ADVERTISEMENT

നിഗൂഢത, സാഹസികത, കുറ്റകൃത്യങ്ങൾ എന്നിവ നൂറ്റാണ്ടുകളായി വായനക്കാരെ ആകർഷിക്കുന്ന വിഷയങ്ങളാണ്. ഇവ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ ചില പുസ്തക പരമ്പരകളുടെ നട്ടെല്ലായി മാറിട്ടുമുണ്ട്. ജിജ്ഞാസ ഉണർത്താനുള്ള അവയുടെ കഴിവാണ് ഇതിനു കാരണം. അജ്ഞാതമായവയെ മനസ്സിലാക്കാനും അനാവരണം ചെയ്യാനുള്ള വായനക്കാരുടെ സ്വാഭാവിക ആഗ്രഹത്തെ ഉപയോഗിച്ച്, സാഹസികതയിൽ ഏർപ്പെട്ടു ലക്ഷ്യം കൈവരിക്കുന്നതിലുള്ള സംതൃപ്തി അനുഭവിച്ചറിയാൻ ഈ പുസ്തകങ്ങൾ സഹായിക്കുന്നു.

കുറ്റകൃത്യത്തിന്റെ തെളിവുകള്‍ വിശകലനം ചെയ്ത് ശരിയും തെറ്റും വേർതിരിച്ചറിയുന്ന ഡിറ്റക്ടീവുകളായി മാറുന്നു വായനക്കാരിവിടെ. അസാധാരണ സാഹചര്യങ്ങളിൽ പരിചയപ്പെടുന്ന ഇവയിലെ കഥാപാത്രങ്ങള്‍ ദൈനംദിന ജീവിതത്തിനപ്പുറം ആവേശവും സാഹസികതയും അനുഭവിക്കാൻ അനുവദിക്കുന്നുവെന്നതും പുസ്തക പരമ്പരകളുടെ ആകർഷകത്വം കൂട്ടുന്നു. ഈ ആഖ്യാനങ്ങളിൽ അന്തർലീനമായിരിക്കുന്ന നീതിയുടെ സ്വഭാവം, പ്രതിരോധശേഷി, മനുഷ്യബന്ധത്തിന്റെ പ്രാധാന്യം തുടങ്ങിയ ആഴത്തിലുള്ള തീമുകൾ വായനാസുഖം വർധിപ്പിക്കുന്നു.

∙ റോബർട്ട് ലാങ്ടൻ പുസ്തക പരമ്പര

രചന: ഡാൻ ബ്രൗണ്‍

പുസ്‌തകങ്ങളുടെ എണ്ണം: 5

പ്രസിദ്ധീകരണ തീയതി: 2000–2017

വിഭാഗം: സസ്പെൻസ് നോവൽ

അമേരിക്കൻ എഴുത്തുകാരൻ ഡാൻ ബ്രൗണിന്റെ നോവലുകൾ ചരിത്രവും കലയും സസ്പെൻസും കൊണ്ട് നെയ്തെടുത്ത സങ്കീർണമായ പസിലുകളാണ്. ത്രില്ലർ സ്വാഭാവമുള്ള പുസ്തകങ്ങൾ കല, വാസ്തുവിദ്യ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നിവ സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിക്കുന്നു. ഡാൻ ബ്രൗണിന്റെ പരമ്പര പ്രധാനമായും ശാസ്ത്രജ്ഞനായ റോബർട്ട് ലാങ്ടൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഏയ്ഞ്ചൽസ് ആൻഡ് ഡെമൺസ് (2000), ദ് ഡാവിഞ്ചി കോഡ് (2003), ദ് ലോസ്റ്റ് സിംബൽ (2009), ഇൻഫെർനോ (2013), ഒറിജിൻ (2017) എന്നിവയാണ് പുസ്തകങ്ങൾ.

dan-brown-books-set

പസിലുകളും അനഗ്രാമുകളും കോഡുകളും സൈഫറുകളും കുട്ടിക്കാലം മുതലേ ബ്രൗണിന് താൽപര്യമായിരുന്നു. ഗണിതം, സംഗീതം, ഭാഷകൾ എന്നിവയിൽ താൽപര്യമുണ്ടായിരുന്ന ബ്രൗണിനും സഹോദരങ്ങള്‍ക്കും ജന്മദിനങ്ങളിലും അവധി ദിവസങ്ങളിലും പിതാവ് നൽകിയിരുന്നത് നിധി വേട്ട എന്ന കളിയാണ്. ഈ സാഹസികതയും നിഗൂഢതയും ബ്രൗണിന്റെ നോവലുകളിലും കാണാം.

ബ്രൗണിന്റെ പുസ്തകങ്ങൾ ഒരേസമയം പ്രശംസയും വിമർശനവും നേടിയിട്ടുണ്ട്. സസ്പെൻസ് നിറഞ്ഞ പ്ലോട്ടുകൾ പ്രശംസിക്കപ്പെടുമ്പോൾ, ചരിത്രപരമായ കൃത്യതയില്ലായ്മകൾക്കും മതത്തിന്റെ ചിത്രീകരണത്തിനും അവ വിമർശിക്കപ്പെട്ടു. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും, ബ്രൗണിന്റെ പുസ്തകങ്ങൾ ആഗോള ബെസ്റ്റ് സെല്ലറുകളായി തുടരുന്നു. ഇവ 56-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ലോകമെമ്പാടും 200 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. ദ് ഡാവിഞ്ചി കോഡ്, ഏയ്ഞ്ചൽസ് ആൻഡ് ഡെമൺസ് എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ സിനിമയായി വിജയം നേടി. ടോം ഹാങ്ക്സാണ് ലാങ്ടനായി അഭിനയിച്ചത്.

dan-brown-books

∙ ടിൻടിൻ പുസ്തക പരമ്പര

രചന: ഹെർഗെ

പുസ്‌തകങ്ങളുടെ എണ്ണം: 24

പ്രസിദ്ധീകരണ തീയതി: 1929-1983

വിഭാഗം: സാഹസികത, നിഗൂഢത, ആക്ഷൻ

ഹെർഗെ എന്ന തൂലികാനാമത്തിൽ എഴുതിയ ബെൽജിയൻ കാർട്ടൂണിസ്റ്റ് ജോർജ് റെമിയാണ് ടിൻടിൻ പുസ്തക പരമ്പര സൃഷ്ടിച്ചത്. 1929 നും 1983 നും ഇടയിൽ 24 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സാഹസികതയോട് അഭിനിവേശമുള്ള ഒരു യുവ റിപ്പോർട്ടറായ ടിൻടിൻ ആയിരുന്നു പ്രധാന കഥാപാത്രം. സ്‌നോവി (ടിൻടിന്റെ നായ), ക്യാപ്റ്റൻ ഹാഡോക്ക്, പ്രഫസർ കാൽക്കുലസ്, തോംസണും തോംസണും (ഡിറ്റക്ടീവുകൾ) എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ.

tintin-books

ലോകമെമ്പാടും സഞ്ചരിക്കുകയും നിഗൂഢതകൾ പരിഹരിക്കുകയും വില്ലന്മാരോടു പോരാടുകയും ചെയ്യുന്ന ടിൻടിന്റെ സാഹസികതയാണ് പരമ്പര പിന്തുടരുന്നത്. 100 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ടിൻടിൻ പുസ്തക പരമ്പര ലോകമെമ്പാടും 200 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. എക്കാലത്തെയും മികച്ച കോമിക് പുസ്തക പരമ്പരകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. നിരവധി സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, വിഡിയോ ഗെയിമുകൾ, സ്റ്റേജ് പ്രൊഡക്‌ഷനുകൾ എന്നിവ കൂടാതെ ബ്രസൽസിലെ ഒരു മ്യൂസിയം പോലും ഈ പരമ്പരയെ ആസ്പദമാക്കി നിലവിലുണ്ട്.

ആദ്യത്തെ ടിൻടിൻ പുസ്തകം, ‘ടിൻടിൻ ഇൻ ദ് ലാൻഡ് ഓഫ് ദ് സോവിയറ്റ്’ ആദ്യം ഒരു പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. സോവിയറ്റ് യൂണിയനെ നിഷേധാത്മകമായി ചിത്രീകരിച്ചതിന് അത് വിവാദമായിരുന്നു. അവസാന പുസ്തകംമായ 'ടിൻടിൻ ആൻഡ് ആൽഫ്-ആർട്ട്', ഹെർഗെയുടെ മരണത്തോടെ പൂർത്തിയാകാതെ പോയി.

tintin
ടിന്‍ടിൻ എന്ന കഥാപാത്രത്തിന്റെ സ്കെച്ച്, Picture Credit: https://www.tintin.com

∙ ഡൈവേർജന്റ് സീരീസ്

രചന: വെറോണിക്ക റോത്ത്

പുസ്‌തകങ്ങളുടെ എണ്ണം: 3

പ്രസിദ്ധീകരണ തീയതി: 2011-2014

വിഭാഗം: സയൻസ് ഫിക്‌ഷൻ

അമേരിക്കൻ നോവലിസ്റ്റ് വെറോണിക്ക റോത്ത് എഴുതിയ ഒരു സയൻസ് ഫിക്‌ഷൻ ഡിസ്റ്റോപ്പിയൻ ട്രിലജിയാണ് ഡൈവേർജന്റ് സീരീസ്. പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഷിക്കാഗോയിൽ നടക്കുന്ന കഥ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും സത്യസന്ധത, നിസ്വാർത്ഥത, ധൈര്യം, സമാധാനം, ബുദ്ധി എന്നീ വ്യത്യസ്ത ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിയാട്രിസ് ട്രിസ് പ്രയർ എന്ന യുവതിയുടെ കഥയാണ് ഈ പരമ്പര പിന്തുടരുന്നത്.

divergent

സമൂഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്ര ഇച്ഛാശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പരമ്പര ചോദ്യങ്ങൾ ഉയർത്തുന്നു. ലോകമെമ്പാടും 34 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഡൈവർജന്റ് സീരീസ് ഒരു വാണിജ്യ വിജയമായിരുന്നു. ആദ്യ പുസ്തകം 2014-ൽ ഷൈലിൻ വുഡ്‌ലിയും തിയോ ജയിംസും അഭിനയിച്ച സിനിമയായി. തുടർന്ന് 2015-ലും 2016-ലും രണ്ട് തുടർച്ചകളും വന്നുവെങ്കിലും സിനിമകൾ, പുസ്തകങ്ങൾ പോലെ വിജയിച്ചില്ല. ഡൈവേർജന്റ് (2011), ഇൻസെർജന്റ് (2012), അല്ലെജിയന്റ് (2013) എന്നിവയാണ് പുസ്തകങ്ങൾ.

divergent-books

2014-ൽ ഡൈവേർജന്റ് വിഡിയോ ഗെയിമും പുറത്തിറങ്ങി. 2014-ൽ റോത്ത്, ഫോർ: എ ഡൈവേർജന്റ് കലക്‌ഷൻ എന്ന ഒരു കമ്പാനിയൻ നോവലും പുറത്തിറക്കിയിരുന്നു. 

(തുടരും)

English Summary:

From the Adventures of Tintin to the Puzzles of Dan Brown: Thrilling Journeys in Literature Awaiting You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com