ADVERTISEMENT

അമേരിക്കൻ ലിറ്റററി ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷൻ (എഎൽടിഎ) നൽകുന്ന ദേശീയ വിവർത്തന പുരസ്കാരത്തിന്റെ (നാഷനൽ ട്രാൻസ്‌സലേഷൻ അവാർഡ്സ് – എൻടിഎ) ഗദ്യ വിഭാഗം ലോങ് ലിസ്റ്റിൽ ഷീല ടോമി രചിച്ച വയനാടിന്റെ കഥ പറയുന്ന നോവൽ ‘വല്ലി’യും പരിഭാഷ നിർവഹിച്ച ജയശ്രീ കളത്തിലും. തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റെ കഥകളുടെ പ്രിയംവദ രാംകുമാർ നിർവഹിച്ച പരിഭാഷ സ്റ്റോറീസ് ഓഫ് ദ് ട്രൂ ആണ് ഇന്ത്യയിൽ നിന്നു ലോങ് ലിസ്റ്റിലുൾപ്പെട്ട വല്ലിക്കു പുറമെയുള്ള ഏക പുസ്തകം. ബംഗ്ലദേശി എഴുത്തുകാരൻ ഷാഹിദുൽ സാഹിറിന്റെ ബംഗ്ല ഭാഷയിലുള്ള ലൈഫ് ആൻഡ് പൊളിറ്റിക്കൽ റിയാലിറ്റി: ടു നോവെല്ലാസ് എന്ന കൃതിയുടെ പരിഭാഷയും പട്ടികയിലുണ്ട്. ജർമൻ, സ്വീഡിഷ്, ചൈനീസ്, വിയറ്റ്നാമീസ്, കൊറിയൻ, ഇന്തൊനീഷ്യൻ, പോളിഷ്, ഫ്രഞ്ച്, ഹംഗേറിയൻ ഭാഷകളിൽ നിന്നുള്ളവയാണു മറ്റു വിവർത്തനകൃതികൾ. 

 

Valli-sheela-tomy
വല്ലിയുടെ മലയാളം പതിപ്പ്, ഷീലാ ടോമി.

എൻടിഎ ഇംഗ്ലിഷിലേക്കുള്ള വിവർത്തന പുസ്തകങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തിയതിന്റെ ഇരുപത്തഞ്ചാം വർഷമാണിത്. കവിതയ്ക്കും ഗദ്യത്തിനും പ്രത്യേകം പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയിട്ട് 9 വർഷവുമാകുന്നു. ചുരുക്കപ്പട്ടികയിലുൾപ്പെട്ട കൃതികൾ ഒക്ടോബർ 11നു പ്രഖ്യാപിക്കും. നവംബർ 11നാണു വിജയിയെ പ്രഖ്യാപിക്കുക. പുരസ്കാരം ലഭിക്കുന്ന കൃതി പരിഭാഷപ്പെടുത്തിയയാൾക്ക് 3.25 ലക്ഷം രൂപയാണു സമ്മാനത്തുക. പുരസ്കാരത്തിനായി ഇത്തവണ ഗദ്യ വിഭാഗത്തിൽ 262 പുസ്തകങ്ങളും കവിതാ വിഭാഗത്തിൽ 93 പുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു. 19 വ്യത്യസ്ത ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളാണ് ഇരുവിഭാഗങ്ങളിലുമായി ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

jayasree-valli-cover
ജയശ്രീ, വല്ലിയുടെ ഇംഗ്ലീഷ് പതിപ്പ്.

 

വടക്കൻ കേരളത്തിലെ കാടുമൂടിയ വയനാടൻ മലനിരകളിൽ ജീവിതം കെട്ടിപ്പടുത്ത വിവിധ തലമുറകളുടെ പുരാവൃത്തം പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ള കൃതിയാണു ‘വല്ലി’ എന്നു ലോങ് ലിസ്റ്റ് പുറത്തുവിട്ടു കൊണ്ടുള്ള കുറിപ്പിൽ എൻടിഎ വിധികർത്താക്കൾ ചൂണ്ടിക്കാട്ടുന്നു. ആർക്കിടെക്ട് ആയ സൂസൻ മകൾ ടെസ്സയ്ക്കു വായിക്കാനായി അവശേഷിപ്പിച്ചിള്ള ഡയറിക്കുറിപ്പുകളിലൂടെയാണു നോവൽ ചുരുളഴിയുന്നത്. കത്തുകളും ഡയറിക്കുറിപ്പുകളും നാടൻപാട്ടുകളും കവിതകളുമെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ രചനാരീതിയാണു വല്ലിയുടേത്. ആധുനികതയുടെ ദയയില്ലാത്ത കടന്നുകയറ്റത്തെ ഒരു ദേശവും അവിടുത്തെ നാട്ടുകാരും ചെറുത്തുനിൽക്കുന്നതും ആ നാടിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രവും നോവലിൽ ഇഴചേർന്നിരിക്കുന്നു. 

 

മലയാള ഭാഷയുടെ കാറ്റും കോളും നിറഞ്ഞ ഭൂമികയിലൂടെയും ലിപിയില്ലാത്ത പണിയ ഭാഷയുടെയും ബൈബിൾ ഉദ്ധരണികളിലൂടെയും അതീവ വൈദഗ്ധ്യത്തോടെ സഞ്ചരിക്കുന്ന ജയശ്രീ കളത്തിൽ ഇംഗ്ലിഷ് ഭാഷയുടെ അങ്ങേയറ്റത്തെ വഴക്കം തന്റെ പരിഭാഷയിൽ ആവഷ്കരിച്ചിരിക്കുന്നതായും കുറിപ്പിൽ വിധികർത്താക്കൾ പറയുന്നു. പ്രതിസന്ധികളുടെ ആഴത്തിൽ നന്മ കൈവിടാതിരിക്കാനും ഉന്നതമൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും ശ്രമിക്കുന്ന സാധാരണക്കാരായ ആളുകളുടെ ആഴത്തിൽ സ്പർശിക്കുന്ന 12 കഥകളാണു പ്രിയംവദ രാംകുമാർ വിവർത്തനം ചെയ്ത ജയമോഹന്റെ ‘സ്റ്റോറീസ് ഓഫ് ദ് ട്രൂ’ എന്നാണു വിധികർത്താക്കളുടെ അഭിപ്രായം. മനുഷ്യപ്രകൃതത്തിൽ ജാതി, വർഗ, ലിംഗ ബോധങ്ങളുടെ രാഷ്ട്രീയമുളവാക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള പ്രിയംവദ രാംകുമാറിന്റെ സൂക്ഷ്മമായ അറിവും വിവർത്തനത്തിൽ ഇംഗ്ലിഷ് ഭാഷയെ അതീവ തഴക്കത്തോടെ ഉപയോഗിച്ചിരിക്കുന്നതും എടുത്തുകാട്ടുന്നു.

 

Content Highlights: American Literary Translators Association | ALTA | National Translation Award | Valli: A Novel | Sheela Tomy | Jayasree Kalathil 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com