നാമിനിയും എത്തിച്ചേരാത്ത ഭൂപടത്തിൽ മാത്രമുള്ള ഒരു ദേശം!

Mail This Article
നോവലോ കഥയോ എഴുതുന്നതിനു വളരെ മുൻപേതന്നെ ചിലർക്കെങ്കിലും താനെഴുതാൻപോകുന്നതിലേക്കു നോട്ടം കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്. ആ സമയം അവർ ഒന്നുമെഴുതിയിട്ടില്ലെങ്കിലും എഴുതുമെന്ന് സങ്കൽപിക്കുന്നുള്ളുവെങ്കിലും, എന്താണ് എഴുതുക എന്ന് നിശ്ചയിച്ചിട്ടുണ്ടാവില്ലെങ്കിലും അവരെ ഞാൻ എഴുത്തുകാരെന്നു വിളിക്കുന്നു. കാരണം ഉള്ളിലെ എല്ലാ ദൃശ്യങ്ങളും ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിയ പട്ടണങ്ങളും നദികളുമെന്ന പോലെ അവർക്കു കാണാം. മനുഷ്യരും മറ്റു ജീവജാലങ്ങളുമടങ്ങിയ അജ്ഞാതസ്ഥലങ്ങളുടെ വികാരങ്ങൾ അവരുടെ രക്തത്തിൽ കലരുന്നു. എഴുത്ത് മുൻകൂട്ടി അറിയുന്നതാണു ഭാവനയെന്നു വർഷങ്ങൾക്കുശേഷം അവർ പറഞ്ഞേക്കാം. ഭൂതകാലത്തിൽ എവിടെയോ നഷ്ടമായതിന്റെ ഓർമ്മ എന്നായിരിക്കും അവർ ആദ്യമൊക്കെ ഭാവനാപ്രദേശത്തെപ്പറ്റി കരുതുക. ശരിക്കും അതിൽ ഓർമ്മയുണ്ട്. പക്ഷേ ഭാവനയെന്നത് ഓർമ്മയെക്കാൾ പ്രാചീനമായ ജീവകോശങ്ങളാണ്.
ഇങ്ങനെയുള്ളവരെ, എഴുതി അച്ചടിക്കാത്തവരെ, എഴുത്തുകാരെന്നു ഞാൻ വിളിക്കുമ്പോൾ അവർ വായനക്കാരാണ് എന്നാണ് അർഥം. കാരണം എഴുത്തുകാരാകാൻ പോകുന്നവർ നോവലുകൾ വായിച്ചുകൊണ്ട് ഏകാന്തതയിൽ ഇരിക്കുമ്പോഴാണ് അവർക്കു മനസ്സിൽ ദൂരെ ഒരിടത്തേക്ക് ആ നോട്ടം കിട്ടുന്നത്. ദൂരെയെവിടെയോ ഉണ്ടായിരുന്നതും ഒരുപക്ഷേ, ഭാവിയിൽ ഒരു താളിൽ സംഭവിക്കാനിരിക്കുന്നതുമായ ഒരു ഏകാന്തതയോട് വിനിമയം ചെയ്യാൻ അവർ പരിശ്രമിക്കുന്നു. അല്ലെങ്കിൽ അവർ വായനക്കാരാകുന്നതിനും മുൻപേയുള്ള ഒരു കാലത്തുനിന്നുള്ള ഓർമയുടെ ദൃശ്യമോ വികാരമോ ശേഖരിച്ച് അതിനൊരു രൂപം നിർമ്മിക്കുകയാവാം.

ഓസ്ട്രേലിയൻ എഴുത്തുകാരനായ ജെറൾഡ് മർനേൻ ഈ നോട്ടത്തെ മനസ്സിലുളള ദൃശ്യങ്ങളുടെയും വികാരങ്ങളുടെയും ഡയഗ്രം എന്നു വിളിക്കുന്നു. അദ്ദേഹത്തിന്റെ കഥകളിലേറെയും എഴുത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാഫ്കയിലോ ബോർഹെസിലോ നാം ശീലിച്ച ഒരു രീതിയിലല്ല മർനേൻ എഴുത്തിനെ ദാർശനികമാക്കുന്നതെന്ന് അറിയണം. പ്രപഞ്ചത്തിന് ഒരു ക്രമം ഉള്ളതുപോലെ ഫിക്ഷനും ഒരു ക്രമമുണ്ടെന്നാണ് മർനേൻ പറയുന്നത്. ദൃശ്യങ്ങളും വികാരങ്ങളും ഉള്ളത് എഴുതുന്നയാളുടെ മനസ്സിലാണ്. റെയ്മണ്ട് കാർവർ അവിടെ ചൂണ്ടയിടുന്നു.ബോർഹെസ് പ്രാചീന യവനരിലേക്കു പോയിട്ട് അകത്തുപെട്ടാൽ തിരിച്ചിറങ്ങാനാകാത്ത ഒരു രാവണൻകോട്ടയെ, ലാബിറിന്ദിനെ, കൊണ്ടുവരുന്നു. മർനേൻ ആകട്ടെ ഒരു അറ്റ്ലസിൽ താനൊരിക്കലും പോകാത്ത നാടുകളിലെ പട്ടണങ്ങളെ അടയാളപ്പെടുത്തുന്നു. അവിടത്തെ തുറമുഖത്തെ ബാറിൽ, ഒരു സന്ധ്യയിൽ, സ്രാവുവേട്ടക്കാരായിരുന്ന വയസ്സന്മാർ തങ്ങളുടെ യൗവനത്തിലെ പെണ്ണുങ്ങളുടെ മണങ്ങൾ വിവരിക്കുന്നതു കേട്ടിരിക്കുന്നു. ഭാവിയിൽ താനെഴുതാൻ പോകുന്ന ഒരു ഫിക്ഷനിൽ പ്രത്യക്ഷമാകുന്ന എല്ലാം അവിടെയുണ്ട്, തുടക്കം മുതൽക്കേ. എഴുതാൻ വൈകുന്തോറും ഇതു നഷ്ടമാകുമെന്നു സംശയിച്ചേക്കാമെങ്കിലും അവ എവിടേക്കും പോകുന്നില്ലെന്നതാണു സത്യം.
എഴുത്തുകാരാകാൻ പോകുന്നവർക്ക്, അഥവാ വായനക്കാർക്ക്, മർനേൻ വിചിത്രമായ ഒരു ഭാഷയാണ്. അദ്ദേഹത്തിന് 85 വയസ്സായി. ഓസ്ട്രേലിയ വിട്ട് എവിടെയും സഞ്ചരിക്കാത്ത ആളാണ്. ജീവിതത്തിൽ ഇതേവരെ വിമാനത്തിൽ കയറിയിട്ടില്ല. താൻ ജീവിക്കുന്ന മെൽബണിൽനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിൽ എഴുത്തുകാരുടെ ഒരു ക്യാമ്പിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയപ്പോൾ വിമാനം പറ്റില്ല, കപ്പലിൽ ചെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബം വിട്ട്, നാടുവിട്ട് യാത്ര ചെയ്യാൻ പേടിക്കുന്ന ഈ മനുഷ്യനു വിദൂരമായ നാടുകൾ അറ്റ്ലസിൽ കണ്ട് ഭാവന ചെയ്യലാണ് ഏറ്റവും ഇഷ്ടം. ടാസ്മാനിയയിലേക്കുള്ള ഒരു രാത്രി നീളുന്ന കപ്പൽ യാത്രയിൽ ആ മനുഷ്യൻ ആധി കാരണം ഒരു ഭക്ഷണവും കഴിക്കാതെ മദ്യം മാത്രം മോന്തി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. മർനേനിന്റെ പേടിയുടെ ഉദ്ഭവം എവിടെയാണെന്ന് അദ്ദേഹം പറയുന്നില്ല. ഒരിടത്ത് അദ്ദേഹം ഒരു വടക്കേ അമേരിക്കൻ ഗോത്രസമൂഹത്തിലെ വിശ്വാസത്തെപ്പറ്റി പറയുന്നുണ്ട്–ഒരാൾ കുതിരപ്പുറത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ചാൽ അയാളുടെ ആത്മാവ് പുറപ്പെട്ടിടത്തു ശേഷിക്കുമെന്നതാണ് ആ വിശ്വാസം. അയാൾ തിരിച്ചുവരുന്നതും നോക്കി സ്വന്തം നാട്ടിൽ അനാഥമായി ആത്മാവ് ശേഷിക്കുമത്രേ!

മർനേനു അറിയാത്ത ഒരു കാര്യം നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥയാണ്. ജാതിഘടനയിൽ, ഒരാൾ ജന്മനാട് വിട്ടുപോകുന്നതോടെ ഭ്രഷ്ടനാകുന്നു. അയാൾ ജാതിയിൽനിന്നും ഗ്രാമത്തിൽനിന്നും പുറത്താകുന്നു. അതുകൊണ്ടാണു താരാശങ്കർ ബന്ദ്യോപാധ്യായയുടെ ഗണദേവത എന്ന നോവലിൽ എതൊരു ഗ്രാമത്തിലും രണ്ടുപേരെയാണു ബഹിഷ്കൃതരെന്നു പറയുന്നത്. ഒന്ന്, ഗ്രാമം വിട്ടുപോയി വിദ്യാഭ്യാസം ചെയ്തിട്ടു മടങ്ങിയെത്തുന്നവർ. രണ്ട്, ഗ്രാമവേശ്യകൾ.
ഗാന്ധിജി ലണ്ടനിൽ പഠിക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ അമ്മ ഭയന്നുപോയി. മകൻ പിന്മാറില്ലെന്ന് ഉറപ്പായപ്പോൾ അവർ മകന്റെ ശുദ്ധികളയാതിരിക്കാൻ നാലു വ്രതങ്ങളാണു സത്യം ചെയ്യിപ്പിച്ചത്. ഗാന്ധിജി ഒരിക്കലുമതു തെറ്റിച്ചില്ല. അതിനാൽ വട്ടമേശ സമ്മേളനകാലത്ത് തനിക്കു കുടിക്കാനുള്ള പാലിന് അദ്ദേഹം ഒരു ആടിനെത്തന്നെയും ഒപ്പം കപ്പലിൽ കയറ്റി ലണ്ടനിലേക്കു കൊണ്ടുപോയി. തനിക്കു ഉപയോഗിക്കാനുള്ള സ്പൂൺ താൻ എല്ലാ യാത്രയിലും കൊണ്ടുപോകാറുണ്ടെന്നു സമീപകാലത്ത് സുധാമൂർത്തി പറഞ്ഞത് ഈ ശുദ്ധിവിചാരം കൊണ്ടാണ്. ഉടൽ പരദേശത്ത് എത്തുമ്പോഴും മനസ്സ് അത് ഇരുന്നിടം ഉപേക്ഷിക്കുകയില്ല.

ഒരാൾ പിറന്നദേശം വിട്ടുപോകുന്നതോടെ അയാളുടെ ശുദ്ധി നഷ്ടമായി, അയാളുടെ ആത്മാവ് നഷ്ടമായിത്തീരുന്നുവെന്ന വിശ്വാസം മർനേനുണ്ടായിരുന്നില്ല. അയാൾ ലോകത്തെ തന്റെ വീട്ടുമുറ്റത്തുനിന്നുള്ള നോട്ടത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.അറ്റ്ലസിൽ കാണുന്ന ഓരോ നാടും, ഓരോ പട്ടണവും, ഓരോ കഥ പോലെയാണ് അയാൾക്ക് അനുഭവപ്പെടുക. അയാളുടെ യാത്ര ശരീരം കൊണ്ടല്ല, ഭാവന കൊണ്ടാണ്. അങ്ങനെ വായനക്കാർ താളുകളിൽനിന്ന് താളുകളിലേക്ക് നടത്തുന്നത് ഭൂഖണ്ഡാന്തര യാത്രകളാണ്. അയാൾ അരിസ്റ്റോട്ടിലിന്റെ ലയ്സീയത്തിലും അലക്സാൻഡ്രിയയിലും ബഗ്ദാദിലും കോനിയയിലും കാബൂളിലും കോഴിക്കോട്ടുമെല്ലാം എത്തുകയും അവിടങ്ങളിൽനിന്നും തിരിച്ചുപോകുന്നതോർക്കാതെ കാലം കഴിക്കുകയും ചെയ്യും.
യൗവനത്തിൽ ബ്യൂനസ് ഐറിസിനു പുറത്തേക്ക് അധികമൊന്നു യാത്ര ചെയ്യാതിരുന്ന ബോർഹെസ് വാർധക്യത്തിൽ അന്ധനായശേഷമാണ് ജപ്പാനിലേക്കും ഇറ്റലിയിലേക്കും പോയത്. ഈരണ്ടു യാത്രകളിലും 'കണ്ട’ കാഴ്ചകൾ തന്നെ മാറ്റിമറിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു.
എഴുത്തിനു തടസ്സം വരുമ്പോൾ ഞാൻ ചെയ്യാറുള്ളത് ഒരു ഡൈഗ്രഷൻ എടുക്കലാണ്. അതായത് മനസ്സിൽ പുതിയൊരു വാതിലോ ജനാലയോ തുറക്കുക. ആ കാഴ്ചയെ പിന്തുടരുക. ഒരു കഥയിലായിരിക്കുമ്പോൾ അതിനകത്തു മറ്റൊരു കഥ തെളിഞ്ഞുവരുന്ന ഒരു അനുഭവമാണ് അത്. അപ്പോൾ തുടർന്നെഴുതാനാകും. പാതിയിൽ നിർത്തിയ കഥയ്ക്ക് എന്തുപറ്റും എന്നു വേവലാതിപ്പെടാതെ, തുറന്നുകിട്ടിയ മറ്റൊരു കഥയിലൂടെ നാം ഒരിടത്ത് എത്തുമ്പോഴേക്കും അവിടെ പിന്നെയുമൊരു കഥ തെളിയുന്നു. അന്നേരം അതിനു പിന്നാലെ! ഞാനും അവളും കൂടി ഒരിക്കൽ രണ്ടു പൂച്ചകളെ വഴിയിൽ കളയാൻ പോയി. വിജനമായ ഒരു തെരുവിൽ രാത്രി ഒരു വീടിന്റെ വിളക്ക് കണ്ടതിനു സമീപം അവരെ ഇറക്കിവിട്ടു. തിരിച്ച് വീട്ടിലെത്തിയപ്പോൾ, ആ പൂച്ചകൾ എങ്ങോട്ടുപോകണമെന്നറിയാതെ അവിടെത്തന്നെ നിൽക്കുകയാകുമോ എന്ന് വിഷമിച്ച് അവിടേക്ക് തിരിച്ചു ചെന്നെങ്കിലും അവ അവിടെയുണ്ടായിരുന്നില്ല. റോഡരികിലെ കുറ്റിച്ചെടികളുടെ പടർപ്പും അതിനപ്പുറം മുറ്റത്ത് ഒറ്റവിളക്കു മാത്രം കത്തുന്ന ആ പഴയവീടും നോക്കി ഞങ്ങൾ തെരുവിലെ വിജനതയിൽ നിന്നു.

കോവിഡ് കാലത്ത് കൊച്ചിയിലെ ഫ്ലാറ്റിലേക്ക് അവരെ മകളണു കൊണ്ടുവന്നത്. രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ. ഒന്നരവർഷത്തിനുശേഷം ഞങ്ങൾ കോഴിക്കോട്ടേക്കു തിരിച്ചുപോകുമ്പോൾ അവരെ കൊച്ചിയിൽ മകളുടെ സുഹൃത്തിന്റെ വീട്ടിലാക്കിയിരുന്നു.
എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. അവയുടെ മണവും രോമങ്ങളും തീരെ വയ്യ.
ഒരു വർഷത്തിനുശേഷം കൊച്ചിയിൽ വിട്ടേച്ചുപോന്ന രണ്ടുപൂച്ചകളെയും മകളുടെ സുഹൃത്ത് ഒരു കാറിൽ രണ്ടു കൂടകളിലാക്കി കോഴിക്കോട്ടെത്തിച്ചപ്പോൾ എനിക്ക് വീണ്ടും പ്രശ്നമായി. ഒടുവിൽ മകളോട് പൂച്ചകളെ അഡോപ്റ്റ് ചെയ്യാൻ കൊടുക്കുന്നുവെന്ന് കള്ളം പറഞ്ഞാണ് അന്നു രാത്രി അവരെ ഉപേക്ഷിച്ചത്.

‘ദേഹം’ എന്ന നോവലിൽ, തുളസി എഴുതിയ നോവൽ അരവി വായിക്കുന്ന നേരത്ത്, ഏകയായ ഒരു സ്ത്രീ ലോകത്തെ എങ്ങനെയാണു ഭാവന ചെയ്യുന്നതെന്ന് വായനക്കാരോട് വിവരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നോവലിന്റെ കിബ് ല ആയിരിക്കണമത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അറ്റ്ലസിൽ ഞാൻ കുമ്പിടുന്ന ആ ദിശ തിരഞ്ഞു. ഒടുവിൽ ഒരു ദിവസം ഗൂഗിൾ ഫൊട്ടോസിൽനിന്ന് രണ്ടു പൂച്ചകൾ പൊങ്ങിവന്നു. എനിക്ക് സങ്കടം വന്നു. കൊച്ചിയിൽ നിന്ന് ഒരു കാറിന്റെ പിൻസീറ്റിൽ, രണ്ടു കൂടകളിൽ അവർ സഞ്ചരിച്ച ദൂരം ഞാൻ കണ്ടു. അറ്റ്ലസിൽ രണ്ടു പൂച്ചകൾ കടന്നുപോയ പട്ടണങ്ങൾ, തീരങ്ങൾ, പുഴകൾ.. ഞാൻ തൊട്ടുനോക്കി..
തുളസിയുടെ നോവൽ അങ്ങനെയാണുണ്ടായത്. ലജ്ജയില്ലാതെ കരയാനും ഉമ്മ വയ്ക്കാനും ഒരു സ്ഥലം, യാത്രപ്പേടിയാൽ നാമിനിയും ചെല്ലാത്ത ഭൂപടത്തിൽ മാത്രമുള്ള ഒരു ദേശം!