നെവർ ലെറ്റ് മീ ഗോ... കാതരമായ് പാടി നൊബേൽ ജേതാവ്

HIGHLIGHTS
  • തിരയടങ്ങാത്ത കടൽപോലെ വേദന അലതല്ലുന്ന പുസ്തകത്തിന്റെ പേര് കൂടിയാണ് നെവർ ലെറ്റ് മീ ഗോ
  • യുവാവായിരിക്കെ പാട്ടെഴുത്തുകാരനായാണ് ഇഷിഗുറോ സ്വയം പരിഗണിച്ചിരുന്നത്. ആദ്യമെഴുതിയതും ഗാനങ്ങളായിരുന്നു
British novelist Kazuo Ishiguro
കസുവോ ഇഷിഗുറോ. ചിത്രം: എപി
SHARE

കുട്ടികളുണ്ടാകില്ലെന്നു വിചാരിച്ച സ്ത്രീ. എന്നാൽ, നീണ്ട കാത്തിരിപ്പിനു ശേഷം അവർക്കൊരു കുട്ടി ജനിച്ചു. അന്നുമുതൽ അവർ ഭീതിയിലുമായി. കുട്ടിയെ തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത നിരന്തര അവരെ ഭയപ്പെടുത്തി. ആ ഭയത്തിൽ നിന്നാണ് ഉള്ളിൽത്തട്ടി നെവർ ലെറ്റ് മീ ഗോ...എന്നവർ പാടിയത്. എന്നെ വിട്ടുപോകരുതേ. നീ എന്നെ ഉപേക്ഷിക്കരുതേ. ഒരു നിമിഷം പോലും മാറിനിൽക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചത്. 

തിരയടങ്ങാത്ത കടൽപോലെ വേദന അലതല്ലുന്ന പുസ്തകത്തിന്റെ പേര് കൂടിയാണ് നെവർ ലെറ്റ് മീ ഗോ. നൊബേൽ ജേതാവ് കസുവോ ഇഷിഗുറോയുടെ പ്രശസ്ത നോവൽ. ദ് റിമെയ്ൻസ് ഓഫ് ദ് ഡേയേക്കാളും ഇഷിഗുറോയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ വേദനയുടെ ഇതിഹാസം. യുകെയിലെ ഹെയിൽഷാം എന്ന ഉൾനാടൻ ഗ്രാമത്തിൽ, അവയവ ദാനത്തിനുവേണ്ടി മാത്രം കുട്ടികളെ വളർത്തുന്ന അഭയ കേന്ദ്രത്തിൽ നിന്ന് ആ പാട്ട് മുഴങ്ങുന്നുണ്ട്. പ്രണയം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ തലയണ മാറത്തടുക്കി കാതി എന്ന പെൺകുട്ടിയുടെ ശബ്ദത്തിൽ. അതു കേൾക്കുന്നവരുടെ കണ്ണു നനയുന്നുണ്ട്. ഹൃദയ ഭാരം കൂടുന്നുണ്ട്. വായിക്കുന്നവരുടെയും. 

വേർപെടാനാവാതെ പ്രണയിച്ചിട്ടും അകലാൻ മാത്രമായിരുന്നില്ല കാതിയുടെയും കാമുകന്റെയും വിധി. ജീവിതം എത്രനാൾ എന്നു പോലും ആർക്കും ഉറപ്പില്ലായിരുന്നു അവർക്ക്. അവയവങ്ങൾ ദാനം ചെയ്ത് മരണത്തെ ക്ഷണിച്ചുവരുത്തുമ്പോൾ എവിടെയാണ് പ്രണയം പൂക്കുന്നത്. കായ്ക്കുന്നത്. ഇലകൾക്കുശേഷം ശാഖകളും നഷ്ടപ്പെട്ട് വേരുകൾ പോലും ബാക്കിയില്ലാതായ ജീവിത തമോവൃക്ഷം. വീടില്ലാത്തൊരുവനോട് വീടിന് ഒരു പേരിടാനും, മക്കളില്ലാത്തൊരുവനോട് മക്കൾക്ക് പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ, രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ എന്നു ചോദിച്ചത് കവി അയ്യപ്പനാണ്.  ‍ഇല്ലാതാകാൻ പോകുന്ന ഹൃദയത്തിൽ, അവശേഷിച്ച കാലത്തേക്കു മാത്രം അനുവാദമില്ലാതെ വളർന്ന പ്രണയമാണ് നെവർ ലെറ്റ് മീ ഗോ എന്ന പാട്ടിനെ പിൻവിളിയാക്കുന്നത്. 

Books-of-Kazuo-Ishig
കസുവോ ഇഷിഗുറോയുടെ പുസ്തകങ്ങളായ നെവർ ലെറ്റ് മീ ഗോ, ദ് സമ്മർ വി ക്രോസ്ഡ് യൂറോപ് ഇൻ ദ് റെയ്ൻ, ദ് റിമെയ്ൻസ് ഓഫ് ദ് ഡേ എന്നിവ.

ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച് ബ്രിട്ടിഷ് നോവലിസ്റ്റായി വളർന്ന ഇഷിഗുറോ പാട്ടെഴുതുമ്പോൾ നെവർ ലെറ്റ് മീ ഗോ ഓർമയിൽ ഉണരുന്നത് സ്വാഭാവികം. പ്രണയവും വിഷാദവും ഏകാന്തതയും ഒറ്റപ്പട്ടലും ഒറ്റപ്പാട്ടിലെ ഒറ്റവരിയിൽ മാത്രമായി എഴുതി നിർത്താനാവില്ലല്ലോ. പാട്ടുകൾ വീണ്ടും ഒഴുകുകയാണ്. ഇഷിഗുറോയുടെ അന്തരാളത്തിൽ നിന്ന്. അവ കേൾക്കുന്നതിനൊപ്പം വായിക്കുകയും ചെയ്യാം. ഗാനസമാഹാരം ഉടൻ പുറത്തിറങ്ങും. The summer we crossed Europe in the rain : Lyrics for Stacy Kent എന്നാണ് 16 ഗാനങ്ങൾ ഉൾപ്പെട്ട സമാഹാരത്തിന്റെ പേര്. എഴുത്തുകാരന്റെ വിശദമായ ആമുഖവുമുണ്ട്. 

2002 ൽ ബിബിസിക്കുവേണ്ടി നടത്തിയ ഒരു അഭിമുഖത്തിലാണ് ഇഷിഗുറോ യുഎസ് ഗായിക സ്റ്റേസി കെന്റിനെ ആദ്യം കാണുന്നത്. എന്നിൽ നിന്ന് അതെടുത്തുമാറ്റാനാവില്ല എന്ന കെന്റിന്റെ പാട്ട് ഏറെയിഷ്ടമായിരുന്നു അദ്ദേഹത്തിന്. ഇഷുഗുറയുടെ 2 നോവലുകൾ കെന്റും വായിച്ചിരുന്നു. എഴുത്തിനോടുള്ള ഇഷ്ടം ഒരു കത്തിലൂടെ അവർ പ്രകടിപ്പിച്ചിരുന്നു. കത്തുകളിൽ തുടങ്ങിയ സൗഹൃദമാണ് കെന്റിനു വേണ്ടി പാട്ടെഴുതുന്നതിലേക്ക് ഇഷിഗുറോയെ നയിച്ചത്. ഗ്രാമി പുരസ്കാരത്തിനു പരിഗണിച്ച ബ്രേക്ക്ഫാസ്റ്റ് ഓൺ ദ് മോണിങ് ട്രാമിനുവേണ്ടിയായിരുന്നു ആദ്യ രചനകൾ. പാട്ട് ലോകം ഏറ്റെടുത്തതോടെ വീണ്ടും എഴുതി. തിരഞ്ഞെടുത്ത 16 പാട്ടുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പാടെഴുത്ത് നോവലെഴുതുന്നതിനെയും സഹായിച്ചെന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ കേൾവിയിൽ തന്നെ വായനക്കാരെ കീഴ്പ്പെടുത്തണം പാട്ട്. ഏറ്റവും സ്വകാര്യമായ അനുഭവമാണത്. മനസ്സ് മനസ്സിനോട് പറയും പോൽ, ഹൃദയ മർമരം പോലെ ഇഷിഗുറോ എഴുതിത്തുടങ്ങി. വരികൾക്കിടയിൽ എന്ന പോലെ വാക്കുകൾക്കിടെ ഹൃദയത്തെ തൊട്ടു വിളിക്കുന്ന മൗനം. ഓർമ, പ്രണയം, യാത്ര...സാന്ദ്രമായ വരികൾ. കടലിന്നഗാധമാം നീലിമയിൽ അലിഞ്ഞ സംഗീതം. 

Kazuo Ishiguro Books
കസുവോ ഇഷിഗുറോയുടെ പുസ്തകങ്ങൾ സ്റ്റോക്കോമിലെ സ്വീഡിഷ് അക്കാദമിയിൽ. ചിത്രം: AFP PHOTO / Jonathan NACKSTRAND

യുവാവായിരിക്കെ പാട്ടെഴുത്തുകാരനായാണ് ഇഷിഗുറോ സ്വയം പരിഗണിച്ചിരുന്നത്. ആദ്യമെഴുതിയതും ഗാനങ്ങളായിരുന്നു. എന്നാൽ ഈസ്റ്റ് ആംഗ്ലിക്ക സർവകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിങ് പഠനമാണ് നോവലുകളിലേക്ക് അദ്ദേഹത്തിനു വഴി തുറന്നത്. 1980 ൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം എന്ന അവസ്ഥയുണ്ടായി. പദ്യമോ ഗദ്യമോ ? ഇഷിഗുറോ ഗദ്യം തന്നെ തിരഞ്ഞെടുത്തു. പാട്ടെഴുത്തിന്റെ ഗ്ലാമർ തനിക്കില്ലെന്നും അദ്ദേഹം കരുതി. എന്നാൽ, വൈകിയെങ്കിലും ഇല്ലെന്നു കരുതിയ ഗ്ലാമർ അദ്ദേഹത്തെ തേടിയെത്തുകയാണ്. ക്ലാര ആൻഡ് ദ് സൺ എന്ന നോവലാണ് അവസാനം പുറത്തുവന്നത്. ഇനി വീണ്ടും നോവലോ അതോ പാട്ടുകളോ. കാതോർക്കാം നൊബേൽ ജേതാവിനു വേണ്ടി. 

Content Highlight: Nobel Prize winner Kazuo Ishiguro life and books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS