ADVERTISEMENT

'വാൾഡനി'ലേക്കുള്ള വഴി എല്ലാവർക്കുമുള്ളതല്ല. സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങൾക്കു മെരുങ്ങാതെ, അപാരമായ സ്വാതന്ത്ര്യത്തോടെ, ഓരങ്ങളിൽ സ്വച്ഛതയോടെ വളരാൻ കൊതിക്കുന്ന തെറിച്ച വിത്തുകൾക്കുള്ളതാണ്. ഓരോ ഇലയനക്കത്തിനും കിളിയൊച്ചകൾക്കും കാതുകൊടുത്ത്, മഴയും വെയിലുമേറ്റ്, സഹോദയത്തെ ജീവിതത്തിലേക്കു പകർത്തി, പ്രകൃതിയോട് അത്രമേൽ ഇണങ്ങിയുള്ള ജീവിതം. 

ഹെൻറി ഡേവിഡ് തോറോയ്ക്കു ലഭിച്ചതുപോലെ, സ്വാതന്ത്ര്യപ്രഖ്യാപനം നടത്താനുള്ള അവസരം എല്ലാവർക്കും ലഭിക്കുകയില്ല. അനിശ്ചിതത്വങ്ങളിലും ഉത്തരവാദിത്തങ്ങളിലും പെട്ട് നിത്യജീവിതം പാമ്പും കോണിയും കളിയായി മാറിയ മനുഷ്യർക്കു തോറോയുടെ തിരഞ്ഞെടുപ്പു തന്നെ അത്യാഡംബരമായി തോന്നാം. പൊരുത്തപ്പെടാനാകാത്ത ആശയങ്ങളെയും കൈമുതലുകളെയും ഉപേക്ഷിക്കാൻ കഴിയുന്നതിലും വലിയ ആഡംബരം എന്താണുള്ളത്? തോറോയുടെ വാൾഡൻ ജീവിതത്തെ വലിയ പ്രശ്‌നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമെന്നു വിമർശിക്കുന്നവരുമുണ്ട്. തോറോയുടെ സ്വതന്ത്രജീവിതത്തിനുവേണ്ടി അമ്മയും സഹോദരിയും കഷ്ടപ്പെട്ടതിനെക്കുറിച്ച് അവർ ഓർമിപ്പിക്കുന്നു. തോറോയുടെ വിഴുപ്പുകൾ തല്ലിവെളുപ്പിച്ച് തിരിച്ചെത്തിക്കാറുള്ള അമ്മ, ഇടയ്ക്കിടെ ഡോനട്ടുമായി എത്താറുള്ള സഹോദരി.. ഇവരൊക്കെയാണ് തോറോയുടെ സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങൾ സാധ്യമാക്കിയത്. 

തോറോയുടെ പരിമിതികൾ ആ കാലത്തിന്റെ പരിമിതികൾ കൂടിയായിരുന്നു. അതിനെ മറികടക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. നിലനിൽക്കുന്ന മൂല്യവ്യവസ്ഥയോടു നിരന്തരം കലഹിക്കുമ്പോഴും അതിന്റെ ദുശ്ശീലങ്ങൾ കറ പോലെ പതിയാം. അതാണു തോറോയിലും സംഭവിച്ചത്. വാൾഡൻ തടാകക്കരയിലെ ആ ബദൽ ജീവിതത്തിന്റെ ഫലശ്രുതിയാണ് 'വാൾഡൻ അഥവാ കാനനജീവിതം' എന്ന കാലാതീതമായ ക്ലാസിക്. 'വിഡ്ഢികളുടെ ജീവിത'ത്തിൽനിന്നുള്ള മോചനമായിരുന്നു അദ്ദേഹം തേടിയത്. അതിനു പറ്റിയ സാഹചര്യങ്ങൾ വാൾഡൻ തടാകക്കരയിൽ കണ്ടു.

സുഹൃത്തും ചിന്തകനുമായിരുന്ന എമേഴ്‌സന് വാൾഡനിലുണ്ടായിരുന്ന ഭൂമിയിൽ 1845ലാണ് ഒരു കുടിലുണ്ടാക്കി തോറോ പാർക്കാൻ തുടങ്ങിയത്. ആധുനിക നാഗരികത ജീവിതത്തെ നരകമാക്കുകയാണെന്നും തൊഴിലിന് അടിമപ്പെട്ടു ജീവിക്കുന്ന മനുഷ്യർക്ക് അവബോധം കൈവരാൻ അവസരം ലഭിക്കുന്നില്ലെന്നും തോറോ കരുതി. 'പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്ക്' എന്ന ചിരപുരാതനമായ കാൽപനികസ്വപ്നത്തിന് അദ്ദേഹവും വശംവദനായി. ഭൂമിയുടെ ജൈവഘടികാരത്തിൽ അപായമണി മുഴങ്ങുന്നതു കേട്ടിട്ടെന്നോണമായിരുന്നു തോറോയുടെ പുറപ്പാട്. വാൾഡനിലേത് തീർത്തും ഏകാന്തമായ ജീവിതമായിരുന്നെന്നു കരുതുന്നവരുണ്ട്. എന്നാൽ അവിടെ ഒട്ടേറെ മനുഷ്യരുമായി ഇടപഴകിയതിന്റെ സാക്ഷ്യങ്ങൾ തോറോയുടെ ജീവചരിത്രകാരൻമാർ തന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയ്ക്കു വഴങ്ങാത്ത, അല്ലെങ്കിൽ അവിടെനിന്നു പുറത്താക്കപ്പെട്ട, അരികുമനുഷ്യരായിരുന്നു അവർ. അതിൽ ആണും പെണ്ണുമുണ്ടായിരുന്നു. വാൾഡനിലെ തടാകവും കാനനപരിസരങ്ങളും മാത്രമല്ല ആ മനുഷ്യർ കൂടിയാണ് തോറോയുടെ ജീവിതദർശനങ്ങളെ മാറ്റിപ്പണിതത്. 

Henry-David-Thoreau
ഹെൻറി ഡേവിഡ് തോറോ, Image Credit: Wikimedia commons.com

പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ഒരു വീടിന്റെ മുറിക്കകത്തും ഒതുങ്ങാൻ മനസ്സില്ലാതിരുന്ന അദ്ദേഹം അവിവാഹിതനായി തുടർന്നു. 'ലോകത്ത് എനിക്കു മാത്രമായി ഒരു മുറിയുണ്ട്. അതാണു പ്രകൃതി'യെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വെറും കാൽപനികവാദിയായി തോറോയെ എഴുതിത്തള്ളാനാകില്ല. അദ്ദേഹം എഴുതിയ 'സിവിൽ ഡിസ്ഒബീഡിയൻസ്' എന്ന പ്രബന്ധം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനു വഴികാട്ടിയായി. മെക്‌സിക്കൻ യുദ്ധത്തെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹം നികുതിയടയ്ക്കാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഒരു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. ഭരണകൂട ഭീകരതകളെ ആത്മീയശക്തി കൊണ്ടു പരാജയപ്പെടുത്താമെന്ന തോറോയുടെ ദർശനം ഗാന്ധിജിയെ ആഴത്തിൽ പ്രചോദിപ്പിച്ചിരുന്നു.  ഗാന്ധിജിയെ മാത്രമല്ല തോറോ സ്വാധീനിച്ചത്. ടോൾസ്‌റ്റോയ്, ഹെമിങ്‌വേ, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ.. ആ പട്ടിക നീളുന്നു. 

വാൾഡനിലെ നിമിഷങ്ങളോരോന്നും അദ്ദേഹം ഡയറിയിൽ കുറിച്ചുവച്ചിരുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ അയത്‌നലാളിത്യമുണ്ടായിരുന്നു ആ കുറിപ്പുകൾക്ക്. അതിൽനിന്നാണ് 'വാൾഡൻ' ജനിച്ചത്. 'ഏകാന്തത പോലെ അത്രയും നല്ലൊരു സുഹൃത്തിനെ ഞാൻ കണ്ടിട്ടില്ലെ'ന്ന് ഒരിടത്തു തോറോ എഴുതുന്നുണ്ട്. ഗ്രീക്ക്, റോമൻ ഇതിഹാസങ്ങളിൽ മുഴുകിയിരുന്ന തോറോ അതിന്റെ മുദ്രകൾ വാൾഡനിലും പതിപ്പിച്ചിട്ടുണ്ട്. ബൈബിളും ഹോമറുടെ ഇലിയഡും വാൾഡനിലെ പ്രയോഗങ്ങളെ പ്രചോദിപ്പിച്ചു. രണ്ടുവർഷവും രണ്ടു മാസവും രണ്ടു ദിവസവും നീണ്ട വാൾഡൻ ജീവിതം തോറോയെ ഏറെ പഠിപ്പിച്ചു. ഉൺമയുടെ ഉയർന്ന തലങ്ങളിലെത്താൻ സങ്കീർണമായ ചിന്തകളോ ആശയങ്ങളുടെ കൂട്ടുപിണയ്ക്കലുകളോ ആവശ്യമില്ലെന്നും ജീവിതത്തിലും ചിന്തയിലും ലാളിത്യത്തെ കൂടെക്കൂട്ടിയാൽ മതിയെന്നുമുള്ള തിരിച്ചറിവുണ്ടായി. പണത്തേക്കാളും പ്രശസ്തിയെക്കാളും പ്രധാനമായ ചിലതു ജീവിതത്തിലുണ്ടെന്നും സത്യാന്വേഷണമാണതെന്നും മനസ്സിലാക്കി. ഭൗതികമായ സ്വരുക്കൂട്ടലുകൾക്ക് ഒരിക്കലും അവസാനമില്ലെന്നു തോറോ കരുതി.  

എന്താണു 'വാൾഡൻ' എന്ന ചോദ്യത്തിനുള്ളത് ഒറ്റ ശരിയുത്തരമല്ല. അതൊരു സത്യാന്വേഷണവും സ്വാതന്ത്ര്യപ്രഖ്യാപനവും സ്വാശ്രയജീവിതത്തിന്റെ കൈപ്പുസ്തകവുമാണ്. അതേ സമയം പാരിസ്ഥിതികവിവേകത്തിന്റെ, ഹരിതാവബോധത്തിന്റെ പാഠങ്ങൾ പകരുന്ന പുസ്തകവുമാണ്. ജലത്തെക്കുറിച്ച്, കിളികളെക്കുറിച്ച്, സസ്യലതാദികളെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ 'വാൾഡനി'ലുണ്ട്. വാൾഡൻ തടാകത്തിന്റെ ആഴമറിയാനുള്ള നിഷ്‌കളങ്കത പോലും അതിലുണ്ട്. ഇന്നു വായിക്കുമ്പോൾ പഴമ ചുവയ്ക്കുന്ന ഗദ്യമാണു വാൾഡനിലേത്. അതിന്ദ്രീയവാദവും ശാസ്ത്രവുമെല്ലാം വിചിത്രമായ രീതിയിൽ കുഴമറിയുന്ന, രൂപകങ്ങളും ന്യൂനോക്തിയും സമൃദ്ധമായ ആഖ്യാനം വായനക്കാരെ പ്രകോപിപ്പിച്ചേക്കാം. എങ്കിലും വാൾഡന്റെ താളുകളിലൂടെയുള്ള ഏകാന്തസഞ്ചാരം ഒരിക്കലും വ്യർഥമാകില്ല. ഓർമയിൽ ഒട്ടിച്ചുവയ്ക്കാവുന്ന ഹൃദ്യമായ അനുഭവങ്ങളുമായി അതു വായനക്കാരെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു, ഈ 170-ാം വർഷത്തിലും.

English Summary:

Celebrating 170 Years of Thoreau's 'Walden': A Journey Back to Nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com