ADVERTISEMENT

കത്തിയെരിയുന്ന ഭൂമിയെ മഴ നനയ്ക്കുമ്പോൾ, വാടിയ ഗുൽമോഹർ പുഷ്പങ്ങളുടെ ഗന്ധമുള്ള മണ്ണിൽ അപാരമായ ഏകാന്തതയ്ക്കൊപ്പം മാധവിക്കുട്ടിയുണ്ട്. പാളയം മസ്ജിദിന്റെ തിരക്കെഴിഞ്ഞ മൂലയില്‍ പശിമയുള്ള മണ്ണിന്റെ മണമേറ്റ്, ഊർന്നിറങ്ങുന്ന മഴവെള്ളത്തിന്റെ പരിശുദ്ധിയിൽ ആമി കിടക്കുവാൻ തുടങ്ങിട്ട് വര്‍ഷം പതിനാലായിരിക്കുന്നു.

 

എന്താണ് നിങ്ങൾക്കു മാധവിക്കുട്ടി എന്ന ചോദ്യം ശ്വാസംമുട്ടിക്കുന്ന ഒന്നാണ്. അക്ഷരത്തിന്റെ വഴികളിൽ അവരെ കണ്ടുമുട്ടിയ ആർക്കും ഇന്നേവരെ അതിന് പൂർണമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവില്ല. ഒരേസമയം കാമുകിയായും കൂട്ടുകാരിയായും അമ്മയായും അമ്മൂമ്മയായും സ്നേഹമായും ഭ്രാന്തായും മാറുന്നവൾ. സൗന്ദര്യവും സ്നേഹവും സിദ്ധിയും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന അപൂർവത. 

kamala
മാധവിക്കുട്ടി

 

ആശങ്കയോടെയും കൗതുകത്തോടെയും മാധവിക്കുട്ടിയെ സമീപിക്കുന്ന പലരും എത്തിപ്പെടുന്നത് സ്നേഹത്തിന്റെ ഒരു മായാലോകത്താണ്. മോചനമില്ലാത്ത നിത്യയൗവനം പോലെ ആ ലോകം വായനക്കാരുടെയുള്ളിൽ തുടരും. എ‌ങ്ങനെ സ്നേഹിക്കപ്പെടണമെന്ന ചോദ്യത്തിന്, മാധവിക്കുട്ടി ആഗ്രഹിച്ച പോലെ എന്നേ ചുരുക്കിപ്പറയാനാകൂ. അതിൽ എല്ലാമുണ്ട്. ഏതു ബന്ധത്തിനെയും ഏതു വികാരത്തിനെയും അസാധ്യ മികവോടെ എഴുതിയവളാണ് ആമി. തണുത്ത വിരൽത്തുമ്പുകൾക്കപ്പുറം സ്നേഹത്തിന്റെ കനൽക്കട്ടയിലേക്ക് ലാഘവത്തോടെ തൊടുവാൻ മടിയില്ലാതിരുന്നവൾ. 

 

"നിന്റെ ഉളളു ചികഞ്ഞ് നിന്റെ രഹസ്യങ്ങളെ 

അന്വേഷിച്ച് കണ്ടെത്തുന്നതു കൊണ്ടാണോ

നിന്റെ കണ്ണിൽ ഞാനൊരു ദുഷ്ടജീവിയായത്?

നീ... ആരാണെന്ന് എനിക്കറിയാം.

എനിക്കറിയാമെന്ന് നിനക്കറിയാം..

Madhavikutty-books

എനിക്കറിയാമെന്ന് നിനക്കറിയാമെന്ന്

എനിക്കറിയാം.."

 

തീവ്രമായി സ്നേഹിക്കപ്പെടണമെന്ന മോഹത്തോടു കൂടി മാത്രമേ മാധവിക്കുട്ടിയെ നിങ്ങൾക്കു വായിച്ച് അവസാനിപ്പിക്കാനാകൂ. കഥയായും കവിതയായും ഓർമക്കുറിപ്പുകളായും അവർ എഴുതിച്ചേർത്തത്, ചെറുതല്ലാത്ത ഒരു വായനപ്രപഞ്ചമാണ്. സമസ്ത സീമകളെയും തകർത്തുകൊണ്ട് എഴുതപ്പെട്ട ഓരോ വരിയും ഭ്രമാത്മകമായ ആനന്ദം നൽകുന്നവയാണ്. നെയ്പായസത്തിന്റെ മണവും രുചിയും കണ്ണീരും പേറുന്ന വാചകങ്ങൾക്കിടയിൽ വെളിപാടുകളെ ഒളിപ്പിച്ചു വച്ച എഴുത്തുകാരി, ഹൃദയത്തെ ഒരു ആട്ടുകട്ടിലാക്കി മാറ്റുന്നു. എന്റെ കഥ, നഷ്ടപ്പെട്ട നീലാംബരി, നീര്‍മാതളം പൂത്തകാലം, കടല്‍മയൂരം, പക്ഷിയുടെ മണം, ചന്ദനമരങ്ങള്‍, വണ്ടിക്കാളകള്‍, ഒറ്റയടിപ്പാത, തണുപ്പ്, മനോമി, ഭയം എന്റെ നിശാവസ്ത്രം, എന്റെ സ്‌നേഹിത അരുണ, മാനസി, ബാല്യകാല സ്മരണകള്‍, അമ്മ, ചുവന്ന പാവാട, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡയറിക്കുറിപ്പുകള്‍ എന്നീ രചനകളിലെല്ലാം, വെന്തെരിയുന്ന ആത്മാവിന്റെ ആന്തരിക വ്യഥ പ്രകടമാണ്.

 

കെട്ടിയിട്ട മുടി താനേ അഴിഞ്ഞു വീണപോലെ ഒരു മേയ്മാസരാത്രി അവർ ഈ ലോകത്തെ വിട്ടു പോയപ്പോൾ, പുസ്തകപ്രേമികൾക്കു നഷ്ടമായത് ഗദ്യത്തിലും പദ്യത്തിലും തന്റെതായ രാഗം കണ്ടെത്തിയ ഒരു മികച്ച രചയിതാവിനെയാണ്. നാലു മിനുത്ത ഇതളുകളും നടുക്ക് ഒരു തൊങ്ങലും മാത്രമുള്ള നീര്‍മാതളപ്പൂവുകൾ പൂക്കുന്ന, ചേറു മണക്കുന്ന മുറ്റമുള്ള വീടിനെക്കുറിച്ച് ആമി പറയുന്ന ‘‘അമ്മ നഷ്ടപ്പെട്ട ഒരു ശിശു മുലപ്പാലിന്റെ സ്വാദ് ഓർക്കുന്നതു പോലെയാകാം ഞാൻ ഇടയ്ക്കിടെ നാലപ്പാട് തറവാടിനെ ഓർത്തു പോകുന്നത്’’ എന്ന ഒറ്റവാചകം മതി അവരെ മനസ്സിലാക്കാൻ. ഉള്ളു തുറന്ന് അന്യോന്യം സംസാരിക്കാത്ത മനുഷ്യരുള്ള, മരവിച്ച അന്തരീക്ഷമുള്ള ആ വീട്ടിൽ വേനലൊഴിവിൽ അമ്മാവന്റെ പുസ്തകശേഖരം വായിക്കുവാൻ ശ്രമിച്ച പെൺകുട്ടി, താൻ അറിയാതെ പോയ ആനന്ദത്തിന്റെയും സാഫല്യത്തിന്റെയും ഋതുകാലം മറ്റുള്ളവർക്കായി എഴുതിയിട്ടു.

 

ജീവിക്കുന്നവരുടെയും ജീവിച്ചവരുടെയും കഥ മാത്രമല്ല, അവർ എഴുതിയിട്ട ജനിക്കാത്തതും ജീവിക്കാത്തതും മരിക്കാത്തതുമായ വിവിധ ജന്മങ്ങളിലൂടെ ഒന്നിച്ചു പോകാൻ വിധിക്കപ്പെട്ട വായനക്കാരുടെ മനസ്സിൽ, സ്നേഹത്തിന്റെ വസന്തമായി ജീവിക്കുകയാണ് മാധവിക്കുട്ടി. ഉൾക്കാഴ്ച നിറഞ്ഞ രചനാലോകം കൊണ്ട് സമസ്ത ഹൃദയങ്ങളെയും ആശ്ലേഷിക്കുന്ന കഥാകാരി, തന്റെയുള്ളിൽ അന്തർലീനമായ പൂർണതയെ കഥകളിലൂടെ കാട്ടി തന്നു. ഒരേസമയം നിർമലവും ക്രൂരവുമായ ബന്ധങ്ങളെക്കുറിച്ച് തുറന്നെഴുതി. 

 

Madhavikkutty-inside
മാധവിക്കുട്ടി

"എനിക്ക് സ്നേഹം വേണം

അത് പ്രകടമായിത്തന്നെ കിട്ടണം.

ഉള്ളിൽ സ്നേഹമുണ്ട്,

പക്ഷേ പ്രകടിപ്പിക്കാനാവില്ല

എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല...

ശവകുടീരത്തിൽ വന്നു പൂവിട്ടാൽ

ഞാൻ അറിയുമോ.?"

 

നര വീണ ഓരോ തലമുടി പോലും അഴകിന്റെ പുതിയ അർഥങ്ങൾ പകർന്നു നൽകുന്നു. ഉഷ്ണ ഗന്ധമുള്ള ഇടനാഴികളിലൂടെ മലയാള കവിത മാധവിക്കുട്ടിയുടെ കൈപിടിച്ചു നടന്നു. ‘ഓരോ കവിതയും സ്നേഹസമൃദ്ധമായ ഒരു ഗാഢശ്ലേഷമായി വായനക്കാരന് അനുഭവപ്പെടണം. സാഹിത്യത്തിന്റെ ഞരമ്പുകളിൽ ഒഴുകുന്നത് സ്നേഹകാരണത്തിന്റെ രക്തമാണ്.’ പ്രകൃതി സൂക്ഷിക്കാൻ ഏൽപിച്ച കവിത എന്ന സിദ്ധിയെ തിരികെ നൽകിയുള്ള മടക്കയാത്രയിൽ പോലും, നേർത്ത കാറ്റിൽ ഞെട്ടറ്റു നിലം പതിച്ച പൂവിനെപ്പോലെയായിരുന്നു ആമി. വേർതിരിച്ചെടുക്കാൻ ആവാത്തവിധം സ്നേഹം വന്ന വാക്കിൽ അവർ അലിഞ്ഞു ചേർന്നിരിക്കുന്നു.

 

മരണപ്പെട്ടു പോയി എന്നു വിശ്വസിക്കാനാവാതെ, സ്നേഹ പര്യവേക്ഷണം ഭ്രാന്തായി മാറിയവളെ തേടിക്കൊണ്ടേയിരിക്കുകയാണ് വായനാലോകം. ആർക്കും കയറിച്ചെല്ലാവുന്ന സ്നേഹത്തിന്റെ വസതിയാണ് മാധവിക്കുട്ടിയുടെ കൃതികൾ. ഹൃദയത്തിൽ ചലനം സൃഷ്ടിക്കുന്ന, വായിച്ചാലും വായിച്ചാലും തീരാത്ത വിധത്തിൽ തീവ്രാനുരാഗമായി മാറുന്ന വരികളിലൂടെ ഓരോ നിമിഷവും പുനർജനിക്കുന്ന സാഹിത്യപ്രതിഭ. വായനയുടെ നിർവൃതിയിൽ ‘വീണ്ടും ഒരു ജന്മം കിട്ടുമെങ്കിൽ എല്ലാ രാത്രിയും നക്ഷത്രങ്ങൾക്കിടയിൽ മാത്രം ഉറങ്ങുവാനും മാൻപേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന തോട്ടത്തിൽ താമസിക്കുവാനും’ ആഗ്രഹിച്ച രാജകുമാരി ഒരു കഥ കൂടി പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിക്കുവാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ..!

Content Summary: Remembering Madhavikutty and her Literary Works on her Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com