ADVERTISEMENT

നിങ്ങൾ നല്ല മാനസിക പ്രയാസത്തിലായിരിക്കുന്ന ഒരു സമയം ഒരു സുഹൃത്ത്‌ അയാളുടെ വീട്ടിലേക്ക്‌ നിങ്ങളെ ക്ഷണിക്കുന്നു. ഒരു വൈകുന്നേരമാണ്‌. അത്രയും നേരം നിങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. തുടർച്ചയായ അവധിദിവസങ്ങൾ വരുന്നു, അയാൾ പോയിക്കഴിഞ്ഞാലുള്ള മടുപ്പ്‌ അപ്പോഴേക്കും നിങ്ങളെ അലട്ടിത്തുടങ്ങിയിരുന്നു.

ബസ്‌ സ്റ്റാൻഡിൽ നാട്ടിലേക്കുള്ള ബസിനടുത്തു വച്ച് വീട്ടിലേക്കു വരുന്നോ, ഈസ്റ്റർ കഴിഞ്ഞു മടങ്ങാം എന്ന് അയാൾ പെട്ടെന്നു പറയുന്നു. നിങ്ങളുടെ മാനസികനിലയൊന്നും അറിഞ്ഞിട്ടാവില്ല, പക്ഷേ അയാൾ ക്ഷണിച്ചു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏതാനും ദിവസങ്ങളുടെ ആരംഭമായിരുന്നു അത്‌. സാധാരണനിലയിൽ ഇത്‌ സാധ്യമല്ല. അയാളുടെ വീട്ടിൽ ഭാര്യയും മാതാപിതാക്കളുമുണ്ട്‌. നിങ്ങൾക്ക്‌ അവരെ അറിയില്ല. അവരുടെ സ്വകാര്യതയിലാണു രണ്ടുമൂന്നു നാൾ ചെലവഴിക്കാൻ പോകുന്നത്‌. പോരാത്തതിന്‌ ഈസ്റ്ററും. 

പെസഹ മുതൽ ഈസ്റ്റർ വരെയുള്ള ആ ദിവസങ്ങളിൽ രാവും പകലും സംസാരവും ചുറ്റിനടത്തവുമായി നിങ്ങൾ കഴിഞ്ഞു. അവർ പള്ളിയിൽ പോകുന്ന നേരത്തു മാത്രം നിങ്ങൾ ആ വീട്ടിൽ ഒറ്റയ്ക്കിരുന്നു. 

മനുഷ്യന്‌ ഒരു ആത്മാവുണ്ടെങ്കിൽ അത്‌ അവന്റെ കൂടെ പറ്റിപ്പിടിച്ചു നിൽക്കുന്നത്‌ ഇങ്ങനെയുള്ള സമയത്താണ്‌. മനുഷ്യായുസ്സിൽ ഇത്‌ എപ്പോഴും സംഭവിക്കുകയില്ല. ഷിംബോർസ്കയുടെ ഒരു കവിതയിൽ പറയുന്നത്‌, ഒരായിരം സംഭാഷണം നടക്കുമ്പോൾ അതിലൊന്നിൽ മാത്രമായിരിക്കാം ആത്മാവ്‌ നിങ്ങളുടെ കൂടെയുണ്ടാവുക എന്നാണ്‌, അതും മൗനം പാലിച്ചുകൊണ്ട്‌! 

ആ സമയം കടന്നുപോയി. അയാളും നിങ്ങളും സ്വന്തം കാര്യങ്ങളിൽ മുഴുകി ജീവിച്ചു. എന്നിട്ടും വർഷങ്ങൾക്കുശേഷവും നിങ്ങൾ അത് ഒരു അദ്ഭുതം പോലെ കാണുന്നു. കാരണം ആ ദിവസങ്ങളിൽ നിങ്ങളുടെ ആത്മാവു നിങ്ങളുടെ ഒപ്പമുണ്ടായിരുന്നു. പുലരി തെളിയുന്നതു കാണാൻ പുലരും മുൻപേ വീടിന്നടുത്ത കുന്നിന്മുകളിലേക്ക്‌ അയാളുടെ എൻഫീൽഡിന്റെ മുഴക്കത്തിലാണ്ടു കയറിപ്പോയി. ആത്മാവ്‌ ഉടലിന്‌ അതിന്റെ ഭാഷ പകരുകയായിരുന്നു ആ പുലരിയിൽ, ഇരുട്ട്‌ പിന്നിലേക്കു ചുവടുവച്ച്‌ മാറുമ്പോൾ.

wislawa-Szymborska-books-Copy

ഷിംബോർസ്കയുടെ 'മോണോലോഗ്‌ ഓഫ്‌ എ ഡോഗ്‌' എന്ന സമാഹാരത്തിലെ 'ഏർലി അവേഴ്സ്‌ എന്ന' കവിതയിൽ വെളിച്ചം എന്താണു ചെയ്യുന്നതെന്ന് കാണാം:

പുലരിക്കു തൊട്ടുമുൻപേയുള്ള സമയം നിങ്ങൾ ഉറക്കമുണർന്നിട്ടില്ല, ആ സമയം മുറിയിലും പുറത്തും ചില വസ്തുതകൾ ഉടലെടുക്കുന്നു; രാത്രിയുടെ രൂപാന്തരം ആണത്‌. ഇരുട്ട്‌ പിന്മാറുന്നു, വെളിച്ചം ഉണ്ടാകുകയും ചെയ്യുന്നു; ഈ മാറ്റം ഉറങ്ങുന്ന ആൾ അറിയുന്നില്ല. അറിഞ്ഞാലും അത്‌ അയാളെ അദ്ഭുതപ്പെടുത്തുകയില്ല. എന്നാൽ പുലരിയുടെ നിർമ്മിതിയിലേക്ക്‌ നിങ്ങൾ കണ്ണു തുറന്നു നോക്കുമെങ്കിൽ കാണും - ഇരുട്ട്‌ മെല്ലെ മെലിയുന്നു, അവിടെക്കു തിരിച്ചെത്തുന്ന നിറങ്ങളെ ഏറ്റവും ചെറിയ വസ്തുക്കൾ പോലും വീണ്ടെടുക്കുന്നു.

ഒരു നിഴൽഛായയോടെ ഓരോ നിറവും അതിന്റെ വടിവുകളിൽ തിളങ്ങുന്നു. നോക്കൂ, എല്ലാ സൂചനകളും നിറങ്ങളുടെ മടങ്ങിവരവിലേക്കാണു വിരൽ ചൂണ്ടുന്നത്‌. ഇതാണു കവി പറയുന്ന വസ്തുതയുടെ ഉടലെടുക്കൽ. പ്രകൃതിയിൽ ഒട്ടും അസാധാരണമല്ലാതെ നടക്കുന്ന ഈ വസ്തുത, ഇരുട്ട്‌ പിന്മാറുകയും ചതുരങ്ങളും ചുഴികളും ദൂരങ്ങളും പ്രത്യക്ഷമാകുകയും ചെയ്യുന്ന ഒരു രൂപാന്തരം ഭാഷയിലും നാമറിയാത്തനേരങ്ങളിൽ, ഒട്ടും അസാധാരണമായി തോന്നാതിരിക്കാൻ ശ്രദ്ധിച്ച്‌ സംഭവിക്കുന്നുണ്ട്.

ഇരുട്ട് വെളിച്ചത്തിന്റെ നിർമ്മിതിക്ക്‌ ആവശ്യമാണ്‌. പക്ഷേ വെളിച്ചത്തിന്റെ മറവിലേക്കോ നിലവറയിലേക്കോ പിന്മാറിയ ഇരുട്ട് എന്ന പോലെ ഒരാളിലെ ശൂന്യതയുടെ ഉള്ളിൽ കനമായി പറ്റിക്കിടക്കുന്ന ഭാഷ പുലരിയായി തെളിയുന്ന നിമിഷങ്ങളിൽ മിക്കവാറും നിങ്ങൾ ഉറക്കമായിരിക്കും. 

wislawa-Szymborska-book-Copy

പക്ഷേ...

ഈ കവിത ഇങ്ങനെയല്ല, പുലരിയിൽ നാം ഉണ്ടല്ലോ എന്ന സന്തോഷത്തെപ്പറ്റിയാകും അത്‌. നോക്കൂ, നോക്കൂ, ഇത്‌ കാണൂ എന്ന് സ്വന്തം മുറിയിലെ ഓരോന്നും മടങ്ങിയെത്തിയതിൽ കവിയുടെ ആത്മഹർഷമായിരിക്കും അത്‌. ശരിയാണ്‌, കവിത ഏറ്റവും സാധാരണമെന്നു നടിക്കാറുണ്ട്‌. അദ്ഭുതം നേരത്തേ സംഭവിച്ചു. എല്ലാം കഴിഞ്ഞ്‌ വൈകിയെത്തിയ സാക്ഷിയാണു നിങ്ങൾ എന്നു കവി പറയുന്നത്‌ അതുകൊണ്ടാവാം.

English Summary:

Ezhuthumesha column by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com