുടെയും പാളികൾ വലിച്ചൂരുന്ന വേനൽമഴ പെയ്ത രാത്രി, തകർന്നിടിഞ്ഞ ഒരുവന്റെ മനസ്സു പോലെ മൂടിക്കെട്ടിയ ആകാശം, സൂര്യസ്പർശമുള്ള പകലുകൾ; ഇങ്ങനെ പോകുന്നു പല വർണനകളും. ഓരോ ഭാഗവും വായിക്കുകയല്ല, അനുഭവിക്കുകയാണെന്ന് തോന്നും. വായനയുടെ അദൃശ്യലോകത്തിലിരുന്നു കൊണ്ട് ഇന്നേവരെ പെയ്തിട്ടില്ലാത്ത മഴയുടെ ശബ്ദം കേൾക്കാം, കണ്ടിട്ടില്ലാത്ത വഴികളിലൂടെ നടക്കാം. 

padmarajan-books

പത്മരാജൻ സിനിമ ഇഷ്ട്ടപ്പെടുന്ന ഏതൊരാളും പത്മരാജൻ സാഹിത്യവും വായിച്ചിരിക്കണം. നക്ഷത്രങ്ങളേ കാവൽ, മഞ്ഞുകാലം നോറ്റ കുതിര, വാടകയ്ക്ക് ഒരു ഹൃദയം ഉൾപ്പെടെയുള്ള നോവലുകളും ജലജ്വാല, നന്മകളുടെ സൂര്യൻ ഉൾപ്പെടെയുള്ള നോവെല്ലകളും അദ്ദേഹത്തിന്റെ രചനാപാടവത്തിന്റെ ഉദാഹരണങ്ങളാണ്. സ്നേഹിച്ചും ജീവിച്ചും മതിയാകാതെ, രാത്രിയുടെ പതിനേഴാം കാറ്റുവീശാൻ തുടങ്ങിയപ്പോൾ ഭൂമിയെ വിട്ടുപിരിയേണ്ടി വന്ന ഗന്ധർവൻ സമസ്തമനുഷ്യർക്കും വേണ്ടി ബാക്കിയാക്കി പോയ വായനാലോകമാണത്; പെയ്യുവാന്‍ കാത്തിരിക്കുന്ന നൂറുനൂറു മഴത്തുള്ളികൾ പോലെ.

Content Summary : P. Padmarajan and His Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com