ADVERTISEMENT

ഓരോ വേദനയും അഴിച്ചഴിച്ചുചെല്ലുന്ന ഒരാൾ പെട്ടെന്നു സ്തബ്ധനാകുന്നു. ആ വേദനകളെല്ലാം അയാൾ മറ്റുള്ളവരിൽ മുൻപ് ഏൽപിച്ചതായിരുന്നു. അവ തന്നിലേക്കുതന്നെ സമർത്ഥമായി തിരിച്ചെത്തിയിരിക്കുന്നു. ആ സമയം മുതൽ അയാൾ സ്വയം നിരീക്ഷിക്കാൻ തുടങ്ങുന്നു. എന്തെങ്കിലും വായിക്കണമെന്നു തോന്നുന്നു. മുൻപു പോയിട്ടില്ലെങ്കിലും ഒരിക്കൽ താൻ ചെന്നുപറ്റുമെന്ന് ഉറപ്പുള്ള ഒരു ഭൂപ്രദേശം തെളിഞ്ഞുവരുന്ന താളുകൾ കലശലായി ആഗ്രഹിക്കുന്നു. (ഉദാഹരണത്തിനു ബൊലാന്യോയുടെ ദി അൺനോൺ യൂണിവേഴ്സിറ്റി, വ്ലാഡിമിർ നബോക്കോവിന്റെ സ്പീക്, മെമ്മറി, സെസാർ പാവേസിന്റെ എമംഗ് വിമൻ ഒൺലി.). നട്ടുച്ചവെയിലിൽ തിളങ്ങുന്ന മുറ്റം കാണാവുന്ന ഒരു മുറിയിലിരുന്ന്, വാതിലും ജനാലയും തുറന്നിട്ട്, മേൽപറഞ്ഞവയല്ലാതെ മറ്റൊരു പുസ്തകം കൂടി ഉണ്ടല്ലോ എന്ന് ആലോചിക്കുന്നു. അത് ഒരിക്കൽ താൻ കണ്ടുപിടിക്കുമെന്ന വിശ്വാസത്താൽ വായന തുടരുന്നു. 

Nobel Literature
ലൂയിസ് ഗ്ലൂക്ക്, Photo Credit : Susan Walsh / AP Photo

പുസ്തകത്തിനകത്തും പുറത്തുമായി വർഷങ്ങൾ കടന്നുപോകുന്നു, മക്കൾ വലുതാകുന്നു, തനിക്കും പ്രായം ചെന്നതായി, മരണത്തിലേക്കു ചെല്ലുന്നതായി അറിയുന്നു. അച്ഛന്റെ മരണം കടന്നുവരുന്ന ലൂയിസ് ഗ്ലൂക്കിന്റെ കവിതകളിലൊന്നു സെപ്റ്റംബറിലെ കടുത്ത വെയിലിനെപ്പറ്റി പറഞ്ഞു തുടങ്ങുന്നു. അച്ഛൻ മരിച്ചതു സെപ്റ്റംബറിലായിരുന്നു. മരണവീട്ടിൽ വന്നവരെല്ലാം എന്തൊരു ചൂട്, എന്തൊരു കാലാവസ്ഥ എന്നു പറഞ്ഞുകൊണ്ടിരുന്നു. പിറ്റേവർഷം സെപ്റ്റംബർ തണുത്തുകിടന്നു. വീട്ടിൽ അമ്മയും പെൺമക്കളും മാത്രം. വീട്ടിലേക്കുള്ള നടപ്പാതയിൽ മകളുടെ കുട്ടി വണ്ടിയോടിച്ചുകളിക്കുന്നു, അവൾക്കു നേരംപോക്കാൻ. നമുക്കോ സമയം തീരെ മതിയാകുന്നില്ല. ഒരിക്കൽ അയാൾ സുന്ദരപ്പയ്യനായിരുന്നു. മറ്റൊരിക്കൽ ശ്വാസത്തിനായി പിടയുന്ന വയസ്സനും. 

It comes to nothing, really, hardly a moment on earth.

Not a sentence, but a breath, a caesura.

MichelFoucoult-Copy
മിഷേൽ ഫൂക്കോ, Image Credit: Sophie Bassouls/Sygma via Getty Images.

മുൻപ് പോയിട്ടില്ലെങ്കിലും ഒരുനാൾ ചെന്നുചേരുമെന്ന് ഉറപ്പുള്ള ആ പ്രദേശം തെളിഞ്ഞുവരുന്ന താളുകൾ മരണത്തെയും ജനനത്തെയും ചേർത്തുവിചാരിക്കുന്നതാണ്. നോവലെഴുതുമ്പോൾ എപ്പോഴും സംഭവിക്കാറുള്ള ഒരു വികാരം,ഒരു നടുക്കം ആണത്- ഞാനീയെഴുതുന്നതല്ല, മറ്റൊരു അനുഭവം, അജ്ഞാതമായ ഏതോ പ്രദേശം പോലെ, മറ്റെവിടെയോ ഉണ്ടെന്നത്. ചിലപ്പോൾ അതൊരു നോവലാവില്ല, കവിതയാണെന്നും തോന്നാറുണ്ട്. പക്ഷേ അത് എഴുതാൻ കഴിയുമെന്ന് ഉറപ്പില്ല, ഓർക്കുമ്പോഴേക്കും ആ സ്പർശനം , വളരെ വർഷം മുൻപ് നാം കുട്ടികളായിരുന്ന കാലത്ത് നടന്ന ഒരു സംഭവം പോലെ വിദൂരം,അവൃക്തം. എങ്കിലും എനിക്കു വാക്കുകൊടുക്കാൻ തോന്നുന്നു: ഞാനത് എന്റെ ആദ്യപുസ്തകം പോലെ ശ്രദ്ധാപൂർവം, ശങ്കിച്ചുശങ്കിച്ച്, നെഞ്ചിടിപ്പോടെ എഴുതും. ‘മൂന്നു കല്ലുകൾ’ എന്ന നോവലിൽ മിനായുടെ പ്രസവത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അവൾ മാധവനൊപ്പം ചെലവഴിക്കുന്ന സമയം-മാധവന് അപ്പോൾ പതിനഞ്ചുവയസ്സേയുള്ളു- വളരെ വിദൂരമായ ഒരു വികാരമായിരുന്നു. അതെഴുതാൻ കഴിയുമെന്നു കരുതിയതല്ല. മിനായുടെ മരണശേഷമാണു അതെപ്പറ്റി, അവളുടെ വീട്ടുജനാലയും അതിനടുത്തുകൂടെയുള്ള ഇടവഴിയും തൊട്ടടുത്ത കുന്നിലേക്കുള്ള മൺവഴിയിൽ പുലരിമഞ്ഞുവീണുകിടക്കുന്നതുമെല്ലാം ഓർത്തത്. അതിനകത്ത് ഒരു ഭാഷയുണ്ടെന്ന് അവൾ ഉണ്ടായിരുന്ന കാലത്ത് എനിക്കറിയില്ലായിരുന്നു. അവളുടെ ഗർഭം അതിന്റെ പൂർണതയിൽ, നിലാവിൽ നാമിറങ്ങി നടന്ന സ്ഥലങ്ങൾ പോലെ, ഒരു വാക്യത്തിനു നടുവിലെ മൗനമായിക്കിടന്നു. ലൂയിസ് ഗ്ലൂക്കിന്റെ കവിതയിൽ പറഞ്ഞ, പ്രപ​ഞ്ചത്തിലെ ഒരു മാത്ര പോലുമല്ലാത്ത നമ്മുടെ സമയം, സിസ്യൂറ; ഒരു വരിയുടെയോ ഈണത്തിന്റെയോ നടുവിലെ മൗനം.

Jose-Eduardo-Agualusa
ഹോസെ എഡ്വാഡോ അഗ്വലൂസ, Photo Credit: Bruno Veiga

ആരാണു ഗ്രന്ഥകാരൻ എന്ന പ്രബന്ധത്തിൽ, മിഷേൽ ഫൂക്കോ എഴുത്തും മരണവുമായി ബന്ധപ്പെട്ട  ചിരപുരാതനമായ ചില സങ്കൽപങ്ങൾ അവതരിപ്പിക്കുന്നു.  അതിൽ മുഖ്യമായത് എഴുത്ത് ഗ്രന്ഥകാരന് അനശ്വരത കൊണ്ടുവരുന്നുവെന്നതാണ്. മരണത്തെ അകറ്റിനിർത്താനുള്ള ഉപാധിയെന്ന നിലയിലാണു കഥ  ആയിരത്തൊന്നു രാവുകളിൽ ഉള്ളത്. കഥപറച്ചിൽ പുലരിയിലേക്കു നീളുമ്പോൾ, മരണം മാറ്റിവയ്ക്കപ്പെടുന്നു.  ഇങ്ങനെ മരണം മാറ്റിവയ്ക്കുന്ന കഥ, പിന്നീടു മരണം തരുന്നതായി സാഹിത്യലോകത്ത് ആധിപത്യം നേടുന്നുണ്ട്. ഗ്രന്ഥകാരന്റെ  ജീവനെടുക്കുന്ന എഴുത്ത് അനശ്വരമാകുമെന്ന സങ്കൽപത്തിലേക്കാണതു രൂപപരിണാമം നേടുന്നത്. ചെറുപ്പത്തിലേ രക്തസാക്ഷിയാകുന്ന യോദ്ധാവ് അനശ്വരത നേടുന്നതു പോലെ, എഴുത്തിൽ സ്വയം ബലിയാകുന്നതോടെ ഗ്രന്ഥം അനശ്വരമാകുമെന്നതു, ഫ്ലോബേറിലും പ്രൂസ്റ്റിലും കാഫ്കയിലും സംഭവിച്ചതുപോലെ, വികസിച്ചുവന്നു. അതായത് എഴുത്താളിന്റെ ജീവിതം തന്നെയും എഴുത്തായി മാറുകയും ഗ്രന്ഥത്തിനകത്തു എഴുത്താൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.  

Jose-Eduardo-Agualusa-two
ഹോസെ എഡ്വാഡോ അഗ്വലൂസ, Photo Credit: Jorge Simão/disclosure

പോർചുഗീസ് എഴുത്തുകാരൻ ഹോസെ എഡ്വാഡോ അഗ്വലൂസയുടെ ‘എ പ്രാക്ടിക്കൽ ഗൈഡ് ടു ലെവിറ്റേഷൻ’ എന്ന പുസ്തകത്തിൽ ബോർഹെസ് ഇൻ ഹെൽ എന്ന രസകരമായ കഥയുണ്ട്. ബോർഹെസ് മരണശേഷം ഉണരുന്നത് ഒരു വാഴത്തോട്ടത്തിലാണ്. അയാൾ സങ്കൽപിച്ചിരുന്നത് സ്വർഗം  മഹാഗ്രന്ഥാലയം ആണെന്നാണ്. എന്നാൽ മരണശേഷം എത്തിയതാകട്ടെ ഒരു വാഴത്തോട്ടത്തിലും. ബോർഹെസ് വാഴത്തോട്ടത്തിലൂടെ നടക്കുകയാണ്. തനിക്കറിയാവുന്ന, താൻ വായിച്ചറിഞ്ഞ ആരെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ. 

പക്ഷേ അനന്തതയിലേക്കു നീണ്ടുകിടക്കുന്ന വാഴത്തോട്ടമായിരുന്നു അത്. അപ്പോഴാണു ബോർഹെസിന് ഒരു സംശയമുദിച്ചത് - ചിലപ്പോൾ ഇതു സ്വർഗമായിരിക്കില്ല, നരകമായിരിക്കും. നീണ്ടുപട‍ർച്ച പച്ചിലകളും മഞ്ഞപ്പഴക്കുലകളും അനന്തമായ നീലാകാശവുമല്ലാതെ മറ്റൊന്നും അയാൾ കണ്ടില്ല. ഒറ്റപുസ്തകം പോലുമില്ലാത്തതിൽ അയാൾക്കു ഖേദം തോന്നി. തന്റെ അന്ധത മാഞ്ഞുപോയതിലും ബോർഹെസിനു വിഷമം തോന്നുന്നു. 

ബോർഹസ്, Image Credit: Ulf Andersen/Getty
ബോർഹെസ്, Image Credit: Ulf Andersen/Getty

സത്യത്തിൽ ബോർഹെസിനു ലാറ്റിനമേരിക്ക ഇഷ്ടമായിരുന്നില്ല. ബ്രസീലിനോടു ചേർന്നു കിടക്കുന്നു എന്നതല്ലെങ്കിൽ അർജന്റീന ഏതാണ്ട് ഒരു യൂറോപ്യൻ രാജ്യമാണ്. പൗരാണികമായ കത്തീഡ്രലുകളിൽ വിസ്മയിച്ച ബോർഹെസിനു താനൊരു യൂറോപ്യനാണെന്ന് എന്നും തോന്നി. അദ്ദേഹത്തിനു ഗ്രീക്ക് പുരാണങ്ങളും മധ്യകാല ഇംഗ്ലിഷും വലിയ ഇഷ്ടമായിരുന്നു.

ആ നടത്തിനിടെയാണ് ബോർഹെസ് വാഴയിലകൾക്കു  മീതെ അന്തരീഷത്തിൽ ശയിക്കുന്ന നഗ്നമായ ഒരു സ്ത്രീരൂപം കണ്ടത്. അവൾ മുലത്തടത്തിൽ കൈ വച്ച് സൂര്യനു നേരെ പൊങ്ങിക്കിടന്ന് ഉറക്കമായിരുന്നു. ആ കാഴ്ച കണ്ടു ബോർഹെസ് ഞെട്ടി. ദൈവത്തിനു വലിയൊരു അബദ്ധം പിണഞ്ഞിരിക്കുന്നു. മറ്റൊരു ലാറ്റിനമേരിക്കൻ എഴുത്തുകാരനുമായി ദൈവത്തിനു തന്നെ മാറിപ്പോയിരിക്കുന്നു. അതായത്, ഈ സ്വർഗം നിർമിച്ചത്, ഗബ്രിയേൽ ഗാർസിയ മാർകേസ് എന്നയാളെ മനസ്സിൽ കരുതിയാണ്.

GARCIAMARQUEZ/
മാർകേസ്. Photo: REUTERS/Tomas Bravo

മണ്ണിൽക്കുത്തിയിരുന്നു ബോർഹെസ് ഒരു വാഴപ്പഴം തൊലിപൊളിച്ചു തിന്നാൻതുടങ്ങി. മാർകേസിനെക്കുറിച്ച് ഓർത്തപ്പോൾ അടക്കാനാവാത്ത അസൂയ അയാൾക്കുണ്ടായി. രാത്രികളുടെ വിദൂരമായ മർമ്മരത്തിനു മോഹിച്ച് ഒരിക്കൽ മാർകേസും അന്ത്യനിദ്രയിലേക്കു പോകും. പക്ഷേ ഉണരുന്നത് ലൈബ്രറിയുടെ തണുറഞ്ഞ നിലത്തായിരിക്കും. ലൈബ്രറിയുടെ അറ്റമില്ലാത്ത ഇടനാഴികളിലൂടെ മാർകേസ് നടക്കും, പടികളിലൂടെ കയറിയിറങ്ങും; എല്ലായിടത്തും അയാൾ പുസ്തകങ്ങൾ മാത്രം കാണും. 

മറ്റൊരു വാഴപ്പഴം കൂടി തൊലിയുരിച്ചു തിന്നവേ ബോർഹെസിന് ഒരു കാര്യം കൂടി മനസ്സിലായി; ദൈവത്തിന്റെ ഈ പിഴവു വെറുതെയല്ല. ഇതിനു മറ്റൊരു അർത്ഥം കൂടിയുണ്ട്: ഒരാളുടെ സ്വർഗം മറ്റൊരുത്തനു നരകമായിവരും. തന്റെ സ്വ‌‍ർഗം മറ്റൊരാൾ നരകമായും അറിയും.  

ഈ നരകം കൊള്ളാമല്ലോയെന്നു ബോർഹെസ് വിചാരിക്കുന്നിടത്തു അഗ്വലൂസയുടെ കഥ അവസാനിക്കുന്നു. ഈ കഥയിൽ തുളുമ്പുന്ന നർമത്തിനകത്തു മറ്റൊരു അർത്ഥതലം വായനക്കാരായ നമുക്കും അഗ്വലൂസ കരുതിവച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. എന്തെന്നാൽ ഒരാൾ സ്വപ്നം കാണുന്ന എഴുത്ത് മറ്റൊരു എഴുത്തുകാരന്റെ മോശം രചനയായി സംഭവിച്ചുകഴിഞ്ഞിട്ടുണ്ടാകണം. 

Krishnan-Nair
എം. കൃഷ്ണൻ നായർ

എഴുത്തുകലയെ സംബന്ധിച്ച ഭിന്നാഭിപ്രായങ്ങളും സമീപനങ്ങളും നാം ദിവസവും കാണുന്നു. ഒരുകൂട്ടർ ചില എഴുത്തുകാരെ പുച്ഛിക്കുന്നു. മറ്റു ചിലരെ വാനോളം പ്രശംസിക്കുന്നു.  എതിർപക്ഷത്തും വേറെ ചിലർ അണിചേരുന്നു. ശരിയാണ്, എഴുത്തുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കടുത്ത നിലപാടുകാരുണ്ട്. എം. കൃഷ്ണൻനായർ കവികളെ സംബന്ധിച്ച തന്റെ രുചിഭേദം പതിവായി പ്രകടിപ്പിക്കാറുണ്ടായിരുന്നത് ഓർമ വരുന്നു. അദ്ദേഹം വള്ളത്തോളിനെയും ചങ്ങമ്പുഴയെയും വലിയ കവികളായി കണ്ടു. അതേസമയം വൈലോപ്പിള്ളിയുടെ കവിതകളെ തീരെ ഇഷ്ടപ്പെട്ടില്ല; അവ മരക്കവിതകളാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.

vyloppilly-sreedhara-menon
വൈലോപ്പിള്ളി

വള്ളത്തോളിന്റെ നാലുവരിയെ പ്രകീർത്തിക്കുന്ന അതേനിമിഷം തന്നെ വൈലോപ്പിള്ളിയുടെ നാലുവരി കൂടി ഉദ്ധരിച്ചിട്ട്, നക്ഷത്രമെവിടെ പുൽക്കൊടിയെവിടെ, എന്നു പരിഹസിക്കുകയും ചെയ്തു. ഇത്തരം ഖണ്ഡനങ്ങൾ സാഹിത്യത്തിനു വിശേഷിച്ചു ഗുണമൊന്നും ചെയ്യുന്നില്ല.നല്ല കവിതയെന്നു  കൃഷ്ണൻനായർ ചൂണ്ടിക്കാണിക്കുന്ന കവിതകളും കവിത്വം എന്താണെന്ന സങ്കൽപനങ്ങളും പരിശോധിക്കുമെങ്കിൽ  അതേ അളവുകോലുകൾ വച്ചു വള്ളത്തോളിന്റെ സ്ഥാനത്ത് വൈലോപ്പിള്ളിയെ ഇരുത്താൻ മറ്റൊരാൾക്കു വേണമെങ്കിൽ സാധിക്കും.

വള്ളത്തോൾ
വള്ളത്തോൾ

അതിവിടെ നിൽക്കട്ടെ. ഞാൻ വിചാരിക്കുന്നത് അഗ്വലൂസയുടെ കഥയിൽ ദൈവം ചെയ്തതുപോലെ, ഇഹലോകത്തു നമ്മുടെ സൗന്ദര്യസങ്കൽപങ്ങളെ തലകുത്തി നിർത്താനാകുമോയെന്നാണ്. ഒരിക്കൽ നാം ഉന്നതമായി കരുതിയ കാഴ്ചപ്പാടുകളുടെ എതിരനുഭവം എന്നെങ്കിലും അഭിമുഖീകരിക്കുമോ..? ജീവിതത്തിൽ നാം ഒരിക്കൽ വെറുത്തവരുമായി പിന്നീടു സ്നേഹത്തിലാകുന്നതുപോലെ, ഇന്നലെത്തെ അടുപ്പങ്ങളെ ഇന്നു തള്ളുന്നതുപോലെ, രൂപപരിണാമം നമ്മുടെ അനുഭൂതികളിലും സംഭവിക്കുന്നതു ഞാൻ കാണുന്നു. അങ്ങനെയൊരു ഭാവപരിണാമം ചിലപ്പോൾ അതിശയകരമായ പാഠമായേക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

Content Highlights: Ezhuthumesha | Ajay P Mangatt | Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com