സമൂഹത്തിന്റെ നേർക്കാഴ്ചയാണ് എഴുത്ത്: ടി.ഡി. രാമകൃഷ്ണൻ, ശ്രദ്ധയാകർഷിച്ച് സനാരി

Mail This Article
സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പകർത്തുവാൻ വിധിക്കപ്പെട്ടവരാണ് എഴുത്തുകാർ. പക്ഷേ എഴുത്ത് കണ്ടിട്ടാണ് സമൂഹത്തിൽ കുറ്റം നടക്കുന്നത് എന്ന ആരോപണം പലപ്പോഴും എഴുത്തുകാർ നേരിടുന്നു. കുറ്റകൃത്യങ്ങൾ സംഭവിക്കുന്ന ലോകത്ത് നിൽക്കുമ്പോൾ അതേ പകർത്തി എഴുതുക മാത്രമാണ് എഴുത്തുകാർ ചെയ്യുന്നത് എന്ന് പ്രശസ്ത എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച മാനുവൽ ജോർജിന്റെ ‘സനാരി’ എന്ന നോവൽ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കിട്ട് ‘കൂട്ടൂകെട്ട്’ ഒരുക്കിയ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു ടി.ഡി. രാമകൃഷ്ണൻ.

മലയാളം നോവലിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണ്. ഒരുകാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്ന വിഷയങ്ങൾ പോലും ഇന്ന് സാഹിത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പെടുന്നു, സ്വീകരിക്കപ്പെടുന്നു. ആ സാഹചര്യത്തിൽ ഇത്തരം പുതിയ കൃതികൾ സന്തോഷം നൽകുന്നു. അത്ഭുതപ്പെടുത്തുന്ന, തടസ്സമില്ലാതെ വായിച്ച് അവസാനിപ്പിക്കാൻ സാധിക്കുന്ന ഒരു നോവലാണ് സനാരി. സ്വകാര്യമായ ഭാഷയിൽ ദാർശനികമായ അനുഭവങ്ങൾ നൽകുന്ന നോവൽ ഒരു പുതിയ തരം കുറ്റം അന്വേഷിക്കുകയാണെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.

എഴുത്തുകാരും വായനക്കാരും കൂട്ടുകാരും ഒത്തുചേരുന്ന, 'സനാരിയിൽ ഒരു സായാഹ്നം' എന്ന പരിപാടി ശനിയാഴ്ച കോട്ടയത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ വൈകിട്ട് 4.30 നാണ് നടന്നത്. ജോസ് പനച്ചിപ്പുറം, ജി.ആർ. ഇന്ദുഗോപൻ, ജിസ ജോസ്, സംസ്ഥാന അവാർഡ് ജേതാവായ സിനിമ സംവിധായിക ശ്രുതി ശരണ്യം എന്നിവർ പങ്കെടുത്തു.

സാമൂഹ്യ-നിയമവ്യവസ്ഥകളെ ഭേദിച്ച് കടക്കാൻ ആഗ്രഹിക്കുന്നവരാണ് കുറ്റപ്പാളികൾ എന്ന് നാം വിളിക്കുന്നവർ. വളരെ വ്യത്യസ്തമായ മാനസിക ക്രമമുള്ള, മദ്ധ്യവർത്തിയായ മനുഷ്യനിടയിൽ നിന്നുള്ള കഥനമാണ് സനാരി എന്ന് പ്രസിദ്ധ എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപൻ പറഞ്ഞു.

നിരന്തരമായി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാണ് സനാരി. പലവട്ടം ചതിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരമാണത്. കലാപങ്ങളുടെ നേർക്കാഴ്ച നൽകുന്ന നോവൽ, കുറ്റങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങളെയും തുറന്നു കാട്ടുന്നു എന്ന് എഴുത്തുകാരി ജിസ ജോസ് അഭിപ്രായപ്പെട്ടു.

ഒരു മിസ്റ്ററി നോവൽ എന്നതിനപ്പുറത്തേക്ക് സത്യങ്ങളുടെ രാഷ്ട്രീയം സംസാരിക്കുന്ന നോവൽ പേരിൽ പോലും 'നാരി' എന്ന പദത്തിന് പ്രാധാന്യം നൽകിയെന്ന് ജോസ് പനച്ചിപ്പുറം പറഞ്ഞു.

ടോണി ജോസ് സ്വാഗതപ്രസംഗം നടത്തിയ പരിപാടിയിൽ സനാരിയുടെ രചയിതാവായ മാനുവൽ ജോർജ് തന്റെ എഴുത്തനുഭവം വിവരിക്കുകയും ശ്രുതി ശരണ്യം, മനോജ് തെക്കേടത്ത് അടക്കം ഒട്ടേറെ പേർ നോവലിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പരിപാടിയുടെ അനുബന്ധിച്ച് പുസ്തകത്തിന്റെ വിൽപ്പനയും ബുക്ക് സൈനിങ്ങും സംഘടിപ്പിച്ചിരുന്നു.
Content Highlights: Sanari | Manuel George | T.D Ramakrishnan | Indugopan