ക്ലാരയും രാധയും ജയകൃഷ്ണനും... പിന്നെ, പ്രിയപ്പെട്ട പപ്പേട്ടനും; തൂവാനത്തുമ്പികൾ പറന്നുയർന്ന 36 വർഷങ്ങൾ
Mail This Article
തൂവാനത്തുമ്പികളെ പത്മരാജൻ പറത്തിവിട്ടിട്ട് ഇന്നേക്ക് 36 വർഷം. കാലമെത്ര കഴിഞ്ഞിട്ടും ജയകൃഷ്ണനും, ക്ലാരയ്ക്കും, രാധയ്ക്കും ഒറ്റപ്പാലം സ്‌റ്റേഷനിൽ അവസാനം കണ്ട അതെ രൂപമാണ്. പ്രണയം വിഷയമായി മലയാള സ്ക്രീനിൽ വന്ന മനോഹര സിനിമകളിലൊന്ന്. അതുകൊണ്ടുതന്നെ ആ സിനിമയോട് മലയാളിക്ക് എന്നും പ്രണയമാണ്. പ്രണയജോഡി സങ്കൽപങ്ങളിൽ ജയകൃഷ്ണനേയും, ക്ലാരയേയും ഇത്ര ദീർഘകാലം ഏറ്റെടുത്തതുപോലെ, മലയാളി വേറെയാരെയും പ്രതിഷ്ഠിച്ചിട്ടുണ്ടാവില്ല!
പ്രണയത്തിൽ മഴ ഇഴചേരുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണെന്ന് പത്മരാജൻ തലമുറകൾക്ക് കാട്ടികൊടുത്തതും, ആ വികാരത്തെ അതേ തീവ്രതയോടെ ജോൺസൺ പശ്‌ചാത്തല സംഗീതത്തിലൂടെ മാസ്മരികമാക്കിയതും തൂവാനത്തുമ്പികളിൽ തന്നെ. ഇത് നിങ്ങൾ വായിക്കുമ്പോഴും ലോകത്തു എവിടെയൊക്കെയോ ആരൊക്കെയോ തൂവാനത്തുമ്പികൾ കാണുന്നുണ്ട്. ആദ്യം കണ്ട അതേ പുതുമയോടെയോ, ഒരുപക്ഷേ അതിലേറെ താൽപര്യത്തോടെയോ ആണ് മലയാളികൾ തൂവാനത്തുമ്പികളെ ഓരോ തവണയും കണ്ടുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത സമയത്തെ തലമുറയിലെ ഭൂരിപക്ഷത്തിനും അതൊരു സാദാ സിനിമയായിരുന്നെങ്കിൽ, പിന്നീട് വന്നവരാണ് തൂവാനത്തുമ്പികളെ ഏറ്റെടുത്തു ഒരു കൾട്ട് ചിത്രമാക്കി മാറ്റിയത്.
1987 ജൂലൈ 31. അന്നുവരെ മലയാളിക്ക് കണ്ടുപരിചയമില്ലാത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ടതലം പ്രമേയമാക്കിയ തൂവാനത്തുമ്പികള്‍ റിലീസായത് അന്നാണ്. പത്മരാജന്റെ തന്നെ നോവലായ ഉദകപ്പോളയായിരുന്നു സിനിമയ്ക്ക് ആധാരം. തിരുവിതാംകൂറിലോ, അതല്ലെങ്കിൽ കേരളത്തിന് പുറത്തോ കഥ പറയുന്ന പതിവ് വിട്ട്, തൃശൂരും പരിസരപ്രദേശങ്ങളുമായിരുന്നു തൂവാനത്തുമ്പികൾക്കായി പത്മരാജൻ കരുതിവെച്ചത്. മണ്ണാർതൊടി എന്ന വീട്ട്പേര് പോലും ഒരു പുതുമയായിരുന്നു. വടക്കുംനാഥ ക്ഷേത്രം, കേരളവർമ്മ കോളജ്, ഒറ്റപ്പാലം സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം, തിയറ്ററുകളിൽ പക്ഷേ, പരാജയമായിരുന്നു. ആ വർഷത്തെ സിനിമ അവാർഡുകളിലും തൂവാനത്തുമ്പികൾ ഇടം പിടിച്ചില്ല.
കാലത്തിന് മുമ്പേ റിലീസായി പരാജയപ്പെട്ട തൂവാനത്തുമ്പികൾ. പക്ഷേ ക്ലാസിക് ശ്രേണിയിൽ ഇന്നും വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രണയം പ്രമേയമായതും, അതിന് പത്മരാജന്റെ കൈപ്പട ചാർത്തിയ ആവിഷ്‌കാരവും മാത്രമല്ല, ചിത്രത്തെ ക്ലാസിക് തലത്തിലേക്ക് ഉയർത്തുന്നത്. ഒരോവട്ടം കാണുമ്പോഴും പുതിയതെന്തെങ്കിലും കണ്ടെത്താനാവുന്ന എന്തോ ഒരു മാജിക്കുണ്ട് തൂവാനത്തുമ്പികൾക്ക്. അതെന്തായിരിക്കും?
ക്ലാര
അവളെ മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. ഒരു മോശം സ്ത്രീയെന്നോ, നല്ല പ്രണയിനിയെന്നോ, ഫെമിനിസ്‌റ്റെന്നോ, ജയകൃഷ്ണനെ രാധയ്ക്ക് പൂർണ്ണമനസ്സോടെ വിട്ടുകൊടുത്ത വിശാലമനസ്‌കയെന്നോ... കാഴ്ചക്കാരന്റെ യുക്തിപോലെ എങ്ങനെ വേണമെങ്കിലും സങ്കൽപ്പിക്കാവുന്നൊരു കഥാപാത്രം. സൗന്ദര്യത്തിന്റെയും, വിവേകത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണവൾ. സ്വന്തമാക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്നും അവൾ കാട്ടിതന്നു. ഈ കഥാപാത്രത്തെ പത്മരാജന്‍ അവതരിപ്പിച്ചതാകട്ടെ മഴയെ ഇഴചേർത്ത്. പ്രണയത്തിന്റെ വഴികളോട് വിട പറഞ്ഞു ഭർത്താവിനും, കുഞ്ഞിനുമൊപ്പം ക്ലാര മടങ്ങിയെങ്കിലും, പ്രേക്ഷകർ ഇന്നും ക്ലാര നടന്ന മഴ നനവുള്ള വഴികളിൽ അവൾക്കായി കാത്തിരിക്കുന്നു.
ഒരു കാൽപനിക പ്രണയിനിയായി ക്ലാരയെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മലയാളി, കടലോര ഗ്രാമത്തിൽ നിന്നും വരുന്ന ഒരു കോൾ ഗേളിനെ പ്രയോഗിക ജീവിതത്തിലെ മണ്ണാർതൊടിയിലേക്ക് ക്ഷണിക്കുമോ എന്നത് വേറെ കാര്യം! ജയകൃഷ്ണനെ അങ്ങേയറ്റം സ്നേഹിക്കുമ്പോഴും, അയാളുടെ ആഢ്യത്വ ചുറ്റുപാടുകൾക്ക് ചേർന്നവളല്ലെന്ന് തിരിച്ചറിഞ്ഞു മാറിപ്പോകുന്ന ക്ലാരയ്ക്ക്, കാൽപനികതയെക്കാൾ പ്രയോഗികതയും, വിവേകവുമാണ് ചേരുക. ഹൈദരാബാദിൽ ബിസിനസ്സുകാരനായ, ഭാര്യ മരിച്ച മധ്യവയസ്കനെ ഭർത്താവായി തിരഞ്ഞെടുത്തതിലും, ഇതേ അടയാളപ്പെടുത്തലുണ്ട്.
മനസ്സുറപ്പിന്റെ കാര്യത്തിൽ ജയകൃഷ്ണനെയും രാധയെയും കടത്തിവെട്ടും ക്ലാര! എടുത്ത പല തീരുമാനങ്ങളും സാഹചര്യങ്ങൾകൊണ്ട് മാറ്റേണ്ടിവന്നവരാണ് ജയകൃഷ്ണനും രാധയും. ക്ലാര അങ്ങനെയല്ല! ഒരു തീരുമാനമെടുത്താൽ സ്നേഹത്തിനോ, സഹതാപത്തിനോ ഒന്നിനും ക്ലാരയുടെ മനസ്സുമാറ്റാനാവില്ലെന്നു വ്യക്തം. നേരിട്ടറിഞ്ഞ ജയകൃഷ്ണനെയും, കേട്ടറിഞ്ഞ രാധയെയും ഒരേപോലെ ആഴത്തിൽ മനസ്സിലാക്കി തീരുമാനിച്ചുറപ്പിച്ചാണ്, ജയകൃഷ്ണനെ കാണാൻ അവസാനമായി ക്ലാര വരുന്നത്.
ജയകൃഷ്ണനെ മനസ്സിലാക്കുന്നതിലും, അയാളെ അടക്കിനിർത്തുന്നതിലും എപ്പോഴും ക്ലാരയ്ക്കാണ് അപ്പർ ഹാൻഡ്. അവൾ പറയുന്നതെന്തും ക്ഷമയോടെ കേൾക്കുകയും, അവളുടെ ഇഷ്ടങ്ങൾക്കും കുസൃതികൾക്കും കൂടെകൂടുകയുമാണ് ജയകൃഷ്ണൻ. രാത്രി കടൽക്കരയിൽ താനിനി എല്ലാവരെയും കണ്ടുതുടങ്ങുമോ എന്നയാൾ ആശങ്കപ്പെടുന്നുണ്ട്. "അതൊന്നുമില്ല" എന്ന് ഉടൻ മറുപടി കൊടുത്തു ജയകൃഷ്ണനെ ആശ്വസിപ്പിക്കുന്ന ക്ലാരയിലെ പെണ്ണ്, ആ കുറഞ്ഞ സമയത്തിനുള്ളിൽ എത്രവേഗമാണ് ജയകൃഷ്ണനെയും അയാളിലെ പ്രണയത്തെയും പഠിച്ചെടുത്തത്.
അവസാന കൂടിക്കാഴ്ചയിൽ ക്ലാരയിലെ പ്രണയമാണോ, മാതൃത്വമാണോ മുന്നിട്ടുനിൽക്കുന്നതെന്നു വേർതിരിച്ചെടുക്കുക പ്രയാസം. ജയകൃഷ്ണനോടുള്ള പ്രണയവും, കുഞ്ഞിനോടുള്ള വാത്സല്യവും ഒരേ ഫ്രെയിമിലാണ് പത്മരാജൻ പകർത്തിയിരിക്കുന്നത്. എന്തിലും ജയകൃഷ്ണനെക്കാൾ പക്വത കാണിക്കുന്ന ക്ലാര, ആ ഷോട്ടിലും കൂടെ പറക്കുന്ന തുമ്പിക്ക് മുകളിലാണ്.
ഒറ്റപ്പാലം സ്റ്റേഷനിൽ ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ക്ലാര മടങ്ങിയിട്ട് 36 വർഷമായെങ്കിലും, ഇനിയും അയാളെ കാണാൻ ക്ലാര വരുമോന്ന് പ്രേക്ഷകർ സ്വപ്‍നം കാണുന്നിടത്താണ് ക്ലാസിക് ശ്രേണിയിലേക്ക് എടുത്തുവെക്കേണ്ട സിനിമയായി തൂവാനത്തുമ്പികൾ ഉയരുന്നത്. ക്ലൈമാക്സിൽ കുഞ്ഞിന്റെ അമ്മയായി നിൽക്കുമ്പോൾപോലും, അത് ജയകൃഷ്ണന്റെ കുഞ്ഞല്ലേ എന്ന് ചിന്തിപ്പിക്കാൻമാത്രം ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളുടെ രൂപമാണ് ക്ലാര.
ജയകൃഷ്ണൻ
ആൺമേധാവിത്വത്തിന്റെ ലക്ഷണമൊത്തൊരു നായകനാണ് ജയകൃഷ്ണൻ. എന്നിട്ടും താനെടുത്ത അമിത സ്വാതന്ത്ര്യത്തിനെതിരെ തീവ്രമായി പ്രതികരിക്കുന്ന, ആദ്യകാഴ്ചയിലെ രാധയിലാണ് അയാൾ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. ജയകൃഷ്ണന്റെ പ്രണയം രാധയോടായിരുന്നെങ്കിലും, ക്ലാരയോട് നിര്‍വചിക്കാനാവാത്ത ഒരു ബന്ധമാണ് അയാൾക്ക്. ഒരുപാതി കൊണ്ട് ഒരാളെ പ്രണയിക്കുകയും, മറുപാതിയാൽ മറ്റൊരാളിൽ ആസക്തനായി വഴിയേതെന്നറിയാതെയും നിൽക്കുകയാണ് ജയകൃഷ്ണൻ. കൊച്ചു വാശികൾ, കുറച്ചു അന്ധവിശ്വാസങ്ങൾ, കുഞ്ഞു ദുഃശീലങ്ങൾ ഇതൊക്കെ ചേരുന്നതാണ് ജയകൃഷ്ണനെങ്കിലും, നമുക്കയാളോട് ഇഷ്ടം മാത്രമേയുള്ളു.
അങ്ങേയറ്റം റൊമാന്റിക്കും, ചങ്ക് ബ്രോയുമാണയാൾ. കാമുകിയോടും, ഭാവി ഭാര്യയോടും നഷ്ടപ്പെടാൻ ഏറെയുണ്ടായിട്ടും സത്യം മാത്രമേ ജയകൃഷ്ണൻ പറയുന്നുള്ളു. ഇരട്ട ജീവിതത്തിന്റെ ജയവും തോൽവിയും ഏറ്റുവാങ്ങുമ്പോഴും, തന്റെതായ ശരികളും, നിലപാടുകളും അയാൾ മാറ്റുന്നില്ല. ക്ലാരയെ മണ്ണാർതൊടിയിലേക്ക് ക്ഷണിച്ചതും, രാധ എതിർത്തിട്ടും ക്ലാരയെ കാണാൻ പോകുന്നതും അതുകൊണ്ടാണല്ലോ. മറ്റുള്ളവരെയിട്ട് അമ്മാനമാടുന്ന ജയകൃഷ്ണൻ, മദർ സുപ്പീരിയറും, പുന്നൂസ് മുതലാളിയും ഒന്ന് തന്നല്ലേന്ന് ചോദിക്കുന്നവളുടെ മുന്നിൽ മാത്രം ഉടനീളം തരളിതനും, ദുർബലനുമാണ്. തുടക്കത്തിലെ കോലാഹല മോഡിൽ നിന്നും ക്ലാരയെ കാണുന്നതോടെ പക്വത മോഡിലേക്ക് സ്വയം ചെയ്‌ൻജ് ചെയ്യുകയാണ് ജയകൃഷ്ണൻ. എന്നാൽ രാധയോട് അവർ അടുത്തതിന് ശേഷവും അങ്ങനാകാൻ അയാളെക്കൊണ്ടാവുന്നുമില്ല.
താനായിട്ട് ഒരു പെൺകുട്ടിയുടെയും വെർജിനിറ്റി നശിപ്പിക്കില്ലെന്നതും, എന്നെങ്കിലും അങ്ങനെ സംഭവിച്ചാൽ അവളെ ഭാര്യയായി കൂടെകൂട്ടുമെന്നതും, അയാളുടെ തീരുമാനവും, ജീവിതത്തോടുള്ള സമീപനവുമായിരുന്നു. തന്റേതായ ശരികൾ മാറ്റുന്നില്ലെങ്കിലും, ജീവിതത്തിലെ ഏറ്റവും വലിയൊരു നിലപാട് ക്ലാരയുടെ നിർബന്ധത്തിൽ മാറ്റുന്നുണ്ട് ജയകൃഷ്ണൻ. ക്ലാരയുടെ കോൾ ഗേൾ വിശേഷങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥനാവുന്ന ജയകൃഷ്ണനിലെ കാമുകന്, കുഞ്ഞിനെ കാണുമ്പോൾ അമ്പരപ്പും, നിസ്സഹായതയുമാണ്.
ക്ലാരയും, രാധയും അവരുടെ ജീവിതം സ്വയം തെരഞ്ഞെടുത്തുവെങ്കിൽ, ഇവരുടെ രണ്ടുപേരുടെയും തീരുമാനങ്ങളിലാണ് ജയകൃഷ്ണന്റെ ജീവിതം മുന്നോട്ട് പോവുന്നത്. സ്വമനസ്സാലെ മറ്റൊരുപാടുപേർക്ക് സ്വന്തമായ ക്ലാരയെ, ആദ്യം തോന്നിയ അതേ പ്രണയത്തോടെയാണ് അവസാനംവരെ ജയകൃഷ്‌ണൻ കാത്തിരിക്കുന്നത്. തന്നെ അത്രയേറെ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും, രാധയോട് ഒരു ഉറപ്പുപറയാനും അയാൾക്കാവുന്നില്ല. ക്ലാര മറ്റു പലരുടേതായിട്ടും, വേറെയും ക്ലാരമാരെ കിട്ടാൻ സാഹചര്യങ്ങളുണ്ടായിട്ടും, വേറൊരാൾക്കും കൊടുക്കാതെ, ജയകൃഷ്ണൻ തന്നെത്തന്നെ കാത്തുവെച്ചത് എന്തുകൊണ്ടാവും?
രാധ
പ്രേക്ഷകന്റെ പ്രണയ സങ്കൽപ്പങ്ങളിൽ ക്ലാരയ്ക്കും, ജയകൃഷ്ണനും പിന്നിലായതുകൊണ്ടാവും, അവരെപ്പോലെ രാധ ഒരിക്കലും കൊണ്ടാടപ്പെട്ടില്ല. ജയകൃഷ്ണന്റെ വീരചരിതമല്ല, മറിച്ചു അയാളുടെ തുറന്ന പ്രകൃതം, തന്റേടം, ആണത്വം, സത്യസന്ധത ഇതൊക്കെയാണ് അവളെ ആകർഷിച്ചത്. അത്ര പരിചയമില്ലാത്തൊരാളെടുക്കുന്ന സ്വാതന്ത്ര്യക്കൂടുതലിനോട് ഇഷ്ടക്കേടു കാട്ടുക മാത്രമല്ല, കല്യാണം കഴിക്കാൻ പോവുകയാണെന്ന് ഏകപക്ഷീയമായി പറയുന്ന മണ്ണാർത്തൊടി തമ്പുരാനോട് "എനിക്ക് നിങ്ങളെ ഇഷ്ടമല്ലെ"ന്ന് എടുത്തടിച്ചു മറുപടിയും അവൾ നൽകുന്നുമുണ്ട്. സ്നേഹത്തിനും, സ്നേഹിക്കുന്ന പുരുഷനും വേണ്ടി എന്തും ചെയ്യുന്ന, അവനെ കണ്ണുംപൂട്ടി അനുസരിക്കുന്ന വിനീത വിധേയ അല്ലവൾ.
മനസ്സിലെ പുരുഷസങ്കൽപങ്ങൾക്കു ചേർന്ന ആളാണ് ജയകൃഷ്ണൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ, ആദ്യത്തെ വാശിയും ദേഷ്യവും മാറ്റിവെച്ചു രാധ മാറ്റൊരാളായി. എന്തിലും സ്വന്തമായ ഉറച്ച തീരുമാനങ്ങളുള്ള രാധ, ജയകൃഷ്ണന്റെ കാര്യത്തിൽ മാത്രം ദുർബലയായി. വിലക്കുകളും, വാക്കും മറികടന്നു ക്ലാരയെ കാണാൻ ജയകൃഷ്ണൻ വീണ്ടും പോയിട്ടും, രാധ ക്ഷമിക്കുകയാണ്. തന്റെ എടുത്തുചാട്ടം കൊണ്ട് താളം തെറ്റിപ്പോയ അയാളോടൊപ്പം, അയാൾക്കുപോലും നിശ്ചയമില്ലാത്ത ക്ലാരയുടെ കാര്യത്തിൽ ധൈര്യം കൊടുത്തു കൂടെ നിൽക്കുകയുമാണ്. പക്ഷെ സ്വന്തം ആത്മവിശ്വാസം കൂട്ടാനായി ജയകൃഷ്ണൻ രജിസ്റ്റർ മാര്യേജിന് നിർബന്ധിക്കുമ്പോഴും, വീട്ടിൽ കല്യാണ ഒരുക്കങ്ങൾ നടക്കുമ്പോളും, സ്വന്തം തീരുമാനം വ്യക്തമാക്കുന്നുണ്ടവൾ.
മലയാളിയുടെ കാൽപ്പനിക സങ്കൽപ്പങ്ങളിൽ ക്ലാരയ്ക്കും, ജയകൃഷ്ണനും പിന്നിലായിപ്പോയെങ്കിലും, തൂവാനത്തുമ്പികളുടെ കഥാകാരൻ തന്റെ ഭാര്യയുടെ പേരാണ് രാധയ്ക്കിട്ടത്.
പത്മരാജൻ
തുറന്നിട്ട ജനാലയിലൂടെ തോരാമഴയത്തു തെറിക്കുന്ന മഴത്തുള്ളികളിൽ, ജയകൃഷ്ണനെ ചിത്രീകരിക്കാൻ, മഴയ്ക്ക് ക്ലാരയുടെ മുഖം നൽകാൻ പത്മരാജനല്ലാതെ വേറാരാണുള്ളത്! പ്രണയം, മഴ, രതി, സംഗീതം എല്ലാം കൃത്യമായി ചേർന്നതാണ് തൂവാനത്തുമ്പികളെ നിത്യഹരിതമാക്കുന്നത്. സഭ്യമായ രതിയുടെ സൗന്ദര്യതലങ്ങള്‍ക്കുള്ളില്‍ നിന്ന് ജയകൃഷ്ണൻ - ക്ലാര അടുപ്പത്തെ പത്മരാജനിലെ സംവിധായകപ്രതിഭ എത്ര ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായും, കൃത്യമായും അവതരിപ്പിച്ച സിനിമകൾ ചുരുക്കം. ക്ലാരയുടെ വിശേഷവുമായി പോസ്റ്റ്മാൻ വരുന്നത്, കാലം തെറ്റി പെയ്യുന്ന മഴയത്താണ്. ശേഷം വന്ന രണ്ട് കാഴ്ച്ചകളിലാകട്ടെ മഴയെ അകറ്റി നിർത്തിയിരിക്കയാണ് പത്മരാജൻ.
ജയകൃഷ്ണൻ തന്റെ ജീവിതത്തിലേക്ക് പലവട്ടം ആത്മാർഥമായി ക്ഷണിച്ചിട്ടും, ഓരോവട്ടവും ഒഴിഞ്ഞുമാറി പുതിയ ആളുകളെത്തേടിപ്പോയവളാണ് ക്ലാര. എന്നിട്ടും സദാചാര അളവുകോൽ മാറ്റിവെച്ചു, ക്ലാരയ്ക്ക് പിന്നാലെ ഒരു സ്വപ്‌നാടനത്തിലെന്നപോലെ മലയാളി യുവത്വം പോയെങ്കിൽ, അത് പത്മരാജൻ ക്ലാരയെ അത്ര കൃത്യമായി രൂപപ്പെടുത്തിയതുകൊണ്ട് മാത്രമാണ്.
"എനിക്ക് ഉള്ളിൽ തട്ടി മോഹം തോന്നുന്ന ഒരു പെൺകുട്ടിക്ക് കൊടുക്കാൻ വേണ്ടി ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു വെച്ചത്" എന്ന് ജയകൃഷ്ണൻ പറഞ്ഞത്, എത്ര തലമുറകൾക്കാണ് പ്രചോദനമായത്. ആദ്യം സ്നേഹം തോന്നിയ പെണ്ണിനും, ആദ്യം അർപ്പിച്ച പെണ്ണിനും ഇടയിലുള്ള ജയകൃഷ്ണന്റെ ധർമ്മസങ്കടം എത്ര ചാരുതയോടാണ് അങ്ങ് പ്രേക്ഷകരിലേക്ക് പകർന്നത്. എവിടുന്നോ വന്ന് എങ്ങോട്ടോ പോയൊരു പ്രണയിനി. അവൾ ആ ട്രെയിനിൽ അകന്ന് പോകുന്നത്, മനസ്സിൽ ഒരു വിങ്ങലില്ലാതെ നോക്കിയിരിക്കാനാവുമോ!
ക്ലാര ജയകൃഷ്ണനെ കാണാൻ ഇനിയും വരുമോ? ക്ലാര വരുന്നതറിഞ്ഞാൽ ജയകൃഷ്ണൻ ഇനിയും പോവുമോ? അങ്ങനെ പോയാൽ രാധ പൊറുക്കുമോ? കഥാസംവിധായകൻ കാണാമറയത്തേക്ക് യാത്രയായതുകൊണ്ട്, എന്നും ആരാധകരുടെ മനസ്സിലാണ് തൂവാനത്തുമ്പികളുടെ രണ്ടാം ഭാഗം.
മഴ തുമ്പികളെ കാലത്തിന് മുമ്പേ പറത്തിവിട്ട ഗന്ധർവാ, പുറത്തുപെയ്യുന്ന തോരാമഴ കണ്ട്, മറ്റൊരു ലോകത്തെ ഏതോ ജനാലയ്ക്കു പിന്നിലിരുന്ന്, അങ്ങിപ്പോൾ തൂവാനത്തുമ്പികളുടെ രണ്ടാം ഭാഗം എഴുതുകയാവുമല്ലേ?
Content Summary: About the movie Thoovanathumbikal by P. Padmarajan