ADVERTISEMENT

പറിച്ചു മാറ്റാനാവാത്തവിധം മനസ്സിൽ വേരാർന്നു പോയവളെ...! 
ഭൂമിയുടെ ആഴത്തുടിപ്പുകളിൽ മഴ നനഞ്ഞു നീ കിടപ്പുണ്ടാകുമെന്നറിയാം.
ഇഹത്തിൽ നീ ബാക്കി വെച്ചു പോയവ നുകർന്ന്,
ഇന്നും ഞങ്ങൾ ഉന്മത്തരാകാറുണ്ട് എന്ന് മാത്രം പറയട്ടെ..!

ആത്മാവിന്റെ ശകലങ്ങളിൽ ഉന്മാദം സൂക്ഷിച്ചിരുന്നവളാണ് കമല. സ്വാതന്ത്ര്യമെന്ന ഉന്മാദം. സ്നേഹമെന്ന ഉന്മാദം. നിരാശ എന്ന ഉന്മാദം. 

തുടുത്ത സന്ധ്യയിൽ കടൽ കാണുന്ന സ്ത്രീയുടെ പാറിപ്പറന്ന മുടിയിഴകളും സാരിത്തുമ്പുകളും എന്നും ഓർമ്മിപ്പിക്കുന്നത് കമലയെ പോലെ ഒരാളെയാണ്. ഏകാകിയായി സ്നേഹമെന്ന നിധി തേടിയിറങ്ങി, ഒടുവിൽ ഒരേസമയം പ്രക്ഷുബ്ധവും ശാന്തവുമായ അവസ്ഥയുടെ പര്യായമായി മാറിയവൾ.

ആഴ്ന്നിറങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി, എന്തിനാണ് ആമീ, നീ ഈ മണ്ണിൽ വന്നു പിറന്നതെന്ന് ചോദിക്കുവാൻ തോന്നിട്ടുണ്ട്. പക്ഷേ ധൈര്യപ്പെട്ടിട്ടില്ല. ആ പിറവി മലയാളത്തെ മാറ്റി മറിക്കുവാൻ പോകുന്ന ഒന്നാണെന്ന് നാലപ്പാട്ട് തറവാട്ടിലെ ആരും കരുതിട്ടുണ്ടാകില്ല. ആത്മസംതൃപ്തിയുടെ തീരങ്ങള്‍ തേടി തിരിച്ചു കിട്ടാത്ത സ്‌നേഹത്തിലൂടെ അലഞ്ഞ ആ പ്രണയസാഗരം, ബാക്കിയാക്കി പോയത് ഉന്മാദികളായ ഒരു കൂട്ടം വായനക്കാരെയാണ്. കമലയെന്നോ ആമിയെന്നോ മാധവിക്കുട്ടിയെന്നോ കേട്ടാൽ അവരുടെ മനസ് തേടി പോകുന്നത് ഒരു ഒറ്റ മുഖമായിരിക്കും. 

Madhavikkutty-inside
മാധവിക്കുട്ടി

അഴിച്ചിട്ട തലമുടി, പാതി അടഞ്ഞ വശ്യമായ കണ്ണുകൾ, വലിയ വട്ടപ്പൊട്ട്, മിന്നുന്ന മൂക്കുത്തി, പട്ടുസാരി, സ്വർണ്ണവളകൾ, കൈവിരലുകളിലെ മൈലാഞ്ചി, പർദ...

സൗന്ദര്യത്തെ എഴുതി തികച്ചിട്ടുമുണ്ട് കമല. "കുളത്തിൽ കുളിച്ച് കണ്ണെഴുതി ചാന്തും പൊട്ടും തൊട്ട് ആടിയാടി നടന്നുവരാറുള്ള മാധവിയമ്മ, മീനാക്ഷിക്കുട്ടി, ഉണ്ണിമായ തുടങ്ങിയ വരെ കാണുമ്പോൾ അമ്മമ്മ പറഞ്ഞുതന്ന കഥകളിലെ ദേവസ്ത്രീകളെയായിരുന്നു ഞാനോർക്കാറുള്ളത്. ഉർവ്വശി, മേനക, രംഭ, തിലോത്തമ. വെളുത്തേടത്തെ ലക്ഷ്മിക്കുട്ടി ഒരു സുന്ദരിപ്പെണ്ണായിരുന്നു. ഉണ്ണിമായയുടെ അനുജത്തി പത്മാവതിക്കും വേണ്ടത്ര സൗന്ദര്യമുണ്ടായിരുന്നു, നാലപ്പാട്ടെ മുറ്റവും തോട്ടവും പറമ്പും അവർ തങ്ങളുടെ ലാവണ്യം കൊണ്ട് അലംകൃതമാക്കി." 

പൂക്കളും പുഴകളും മുറ്റവും മഴയും മാധവിക്കുട്ടിയുടെ തൂലികയിൽ അനന്യസാധാരണമായ ഒരു അനുഭവമായി മാറുന്നു. ഒരിക്കൽ തന്റെ ശരീരത്തോടു ചേർന്നു കിടന്ന് ഉറങ്ങിയിരുന്ന പേരക്കുട്ടി വളർന്ന് ഒരു കഥാകാരിയാകുമെന്ന് അമ്മമ്മ കരുതിട്ടുണ്ടാകില്ല എന്ന് ആമി തന്നെ പറഞ്ഞിട്ടുണ്ട്. ഡിക്കൻസിന്റെ പുസ്‌തകങ്ങള്‍ വായിച്ച് കരഞ്ഞ പന്ത്രണ്ടാം വയസ്സുകാരി, കാലത്തെ എഴുത്തുമഷിക്കുള്ളിൽ തളച്ചിട്ടു. 

“അമ്മയെ നോക്കിപ്പഠിക്ക്... വളരെയധികം ലളിതമായ ജീവിതശൈലി പുലർത്തണം", അച്ഛൻ പറഞ്ഞു. ഞാൻ അച്ഛനെ സന്തോഷിപ്പിക്കാനായി തല കുലുക്കി. പക്ഷേ ഉറക്കത്തിൽ പലപ്പോഴും ഞാൻ പട്ടുകളും കസവുതുണികളും നിറഞ്ഞൊഴുകുന്ന വില്പനശാലകളെ സ്വപ്നം കണ്ടു. ശീതളങ്ങളായ പട്ടുതുണികൾ ശരീരത്തിൽ ധരിക്കുന്നതായും ഞാൻ സ്വപ്നം കണ്ടു. എന്റെ കിനാവുകളിൽ അത്തറിന്റെയും വെരുകിൻ പുഴുവിന്റെയും സുഗന്ധം നിറഞ്ഞു നിന്നു."

(മാധവിക്കുട്ടി)

Madhavikutty-books

തടഞ്ഞു നിർത്തുവാൻ ശ്രമിച്ചിട്ടും അവർ 'മാധവിക്കുട്ടി'യായി മാറുക തന്നെ ചെയ്തു. പ്രശസ്ത‌മായ നാലപ്പാട്ടു തറവാട്ടിൽ ജനനം, കവി നാരായണമേനോന്റെ അനന്തരവൾ, കവയിത്രി ബാലാമണിഅമ്മയുടെയും മാതൃഭൂമി പത്രാധിപരും മാനേജിംഗ് ഡയറക്ട‌രുമായ വി. എം. നായരുടെയും മകൾ, പ്രഭുകുടുംബത്തിൽ ജനിച്ച് ഉന്നതമായ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ച ധനതത്വശാസ്ത്രജ്ഞനായ മാധവദാസിന്റെ ഭാര്യ, മിടുക്കന്മാരായ മൂന്ന് ആൺമക്കളുടെ അമ്മ, ഉയർന്ന സാമ്പത്തികനിലയുള്ള സുന്ദരിയായ സ്ത്രീ... ഇങ്ങനെ നീളുന്ന വിശേഷണങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടാണ് മാധവിക്കുട്ടി ഒരു മഹാബിംബമായി മലയാളത്തിൽ വളർന്നത്. ആത്മധൈര്യത്തിന്റെ പ്രതിരൂപമായി നേരുകളെയും സ്വപ്നങ്ങളെയും എഴുതി വെച്ചത്. പകരം വെയ്ക്കുവാൻ ഒരാളില്ലാത്തവണ്ണം അവർ എല്ലാവരുടെയും 'ആമി'യായി മാറി.

അപ്പോഴും സ്നേഹത്തിനായി കൊതിച്ച അവർ എഴുതി... "വാസ്തവത്തിൽ ഞാൻ ജീവിക്കുന്നതു തന്നെ അമ്മയുടെയും ദാസേട്ടന്റെയും പ്രശംസാവചനങ്ങൾ കേൾക്കുവാനാണ്." എല്ലാം മറന്ന് തന്നെ സ്നേഹിക്കുന്ന ഒരാളെ തേടി നടന്ന്, മനം മടുത്ത് മരണത്തിൽ ലയിച്ച് ചേരുകയായിരുന്നു അവർ. 

When I die

Do not throw

The meat and bones away

But pile them up

And let them tell

By their smell

What life was worth

On this earth

What love was worth

In the end.

(Kamala Das) 

"നിറവും മിനുസവും കാന്തിയും ചൂടുമുള്ള ഈ പാഴ്തോടായ ശരീരത്തിനെ പ്രദർശിപ്പിക്കുവാനല്ല ഞാനാഗ്രഹിക്കുന്നത്. ഇതൊരു വെറും കുത്തുപാവയാണ്. ഇതിൻ്റെ ചലനങ്ങൾക്ക് ഒരു പാവയുടെ ചലനങ്ങളുടെ പ്രാധാന്യമേയുള്ളു. പക്ഷേ, അദൃശ്യമായ എന്റെ ആത്മാവ് നിങ്ങളോടു ചോദിക്കുന്നു എന്നെ സ്നേഹിക്കുവാൻ നിങ്ങൾക്കു സാദ്ധ്യമാവുമോ?" എന്ന ചോദ്യമാണ് ജീവിതത്തിലുടനീളം മാധവിക്കുട്ടി ഉന്നയിച്ചത്. "എന്റെ അച്‌ഛൻ തന്റെ ആത്‌മാവു മുഴുവൻ ലയിപ്പിച്ചു ചെയ്യുന്ന ഒരേയൊരു ജോലി തോട്ടപ്പണിയാണ്. മണ്ണിൽനിന്ന് ഇന്ദ്രജാലം പോലെ താൻ ആവിർഭവിപ്പിച്ച പൂക്കളുടെ മൃദുമേനി തൊട്ടുകൊണ്ട് തോട്ടത്തിൽ തെല്ലൊരാശ്ചര്യമുഖഭാവത്തോടെ അച്ഛൻ നില്ക്കുന്നത്..." തന്റെ കിടപ്പറയിൽനിന്നു നോക്കിക്കാണാറുണ്ടായിരുന്ന ആ മകൾ അച്ഛന്റെ തലോടലിനായി ഏങ്ങി. 

kamala-das
മാധവിക്കുട്ടി

മാധവിക്കുട്ടിയ്ക്ക് തന്റെ സ്നേഹവാത്സ്യങ്ങളെ പരിപൂർണ്ണമായി തുറന്നു കാട്ടാനായത് ജീവിതത്തിലേക്ക് മക്കൾ കടന്നു വന്നതോടെയാണ്. "അവന് എട്ടുറാത്തൽ തൂക്കമുണ്ടായിരുന്നു. ഒരു ദൈവപുത്രന്റെ അസാമാന്യസൗന്ദര്യവുമുണ്ടായിരുന്നു. നിധി കിട്ടിയ ദരിദ്രനെപ്പോലെ പിന്നീടു ഞാൻ അവന്റെ അടുത്തുനിന്നു നീങ്ങാതായി. എന്റെ ശരീരം ക്ഷീണിച്ച് ഉറക്കമില്ലാതെ കണ്ണുകൾ കുണ്ടിലാഴ്ന്നുപോയി. ഞാൻ ഒരു നിധി കാക്കുന്ന ഭൂതം മാത്രമായിത്തീർന്നു." സന്ധ്യയ്ക്ക് ആകാശം തുടുക്കുമ്പോൾ തന്റെ മക്കൾക്ക് കുതിരകളുടെയും കാക്കകളുടെയും കഥ പറഞ്ഞു കൊടുക്കുന്ന അമ്മയായി ആനന്ദം കണ്ടെത്തിയ മാധവിക്കുട്ടിയ്ക്ക് സാഹിത്യമായിരുന്നു വളർത്തമ്മയും വളർത്തച്‌ഛനും. "പുസ്‌തകങ്ങൾ അവിശ്രമം എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. മരിച്ചുപോയവരുടെ നാക്ക് എന്നെ പശുക്കുട്ടിയെന്ന പോലെ നക്കിത്തുടച്ചു മിനുക്കി, ലോകത്തിന്റെ ബലിപീഠത്തിൽ ഒരു കാണിക്കയായി സമർപ്പിച്ചു."

"സാഹിത്യകാരൻ ഭാവിയുമായി മോതിരം മാറി വിവാഹനിശ്‌ചയം കഴിച്ച ഒരു വ്യക്‌തിയാണ്. അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിൻതലമുറക്കാരോടാണ്. ആ ബോധം തൻറെ മനസ്സിൽ ഉള്ളതുകൊണ്ടു മാത്രമാണ്, നിങ്ങളിൽച്ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശ്ശബ്ദനാവാത്തത്."

അതേ, ജീവിച്ചിരുന്ന കാലത്തോളം മാധവിക്കുട്ടി കല്ലേറു കൊണ്ടിട്ടുണ്ട്. തെറ്റിദ്ധിക്കുന്നവരോട് ആകെ പറയുന്നത് ഇത്രമാത്രമാണ്... 

"സ്നേഹിച്ചതിന് ഞാൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല. സ്വപ്‌നം കണ്ടതിന് ഞാൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല.

സത്യത്തിൽ ഞാൻ ആരോടാണ് മാപ്പ് ചോദിക്കേണ്ടത്?

ഒരിക്കലും ഞാൻ സമൂഹത്തോട് മാപ്പ് ചോദിക്കില്ല. കാരണം എനിക്ക് സമൂഹം തന്ന സ്നേഹത്തിന്റെ പത്തിരട്ടി ഞാൻ അങ്ങോട്ട് കൊടുത്തിട്ടുണ്ട്. അതെനിക്കറിയാം."

kamala-suraiyya-illustration
മാധവിക്കുട്ടി

അത് തിരിച്ചറിഞ്ഞവർ ആമിയോട് തിരികെ പറയാറുള്ളത് ഒരിക്കൽ കാർലോ അവരോട് പറഞ്ഞ വാക്കുകളാണ്.

'പരിശുദ്ധി ജനിക്കുമ്പോൾ ആരുടെയുമൊപ്പം വന്നെത്തുന്നതോ പിന്നീടു പൊക്കിൾക്കൊടി പോലെ നഷ്‌ടപ്പെടാൻ കഴിയുന്നതോ അല്ല. പരിശുദ്ധി ഒരാൾക്കു താൻ ജീവിക്കുന്നതോടൊപ്പം സമ്പാദിക്കുവാൻ കഴിയുന്ന ഒരു മാനസിക സൗന്ദര്യമാണ്. നീ പരിശുദ്ധിയെ വീണ്ടും വീണ്ടും പെറുക്കിയെടുത്തുകൂട്ടുന്നു.'  

മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി...

പുഴുക്കളോട് സ്നേഹപാഠം ഓതുന്നതിനിടയിൽ,

ഞങ്ങളുടെ മനസ്സിലെ ഏക നീർമാതളമായി നിങ്ങള്‍

ബാക്കിയുണ്ടാകുമെന്ന് അറിയുക.

English Summary:

Madhavikutty Death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com