ADVERTISEMENT

മലയാള സാഹിത്യലോകത്തെ ഒരു പ്രമുഖ വ്യക്തിത്വമാണ് അശോകൻ ചരുവിൽ. അധ്യാപകന്‍, കഥാകൃത്ത്, സാമൂഹിക വിമര്‍ശകന്‍ എന്നിങ്ങനെ വിവിധ മേഖലകളെ കൂട്ടി യോജിപ്പിക്കുന്നതാണ് ഈ പ്രതിഭയുടെ സാഹിത്യ–ജീവിതരേഖ. ഇപ്പോൾ വയലാർ അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന അദ്ദേഹം 1957 മേയ് 18-ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്‌ക്ക് സമീപം കാട്ടൂരിലാണ് ജനിച്ചത്. 

തൃശൂർ ജില്ലയിലെ കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിഞ്ഞാലക്കുട എസ്. എന്‍. ട്രെയിനിംഗ് സ്‌കൂള്‍, നാട്ടിക എസ്.എന്‍.കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. രജിസ്ട്രേഷൻ വകുപ്പിൽ സേവനം അനുഷ്ഠിച്ച അശോകൻ ചരുവിൽ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കാട്ടൂർ കടവ് എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ച അശോകൻ ചരുവിൽ മലയാള സാഹിത്യത്തിന് നിരവധി മികച്ച കൃതികൾ സംഭാവന ചെയ്തിട്ടുണ്ട്.  ‌ചെറുകഥകൾ, നോവലുകൾ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു പ്രധാന ശ്രദ്ധ. സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെ ജീവിതത്തെയാണ് അദ്ദേഹം തന്റെ കൃതികളിലൂടെ വളരെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. സൂര്യകാന്തികളുടെ നഗരം, പരിചിത ഗന്ധങ്ങൾ, മരിച്ചവരുടെ കടൽ, ജലജീവിതം, ക്ലർക്കുമാരുടെ ജീവിതം, കംഗാരുനൃത്തം, കാട്ടൂർക്കടവിലെ ക്രൂരകൃത്യം, ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം തുടങ്ങിയവയാണ് പ്രധാന കൃതികൾ. 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എ.പി. കളക്കാട് അവാര്‍ഡ്, യു.പി. ജയരാജ് അവാര്‍ഡ്, ഷാര്‍ജ പൂമുഖം ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങൾ. പ്രൈമറി സ്‌കൂള്‍ അധ്യാപകനായും പഞ്ചായത്ത് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

English Summary:

From Kattur to Vayalar Award: The Inspiring Journey of Ashokan Charuvil