ADVERTISEMENT

‘അവൾ എഴുതിയിരിക്കുന്നു; വരുന്ന വ്യാഴാഴ്‌ചയാണ് പിറന്നാള്. രാവിലെ കുളിച്ചിട്ടേ വല്ലതും കഴിക്കാവൂ. വ്യാഴാഴ്‌ച പിറന്നാള് വരുന്നത് നല്ലതാണ്. ഞാൻ ശിവന്റമ്പലത്തില് ധാരയും പണപ്പായസവും കഴിക്കുന്നുണ്ട്.’ (ഒരു പിറന്നാളിന്റെ ഓർമ-എം.ടി. വാസുദേവൻനായർ)

മാലയം, താജ്‌മഹൽ, ഗംഗ, യമുന ഇതൊക്കെ നമുക്ക് രണ്ടെണ്ണം വീതമില്ല. അതുപോലെ എം.ടി. വാസുദേവൻനായരും ഒന്നേയുള്ളൂ. 1933 ജൂലൈ 15ന് കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് എംടി ജനിച്ചത്. മകന്റെ പിറന്നാളിന് പായസത്തിന് കുറച്ചരി അധികം ചോദിച്ചതിന് അമ്മാവന്റെ തല്ലുകൊണ്ട് അമ്മ വീണ ദിവസം എംടി ഒരു പിറന്നാളിന്റെ ഓർമ എന്ന കഥയിലെഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പിറന്നാളിന് എത്രതരം പായസം വിളമ്പി നാം എംടിയെ ഊട്ടിയാലും ഊണുപോലും കഴിക്കാതിരുന്ന ആ ഒരു പിറന്നാളിന്റെ ഓർമയേ വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കൂ. അങ്ങനെയാണ് എംടി എഴുത്തുകൊണ്ട് സകലതിനെയും ജയിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വീരഗാഥയാണ്.

കോഴിക്കോട്ടെ കൊട്ടാരംറോഡ് എന്ന പേര് എങ്ങനെ വന്നതാണെങ്കിലും ശരി എഴുത്തിന്റെ ചക്രവർത്തി അവിടെയാണ് താമസം. എംടിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സ്വന്തം കഥകളിലൊന്നായ ‘വിൽപ്പനയിൽ’ മിസ്സിസ്സ് പരേഖിന്റെ മകളുടെ മുറിയിൽ മകൾതന്നെ വച്ചിരുന്ന ഒരു ബോർഡിനെക്കുറിച്ച് പറയുന്നുണ്ട്. ‘ഒരു ജീനിയസ് പ്രവർത്തിക്കുന്നു. നിശ്ശബ്‌ദത പാലിക്കുക’ എന്നാണ് ആ ബോർഡ്. കൊട്ടാരംറോഡിലൂടെ പോകുന്നവരിൽ സാഹിത്യവുമായി എന്തെങ്കിലും ബന്ധമുള്ളവർ വിചാരിക്കുന്നതും ഇതു തന്നെയാകും - ഒരു ജീനിയസ് പ്രവർത്തിക്കുന്നു. നിശ്ശബ്‌ദത പാലിക്കുക!

കുട്ടിക്കാലത്ത് വളരെ ഇഷ്‌ടപ്പെട്ട ചിലരെ കൂട്ടുകാരായി കിട്ടുമ്പോൾ നാം അവരുടെ അച്‌ഛനമ്മമാരോട് ചോദിക്കാറുണ്ട്, രണ്ടുദിവസം അവരെ ഞങ്ങളുടെ വീട്ടിൽ നിർത്തിക്കോട്ടെ എന്ന്. മഞ്ഞിലെ വിമലയെ പരിചയപ്പെട്ടപ്പോഴും കാലത്തിലെ സുമിത്രയെ കണ്ടുമുട്ടിയപ്പോഴും നാലുകെട്ടിലെ അപ്പുണ്ണിയെ കണ്ടപ്പോഴും നാം ഇത് എംടിയോടും ചോദിച്ചു. നിർത്തിക്കോളൂ എന്നല്ല, ഇവരെയൊക്കെ ഞാൻ നിങ്ങൾക്കു വേണ്ടിത്തന്നെയാണ് കൊണ്ടുവന്നത് എന്നാണ് എംടി തിരിച്ചുപറഞ്ഞത്. അന്നുമുതൽ വിമലയും അപ്പുണ്ണിയുമൊക്കെ നമ്മോടൊപ്പം ഉണ്ട്. വരും, വരാതിരിക്കില്ല എന്നു പറയുമ്പോഴൊക്കെ നാം ഇപ്പോഴും അറിയാതെ വിമലയുടെ വിരലിൽ പിടിക്കും. 

നിളയിൽനിന്ന് ഒരു കൈക്കുമ്പിൾ വെള്ളം കോരിയെടുക്കുന്നയാൾ നിളയെ ചുരുക്കിയെടുക്കുകയാണ്. എം.ടി. വാസുദേവൻനായരെ മലയാളി ഇന്ന് നിളയിലെ ഒരു കുമ്പിൾവെള്ളമെന്ന പോലെ എംടി എന്ന രണ്ടക്ഷരങ്ങളിൽ ചുരുക്കിയെടുക്കുന്നു. 

∙ എംടി എന്ന് ആദ്യമായി എവിടെയാണ് ചുരുക്കി പതിഞ്ഞത്?

കുമരനല്ലൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ ജ്യേഷ്‌ഠന്മാരായ എം.ടി. ഗോവിന്ദൻനായരെയും എം.ടി. ബാലകൃഷ്‌ണൻനായരെയും പൊതുവേ എംടി എന്നാണത്രേ വിളിച്ചിരുന്നത്. വല്യേട്ടന്റെകൂടെ പഠിച്ച മുതിർന്ന അഭിഭാഷകനായിരുന്ന പി.എം. പത്മനാഭൻ എംടി എന്നു പറയുന്നത് വല്യേട്ടനെയാണ്. കോളജിൽ പഠിക്കുമ്പോൾ അധ്യാപകരും കൂടെ പഠിച്ചവരുമൊക്കെ വാസുദേവൻ എന്നു വിളിച്ചു. ഹോസ്‌റ്റലിൽ നിന്നു പഠിക്കുമ്പോൾ അവിടെ മൂന്നു വാസുദേവന്മാർ ഉണ്ടായിരുന്നു. വേർതിരിച്ചറിയാൻ കുറച്ചുപേർ അവിടെ എന്നെ എംടി എന്നു വിളിച്ചിട്ടുണ്ട്. വല്യേട്ടനെ അറിയുന്നവർ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്, എംടിയുടെ വിവരം എന്തുണ്ട് എന്ന്. 

∙ ഒരു പിറന്നാളിന്റെ ഓർമ എന്ന കഥ കുട്ടിക്കാലത്തെ നൊമ്പരപ്പെടുത്തുന്ന ഒരു പിറന്നാളിനെക്കുറിച്ചാണല്ലോ?

കർക്കടകത്തിൽ ജനിച്ചതിന്റെ പ്രാരാബ്‌ധം എന്റെ പിറന്നാളിന് ഉണ്ടായിട്ടുണ്ട്. എനിക്കങ്ങനെ വലിയ പിറന്നാൾ ആഘോഷങ്ങളില്ല. മകൾ അശ്വതിയുടെ പിറന്നാൾ എന്റെ പിറന്നാളിന്റെ മൂന്നാംദിവസമാണ്. അശ്വതി നാളിൽ. അതുകൊണ്ട്  ഇതിൽ ഏതെങ്കിലുമൊന്ന് ആഘോഷിക്കും. മിക്കവാറും മകളുടെ പിറന്നാളാവും ആഘോഷിക്കുക. വീട്ടിൽ അന്ന് ഭഗവതിസേവ നടത്താറുണ്ട്. പൂജാരിമാർക്കു സൗകര്യമുള്ള ദിവസം കൂടി കണക്കിലെടുത്താവും അതു നടത്തുക.

∙ ഇപ്പോഴും കൂടല്ലൂരെത്തി മടങ്ങുമ്പോൾ ഏറ്റവുമധികം ‘മിസ്’ ആവുന്നത്?

വയലില്ല, പുഴയില്ല, കുന്നുകളില്ല. അൻപതു സെന്റ് സ്‌ഥലം വാങ്ങി ഞാൻ കൂടല്ലൂരിൽ കോട്ടേജ് ഉണ്ടാക്കി. എവിടെനിന്നു നോക്കിയാലും പുഴ കാണാവുന്ന രീതിയിലാണ് അതു നിർമിച്ചത്. പക്ഷേ, ഇപ്പോൾ പുഴ തന്നെ കാണാനില്ല. കൂട്ടക്കടവത്ത് ഇറങ്ങി നേരേപോയാൽ റോഡരികിൽ വലിയ നാലഞ്ചു മരങ്ങൾ. മരങ്ങളുടെ അരികിൽനിന്നു നോക്കിയാൽ വയലിനപ്പുറം വീട്ടിലേക്ക് പോകുന്ന പടി കാണാമായിരുന്നു. വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നതിൽവരെ ഈ വയലും പുഴയും ഒക്കെ കടന്നു വരുമായിരുന്നു. ഇപ്പോൾ കഷണം തിരിച്ച് വീടുകളായി. കോട്ടേജിൽ ഞാൻ നട്ടുപിടിപ്പിച്ച പത്തുമാവിൽ ഒൻപതെണ്ണം ഇപ്പോഴും കായ്‌ക്കുന്നുണ്ട്. അവിടെ നിന്നാൽ മുൻപിലെ പുഴയെ തൊട്ടുവരുന്ന കാറ്റേൽക്കാമായിരുന്നു. 1987ൽ ആണ് ഞാൻ ഏറ്റവും ഒടുവിൽ കൂടല്ലൂരിൽ പോയി താമസിച്ചത്. 1987വരെ ഒരാഴ്‌ചയൊക്കെ പോയി അവിടെ താമസിച്ചിട്ടുണ്ട്. പിന്നെ പോയിട്ടുണ്ടെന്നല്ലാതെ തങ്ങിയിട്ടില്ല.

∙ കണ്ണാന്തളിപ്പൂക്കളെ ഇപ്പോൾ കാണാനില്ലെന്ന് എഴുതിയല്ലോ. ഒടുവിൽ മലമക്കാവിലെ ഒരു പ്രശസ്‌ത വൈദ്യൻ രണ്ട് ശുഷ്‌കിച്ച കണ്ണാന്തളികൾ കാട്ടിത്തന്നതും. പിന്നീട് എപ്പോഴെങ്കിലും അവയെ കണ്ടിട്ടുണ്ടോ? 

ഞാനെഴുതിയ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ സ്‌കൂൾ കുട്ടികൾക്ക് പഠിക്കാനുണ്ട്. കുട്ടികൾക്കായി ചില അധ്യാപകർ ആ പൂവ് കിട്ടുമോ എന്ന് വന്നുചോദിച്ചു. എവിടെ നിന്നെങ്കിലും കിട്ടുമോ എന്നറിയാൻ ഞാൻ നാട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. വല്ല പാറയിടുക്കിലെങ്ങാനും ഒന്നോ രണ്ടോ കണ്ടാലായി. കണ്ണാന്തളി കഴിഞ്ഞാൽ പണ്ട് തുമ്പയും തെച്ചിയുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. നഗരങ്ങളിൽ ഇപ്പോഴുള്ള പൂക്കളോട് പ്രത്യേക ഇഷ്‌ടമില്ല. കണ്ണാന്തളികൾ കൂട്ടമായി പൂവിട്ടാൽ താന്നിക്കുന്നിൽ പരവതാനി വിരിച്ചതുപോലെ തോന്നുമായിരുന്നു. കുന്നിൻപുറം ഇല്ലാതായതോടെ കണ്ണാന്തളിയും പോയി.

∙ ഷെർലക്കിൽ വന്നപ്പോൾ എഴുത്തുഭാഷയും രീതികളും മാറി?

ഭാഷ പ്രമേയത്തിനനുസരിച്ച് അറിയാതെ മാറിപ്പോവും. രണ്ടാമൂഴത്തിലെത്തുമ്പോൾ ഭാഷ ആകെ മാറുകയല്ലേ. ‘കർക്കടകം’ എന്ന കഥയുടെ പ്രമേയം തനി ഗ്രാമീണമായതിനാൽ ഭാഷ അത്തരത്തിലുള്ളതായി.

∙ രണ്ടാമൂഴത്തിലെ ഭീമൻ, ഒരു വടക്കൻ വീരഗാഥയിലെ ചന്തു... വെള്ളിവെളിച്ചത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നവരോട് പൊതുവെ ഒരിഷ്‌ടക്കൂടുതൽ ഉണ്ടോ?

മഹാഭാരതയുദ്ധം നടക്കുന്നു. അപ്പോൾ ധൃതരാഷ്‌ട്രർ പറയുന്നു: ‘പടപ്പാളയത്തിൽ ഭീമനുണ്ട്. അവൻ ഉണ്ടെന്നത് ആലോചിച്ചിട്ട് എനിക്ക് ഉറക്കം വരുന്നില്ല’ എന്ന്. അപ്പോൾ എന്താവാം അവന്റെ ശക്‌തി? ആ നിലയ്‌ക്ക് ഭീമൻ നായകനാണ്. അഭിമന്യുവിന്റെ മരണം പാണ്ഡവരുടെ പാളയത്തിൽ വലിയ ദുഃഖമാണ് സൃഷ്‌ടിച്ചത്. ഭീമനും ദുഃഖം. അഭിമന്യുവും ഭീമനും തമ്മിൽ വലിയ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. ഭീമനെ അഭിമന്യുവിന് വലിയ ഇഷ്‌ടമായിരുന്നു. അഭിമന്യു ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് വല്യച്‌ഛൻ വില്ലെടുത്തില്ല എന്ന്. ഗുരുക്കന്മാർ പോലും ഗദയാണ് ഭീമനു നൽകിയത്.

അതു കഴിഞ്ഞ് പടപ്പാളയത്തിൽ വലിയദുഃഖം ഉണ്ടായത് ഘടോൽക്കചൻ മരിച്ചപ്പോഴാണ്. പടപ്പാളയത്തിൽ ആകെ ദുഃഖം. എല്ലാവരും നിലവിളിക്കുന്നു. അതുകണ്ട് ഭീമൻ നിൽക്കുന്നു. ഘടോൽക്കചൻ ചെയ്‌ത യുദ്ധംപോലെയൊന്ന് ആരും ചെയ്‌തിട്ടില്ല. ആകാശത്തും ഭൂമിയിലുമൊക്കെ വച്ച് യുദ്ധം ചെയ്‌തയാളാണ്. അവനെപ്പോലെ യുദ്ധം ചെയ്‌തവർ ആരുമില്ലെന്ന് ധർമപുത്രർ പറയുന്നു. അപ്പോഴുണ്ട് കൃഷ്‌ണൻ കയറിവരുന്നു. എല്ലാവരും ദുഃഖിച്ചിരിക്കുന്നതു കണ്ട് ‘എന്തുപറ്റി’ എന്ന് കൃഷ്‌ണന്റെ ചോദ്യം. ഘടോൽക്കചൻ മരിച്ചു എന്ന് അവിടെയുള്ളവർ പറഞ്ഞു. അപ്പോൾ ‘ആഘോഷിക്കിൻ, ആഘോഷിക്കിൻ’ എന്നാണ് കൃഷ്‌ണൻ പറയുന്നത്. ഒരച്‌ഛൻ ഇതു കേട്ടുകൊണ്ട് നിൽക്കുകയാണെന്ന് നമുക്ക് വിശ്വസിക്കാൻ വയ്യ. നമ്മളൊക്കെ ചിന്തിക്കും ‘ഏയ് കൃഷ്‌ണൻ അങ്ങനെയൊക്കെ പറയുമോ’ എന്ന്. ഒരിക്കൽ എന്നോട് ഒരു ഉത്തരേന്ത്യക്കാരനും ഇതുതന്നെ ചോദിച്ചു.

ഭീമനില്ലെങ്കിൽ മഹാഭാരതയുദ്ധം ജയിക്കില്ല. ക്ഷത്രിയനീതി പ്രകാരം ശത്രുവിനെ ആരു കൊന്നുവോ അയാൾ രാജാവാകണം. ധർമപുത്രർ ഭീമനോടു പറഞ്ഞതാണ് ‘നീ രാജാവാകണം’ എന്ന്. പക്ഷേ, അടുത്ത അധ്യായത്തിൽ നാം കാണുന്നത് ധർമപുത്രരുടെ കിരീടധാരണമാണ്. അതിനിടയിൽ എന്തോ സംഭവിച്ചു. അമ്മ വന്നു പലതും പറഞ്ഞിട്ടുണ്ടാവാം. അല്ലെങ്കിൽ ദ്രൗപതി വന്നു വല്ലതും പറഞ്ഞുകൊടുത്തിട്ടുണ്ടാവാം.

പിന്നെ ചന്തുവിന്റെ കാര്യം. ഇതൊന്നും ഞാൻ വച്ചുകെട്ടിയതല്ല. വടക്കൻപാട്ടിൽതന്നെ ഉള്ളതാണ്. ‘ആരോമലിന് തുണപോയി അങ്കം ജയിച്ചുവന്നാൽ ഞാൻ നിനക്കു പെണ്ണായിരിക്കും’ എന്നാണ് ഉണ്ണിയാർച്ച പറഞ്ഞത്. ആ വാക്കുകേട്ടാണ് ചന്തു പോയത്. എന്നിട്ടു സംഭവിച്ചതോ?

∙ പല കഥകളിലും ആവർത്തിച്ചു വരുന്നതാണ് താലപ്പൊലിപ്പാല. അത് എങ്ങനെയുള്ളതാണ്?

മലമക്കാവ് കുന്നിന്റെ മുകളിൽ താലപ്പൊലി ഉൽസവം നടക്കുമ്പോൾ താലപ്പൊലി ചൊരിയുന്നത് ഈ പാലയുടെ ചുവട്ടിലായിരുന്നു. അതുകൊണ്ട് എല്ലാവരും അതിനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഇന്ന്  താലപ്പൊലിപ്പാലയില്ല. മലമക്കാവ് കുന്നിന്റെ താഴെയാണ് ഞാൻ പഠിച്ച സ്‌കൂൾ. ഞങ്ങൾ സ്‌കൂളിൽ പോയിരുന്നത് ആ പാല വഴിയാണ്.

∙ ഒന്നര വർഷമെടുത്തു ഷെർലക് എഴുതാൻ. ഏറ്റവും വേഗത്തിൽ എഴുതിയ കഥ ഏതാണ്?

കോഴിക്കോട്ട് ആനിഹാൾ റോഡിൽ ഒരു വീടിന്റെ മുകളിൽ ഞാൻ ഒറ്റയ്‌ക്ക് വാടകയ്‌ക്കു താമസിക്കുന്ന കാലത്താണ് ഇരുട്ടിന്റെ ആത്മാവ് എഴുതിയത്. ഒറ്റരാത്രി കൊണ്ടാണ് അതെഴുതിയത്. മിനുക്കുപണികൾ നടത്തിയതൊക്കെ പിന്നീടാണെന്നു മാത്രം. ഓപ്പോൾ, കുട്ട്യേടത്തി തുടങ്ങി ചില കഥകൾ ഒരുരാത്രി കൊണ്ടോ അല്ലെങ്കിൽ ഒരു പകലും കൂടിയെടുത്തോ എഴുതിയവയാണ്. നേരത്തേതൊട്ടേ പരിചിതവും മനസ്സിലുള്ളതുമായ പ്രമേയമാവുമ്പോൾ എഴുത്തിനു കുറച്ചു സൗകര്യമൊക്കെ കിട്ടും.

∙ കൂടല്ലൂരിലെ വീട്ടിൽനിന്നും ഇവിടേക്ക് കൊണ്ടുവന്ന സാധനങ്ങളിൽ ഏറ്റവും വിശിഷ്‌ടമായി സൂക്ഷിക്കുന്നത് എന്താണ്?

അക്കാലത്ത് എന്തെങ്കിലും കൊണ്ടുവന്നാൽ സൂക്ഷിക്കാൻ എനിക്കൊരു വീടുവേണ്ടേ? അന്ന് ഏതെങ്കിലും ഒരു മുറിയിലൊക്കെയായിരുന്നു താമസം. എനിക്കൊരു വീടായപ്പോൾ നാട്ടിൽനിന്ന് കൊണ്ടുവരാൻ ഒന്നുമുണ്ടായില്ല. അമ്മയുടെ കാൽപ്പെട്ടി എവിടെയാണെന്നു പോലും അറിയില്ല. പിന്നീട് ആകെ ഞാൻ തിരക്കിയത് തറവാട്ടിലുണ്ടായിരുന്ന പുസ്‌തകങ്ങളെക്കുറിച്ചാണ്. കുറച്ചൊക്കെ ഏട്ടന്റെ വീട്ടിലുണ്ടായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കോളർഷിപ് കിട്ടുന്നതുകൊണ്ട് പുസ്‌തകങ്ങൾ വാങ്ങിയിട്ടുണ്ട്. ഗദ്യരചനയ്‌ക്കും പ്രസംഗമൽസരത്തിനും മറ്റും സമ്മാനമായി പുസ്‌തകങ്ങൾ കിട്ടിയിട്ടുണ്ട്. ഇ. കെ. നാരായണൻപോറ്റി എഴുതിയ ഒരു പുസ്‌തകം സമ്മാനം കിട്ടിയിരുന്നു. കോളജിൽ പഠിക്കുമ്പോൾ ടോൾസ്‌റ്റോയിയുടെ ‘വാർടെയിൽസ്’ എന്ന പുസ്‌തകം സമ്മാനം കിട്ടി. അതിന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

∙ വായനക്കാരിൽനിന്നു കിട്ടിയ സ്‌നേഹത്തിൽ മലമക്കാവിൽനിന്ന് അയച്ചുതന്ന പ്രസാദം വരെയുണ്ട്...?

ഇപ്പോഴും എനിക്ക് എല്ലാമാസവും മൂന്ന് അമ്പലങ്ങളിലെയെങ്കിലും പ്രസാദം വായനക്കാർ മുടങ്ങാതെ അയച്ചുതരാറുണ്ട്. ഞാങ്ങാട്ടിരി അമ്പലത്തിലെ പ്രസാദം എല്ലാമാസവും അയച്ചുതരുന്നത് വേണു. പട്ടാമ്പിക്കടുത്ത് മുളയങ്കാവ്‌ക്ഷേത്രത്തിൽനിന്നു മോഹനൻ എന്നയാളും മുടങ്ങാതെ പ്രസാദം അയയ്‌ക്കും. പിന്നെ ഇരിട്ടി ഭാഗത്തെ ഓരോ അമ്പലത്തിൽനിന്നു മാസംതോറും കുട്ട്യപ്പനമ്പ്യാരുടെ വകയായുള്ള പ്രസാദവും എത്താറുണ്ട്.

∙ മലയാള സാഹിത്യത്തിലെ രണ്ട് പൂക്കാലങ്ങളാണ് കണ്ണാന്തളിപ്പൂക്കളുടെ കാലവും നാലപ്പാട്ടെ നീർമാതളം പൂത്ത കാലവും. മാധവിക്കുട്ടി കണ്ണാന്തളിപ്പൂക്കളെക്കുറിച്ച് താങ്കളോട് ചോദിച്ചിട്ടുണ്ടോ?

അക്കാര്യമൊന്നും സംസാരിച്ചിട്ടില്ല. പക്ഷേ, ഞങ്ങൾ ഇടയ്‌ക്ക് കാണും. ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും ചെയ്‌തിരുന്നു. എന്റെ ജ്യേഷ്‌ഠത്തി (അച്‌ഛന്റെ അനന്തരവൾ) കാർത്ത്യായനി ഓപ്പുവിന്റെ കൂടെ പഠിച്ചതാണ് അവർ. പുണെയിൽ ആശുപത്രിയിലായിരിക്കെ അവർ വാസുവിനെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു പറഞ്ഞ് കാർത്ത്യായനി ഓപ്പുവിനെ വിളിച്ചു. സത്യത്തിൽ ഞാൻ പലതവണ പുണെയിലേക്ക് വിളിച്ചിരുന്നു. ഫോൺ എടുക്കുന്ന പരിചാരക അവിടത്തുകാരിയാണ്. അവർക്ക് എത്രപറഞ്ഞിട്ടും ഞാൻ പറയുന്നത് മനസ്സിലാവാഞ്ഞതിനാൽ ഞാൻ ഫോൺ വച്ചതാണ്. പിന്നീടൊരിക്കൽ ഞാൻ വിളിച്ചപ്പോൾ സംസാരിക്കാൻ കഴിഞ്ഞു. എന്തിനാണ് എന്നെ ഇങ്ങനെ കഷ്‌ടപ്പെടുത്തുന്നത് എന്നാണ് അന്ന് പറഞ്ഞത്.

∙ എഴുത്ത് ഹോബിയാണെന്ന് ഇറ്റാലിയൻ നോവലിസ്‌റ്റ് ആൽബർട്ടോ മൊറേവിയ പറഞ്ഞതിനോട് യോജിപ്പില്ലെന്നും തനിക്ക് അത് വേദനയാണെന്നും താങ്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്?

എഴുത്ത് മനസ്സിൽ സംഘർഷമുണ്ടാക്കും. എഴുതിത്തീരുന്നതുവരെ സംഘർഷമാണ്. ആദ്യമൊക്കെ യാത്രകൾ ഹോബിയായിരുന്നു. പതിനൊന്നുമാസം ജോലി ചെയ്‌താൽ ഒരുമാസം യാത്രപോവും. അജന്തയും എല്ലോറയുമൊക്കെ അങ്ങനെ പോയി കണ്ടതാണ്. നാലുമാസം മുൻപ് ലണ്ടനിൽ പോയിരുന്നു. സിംഗപ്പൂരിൽ കപ്പലിൽ നടക്കുന്ന പുസ്‌തകമേളയിൽ പങ്കെടുത്തത് ഓർക്കുന്നു. നാലുദിവസം പുസ്‌തകമേള നടക്കുന്ന കപ്പലിൽ യാത്ര ചെയ്‌തു. കപ്പലിൽ പതിവുസഞ്ചാരികളുമൊക്കെ ഉണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ പുസ്‌തകമേളയായ ഫ്രാങ്ക്‌ഫുർട്ട് ബുക് ഫെയറിലും പങ്കെടുത്തിട്ടുണ്ട്. അത് നടക്കുന്ന കാലത്ത് ഫ്രാങ്ക്‌ഫുർട്ടിന്റെ ഇരുന്നൂറ് മൈൽ പരിധിയിലെങ്ങും ഹോട്ടലിൽ ഒരു മുറി കൂടി കിട്ടില്ല. അത്രവലിയ പുസ്‌തകമേളയാണ്. അവിടെനിന്നു നമുക്കു നേരിട്ട് പുസ്‌തകങ്ങൾ വാങ്ങിക്കൊണ്ടുപോകാനാവില്ല. അവിടെ കാണുന്ന പുസ്‌തകങ്ങൾ ബുക് ചെയ്യാം. പിന്നീട് അവരത് നമുക്ക് അയച്ചുതരും.

∙ എഴുതുമ്പോൾ കഥാപാത്രങ്ങളുടെ ഭാവം, വികാരവിക്ഷോഭം ഒക്കെ പുറത്തുകാണിക്കാറുണ്ടോ? പ്രസംഗിക്കുന്നതുപോലെ ശബ്‌ദം ഉയർത്തി സംസാരിച്ചുകൊണ്ട് എഴുതുന്നവരുണ്ട്. കേശവദേവൊക്കെ അങ്ങനെ ആയിരുന്നല്ലോ? എസ്.കെ. പൊറ്റെക്കാട് എഴുതുമ്പോൾ ഇടതുകൈ കൊണ്ട് അറിയാതെ മുടി ചുരുട്ടുമായിരുന്നു...?

എഴുതുമ്പോൾ ഞാനും പല ഗോഷ്‌ഠികളും കാണിക്കും. മകൾ ഒരിക്കൽ പറഞ്ഞു, എഴുതുമ്പോൾ ഞാൻ പിറുപിറുക്കാറുണ്ടെന്ന്. പിന്നെ എഴുത്തിനിടെ അറിയാതെ കൂടുതൽ ബീഡി വലിച്ചുപോവും. (ഇതുപറയുമ്പോഴും എംടി അറിയാതെ ഒരു ബീഡിക്ക് തീ കൊളുത്തി). എഴുതുമ്പോൾ ചിലേടത്ത് തൃപ്‌തി തോന്നിയില്ലെങ്കിൽ കടലാസ്സിന്റെ ഒരുവശത്ത് എഴുതും, ഈ വരി മാറ്റണം എന്ന്. അപ്പോൾ അതു തിരുത്താൻനിന്ന് എഴുത്തിന്റെ ഒഴുക്ക് കളയേണ്ടെന്നു കരുതിയാണു പിന്നെത്തേക്കു മാറ്റുന്നത്.

∙ ഇപ്പോഴും പേന സമ്മാനിക്കുന്നവരുണ്ടോ? 

അറുപതോളം പേനകൾ സ്വന്തമായുണ്ട്. പലരും തരുന്നതാണ്. ഗൾഫിലൊക്കെ പോവുമ്പോൾ ഇപ്പോഴും പേന കിട്ടും. ലക്ഷം രൂപ വിലയുള്ള പേനകൾ വരെ കൈയ്യിലുണ്ട്. മോബ്ലോ, ക്രോസ് തുടങ്ങിയ വിലകൂടിയ പേനകൾ സൂക്ഷിച്ചിട്ടുണ്ട്. വേറെ ആർക്കും കൊടുക്കരുതെന്നു പറഞ്ഞ് സ്‌നേഹത്തോടെ ചിലർ തരുന്ന പേനകൾ ആർക്കെങ്കിലും സമ്മാനിക്കുന്നതു ശരിയല്ലല്ലോ. എന്നെ ചികിത്സിച്ച ചില ഡോക്‌ടർമാർക്കൊക്കെ ഞാൻ പേന കൊടുത്തിട്ടുണ്ട്.

എനിക്ക് ആദ്യമായി വിലകൂടിയ ഒരു പേന തന്നത് പരമുവാണ് (ശോഭന പരമേശ്വരൻനായർ). പാർക്കർ ഗോൾഡ് പേനയായിരുന്നു അത്. ലണ്ടനിലാണെന്നു തോന്നുന്നു, പരമുവിന്റെ ഭാര്യയുടെ ഒരു ബന്ധു മെഡിസിനു പഠിച്ചിരുന്നു. അവിടെനിന്നു കൊണ്ടുവന്ന പേനയാണ്. മുറപ്പെണ്ണിന്റെ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോഴാണ് പരമു എനിക്കതു തന്നത്. ബഷീറിന് പേനകൾ വലിയ ഇഷ്‌ടമായിരുന്നു.

∙ ആരും സഹായിക്കാനില്ലെന്ന്  കരുതിയിരിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ സഹായിച്ചിട്ടുണ്ടോ? 

സഹായം വേണമെന്നു തോന്നിയ ഘട്ടത്തിൽ എനിക്കതു കിട്ടിയില്ല; ഏട്ടന്മാരും അമ്മാവന്മാരുമൊക്കെ നല്ലനിലയിലായിരുന്നിട്ടും. അമ്മാവന്റെ കത്തുകളൊക്കെ മുടങ്ങാതെ കിട്ടിയിരുന്നെന്നു മാത്രം. അവരും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാവാം എനിക്ക് ബുദ്ധിമുട്ടില്ല എന്ന്. എനിക്ക് നല്ല വേഷംപോലും കിട്ടേണ്ട കാലത്ത് കിട്ടിയില്ല. പിന്നീട് എല്ലാം കിട്ടിയപ്പോൾ ഒന്നിലും കമ്പമില്ലാതായി.

കാലത്തിന്റെ കഥാകാരൻ ഇതു പറഞ്ഞുനിർത്തിയപ്പോൾ കോട്ടയ്‌ക്കലെ പ്രകൃതി അപരാഹ്നശോഭയിൽ അലിഞ്ഞിരുന്നു.

(2013 ജൂലൈയിൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com