നൊബേൽ തിളക്കത്തിൽ ഹാൻ കാങ്; ആദ്യ ദക്ഷിണ കൊറിയൻ രചയിതാവ്, വീണ്ടും ചർച്ചയായി ‘ദ് വെജിറ്റേറിയൻ’
Mail This Article
ചരിത്രപരമായ ആഘാതങ്ങൾ അന്വേഷിക്കുന്നതും മനുഷ്യന്റെ നിലനിൽപ്പിന്റെ ദുർബലതയെ പ്രതിഫലിപ്പിക്കുന്നതുമായ ‘തീവ്രമായ കാവ്യ ഗദ്യ’ത്തിന് എന്ന സംബോധനയോടെയാണ് സ്വീഡിഷ് അക്കാദമി ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനെ അവതരിപ്പിച്ചത്. മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് നേടിയ 'ദ് വെജിറ്റേറിയൻ' എന്ന നോവലിന് പേരുകേട്ട ഹാങ്ങിന്റെ കൃതികൾ പലപ്പോഴും കഷ്ടപ്പാടുകൾ, സ്വത്വം, മനുഷ്യ മനസ്സ് എന്നീ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ പുരസ്‌കാരത്തോടെ നൊബേൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരിയായി ഹാൻ കാങ്.
1970ൽ ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ ജനിച്ച ഹാൻ കാങ് എഴുത്തുകാരുടെ കുടുംബത്തിലാണ് വളർന്നത്. കവിതകളിലേക്കും പിന്നീട് ഫിക്ഷൻ രചനയിലേക്കും കടക്കുന്നതിന് മുമ്പ് അവർ യോൻസി സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ചു. കഷ്ടപ്പാടുകളും ഓർമ്മകളും പ്രമേയമാക്കിയ 'ഹ്യൂമൻ ആക്‌ട്‌സ്', 'ദ് വൈറ്റ് ബുക്ക്' എന്നിവയും ഹാന്റെ മറ്റു ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു.
‘ദ് വെജിറ്റേറിയൻ’ എന്ന കൊച്ചു നോവലിന്റെ കഥ
സ്വന്തം നിലയിൽ കൊറിയൻ ഭാഷ പഠിച്ച ഡെബോറ സ്മിത്ത് ആണ് നോവൽ ഇംഗ്ലിഷിലാക്കിയത്. കൊറിയയിൽ സാധാരണ കുടുംബജീവിതം നയിക്കുന്ന ഒരു സ്ത്രീ ഒരുദിവസം മാംസാഹാരം നിർത്തി ശുദ്ധ വെജിറ്റേറിയൻ ആകുന്നതാണു പ്രമേയം. കൊറിയക്കാർക്ക് ഇറച്ചി പ്രധാനാഹാരമാണ്. അവരുടെ പതിവുവിഭവങ്ങളിലെല്ലാം ഇറച്ചിയുണ്ടാകും. അപ്പോൾ വീട്ടമ്മ തന്നെ ഇറച്ചി വേണ്ടെന്നു വച്ചാലോ? കുടുംബത്തിനുള്ളിൽ അവളുടെ തീരുമാനം ആകെ പ്രശ്നമാകുന്നു. അമ്മയും ഭർത്താവുമെല്ലാം അവളെ ഒരു വിചിത്രജീവിയെപ്പോലെയാണു പിന്നീടു കാണുന്നത്. ഭർത്താവ് പറയുന്നു: ‘എന്റെ ഭാര്യ വെജിറ്റേറിയൻ ആകുന്നതിനു മുൻപ്, ഞാനെപ്പോഴും വിചാരിച്ചിരുന്നത് അവൾ എല്ലാ തലത്തിലും പൂർണമായും ഒരു സാധാരണക്കാരിയാണ് എന്നാണ്.’
മാംസാഹാരം വേണ്ടെന്നു വയ്ക്കാൻ കാരണമെന്താണ്? താനൊരു മരമായി മാറുന്നത് അവൾ ഒരു ദിവസം സ്വപ്നം കാണുന്നു. അതാണ് ഇറച്ചി വേണ്ടെന്നുവയ്ക്കാൻ കാരണം. ആ സ്വപ്നത്തിലേതു പോലെ ഒരു ദിവസം താൻ ഒരു മരമായിത്തീരുമെന്നാണ് അവളുടെ വിശ്വാസം. ഇറച്ചിക്കു പിന്നാലെ മറ്റ് ആഹാരങ്ങളും അവൾ വേണ്ടെന്നു വയ്ക്കുന്നു. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെയാണല്ലോ വളരുന്നത്. അതുപോലെ തനിക്കും വെള്ളവും സൂര്യപ്രകാശവും മാത്രം മതി എന്ന നിലപാടിൽ അവൾ എത്തുന്നതോടെ സംഗതി ആകെ കുഴഞ്ഞുമറിയുകയാണ്.
ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം തുടങ്ങിയ വിഷയങ്ങളിലെ മികവ് പരിഗണിച്ച് 1901 മുതലാണ് വർഷം തോറും നൊബേൽ സമ്മാനം നൽകിവരുന്നത്. സാമ്പത്തിക ശാസ്ത്രം പിന്നീട് പട്ടികയിൽ ചേർത്തു.
സാഹിത്യത്തിനു സമ്മാനിക്കുന്ന 117-ാമത് നൊബേൽ ആണിത്. 1901-നും 2023-നും ഇടയിൽ 116 തവണകളിലായി 120 പേർക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. 1904, 1917, 1966, 1974 വർഷങ്ങളിൽ ഒന്നിലധികം ആളുകൾക്ക് സമ്മാനം നൽകപ്പെട്ടു. ഒരിക്കലും ഒരു സമ്മാന ജേതാവിന്റെ രണ്ടുതവണ സാഹിത്യ നൊബേൽ ലഭിച്ചിട്ടില്ല. 1914, 1918, 1935, 1940, 1941, 1942, 1943 വർഷങ്ങളിൽ സാഹിത്യ നൊബേൽ ആർക്കും നൽകിയില്ല.