ഹോർത്തൂസ് പുസ്തകമേളയും ബിനാലെയും കൊടിയിറങ്ങി

Mail This Article
അറിവിന്റെയും കലയുടെയും ഉത്സവമൊരുക്കി 16 ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ നടന്ന മനോരമ ഹോർത്തൂസ് പുസ്തകമേളയും കൊച്ചി ബിനാലെ പതിപ്പും സമാപിച്ചു. എഴുത്തുകാരായ ജിസ ജോസ്, ലിജീഷ് കുമാർ, മാനുവൽ ജോർജ് എന്നിവർ പുസ്തകശാലയിൽ ഇന്നലെ നടന്ന സംവാദങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നടപ്പുരീതികളോടുള്ള കലഹം മാത്രമല്ല എഴുത്തെന്നും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അധികാരം സ്ഥാപിച്ചെടുക്കൽ തന്നെയാണു സാഹിത്യമെന്നും ജിസ ജോസ് പറഞ്ഞു.
ജിസ ജോസിന്റെ മുദ്രിത, ഡാർക്ക് ഫാന്റസി, ലിജീഷ് കുമാറിന്റെ മമ്മൂട്ടി: കണ്ടു കണ്ട് പെരുകുന്ന കടൽ, മാനുവൽ ജോർജിന്റെ സനാരി എന്നീ പുസ്തകങ്ങൾ വായനക്കാർ എഴുത്തുകാരുടെ കയ്യൊപ്പോടെ സ്വന്തമാക്കി. മനുഷ്യൻ എന്ന സമസ്യയുടെ ഉത്തരം തേടലിന് മിസ്റ്ററി ത്രില്ലറിനെ താൻ മാധ്യമമാക്കുകയായിരുന്നുവെന്ന് മാനുവൽ ജോർജ് അഭിപ്രായപ്പെട്ടു. കലാകാരന്മാർ പ്രതിഭയെ അച്ചടക്കത്തോടെ വിന്യസിക്കേണ്ടതു കലയിലാണെന്നും മറിച്ച് ലഹരിയിലാവരുതെന്നും ലിജീഷ് കുമാർ പറഞ്ഞു.
എഴുത്തുകാരെ കാണാനും സംവദിക്കാനും കയ്യൊപ്പോടെ പുസ്തകങ്ങൾ വാങ്ങാനുമെത്തിയ വായനക്കാരുടെ പങ്കാളിത്തമാണു പുസ്തകശാലയെ സജീവമാക്കിയത്. കൊച്ചി ബിനാലെ പ്രദർശനം കാണാനും ഒട്ടേറെ കലാസ്വാദകർ എത്തിയിരുന്നു.