മറ്റൊരാളെ പ്രണയിച്ചതിന് മാപ്പ് പറയണോ; ദാമ്പത്യത്തിലായാലും...

Mail This Article
അമ്മേ എന്ന ഉച്ചത്തിലുള്ള വിളിയോടെയാണ് ജോളി ചിറയത്ത് ജീവിതകഥ എഴുതിത്തുടങ്ങിയത്. അത് വെറും വിളിയല്ല, നിലവിളി തന്നെയാണ്. ജീവനും ജീവിതത്തിനും സ്നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള അപേക്ഷയാണ്; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആദിമ ചോദന തന്നെ. എവിടെയാണ് എന്റെ അമ്മ എന്ന ചോദ്യം സ്വാഭാവികമാണ്. ഏതു കുട്ടിയും ചോദിക്കാവുന്ന ചോദ്യം. എന്നാൽ, ആരാണ് എന്റെ അമ്മ എന്ന സംശയം സ്വാഭാവികമല്ല. അസ്വാഭാവികമായ ആ ചോദ്യത്തിൽ നിന്ന് ജോളിക്കു ജീവിതം തുടങ്ങേണ്ടിവന്നു. കത്തുന്ന ഒരു കടലായാണ് ജോളി അമ്മയെ ആദ്യം മുതൽ കാണുന്നത്.
പ്രായ വ്യത്യാസം മുതൽ നിറത്തിലെ വൈരുധ്യം ഉൾപ്പെടെ ഒട്ടേറെ പൊരുത്തമില്ലായ്മകൾക്കിടയിലൂടെ പുരോഗമിക്കുന്ന അച്ഛൻ–അമ്മ ബന്ധം. സംഘർഷങ്ങളുടെ, സമാധാനമില്ലായ്മയുടെ, അസംതൃപ്തിയുടെ, ഇല്ലായ്മയുടെ വീട്ടിൽ നിന്നും അഭയം തേടിയുള്ള അലച്ചിലായി മാറി വീട് എന്ന തടവ്. സ്നേഹം ആഘോഷിക്കാതിരുന്നിട്ടില്ല. ഓർമകളെപ്പോലും ആർദ്രമാക്കുന്ന നിമിഷങ്ങളുമുണ്ട്. എന്നാലും, പ്രതികൂല ജീവിതാവസ്ഥകൾ ജോളിയിൽ സവിശേഷ വ്യക്തിത്വം രൂപപ്പെടുത്തി. സ്വയം തീരുമാനങ്ങളെടുക്കാൻ. കൂടുതൽ അധ്വാനിക്കാൻ. സന്തോഷവും സുഖവും സ്വയം കണ്ടെത്താൻ. ഓരോ ദിവസവും നിമിഷവും പോരാട്ടം തന്നെയായിരുന്നു. അറച്ചു നിന്നാൽ, വൈകിയാൽ, തീരുമാനങ്ങൾ തെറ്റിയാൽ ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥ.
ആദ്യത്തെ ഓർമയിലെന്ന പോലെ അമ്മയെ വിളിച്ചും അമ്മ ആരാണെന്നുപോലും സംശയിച്ചും മുന്നോട്ടു പോകുമ്പോൾ, അമ്മയെന്ന പോലെ ജോളിയെന്ന കടലും കത്താൻ തുടങ്ങിയിരുന്നു. തീപ്പൊരിയെ മാത്രമല്ല അഗ്നിജ്വാലയെപ്പോലും നിഷ്പ്രഭമാക്കുന്ന കടലു തന്നെ കത്താൻ തുടങ്ങുക. വീശുന്ന കാറ്റ് ആ തീ കൂട്ടിയതേയുള്ളൂ. സന്തോഷത്തിന്റെ തിരകൾക്കുള്ളിൽ തീരാവേദനയുടെ ചുഴികൾ ഒളിപ്പിച്ച് സൗഹൃദത്താൽ, സമരത്താൽ, പ്രണയത്തിന്റെ കുളിർമഴയാൽ ആ തീ കെടുത്താനാണു ജോളി പരിശ്രമിച്ചത്. തീ ആളുകയും ചൂട് കൂടുകയും സ്വയം കരിയുകയും ചെയ്തിട്ടും നിസ്സംഗയാകാൻ പഠിപ്പിച്ച ജീവിതത്തോട് ജോളി പറയുന്നു:
എനിക്ക് സംശയങ്ങളില്ല, ആശങ്കകളും. ജീവിതമെന്നെ അത്രയേറെ പരുവപ്പെടുത്തിക്കഴിഞ്ഞു. ജീവിതത്തോട് കഴിയാവുന്നത്ര സത്യസന്ധത പുലർത്തേണ്ടതുണ്ടെന്ന ഉറച്ച ബോധ്യമുണ്ട്. ലളിതമോ സങ്കീർണമോ, അർഥപൂർണമോ അർഥശൂന്യമോ, അറിയില്ല. അനായാസമായിരുന്നില്ല എന്ന തിരിച്ചറിവാണ് അരനൂറ്റാണ്ടു നീണ്ട ജീവിതത്തിന്റെ ബാക്കിപത്രം.
അമ്മയും കുട്ടിക്കാലം മുതലുള്ള സ്നേഹിതയും നിറഞ്ഞുനിൽക്കുന്ന ആത്മകഥയെ ശ്രദ്ധേയമാക്കുന്നത് സത്യസന്ധത തന്നെയാണ്. സൗഹൃദങ്ങൾ, സമരങ്ങൾ, പ്രണയങ്ങൾ, ബന്ധങ്ങൾ... നാട്യമോ കാപട്യമോ ഇല്ലാതെ ജീവിതത്തെ ആത്മകഥയെന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ, പാപലേശം പോലുമില്ലാത്ത പുണ്യവതിയായി സ്വയം അവതരിപ്പിക്കാൻ ജോളി ശ്രമിക്കുന്നില്ല. കെഎസ്‌യു, പിന്നെ എസ്എഫ്ഐ. ഒടുവിൽ വ്യക്തിക്കു സ്വാതന്ത്ര്യം അനുവദിക്കാത്ത, മനസ്സിനെ നേരിടാൻ തയാറാത്ത ഭീരുക്കളുടെ കൂട്ടായ്മയിൽ നിന്ന് മാറിനിന്നുള്ള പ്രതിരോധം. അങ്ങേയറ്റം കഷ്ടപ്പാടും ദുരിതങ്ങളും തീവ്രസഹനങ്ങളും കൂട്ടുണ്ടായിട്ടും പ്രണയത്തിൽ നിന്നു മാറി, ദാമ്പത്യത്തിൽ നിന്ന് അകന്ന്, ഒറ്റയ്ക്കു ജീവിക്കേണ്ടിവരുമെന്ന് ജോളി കരുതിയിരുന്നില്ല.
സാമൂഹിക, നാടക പ്രവർത്തനങ്ങളും, സ്ത്രീവാദ ചിന്തകളുമെല്ലാം ഇഴ പാകുമ്പോഴും കൗമാരം തീരും മുമ്പേ ചാഞ്ഞുനിന്ന തോളിനോട് തോൾ ചേർന്ന്, കരയ്ക്കടുക്കുമെന്നും പൂർണമായി കെട്ടില്ലെങ്കിൽപ്പോലും ഉള്ളിലെ കടലിന്റെ ചൂട് സഹിക്കാനാവുമെന്നുതന്നെയായിരുന്നു അവസാന പ്രതീക്ഷയും. അതിനു തന്നെയാണ് ആഗ്രഹിച്ചതും. എന്നാൽ, ഭർത്താവിന്റെ മനസ്സിൽ കയറിക്കൂടിയ പ്രണയ നാടകത്തിലെ നായിക താനല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടിവന്നു.

ദാമ്പത്യ ബന്ധത്തിന്റെ തകർച്ചയും (അ)വിഹിതവും പ്രണയത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും തന്നെയാണ് ജോളിയുടെ ആത്മകഥയുടെ അവസാന ഭാഗങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഒരുപക്ഷേ, മറ്റൊരു സ്ത്രീക്കും കഴിയാത്ത രീതിയിൽ ആ തകർച്ചയിലൂടെ കടന്നുവന്നു എന്നതു കൂടിയാണ് ജോളി എന്ന സ്ത്രീയുടെ കരുത്ത്. സാധാരണ സ്ത്രീകളെപ്പോലെ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഏറ്റവും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. പ്രതികാരത്തിന്റെ കനൽത്തരികളെ ഊതിയൂതി ജ്വലിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാറിനിൽക്കാനും ഒളിച്ചോടുന്നതിനും പകരും നേർക്കുനേർ നോക്കി ജീവിതവുമായി പൊരുത്തപ്പെടുകയാണ് ജോളി.
ഇത്രയും ക്വാളിറ്റിയുള്ള വേറൊരു സ്ത്രീ ഇല്ല
മരിച്ചവരെപ്പോലെ പ്രണയത്തിൽ നിന്ന് പിരിയണമെന്നും പിൻവാങ്ങണമെന്നും ആവശ്യപ്പെടാൻ എളുപ്പമാണ്. ജീവിതം ഒറ്റയ്ക്കാക്കിയപ്പോഴാണ് സാമൂഹിക പ്രവർത്തനങ്ങളിലെ കൂട്ടാളിയായ വ്യക്തിയോട് ജോളിക്ക് പ്രണയം തോന്നുന്നത്. എന്നാൽ, അദ്ദേഹവും വിവാഹിതനാകയാൽ, പ്രണയം സദാചാര വാദികളുടെ ആക്രമണത്തിന് വിധേയമായി. ആ ബന്ധത്തിലെ ഏറ്റവും അഭിമാനകരമായ ഒന്നായി ജോളി കരുതുന്നത് പ്രണയിതാവിന്റെ ഭാര്യയെയാണ്. ഒരു സ്ത്രീ എന്ന നിലയിൽ ജീവിതാവസ്ഥകളെ മനസ്സിലാക്കുകയും കാരുണ്യം കാണിച്ചതും താങ്ങിനിർത്തിയതും അവരായിരുന്നു എന്നു പറയാൻ മടിക്കുന്നുമില്ല.
എനിക്ക് ചേച്ചിയോട് ഒരു പരാതിയും ഇല്ല. നമ്മൾ പഴയതുപോലെ സുഹൃത്തുക്കളായി തന്നെ ജീവിക്കണം എന്നു പറയുകയും വിളിക്കുകയും സൗഹൃദം തുടരുകയും ചെയ്ത സ്ത്രീ. കണ്ണാടിയിലെ പ്രതിബിംബങ്ങൾ പോലെ പരസ്പരം കണ്ട ആ സ്ത്രീ തന്നെയാണ് ജോളി ജീവിതത്തിൽ കണ്ട ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ.
മൂന്നു പേരും കൂടി ഒരു ഫോട്ടോ
ഭർത്താവിന്റെ പുതിയ ഇണയെ കാണാൻ ചെന്നത് ജോളി തന്നെയാണ്. പേടിച്ചും ആശങ്കപ്പെട്ടും സംശയിച്ചും മാറി നിന്ന ആ സ്ത്രീയെ ആശ്വസിപ്പിച്ചതും ജോളി തന്നെ. ഒരു ദാമ്പത്യത്തിൽ നിൽക്കുന്നവർക്ക് വേറെ പ്രണയമുണ്ടാവാൻ പോലും കൂടെ നിൽക്കുന്ന ആളിൽ എന്തെങ്കിലും കുറ്റം ചാരണമല്ലോ. അതല്ലാതെ സ്വതന്ത്രമായി പ്രേമിക്കാനുള്ള അവകാശമൊന്നും ഇവിടെ ഇല്ലല്ലോ. ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ, അയാളുടെ കൂടെ ജീവിച്ചുവെന്നതിനാൽ, അയാളോട് സെക്സ് ചെയ്തതിനാൽ, ലോകത്ത് ഒരാളോടും മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല.
പിരിയും മുമ്പ് ഓർമ്മയ്ക്കായി സൂക്ഷിക്കാൻ മൂന്നു പേരും കൂടി ചേർന്ന് ഒരു ഫോട്ടോയെടുത്തു. പേടി കൊണ്ട് വിറങ്ങലിച്ചുപോയ ആ സ്ത്രീ അപ്പോഴേക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അവസ്ഥയിലായി. അവരെ കെട്ടിപ്പിടിച്ച്, ഉമ്മവച്ച് യാത്ര പറഞ്ഞ് കാറിൽ കയറി തിരിച്ചുപോകുമ്പോൾ ആ സ്ത്രീ കൈ വീശി യാത്ര പറയുന്നുണ്ടായിരുന്നു; കണ്ണിൽ നിന്ന് മറയുമ്പോഴും.
നിന്നു കത്തുന്ന കടലുകൾ ഒരു പുസ്തകമായല്ല, സംസാരിക്കുന്നത്. കാണാൻ വൈകിപ്പോയ സുഹൃത്തിനെപ്പോലെ പെട്ടെന്നു സ്നേഹം കൂടി ചേർത്തു നിർത്തുന്ന സ്നേഹ സാന്നിധ്യമായാണ്. യോജിച്ചാലും വിയോജിച്ചാലും കുറ്റപ്പെടുത്തിയാലും പിന്തുണച്ചാലും, ജോളിയെ അറിയില്ലെന്നു നടിക്കാനാവില്ല. ആ വേദന മനസ്സിലാകുന്നില്ലെന്ന് അഭിനയിക്കാനുമാവില്ല. ഉള്ളിലെ കടലിന്റെ ഇരമ്പം കേൾക്കുന്നില്ലേ. പിന്നാലെ വരുന്ന തിരകൾക്കാണ് കരുത്ത് കൂടുതൽ. ആരു കരഞ്ഞിട്ടാണ് ഈ വെള്ളത്തിന് ഇത്രയും ഉപ്പുചുവ. ആര് കത്തിച്ച തീയാണ് ഈ വെള്ളത്തിൽ തൊടുമ്പോൾ ശരീരവും മനസ്സും പൊള്ളിക്കുന്നത്. ഒരേ കടലായിരുന്നെന്നോ നമ്മൾ....?
നിന്നു കത്തുന്ന കടലുകൾ
ജോളി ചിറയത്ത്
ഗൂസ്ബെറി ബുക്സ്
വില 299 രൂപ