ADVERTISEMENT

1960കൾ. ആ ദശകം അവരുടേതായിരുന്നു. അവരുടേതു മാത്രം. മറ്റാരൊക്കെ എന്തൊക്കെ അവകാശവാദങ്ങൾ നടത്തിയാലും അത് ബീറ്റിൽസിനു മാത്രം അവകാശപ്പെട്ടതാണ്. ഒരു ദശകത്തിന്റെ പേരും പ്രശസ്തിയും പാരമ്പര്യവും പൈതൃകവും. അതങ്ങനെയാകട്ടെ! അതങ്ങനെതന്നെയാകട്ടെ. Let it be. Let it be... അങ്ങനെതന്നെ...

1975 ൽ ന്യൂയോർക്കിൽ ബീറ്റിൽഫെസ്റ്റ് എന്ന ചടങ്ങ് നടക്കുന്നു. 10 വർഷത്തിൽ ഉദിച്ചസ്തമിച്ച ബിറ്റിൽസിനെ അനുസ്മരിക്കാൻ. വീണ്ടെടുക്കാൻ. അങ്ങനെതന്നെ... അങ്ങനെതന്നെ എന്നുറക്കെ പാടാൻ. ആടാൻ. ആടിയുലയാൻ. ലയിക്കാൻ. മറക്കാൻ. എല്ലാമെല്ലാം മറക്കാൻ. ബീറ്റിൽസിന്റെ ഡ്രൈവറും അംഗരക്ഷകനും സന്തത സഹചാരിയുമായിരുന്ന മാൽ ഇവാൻസ് അനുസ്മരണത്തിനെത്തി. അരമണിക്കൂറാണ് അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം കൊടുത്തത്. എന്നാൽ, അരമണിക്കൂറിൽ നിർത്താൻ തുടങ്ങിയ ഇവാൻസിന് മണിക്കൂറുകൾ പിന്നെയും സംസാരിക്കേണ്ടിവന്നു. അവരെന്നെ നിർത്താൻ അനുവദിച്ചില്ല. തുടരാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഞാൻ അവരുട‌െ കയ്യിലെ ഒരു ഉപകരണം മാത്രമായിരുന്നു. അത്രമാത്രമായിരുന്നു ബീറ്റിൽസിന്റെ സ്വാധീനം. ന്യൂയോർക്കിൽ അന്നു തടിച്ചുകൂടിയ പാട്ടുപ്രേമികൾ മാത്രം കേൾക്കേണ്ടതായിരുന്നില്ല ആ അനുസ്മരണം. എന്തെല്ലാം പറയാനുണ്ട് ഇവാൻസിന്. 1960 കളെക്കുറിച്ച്. അന്നത്തെ ആവേശം. ഉന്മാദം. സാഹസികത. ആ പാട്ടിന്റെ അലയൊലികളിൽ വീണ്ടും സ്വയം നഷ്ടപ്പെടുക... 

ജോർജ്ജ് ഹാരിസൺ, പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ബ്രിട്ടനിലെ ലണ്ടനിലെ ആബി റോഡ് ക്രോസ്, 1969. Photo Credit: Ian McMillan, courtesy Apple Corps / Reuters file
ജോർജ്ജ് ഹാരിസൺ, പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ബ്രിട്ടനിലെ ലണ്ടനിലെ ആബി റോഡ് ക്രോസ്, 1969. Photo Credit: Ian McMillan, courtesy Apple Corps / Reuters file

ഇവാൻസ് കടന്നുപോയെങ്കിലും ആ ഓർമകൾ ബാക്കിയാണ്. എഴുതിവച്ച കുറിപ്പുകൾ വർഷങ്ങൾക്കുശേഷം കെന്നത്ത് വൊമാക്കിനു ലഭിച്ചു. അടുക്കിപ്പെറുക്കി ആ കഥയെഴുതാൻ. മറ്റാർക്കും പറയാനാവാത്ത ബീറ്റിൽസിന്റെ രഹസ്യങ്ങൾ. ഒന്നും മറച്ചുവയ്ക്കാതെ. ഒന്നിനെക്കുറിച്ചും പേടിക്കാതെ. അതിപ്പോൾ പുറത്തുവന്നിരിക്കുന്നു: Living the Beatles Legend- On the Road with the Fab Four. 

നിയോഗം എന്ന വാക്ക് ഏറ്റവും യോജിക്കുക ഒരുപക്ഷേ ഇവാൻസിന് ആയിരിക്കും. അല്ലെങ്കിൽ എങ്ങനെയാണ് അദ്ദേഹം ബീറ്റിൽസിന്റെ ഭാഗമായത് എന്നതിന് ഇന്നും ഉത്തരമില്ല. 

1963 ജനുവരി. നാൽവർ സംഘത്തെയും കൊണ്ട് ലണ്ടനിലേക്ക് ഡ്രൈവ് ചെയ്യാനുള്ള (നി)യോഗം ഇവാൻസിനു ലഭിക്കുന്നു. Please Please me എന്ന ആൽബം ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്. ലോകത്തെ അവർ ഇളക്കിമറിക്കാൻ തുടങ്ങിയിരുന്നു. ആ തരംഗം തുടങ്ങിക്കഴിഞ്ഞിരുന്നു. നീൽ അസ്പിനൽ ആയിരുന്നു അതുവരെ അവരുടെ ഡ്രൈവർ. ലണ്ടൻ യാത്രയ്ക്കു തൊട്ടുമുമ്പ് നീൽ പനി ബാധിച്ചു കിടപ്പിലായി. ഇവാൻസ് ഡ്രൈവിങ് സീറ്റിലും എത്തി. മടക്കയാത്രയിലായിരുന്നു ഇവാൻസിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ അരങ്ങേറിയത്. 

ക‌ടുത്ത മഞ്ഞും തണുപ്പും. ദയവു ചെയ്തു ഞാൻ... ദയവു ചെയ്തു ഞാൻ... പാട്ടുകളെക്കാൾ ഉച്ചത്തിൽ മ‍ഞ്ഞുകാറ്റ് വീശിയടിച്ചു. അവർ സഞ്ചരിച്ചിരുന്ന ബസിന്റെ ഗ്ലാസ് തകർന്നു. ഒരു ഗ്ലാസ് കഷണം പോലും ബസിൽ വീഴാനോ നാൽവർ സംഘത്തിനു പരുക്കേൽക്കാനോ ഇവാൻസ് സമ്മതിച്ചില്ല. രക്ഷകനായി അവതരിക്കുകയായിരുന്നു. താൽക്കാലികമായി ജനാല മറച്ച് തിരിച്ചു കുത്തനേയുള്ള ഇറക്കത്തിൽ ഇവാൻസ് വാഹനം നിയന്ത്രിച്ചു. ജോൺ ലെനൻ. പോൾ മക് കാർട്നി. ജോർജ് ഹാരിസൺ. റിങ്കോ സ്റ്റാർ. അവർ ഒരാൾക്കുമേൽ മറ്റൊരാൾ എന്ന നിലയിൽ കെട്ടിപ്പുണർന്നു കിടന്ന് തണുപ്പിനെ അകറ്റിനിർത്തി. 

പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ, Photo Credit: ©Apple Corps Ltd.
പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ, Photo Credit: ©Apple Corps Ltd.

ആ രാത്രി അവർ മറന്നില്ല. ഇവാൻസ് ബീറ്റിൽസിന്റെ ഔദ്യോഗിക ഡ്രൈവറുമായി. വെറും ഡ്രൈവറല്ല. അംഗരക്ഷകനും സഹചാരിയും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനുമായി. 

1976 ൽ 40–ാം വയസ്സിലാണ് ഇവാൻസ് മരിക്കുന്നത്. അല്ല. കൊല്ലപ്പെടുന്നത്. ലൊസാഞ്ചൽസ് പൊലീസിന്റെ വെടിയേറ്റ്. പൊലീസിനു നേരേ തോക്ക് ചൂണ്ടി ഇവാൻസ് ഏറ്റുവാങ്ങിയ വെടിയുണ്ടകൾ. 

മരണത്തിനു മുമ്പ് തന്റെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ഇവാൻസ് ഒരു പ്രസിദ്ധീകരണ ശാലയുമായി കരാർ ഒപ്പിട്ടിരുന്നു. ഡയറിക്കുറിപ്പുകൾ. നോട്ടുകൾ. ഓരോന്നും നോക്കി ഓർമ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അതു പ്രസിദ്ധീകരിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ വിധവ ലില്ലിക്കു കഴിഞ്ഞു. പ്രസിദ്ധീകരണ കമ്പനിയുടെ കൈവശമുണ്ടായിരുന്ന കയ്യെഴുത്തുപ്രതി വർഷങ്ങൾക്കു ശേഷം കുടുംബത്തിന് മടക്കിക്കിട്ടി. 2020 ൽ മകൻ ഗാരിയാണ് പിതാവിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കാൻ വീണ്ടും ശ്രമം നടത്തുന്നതും കെന്നത്ത് വൊമാക്കിനെ ആ ജോലി ഏൽപിക്കുന്നതും. ഇവാൻസ് കൊല്ലപ്പെടുമ്പോൾ ഗാരിക്ക് 14 വയസ്സ് മാത്രമായിരുന്നു പ്രായം. 

പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ, 1965. Photo Credit:  PRNewsFoto/Apple Corps Ltd./EMI Music/AP Images
പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ, ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ, 1965. Photo Credit: PRNewsFoto/Apple Corps Ltd./EMI Music/AP Images

കേ‌ട്ട കഥകൾ തന്നെയാണ് ഇവാൻസ് പറയുന്നത്. അവർ ഒന്നൊന്നായി പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. ഉയരങ്ങൾ കീഴടക്കുന്നത്. ഒരുമിച്ചുചേരുന്നത്. ലോകം കീഴടക്കുന്നത്. ഒറ്റ നിമിഷത്തിന്റെ അവസാനത്തിലെന്നതുപോലെ അനിവാര്യമായ വേർപിരിയൽ. എന്നാൽ എല്ലാറ്റിനും സാക്ഷിയായിരുന്ന ഇവാൻസ് ആണു പറയുന്നത്. ഇതിലും ആധികാരികമായി മറ്റാർക്കു കഴിയും ബീറ്റിൽസിന്റെ കഥ അല്ല ജീവിതം പറയാൻ. 

ബീറ്റിൽസിനെ സംരക്ഷിക്കാൻ അനുയോജ്യമായ ശരീരമായിരുന്നു ഇവാൻസിന്റേത്. ലിവർപൂളിൽ സ്കൂളിൽ പഠിക്കുമ്പോൾ ഹിപ്പോ എന്നായിരുന്നു ഇരട്ടപ്പേര്. 27–ാം വയസ്സിലാണ് ബിറ്റിൽസ് സംഘത്തിനൊപ്പം അദ്ദേഹം ചേരുന്നത്. സംഘത്തിനു വേണ്ടതെല്ലാം ഇവാൻസിന്റെ ബാഗിലുണ്ടായിരുന്നു– ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും ഊർജദായക ഗുളികകളുമടക്കം. ഗിത്താറിൽ ഉപഗോയിക്കുന്ന വിവിധ സാമഗ്രികൾ. പിന്നെ തീർച്ചയായും ഗർഭനിരോധന ഉറകളും. ഹോട്ടൽ ഇടനാഴികളിൽ ലഹരിമരുന്നിനും സ്ത്രീകൾക്കും പിന്നാലെ അവർ പാഞ്ഞപ്പോഴും ഇവാൻസ് കൂടെയുണ്ടായിരുന്നു. എന്നും എപ്പോഴും. 1964 ൽ ബോബ് ഡിലൻ കൊടുത്ത മാരിജുവാനയും കഴിച്ച് പാട്ടെഴുതാൻ പോൾ മക് കാർട്നി നടന്നപ്പോൾ ഡയറിയും പെൻസിലുമായി ഇവാൻസ് കൂടെയുണ്ടായിരുന്നു. ഒരു രാത്രിക്കും പകലിനും ശേഷം ആകെ ഒരു വരിയാണ് കിട്ടിയത്: ഏഴ് രംഗങ്ങളുണ്ട്.

ഋഷികേശിലെ ആശ്രമത്തിലും മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിയന്ത്രിച്ചതും നിർദേശങ്ങൾ കൊടുത്തതും അദ്ദേഹം തന്നെ. ഋഷികേശിൽ വച്ചാണ് മണിക്കൂറുകൾ നീണ്ട ധ്യാനത്തിനു ശേഷം ഓസ്കർ പുരസ്കാരം നേടിയ പാട്ടിന്റെ ആദ്യ വരികൾ പോൾ മന്ത്രിച്ചത്. 

Let it be... Let it be... അങ്ങനെതന്നെ. അതങ്ങനെ തന്നെ... 

English Summary:

The Beatles Like Never Told: Mal Evans' Intimate Account of Music's Most Influential Decade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com