വായിക്കാൻ കഴിയാത്ത കാലം ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുതേ എന്ന് തീവ്രമായി ആഗ്രഹിച്ചിട്ടുണ്ട് ബി. ആർ. അംബേദ്കർ. അറിവിന്റെ ഉറവിടം അദ്ദേഹത്തിന് വായനയായിരുന്നു; പുസ്തകങ്ങളായിരുന്നു. കാഴ്ച, മനസ്സിന്റെ ആരോഗ്യം.. അതാണദ്ദേഹം ആഗ്രഹിച്ചത്; അവസാന കാലം വരെയും. ബുദ്ധമതം സ്വീകരിച്ച് ശരിയായ വാക്കും പ്രവൃത്തിയും ധ്യാനിച്ചു ജീവിച്ച അദ്ദേഹം പഠന മുറിയിൽ ഇരിക്കെയാണ് മരിക്കുന്നത്. എഴുത്തിനും വായനയ്ക്കുമിടയിലെ ഏതോ നിമിഷത്തിൽ. മേശപ്പുറത്തുണ്ടായിരുന്ന പേപ്പറുകൾ അടുക്കിപ്പെറുക്കിയപ്പോൾ ഒരു മികച്ച പുസ്തകത്തിനുള്ള വകയുണ്ടായിരുന്നു. മരണാനന്തരം പ്രസിദ്ധീകരിച്ച ആ പുസ്തകവും അദ്ദേഹത്തിന്റെ യശസ്സുയർത്തി.
വായിക്കാൻ കഴിയാത്ത കാലത്തെക്കുറിച്ചോർത്ത് നടുങ്ങുന്ന വായനക്കാരുണ്ട്. എഴുതാൻ കഴിയാത്ത കാലം വരുമോയെന്നു പേടിക്കുന്ന എഴുത്തുകാരും. യാത്ര ചെയ്യാനും യാത്രയെക്കുറിച്ച് എഴുതാനും കഴിയാതെ വരുമോയെന്ന് യാത്രയെഴുത്തുകാരന്റെ ആശങ്ക. ജോനാഥൻ റബാൻ എന്ന ബ്രിട്ടിഷ് എഴുത്തുകാരന് പേടിയില്ലായിരുന്നു. ആശങ്കയില്ലായിരുന്നു. തിരക്കു പിടിച്ച ജീവിതത്തിൽ അവയെക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. യുകെയിൽ നിന്ന് യുഎസിലേക്കു കുടിയേറി യാത്രാ വിവരണത്തിൽ സ്വന്തം ശൈലി സൃഷ്ടിച്ച അദ്ദേഹത്തിന്റെ യാത്രകൾ നിലയ്ക്കുന്നത് 68–ാം വയസ്സിൽ. 2011 ൽ. തലേന്നു കഴിച്ച മദ്യത്തിന്റെ ഹാങ് ഓവർ എന്നു കരുതിയ ക്ഷീണം മസ്തിഷ്കാഘാതമായിരുന്നു. അതുവരെ യുവായിരുന്ന താൻ അതോടെ വൃദ്ധനായെന്ന് റബാൻ പിന്നീട് പറഞ്ഞിട്ടുണ്ട്. വലതുവശം തളർന്നു. അത്യാഹിത വിഭാഗത്തിലും ന്യൂറോളജി വാർഡിലുമായി അഞ്ചാഴ്ച. യുവാവായി ആശുപത്രിയിലേക്കു പോയ റബാൻ വീൽചെയറിൽ വീട്ടിൽ മടങ്ങിയെത്തി. ലോകം മുഴുവൻ അലയാൻ ആഗ്രഹിച്ച, യാത്ര ചെയ്ത ഇടങ്ങളെക്കുറിച്ചെല്ലാം അനുപമമായി എഴുതി മനസ്സു കീഴടക്കിയ റബാന്റെ യാത്രകൾ മുറികളിൽ നിന്നു മുറികളിലേക്കു മാത്രമായി. അതും വീൽ ചെയറിൽ. പിന്നീടൊരിക്കലും സ്വന്തം കാലിൽ എഴുന്നേറ്റു നിന്നിട്ടില്ല. ഒരു വ്യാഴവട്ടത്തെ ആശ്രിത ജീവിതം. ഇക്കഴിഞ്ഞ ജനുവരിയിൽ 80–ാം വയസ്സിൽ റബാന്റെ യാത്രകൾ തീർന്നു. എന്നാൽ അതിനു മുമ്പുള്ള 12 വർഷം വീൽചെയറിൽ എഴുതിക്കൊണ്ടിരുന്നു. അതുവരെ എഴുതിയത് കാഴ്ചയുടെ ആനന്ദത്തെക്കുറിച്ച്. അതിനുശേഷം അകക്കണ്ണിലെ ജീവിതവും. ബാല്യകാലം മുതൽ. സംഭവ ബഹുലമായ വർഷങ്ങൾ. അടുത്തുവരുന്ന, തുറിച്ചു നോക്കുന്ന മരണത്തിന്റെ മുഖത്തു നോക്കി വിറയ്ക്കുന്ന വിരലുകളാൽ അവസാനത്തെ പുസ്തകമെഴുതി; ആത്മകഥ. ഓർമക്കുറിപ്പ്. ജീവചരിത്രം. ചിതറിയ ചിന്തകൾ. ഫാദർ ആൻഡ് സൺ. ജീവിതത്തിന്റെ സംഗ്രഹം. അച്ഛനും മകനുമെന്ന ആയുഷ്ക്കാല ബന്ധം.
മൂന്നു വിവാഹം. മൂന്നു വിവാഹമോചനം. അവസാന കാലത്ത് ഏക മകൾക്കൊപ്പമായിരുന്നു റബാൻ. മസ്തിഷ്കാഘാതമുണ്ടായ ഉടൻ മകളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇല്ലെങ്കിൽ ഫാദർ ആൻഡ് സൺ എഴുതപ്പെടില്ലായിരുന്നു. ധീരമായി ജീവിച്ചു റബാൻ. സാഹസികമായി യാത്ര ചെയ്തു. വീൽചെയറിലും ധീരതയും സാഹസികതയും നിലനിർത്തി. രോഗത്തോടു പൊരുതിയായിരുന്നു അവസാന ദിവസങ്ങൾ. മരിച്ച് അഞ്ചു മാസത്തിനു ശേഷം പുറത്തിറങ്ങിയ പുസ്തകം തീരാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. സ്ഥലത്തിലൂടെ മാത്രമല്ല, ജീവിതത്തിലൂടെയും. അവസാന യാത്രയെക്കുറിച്ച് എഴുതുമ്പോൾ മകളായിരുന്നു കൂടെയെങ്കിലും റബാന്റെ മനസ്സിൽ നിറഞ്ഞുനിന്നത് പിതാവായിരുന്നു. രണ്ടാം ലോക യുദ്ധത്തിൽ സൈനികനായിരുന്ന, തിരിച്ചുവന്നശേഷം പുരോഹിതനായ പീറ്റർ. യുദ്ധത്തെക്കുറിച്ച് പീറ്റർ എഴുതിയിട്ടുണ്ട്. സമാധാന പ്രേമിയായ അദ്ദേഹത്തിന്റെ കുറിപ്പുകളിലെ യുദ്ധത്തിൽ ഒരാൾ പോലും മരിച്ചില്ല. ആരുടെയും രക്തം പാഴായില്ല. വെറുപ്പും വിദ്വേഷവും പടർന്നില്ല. എന്നിട്ടും കണ്ണുകൾ തോർന്നതേയില്ല. യുദ്ധത്തെക്കുറിച്ചുള്ള കുറിപ്പുകളും കത്തുകളും അക്കാലത്തെക്കുറിച്ചുള്ള സ്മരണകളും മകനെന്ന നിലയിൽ റബാൻ എഴുതി.
ഡ്രൈവ് ചെയ്യാനാവാത്ത, ബോട്ട് യാത്ര സാധിക്കാത്ത, പരസഹായമില്ലാതെ ഒരു വസ്തു പോലും തൊടാനാവാത്ത കാലത്തിന്റെ പരാധീനതകൾ. നിസ്സഹായത രോഗിയെ അക്ഷമനാക്കി. കണ്ണുകൾ പതിവായി നിറഞ്ഞു. സഹായികൾക്കു നേരെയായി രോഷം. പൊട്ടിത്തെറിച്ചു. രോഷാകുലനായി. കാലത്തിലേക്കു ചോർന്നുപോകുന്ന ഓർമകളെ തിരിച്ചുപിടിച്ചു. നേരത്തേയുള്ള യാത്രകൾ കൃത്യമായി ആസൂത്രണം ചെയ്തവയായിരുന്നു. തുടങ്ങിയതും അവസാനിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. എന്നാൽ ജീവിതത്തിൽ സ്വന്തം നിയന്ത്രണം തീർന്നു. ഈ യാത്ര താനല്ല ആസൂത്രണം ചെയ്തത്. തന്റെ പദ്ധതികളല്ല നടപ്പാകുന്നത്. അവസാനിപ്പിക്കുന്നത് മറ്റാരോ. ആരാണ് അവസാന താളുകൾ മറിക്കുന്നത്..? റബാൻ എഴുത്തിന് വേഗം കൂട്ടി. വാക്കുകളെ ബുദ്ധിമുട്ടി കൂട്ടിച്ചേർത്തു. യാത്രാവിവരണങ്ങളാണ് റബാനെ പ്രശസ്തനാക്കിയത്. പതിവു കള്ളികളിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. യാത്രകളെക്കുറിച്ചുള്ള പുസ്തകത്തിൽ ഭാവനയ്ക്കും ഇടമുണ്ടെന്നു തെളിയിച്ചു. സ്ഥലത്തെക്കുറിച്ചല്ല എഴുതിയത്. സ്ഥലങ്ങളെ സജീവമാക്കിയ മനുഷ്യരെക്കുറിച്ച്. ഭൂമിശാസ്ത്രമായിരുന്നില്ല വിഷയം. മനുഷ്യ ശാസ്ത്രം. വീൽചെയറിൽ 12 വർഷമായി ജീവിക്കുന്നതിലെ ആനന്ദം ഇപ്പോഴും ബാക്കിയാണ്...
അവസാന വരികളിലും യാത്ര അവസാനിപ്പിച്ചില്ല. അല്ലെങ്കിൽത്തന്നെ ഏതു യാത്രയാണ് അവസാനിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുക തന്നെയാണ് പ്രധാനം. നിയന്ത്രിക്കാനാവാതെ കണ്ണുകൾ നിറഞ്ഞോട്ടെ. പെട്ടെന്നുള്ള മിന്നൽ വെളിച്ചത്തിൽ സ്നേഹം മിന്നിമറഞ്ഞേക്കും. തൊട്ടടുത്ത നിമിഷം ഇരുട്ട് വിഴുങ്ങും. ഹൃദയത്തിന്റെ ഇടിമുഴക്കങ്ങളിൽ ആയുസ്സ് എണ്ണിയെണ്ണിക്കുറയും. ആളുന്ന തീയിൽ നിന്ന് ബാക്കിയായ സ്നേഹം നിരന്തരം കുത്തിത്തുളയ്ക്കും. വാർന്നുപോകുന്ന ചോരയും ജീവനില്ലാതാകുന്ന അവയവങ്ങളും യാത്ര പറയുന്നു. ഇനിയൊരു സൂര്യൻ വേണ്ട. ഓർമകളിലെ നിലാവും നക്ഷത്രങ്ങളും വേണ്ട. കണ്ണു തുറക്കേണ്ട. എന്നാൽ, അടുത്ത പ്രഭാതത്തിലും വെളിച്ചം തൊട്ടു വിളിക്കുമ്പോൾ.... യാത്ര തീർന്നിട്ടില്ലെന്നറിയുമ്പോൾ... സ്നേഹമേ, നിനക്കു തരാൻ ഇതേയുള്ളൂ. കണ്ണീർ വീണ താളിലെ മങ്ങിയ അക്ഷരങ്ങൾ മാത്രം... ഇനി അന്ത്യയാത്രാമൊഴി.