ADVERTISEMENT

പ്രിയ സുഹൃത്തേ, 

അന്റോണിയോ മുനോസ് മോലീനയുടെ 'ടു വോക്ക് എലോൺ ഇൻ ദ ക്രൗഡ്' എന്ന നോവലിനെക്കുറിച്ച് താങ്കൾക്ക് എഴുതണമെന്ന് പലവട്ടം ആലോചിച്ചുവെങ്കിലും എന്തു കൊണ്ടോ കഴിഞ്ഞില്ല. നടത്തത്തെ താങ്കൾ എങ്ങനെ കാണുന്നു എന്നറിയുവാൻ ആഗ്രഹമുണ്ട്. നടത്തം ചിലർക്ക് വ്യായാമമാണ്. ചിലർക്ക് ആത്മീയമായ അനുഭവമാണ്. ചിലർക്ക് ധ്യാനമാർഗ്ഗമാണ്. അപരിചിതമായൊരു ദേശത്തെ അടുത്തറിയുവാൻ നടത്തം സഹായകമാണ്. വേഗം എത്രയേറെ കുറയുന്നുവോ അത്രയേറെ ശ്രദ്ധ കൂടുമെന്ന് താങ്കൾക്കറിയാമല്ലോ. ഈ നോവലിലെ പ്രധാന കഥാപാത്രം (അത് നോവലിസ്റ്റാവാം വായനക്കാരാവാം) നടക്കുന്നത് വർത്തമാനകാലത്തിലും ഭൂതകാലത്തിലുമാണ്. ഒരു വരിയിൽ നിന്നും അടുത്ത വരിയിലേക്ക് ചുവടുവെക്കുമ്പോൾ രണ്ട് കാലങ്ങൾക്കിടയിലെ സഞ്ചാരമായി മാറുന്ന ശൈലിയാണ് നോവലിന്റെ സവിശേഷത. ഇതൊരു നോവൽ ആണോ എന്ന് സംശയം തോന്നാം. പരമ്പരാഗതമായ നോവൽ ആഖ്യാനമല്ല ഇതിലുള്ളത്. ആത്മകഥാപരമായ കുറിപ്പുകൾ, സഞ്ചാരസാഹിത്യത്തിന്റെ സ്വഭാവം, പല സാഹിത്യകൃതികളിലേയും ഉദ്ധരണികൾ, കാഴ്ചകൾ, കേൾവികൾ അങ്ങനെ പല കലർപ്പുകളിലൂടെയാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.

അന്റോണിയോ മുനോസ് മോലീന, Picture Credit:  A. Pérez Meca -EUROPA PRESS
അന്റോണിയോ മുനോസ് മോലീന, Picture Credit: A. Pérez Meca -EUROPA PRESS

ബോദ്ലേറും പെസ്സോവയുമെല്ലാം നഗരങ്ങളിലൂടെ നടക്കുകയും ആ ജീവിതത്തെ, കാഴ്ചകളെ തങ്ങളുടെ എഴുത്തിലേക്ക് ഉൾച്ചേർക്കുകയും ചെയ്തു. ഉൾച്ചേർക്കൽ എന്ന വാക്കല്ല ഉപയോഗിക്കേണ്ടത്. ആ നടത്തം സ്വാംശീകരിച്ച അനുഭവത്തെ അവർ എഴുത്തിൽ പുനർനിർമിച്ചു (ഫ്ലാനേർ എന്നാണ് ഈ രീതിക്ക് ഫ്രഞ്ച് നാമം). ഈ പുനർനിർമാണമാണ് ബോദ്ലേർ കൃതികളിൽ നമ്മൾ കാണുന്ന പാരിസ്. അത് മറ്റൊരു പാരിസാണ്. ഈ നടത്തത്തിന്റെ തുടർച്ചയാണ് ഈ നോവൽ. ഇവിടെ നോവലിസ്റ്റ് നടത്തത്തിലൂടെ ഒരു ഭൂപടം വരയ്ക്കുന്നു. അവിടെ തന്റെ ഇഷ്ട എഴുത്തുകാരുടെ കാലത്തെ ഓർമയിലൂടെ പുന:സൃഷ്ടിക്കുന്നു. ഈ പുനസൃഷ്ടിയെന്നത് ഒരു ആർക്കിടെക്ട് ഒരു സ്ഥലത്തെ തന്റെ ഭാവനയ്ക്കനുസൃതമായി ഡിസൈൻ ചെയ്യും പോലെയാണ്. ഇവിടെ വസ്തുക്കൾ, വഴികൾ, എടുപ്പുകൾ, ഗന്ധം, കേൾവി, കാഴ്ച എല്ലാം ഈ ഡിസൈനിൽ കാണാം. മാഡ്രിഡ്, പാരിസ്, ലണ്ടൻ, ന്യൂയോർക്ക് എന്നീ രാജ്യങ്ങളിലൂടെയുള്ള നോവലിസ്റ്റിന്റെ നടത്തത്തിൽ പ്രധാനമായും അദ്ദേഹത്തിന്റെ സംസ്ക്കാരത്തെ (ലോകത്തെ എങ്ങനെ കാണാം എന്ന അർത്ഥത്തിൽ) സ്വാധീനിച്ചവരെ പലപ്പോഴായി നമുക്കും കണ്ടുമുട്ടാം.

മൊലീന എഴുതിത്തുടങ്ങുന്ന കാലത്ത് ബോർഹസിനെ, ഹുവാൻ റൂൾഫോയെ, കോർത്തസാറിനെ അനുകരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ബോർഹസിനെ വായിക്കുമ്പോഴാണ് ഡിക്വിൻസിയെന്ന എഴുത്തുകാരനെ മൊലീന ആദ്യമായി കേൾക്കുന്നത്. ബോദ്ലേർ, ബൻയാമിൻ, പെൻസിൽ ഇത്രമാത്രം തത്ക്കാലം എഴുതാം എന്നാണ് കരുതുന്നത്. താങ്കളുടെ നടത്തത്തിലൂടെ മാത്രമേ ഈ നോവൽ വൃത്തം പൂർത്തിയാകൂ എന്ന ബോധ്യത്തിലാണ് ഇതിൽ മാത്രമായി കത്തിനെ ചുരുക്കുന്നത്. ആദ്യം പെൻസിലിനെക്കുറിച്ചുള്ള ഒരു ഭാഗത്തിൽ നിന്നും തുടങ്ങാം.  

ഞാനൊന്നുമേ എഴുതുന്നില്ല. എന്തുകൊണ്ടെന്നാൽ തിടുക്കത്തിൽ പറയുവാനായിട്ടൊന്നുമേ ഇല്ലെനിക്ക്. എന്റെ മുന്നിലെ ശ്വേത നിറമാർന്ന കടലാസ്സിൽ എന്റെ ആനന്ദം നിറയ്ക്കുവാനായി മാത്രമാണ് ഞാനെഴുതുന്നത്. ശൂന്യമായ ബുക്കുകളെല്ലാം അദൃശമായ മഷികൊണ്ട് എഴുതപ്പെട്ട ബുക്കുകളാണ്. ഞാൻ പെൻസിൽ ഉപയോഗിച്ച് എഴുതുന്നു. പെൻസിൽ കൊണ്ടുള്ള എഴുത്തെന്നാൽ മൃദുവായുള്ള ഉച്ചാരണം പോലെയാണ്. ശിലാലിഖിതത്തിലെ നിമിഷമെന്ന പോലാണ് കടലാസിന്മേലുള്ള പെൻസിലിന്റെ ചലനം. പെൻസിലുകൊണ്ടെഴുതുന്നു കൂടെയെപ്പോഴും സൂക്ഷിക്കുന്നു പെൻസിൽ വെട്ടി. The pencil glides across the page as stealthy as bare feet on a hardwood floor. A women rises from her bed after making love and on the way to the bathroom the soles of her feet slide on the polished wood with a rumor of silk. എത്ര മനോഹരമീ പെൻസിൽ വിവരണമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടാവുമെന്ന് നിശ്ചയമുണ്ട്.

 വാൾട്ടർ ബെന്യാമിൻ, Picture Credit: Suhrkamp Verlag
വാൾട്ടർ ബെന്യാമിൻ, Picture Credit: Suhrkamp Verlag

ഇനി വാൾട്ടർ ബെൻയാമിനിലേക്ക് വരാം. വാൾട്ടർ ബെൻയാമിൻ കളിപ്പാട്ടങ്ങളും കുട്ടികളുടെ പുസ്തകങ്ങളും ശേഖരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ സ്റ്റെഫാനുവേണ്ടിയായിരുന്നു കളിപ്പാട്ടങ്ങൾ വാങ്ങിയിരുന്നതെങ്കിലും ബെൻയാമിനും ആ കുഞ്ഞിനെപ്പോലെ അതിൽ സന്തോഷിച്ചിരുന്നു. സ്റ്റെഫാൻ വലുതായശേഷം അച്ഛനൊപ്പം നീണ്ടനാൾ ഒന്നിച്ചു കഴിയാനായില്ല. ബെൻയാമിന്റെ മരണശേഷം ഇംഗ്ലണ്ടിൽ പ്രാചീന പുസ്തകങ്ങളുടെ വിൽപ്പനക്കാരനായി സ്റ്റെഫാൻ. മോസ്കോ ഡയറിയിൽ ദീർഘയാത്ര ചെയ്ത് കളിപ്പാട്ടങ്ങളുടെ മ്യൂസിയവും ഉപയോഗിച്ചുപേക്ഷിച്ച കളിപ്പാട്ടങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ വിൽക്കുന്ന കടകളും സന്ദർശിച്ചതിനെക്കുറിച്ച് ബൻയാമിൻ  എഴുതുന്നുണ്ട്. പോർട്ട്ബുവിലെ (കാറ്റലോണിയയിലെ തുറമുഖ നഗരം. ഫ്രഞ്ച്-സ്പാനീഷ് അതിർത്തി കടന്നാണ് ബെൻയാമിൻ ഇവിടെ എത്തുന്നത്) മുറിയിൽ നിന്ന് ബെൻയാമിന്റെ ആത്മഹത്യയ്ക്കുശേഷം കണ്ടെത്തിയ വസ്തുക്കൾ ഇതെല്ലാമാണ്: കറുത്ത തുണിസഞ്ചി, ഒരു വാച്ച്, ഒരു പൈപ്പ്, ആറ് ഫോട്ടോഗ്രാഫുകൾ, എക്സറേ ഷീറ്റ്, കുറച്ചു കത്തുകൾ, ചില ദിനപ്പത്രങ്ങൾ, ചില്ലറ നാണയങ്ങൾ, പിന്നെ ഇങ്ങനെ ഒരു കൈയ്യെഴുത്ത് കുറിപ്പും "It is in a little village in the Pyrenees where nobody knows me that my life will end" ഒരാൾക്കും ആ സഞ്ചിക്കുള്ളിൽ എന്തായിരുന്നുവെന്ന് അറിയില്ല. അത് മരണശേഷം അപ്രത്യക്ഷമാവുകയും ചെയ്തു. ബെൻയാമിനെ ഇഷ്ടപ്പെടുന്ന താങ്കൾക്ക് തീർച്ചയായും ഇത് വായിക്കുമ്പോഴുണ്ടാകുന്ന നേർത്ത സങ്കടം മനസ്സിലാക്കാൻ കഴിയും. ഒരു ഏകാധിപതികൾക്കും കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടുവാനോ കുട്ടികളുടെ പുസ്തകങ്ങൾ ഇഷ്ടപ്പെടുവാനോ കഴിയില്ല. ഒരു കാര്യം കൂടി പറയട്ടെ ബെൻയാമിനും ബ്രഹതും ചെസ്സ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവർ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ ഇതിവൃത്തം ചർച്ചചെയ്യുകയും ഇരുവരും അത് ഒന്നിച്ചെഴുതുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുക മാത്രമല്ലേ തത്ക്കാലം നിവൃത്തിയുള്ളൂ?  

ബെർട്ടോൾട്ട് ബ്രെഹ്ത്, Picture Credit: FRED STEIN ARCHIVE-ARCHIVE PHOTOS-GETTY IMAGES
ബെർട്ടോൾട്ട് ബ്രെഹ്ത്, Picture Credit: FRED STEIN ARCHIVE-ARCHIVE PHOTOS-GETTY IMAGES

ബോദ്ലേറിന് ഒരു മുഖവുര ആവശ്യമില്ലെന്ന് അറിയാം. അതുകൊണ്ടുതന്നെ ബോദ്ലേറിലേക്ക് നേരിട്ട് കടക്കാം. ബോദ്ലേറിന് ഫോട്ടോഗ്രഫിയും വർത്തമാനപ്പത്രങ്ങളും ഇഷ്ടമായിരുന്നില്ല. ഓക്കാനത്തോടെയല്ലാതെ പത്രങ്ങൾ തുറക്കാനാവുമായിരുന്നില്ലന്ന് അദ്ദേഹം പറയുന്നു. അതുമാത്രമല്ല ജനാധിപത്യവും ഇൻഡസ്ട്രിയും ലിതോഗ്രഫിയുമെല്ലാം ബോദ്ലേറിന്റെ അനിഷ്ടങ്ങളുടെ പട്ടികയിലുണ്ട്. ബ്രസൽലിസിൽ താമസിക്കുന്നകാലത്ത് ഫ്രഞ്ച് ഗവണ്മന്റിന്റെ ചാരനാണ് ബോദ്‌ലേർ എന്തൊരു അഭ്യൂഹം പരന്നിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് പാരീസിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ശ്രദ്ധിച്ച കാര്യം അവിടെ ഒരു എഴുത്തുമേശ ഇല്ലായിരുന്നു എന്നുള്ളതാണ്. തെരുവുകളിലൂടെയുള്ള നടത്തത്തിനിടയിൽ മനസിലാണ് കവിത രൂപപ്പെടുക. മുൻപ് ഒരിക്കലും ഉപയോഗിക്കാത്ത രൂപകങ്ങൾ ബോദ്‌ലേർ കണ്ടെത്തി: ട്രാഫിക്കും മനുഷ്യരും കൂടിപ്പിണയുന്ന അവ്യവസ്ഥകൾ, ചക്രവാളത്തോളം പരന്നുകിടക്കുന്ന ഗ്യാസ് ടാങ്കുകൾ, ഫാക്ടറികളുടെ ദൂദൃശ്യം.

ചാൾസ് ബോദ്ലേർ,  Picture Credit: Étienne Carjat, Wikimedia Commons
ചാൾസ് ബോദ്ലേർ, Picture Credit: Étienne Carjat, Wikimedia Commons

ബോദ്ലേറിന്റെ  ബ്രസൽസിലെ ജീവിതം കൂടി എഴുതി കത്ത് അവസാനിപ്പിക്കാം. ബോദ്‌ലേർ ബ്രസൽസിനെ വെറുത്തിരുന്നു. അവിടുത്തെ രാജാവിനെയും ജനങ്ങളെയും വെറുത്തിരുന്നു. ആ വെറുപ്പ് ബോദ്‌ലേർ എഴുതിയിട്ടുമുണ്ട്. വിശ്രമമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. സ്ഥിരമായൊരു മേൽവിലാസമില്ലായിരുന്നു. പാരിസിൽ താമസിക്കുന്ന കാലത്ത് ഒരു മാസത്തിനിടയിൽ ആറ് തവണ വ്യത്യസ്ത സ്ഥലങ്ങളിൽ മാറി താമസിച്ചിട്ടുണ്ട്. ഒരിക്കൽ ബ്രസൽസിൽ താമസിക്കുന്ന കാലത്താണ് (1864) സ്ട്രോക്ക് വന്ന് ബോദ്ലേറിന്റെ ശരീരം പാതി തളരുന്നത്. തിരിച്ച് പാരിസിലെത്തുമ്പോൾ എപ്പോഴും വൃത്തിയായി ഷേവ് ചെയ്തിരുന്ന മുഖം വിളറിയിരുന്നു. പൂർണമായ നിശ്ശബ്ദനായി ബോദ്ലേർ. ഒരിക്കൽ അദ്ദേഹം എഴുതി: sometimes I am overcome by a desire to sleep for an infinite time. അവസാനകാലത്ത് സാനിറ്റോറിയത്തിലെ ഒരു മുറിയിലായിരുന്നു താമസം. അവിടുത്തെ ചുവരിൽ സുഹൃത്തായ മനേയുടെ ഒരു പെയിൻറിംഗ് ഉണ്ടായിരുന്നു. സുഹൃത്തുക്കൾ കാണാൻ വരുമ്പോൾ അവരെ തുറിച്ച് നോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാറില്ലായിരുന്നു. ചിലപ്പോൾ അതിലൊരാളുടെ കൈകളിൽ മുറുക്കെപ്പിടിച്ച് ഇമകൾ അടയ്ക്കാതെ തുറിച്ച് നോക്കിക്കൊണ്ടിരിക്കും. വല്ലപ്പോഴും സംസാരിക്കാൻ ശ്രമിച്ചാലോ ഒന്നോ രണ്ടോ വാക്കുകൾ മാത്രം. അതും അവ്യക്തം. ബോദ്‌ലേർ മരിച്ചപ്പോൾ കണ്ണുകൾ തിരുമ്മിയടക്കുന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. ശവപ്പെട്ടിക്കുള്ളിലും ആ കണ്ണുകൾ തുറന്നുതന്നെയിരുന്നു.   

ToWalkAloneintheCrowd

ഈ നോവലിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് എഴുതുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഈ പുസ്തകത്തിന്റെ സൗന്ദര്യത്തെ എന്നാലാവും വിധം കേടുവരുത്തിയുട്ടുണ്ടെന്ന് ബോധ്യവുമുണ്ട്. എങ്കിലും എഴുതാതിരിക്കാൻ കഴിഞ്ഞില്ല. വ്യക്തികൾ, വസ്തുക്കൾ, കേൾവികൾ, രുചികൾ അങ്ങനെ ഒരാളുടെ സഞ്ചാരത്തിനിടയിൽ അയാൾ കണ്ടുമുട്ടുന്ന (കണ്ടെത്തുന്ന) അനുഭവങ്ങളുടെ, ഓർമകളുടെ പുസ്തകമാണിത്. ഇനിയുള്ള നോബൽസമ്മാന വാർത്തകളിൽ ഈ എഴുത്തുകാരന്റെ പേര് കേട്ടാൽ അത്ഭുതപ്പെടാനില്ല എന്ന് അദ്ദേഹത്തിന്റെ മറ്റ് കൃതികൾകൂടി വായിക്കുമ്പോൾ താങ്കൾക്ക് ബോധ്യമാവും. മോശം വാർത്തകൾ യാത്രികനെ തന്റെ ഉദ്യമത്തിൽ നിന്നും പിൻതിരിപ്പിച്ചേക്കാം. എന്നാൽ നിങ്ങൾ തന്നെ നിങ്ങളുടെ സാഹസം തെരഞ്ഞെടുക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ നയിക്കുന്ന ദിശയിലേക്ക് യാത്ര ചെയ്യുക. പണ്ടത്തേതുപോലെയല്ല നിങ്ങളുടെ ഇഷ്ടങ്ങൾ പ്രാവൃത്തികമാക്കാൻ കുറച്ചു കൂടി എളുപ്പമായിരിക്കുന്നു ഈ കാലം ഇതാണ് നോവലിസ്റ്റ് പറയുന്നത്.

സ്നേഹപൂർവം 

UiR

English Summary:

Strolling Through Memories: A Journey Across Time in Antonio Muñoz Molina's Latest Novel 'To Walk Alone in the Crowd'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com