ADVERTISEMENT

എഴുത്തുകാരെപ്പോലെ ദയാരഹിതരും സ്വാർത്ഥരുമായ മനുഷ്യർ വേറെയുണ്ടോ? അവർ ഏറ്റവും രഹസ്യമായ കാര്യങ്ങൾ മറ്റൊരാൾക്ക്‌ എന്തു തോന്നും എന്നൊന്നും പരിഗണിക്കാതെ കഥയാക്കുന്നു. ഉള്ളതിനൊപ്പം ഇല്ലാത്തതും പൊലിപ്പിക്കുന്നു. ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതവും ഭാവനയെന്ന മട്ടിൽ മോഷ്ടിച്ചെഴുതുന്നു. 

എഴുതുമ്പോൾ എല്ലാം എഴുതണം.അല്ലെങ്കിൽ ഒന്നും എഴുതരുത്‌, ഇമാമലി പറഞ്ഞു.

എല്ലാം?

അതെ, എല്ലാം.

“നാം രണ്ടുപേർ മാത്രമായിരുന്ന നിമിഷങ്ങളും, ആ രഹസ്യങ്ങളും?", അവൾ പെട്ടെന്നു ചോദിച്ചു. ഇമാമലി ഏതാനും നിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു, “അതും എഴുതാൻ യോഗ്യമാണ്‌. നീയെങ്ങനെ എനിക്കുള്ളിൽ മുദ്രിതമായിരുന്നു എന്ന് പിന്നീട്‌ ആലോചിക്കുന്ന ഒരു സമയം വരുകയാണെങ്കിൽ, അന്നേരം എഴുത്തിലൂടെ മാത്രമേ നീ തിരിച്ചുവരൂ. ഓരോ ബന്ധവും അതിന്റെ ആയുസ്സു തീർന്നാൽ സാങ്കൽപികം ആകുന്നു. അതിലേക്ക്‌ ഭാവനയ്ക്ക്‌ സഞ്ചരിക്കാനാകുന്നു. അത്‌ ഫിക്ഷനൽ ആകുന്നു.”

ഫ്രഞ്ച് ചലച്ചിത്രകാരി ജുസ്റ്റിൻ ട്രിയേയുടെ ‘അനാട്ടമി ഓഫ് എ ഫോൾ’ എന്ന സിനിമ, ഭർത്താവിന്റെ മരണത്തിൽ കുറ്റാരോപിതയാകുന്ന എഴുത്തുകാരിയെ വിചാരണ ചെയ്യുന്നു. ഫ്രഞ്ച്‌ ആൽപ്സിലെ മഞ്ഞുനിറഞ്ഞ മലയോരത്തുള്ള വീടിന്റെ ഏറ്റവും മുകളിലെ നിലയിൽനിന്നു  വീണു മരിച്ച നിലയിൽ സൈമണിനെ കണ്ടെത്തുന്നു. സംഭവസമയം വീട്ടിൽ അയാളുടെ ഭാര്യ സാന്ദ്ര മാത്രമാണ്‌ ഉണ്ടായിരുന്നത്. സൈമൺ വീണുമരിച്ചതല്ലെന്ന് തെളിവുകൾ പറയുന്നു. ഒന്നുകിൽ അയാൾ ആത്മഹത്യ ചെയ്തതാവാം, അല്ലെങ്കിൽ അയാളെ പിന്നിൽനിന്ന് തലയ്ക്കടിച്ചശേഷം താഴേക്കു തള്ളിയിട്ടതാം. പ്രോസിക്യൂഷൻ  ഇത്‌ ഒരു കൊലപാതകമെന്ന നിഗമനത്തിലാണു എഴുത്തുകാരിയെ പ്രതി ചേർക്കുന്നത്. 

‘അനാട്ടമി ഓഫ് എ ഫോൾ’ എന്ന സിനിമയിൽ നിന്ന്, Image Credit: Neon
‘അനാട്ടമി ഓഫ് എ ഫോൾ’ എന്ന സിനിമയിൽ നിന്ന്, Image Credit: Neon

പ്രയാസകരമായിരുന്ന ആ ദാമ്പത്യബന്ധത്തിൽ മറഞ്ഞിരുന്ന ഓരോന്നും  കോടതി വിചാരണയിൽ തുറന്നു പരിശോധിക്കപ്പെടുന്നു. ഒരു ഘട്ടത്തിൽ എഴുത്ത് എന്ന പ്രവൃത്തിയും നിശിതമായി വിലയിരുത്തപ്പെടുന്നു. എഴുത്തുകാർ എന്തെല്ലാം സ്രോതസ്സുകളിൽനിന്നാണ്എടുക്കുന്നത്‌, എഴുതാനായി അവർ എന്തെല്ലാം കൃത്യങ്ങളാണു പ്രാക്ടീസ് ചെയ്യുന്നത് എന്നെല്ലാം അന്വേഷിക്കപ്പെടുന്നു. 

പ്രതിയുടെ ഭർത്താവ് ഒരു പരാജിതനായ എഴുത്തുകാരനാണ്‌.അയാൾ അധ്യാപകനാണ്. ആ ജോലി അയാൾക്ക് ഇഷ്ടമല്ല. എഴുത്തിനെക്കുറിച്ച് ഏതുനേരവും വിചാരിച്ചുനടക്കുന്ന അയാൾ, മകനെ സ്കൂളിൽനിന്നു കൊണ്ടുവരുമ്പോൾ അവനെ ഒരു ഇരുചക്രവാഹനമിടിച്ചുവീഴ്ത്തുന്നു. അപകടത്തിൽ കുട്ടിയുടെ കണ്ണിനു കാഴ്ചത്തകരാറു സംഭവിക്കുന്നു. ഇത് അയാളെ കുറ്റബോധത്തിലാക്കുന്നു. ഒരിക്കൽ അയാൾ ഒരു നോവലെഴുതാൻ ഒരു ആശയം കണ്ടെത്തിയിരുന്നു. അത് അയാൾ എഴുത്തുകാരിയായ ഭാര്യയുമായി ചർച്ച ചെയ്യുന്നു. ഒന്നോ രണ്ടോ പേജുകൾ മാത്രമേ അതെഴുതിയുള്ളു. അപ്പോഴേക്കും എഴുത്തുമുട്ടി. ഭർത്താവ് എഴുതാതെ ഉപേക്ഷിച്ച ഈ ആശയമാണു ഭാര്യ പിന്നീട്‌ ഒരു നോവലായി എഴുതുന്നത്. ഭർത്താവിന്റെ അനുമതിയോടെയാണത്. എന്നാൽ ആ നോവൽ വലിയ വിജയം നേടുന്നു. പരാജിതനായ ഭർത്താവിന്റെ ആശയം ഭാര്യയെ വിജയിച്ച എഴുത്തുകാരിയാക്കുന്നു. തന്റെ പുസ്തകം ‘കൊള്ളയടിച്ചു’ എന്നാണു മരണത്തിന്റെ തലേന്നു നടന്ന ഒരു വലിയ വഴക്കിനിടെ സൈമൺ സാന്ദ്രയ്ക്കെതിരെ ഉയർത്തുന്ന ഗുരുതരമായ ഒരു ആരോപണം. 

എഴുത്തുകാരിക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി കോടതിയിലെത്തുന്നതു സൈമണുമായി മരണത്തിനുതലേന്ന് അവർ നടത്തിയ വാക്കുതർക്കത്തിന്റെ ഓഡിയോ ക്ലിപ്പാണ്. പ്രോസിക്യൂഷൻ ഈ തെളിവ് എവിടെനിന്ന് ശേഖരിച്ചു ? വിജയിക്കുന്ന എഴുത്തുകാരനാകാനുള്ള വെമ്പലിൽ സൈമൺ ഓട്ടോഫിക്ഷനിലേക്കു തിരിഞ്ഞിരുന്നു. ഭാര്യ അയാളുടെ ആശയം വച്ച്  സ്വന്തം ജീവിതത്തിലെ സംഭവങ്ങൾ ആണ്‌ എഴുതി വിജയിച്ചത്. സൈമണും തന്റെജീവിതം തന്നെ എഴുതാമെന്നു കരുതി. അതിനായി അയാൾ വീട്ടിലെ സംസാരങ്ങളെല്ലാം റിക്കോർഡ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ സൈമൺ ഇക്കാര്യം മുൻകൂട്ടി പറയുമായിരുന്നു. പിന്നീടായപ്പോൾ അയാൾ അത് രഹസ്യമായും ചെയ്യാൻ തുടങ്ങി. ഈ രീതിയിൽ രഹസ്യമായി അയാൾ റിക്കോർഡ് ചെയ്ത സംഭാഷണമാണു ഫൊറൻസിക് പരിശോധനയ്ക്കിടെ പൊലീസ് കണ്ടെത്തുന്നത്. 

എഴുത്തുകാരായ ദമ്പതിമാരിലൊരാൾ പരാജയപ്പെടുകയും മറ്റേയാൾ വിജയിക്കുകയും ചെയ്യുന്നതു ഗുരുതരമായസ്ഥിതിയിലേക്കു പോകുന്നത്‌ നാം കാണുന്നു. എഴുത്തു രംഗത്ത് ഒരാളുടെ വിജയം മറ്റേയാൾക്കു മാനസികപീഢയായിത്തീരും. വിജയിച്ച എഴുത്തുകാരിയെ നിശ്ശബ്ദയാക്കാനുള്ള എളുപ്പവഴി അവരുടെ കൃതി എവിടെനിന്നെങ്കിലും മോഷ്ടിച്ചതാണെന്നോ മറ്റേതെങ്കിലും കൃതിയുടെ സ്വാധീനത്താലെഴുതിയാണെന്നോ പറഞ്ഞാൽ മതിയാവും. കോടതിമുറിയിൽ സാന്ദ്രയുടെ നോവലിലെ വരികൾ വായിച്ച്  കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട് അനാട്ടമി ഓഫ് എ ഫോളിൽ. ഇതൊരു കേസിന്റെ വിചാരണയാണ്, സാഹിത്യപഠന ക്ലാസല്ല എന്ന് എതിർഭാഗം ചൂണ്ടിക്കാട്ടിയിട്ടും  നോവൽ വച്ചുള്ള വിചാരണ തുടരുകയാണ്. കാരണം എഴുത്തുകാരി സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് എഴുതിയിരിക്കുന്നതെന്നു മുൻപേ പരസ്യമാക്കിയിട്ടുള്ളതാണ്. (ഈ സിനിമയുടെ ഒരു കൗതുകം ഇതിന്റെ തിരക്കഥ സംവിധായികയും ഭർത്താവും ചേർന്നാണ്‌ എഴുതിയിരിക്കുന്നതെന്നതാണ്‌) 

എരിയൽ ഡോർഫ്മൻ, Image Credit: duke photography
എരിയൽ ഡോർഫ്മൻ, Image Credit: duke photography

ഒരു വിവരണത്തിൽ, ഒരു ജീവിതകഥയിൽ ഫിക്ഷൻ എവിടെത്തുടങ്ങുന്നു, എവിടെ അവസാനിക്കുന്നുവെന്നത് ഇമാമലിക്കും വളരെ താൽപര്യമുള്ള ഒരു വിഷയമായിരുന്നു. എഴുത്തുനിന്നുപോയതിനു അയാൾ പറഞ്ഞ കാരണം ഈ സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു- താൻ സ്വയമറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ രചനകളെ കൊള്ളയടിക്കുകയാണോ എന്ന തോന്നൽ ഒരു ഒബ്സഷനായി അയാളിലുണ്ടായിരുന്നു. 

യഥാർഥ ജീവിതത്തിൽനിന്നുള്ള ഏടുകൾ നോവലായി എഴുതുമ്പോൾ അതിൽ എത്ര ആത്മകഥയാണ്, എത്ര ചരിത്രമുണ്ട്‌, എത്ര സത്യവും മിഥ്യയുമുണ്ട് എന്തെല്ലാം കണ്ടുപിടിക്കാൻ ചിലരെല്ലാം വൃഗ്രത കാണിക്കും. ഈ സിനിമയിൽ   എഴുത്തുകാരിയെ മോഷ്ടാവും വഞ്ചകിയും സ്വാർത്ഥമതിയും ഒടുവിൽ കൊലപാതകിയുമാക്കി കാണിക്കുന്നതിനാണു ഫിക്ഷനെ ഉപയോഗിക്കുന്നതെന്നു കാണാം. മുൻപൊരിക്കൽ ഒരു തർക്കത്തിനിടെ നിങ്ങൾ ഉപയോഗിച്ച ശകാരപദമോ കൊളളിവാക്കുകളോ പിന്നീട് നിങ്ങൾക്കെതിരായ തെളിവായിത്തീരാം. 

തുടക്കത്തിൽ പരാമർശിച്ച , ഇമാമലിയും കൂട്ടുകാരിയും തമ്മിൽ നടന്ന  സംഭാഷണം എഴുത്ത് എന്ന പ്രവൃത്തിയിൽ ഒരു ധാർമികശൂന്യതയുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു സന്ദർഭമായിട്ടാണ് എനിക്ക് തോന്നിയത്. ഉദാഹരണത്തിന്‌,  നിങ്ങൾ പ്രേമിക്കുന്നു.  ആ പ്രേമം കഴിഞ്ഞ്‌ അതിലെ  വലിയ രഹസ്യങ്ങൾപോലും  കഥയായി എഴുതുന്നു രണ്ടുപേർക്കിടയിൽ ഏറ്റവും സുന്ദരമായത്‌ സ്വകാര്യതയാണ്‌. എന്നാലതു മുഴുവനായി വാർന്നുപോയാൽ ആ പ്രേമത്തിൽ പിന്നീടെന്താണു ബാക്കിയുള്ളത്..?

നോവൽ എന്ന കലയിൽനിന്ന് നിങ്ങൾ എന്താണു പ്രതീക്ഷിക്കുന്നതെന്ന ചോദ്യമാണ് ഈ സന്ദർഭത്തിൽ ഉയരുന്നത്. നോവൽ ഒരു യഥാർഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്ന് നോവലിസ്റ്റ് അവകാശപ്പെടുന്നത് ഫിക്ഷനെക്കാൾ മുകളിലാണു യാഥാർഥ്യം എന്ന സങ്കൽപത്തിൽനിന്നാണ്. പക്ഷേ ഫിക്ഷനോ ദുരൂഹതകൾ പാർക്കുന്ന ഒരിടമാണ്‌. അതൊരിക്കലും പൂർണ്ണമായി അനാവൃതമാകില്ല. ഒരുപക്ഷേ സാഹിത്യത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽ വച്ചേറ്റവും കലുഷിതമായ മ്യൂട്ടേഷനാണു നോവൽരൂപത്തിനുണ്ടാകുന്നത്‌. ജേണലിസവും ചരിത്രവും കവിതയും ലേഖനവും സ്മരണകളും അതിൽ  കൗശലത്തോടെ സമ്മേളിക്കുന്നതുകാണാം. ചിലിയൻ അമേരിക്കൻ എഴുത്തുകാരനായ എരിയൽ ഡോർഫ്മൻ ‘ദ് സൂയിസൈഡ് മ്യൂസിയം’ അവതരിപ്പിക്കുന്നതു നോവലായിട്ടാണ്. എന്നാൽ അതു ചിലെയിലെ പിനോഷെയുടെ നിഷ്ഠുരമായ സ്വേച്ഛാധികാരത്തിനെതിരായ ചെറുത്തുനിൽപുകളുടെ രേഖയായും ആ സ്വേഛാധികാരകാലത്തെ അതിജീവിച്ച മനുഷ്യാവകാശപ്രവർത്തകനായ  ചിലിയൻ എഴുത്തുകാരന്റെ എഴുത്തുജീവിതത്തിന്റെ ഓർമയായും കൂടി വായിക്കാം. 

the-suicide-museum-book

പിനോഷെയുടെ പട്ടാള അട്ടിമറിയെത്തുടർന്ന് ചിലിയുടെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ 1973 സെപ്റ്റംബർ 11നു പട്ടാളം പ്രവേശിച്ചപ്പോൾ സാൽവദോർ അല്യൻഡേ ഒരു എകെ 47 കൊണ്ടു സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പറയുന്നത്. ഈ തോക്ക് ഫിദൽ കാസ്ട്രോ അല്യൻഡേക്കു സമ്മാനമായി നൽകിയതായിരുന്നുവെന്ന് ഓർമിക്കുക.  അല്യൻഡേയുടെ ആത്മഹത്യ ഒരു ഭീരുത്വമായിട്ടാണ് ചിലെയിൽ അന്ന് അദ്ദേഹത്തെ ആരാധിച്ച ജനലക്ഷങ്ങളിൽ പലർക്കും അനുഭവപ്പെട്ടത്. ഈ നൈരാശ്യം തിരിച്ചറിഞ്ഞാകാം മാർക്സിസ്റ്റ്  വിപ്ലവകാരിയായ അല്യൻഡേയുടെ അവസാന മണിക്കൂർ എങ്ങനെയായിരുന്നുവെന്നതു സംബന്ധിച്ച് ഒരുപാടു കഥകൾ പിന്നിടുണ്ടായത്.  അല്യൻഡേയുടെ സുഹൃത്തായിരുന്ന ഗബ്രിയേൽ ഗാർസ്യ മാർക്കേസ് പറഞ്ഞത് പട്ടാളത്തിനുനേരെ ആദ്യ വെടിപൊട്ടിച്ച  അല്യൻഡേ പിന്നീട്‌ മെഷിൻ ഗണ്ണുകൾക്കു മുന്നിൽ വെടിയേറ്റുവീഴുകയായിരുന്നുവെന്നാണ്. കാസ്ട്രോയാകട്ടെ,  അല്യൻഡേ ഏറ്റുമുട്ടലിനിടെയാവാം കൊല്ലപ്പെട്ടതെന്ന നിഗമനമാണു മുന്നോട്ടുവച്ചത്. അല്യൻഡേ എങ്ങനെ മരിച്ചുവെന്ന് ലോകത്തെ അറിയിച്ചത്‌ പിനോഷെ ഭരണകൂടമായിരുന്നു എന്നതും ആത്മഹത്യ സിദ്ധാന്തം സംശയിക്കാൻ ഇടനൽകി. 

അല്യൻഡേയുടെ  പേഴ്സനൽ സ്റ്റാഫിലെ അംഗമായിരുന്ന ഏരിയൽ ഡോർഫ്മൻ മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങൾ വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  അല്യൻഡേയെക്കുറിച്ച്‌ നോവലെഴുതുകയില്ല എന്നു തീരുമാനിക്കാനുള്ള കാരണം ഡോർഫ്മാൻ ഇങ്ങനെയാണു വിശദീകരിക്കുന്നത്: “ഭൂതകാലത്തുനിന്നുള്ള ഒരു യഥാർഥ വ്യക്തിയെ കൈകാര്യം ചെയ്യുന്ന നോവലിസ്റ്റ് ആ വ്യക്തിയെ വഞ്ചിക്കാൻ തയാറാകണം, ആഴത്തിലുള്ള സത്യത്തിനായി  നുണ പറയണം.  അല്യൻഡേയുടെ കാര്യത്തിൽ എനിക്കത് ഒരിക്കലും ചെയ്യാനാവില്ല. എഴുത്ത് ചൂഷണപരമാണ്. എഴുത്തുകാർ ദയാരഹിതരും".

നാം വല്ലാതെ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്ന ഒരാളെപ്പറ്റി നോവലെഴുതാനാവില്ലെന്ന ഡോർഫ്മന്റെ നിരീക്ഷണംനോക്കുക. ഒരു വ്യക്തിയോടുള്ള മമതയിൽനിന്ന് നാം അയാളെ ഫിക്ഷനിലേക്കു കൊണ്ടുവരുമ്പോൾ ആ മമതയെത്തന്നെ പൊളിച്ചുനോക്കേണ്ടിവരും. അല്ലെങ്കിൽ അതു പരമവിരസമായ ഒരു ആഖ്യാനമായിത്തീരും. കാരണം ഒരു ജീവചരിത്രഗ്രന്ഥത്തിലുള്ളതിനുമപ്പുറം   ഇവിടെ പോകാനാവില്ല. ചിലിക്കാർ അങ്ങേയറ്റം ആദരവോടെ കാണുന്ന ആ മനുഷ്യനിൽ ദൌർബല്യമോ വീഴ്ചയോ ക്രൂരതയോ കൊണ്ടുവരാനാവില്ല. മര്യാദപുരുഷോത്തമനായ ഒരാളെ നോവലിന്‌ ആവശ്യമില്ല. അങ്ങനെയൊരാളുടെ ജീവിതത്തിൽ എന്തെങ്കിലും അവൃക്തതകളോ നിഗൂഢതകളോ ഉണ്ടെന്നുസങ്കൽപിക്കാൻ വായനക്കാരും തയാറാവില്ല. 

എന്നിട്ടും ഹോളോകോസ്റ്റിനെ അതിജീവിച്ച ഒരു ശതകോടീശ്വരൻ 1990കളിൽ ഏരിയൽ ഡോർഫ്മനെ ഒരു ജോലി ഏല്പിക്കുകയാണ് -  അല്യൻഡേക്ക്‌ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? അതൊരു ആത്മഹത്യയായിരുന്നോ? ആ അന്വേഷണമാണ്‌ 'സൂയിസൈഡ്‌ മ്യൂസിയം' എന്ന നോവൽ.

English Summary:

Ezhuthumesha by Ajay P Mangatt about Justine Triet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com