സ്നേഹിക്കുന്നതെന്തിന്; ഇതിലും നല്ല മറുപടിക്ക് ഇനി ലാസ്റ്റ് ബുക്ക്
Mail This Article
സ്നേഹിക്കുക. സ്നേഹിക്കപ്പെടുക. നമുക്ക് കഴിയുന്നത് ഇതു മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. നമ്മളെ സ്വപ്നം കണ്ടവരെ മറക്കാതിരിക്കുക. അവരോട് വിശ്വസ്തരായിരിക്കുക.
സ്നേഹിച്ചാണ് നിക്കി ജൊവാന്നി ശ്രദ്ധിക്കപ്പെട്ടത്; കടന്നുപോകുമ്പോഴും സ്നേഹം ഉറപ്പാക്കിയും. ആഫ്രോ–അമേരിക്കൻ വംശജരുടെ അതിജീവനത്തിനു ശബ്ദം നൽകിയ കവി. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം സ്വന്തമായി അറിയപ്പെടേണ്ട കവിയല്ല അവർ. എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. ലോകത്തിന്റെ ശബ്ദമാണു കേട്ടത്. പാടിയതൊക്കെയും നിരുപാധികമായ സ്നേഹത്തെക്കുറിച്ചും.
എന്തിനു സ്നേഹിക്കുന്നു എന്ന ചോദ്യത്തിന് കവിതയിൽ ഏറ്റവും സുന്ദരമായി മറുപടി പറഞ്ഞിട്ടുണ്ട് ജൊവാന്നി. അത് ഇത്രനാളും ആരും പറഞ്ഞതിന്റെ അനുകരണമായിരുന്നില്ല. ഇനി ആർക്കെങ്കിലും ഇതുപോലെ അതു പറയാനാവുമെന്നും തോന്നുന്നില്ല. അനുഭവത്തിന്റെ ആത്മധൈര്യത്തിൽ സ്നേഹത്തെ കവി നിർവചിച്ചു.
നമ്മൾ സ്നേഹിക്കുന്നു, കാരണം;
ലോകത്തിന് ഇരുളും വെളിച്ചവും ആവശ്യമുണ്ട്.
കൂട്ടുകെട്ടും ഒറ്റപ്പെടലും വേണം.
ഒന്നെങ്കിലും ഒരുപോലെയാകരുത്.
പരിചിതമായാലും അജ്ഞാതമാകണം.
യഥാർഥത്തിലുള്ള ഒരേയൊരു സാഹസികത സ്നേഹമായതുകൊണ്ട്...
അവസാന വരിയിൽ ജൊവാന്നി സ്നേഹത്തെ ഏറ്റവും മധുരമായി വിശേഷിപ്പിച്ചു; സാഹസികത എന്ന വാക്കിൽ. ആർക്കാണ് സാഹസികത ഇഷ്ടമല്ലാത്തത്. തോൽക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അല്ല, തോൽക്കാൻ തന്നെയാണ് സാധ്യത കൂടുതൽ. എന്നാലും പ്രലോഭനം തുടരുകയാണ്. ഇരയാകാൻ വീണ്ടും വീണ്ടും.
സ്നേഹം വെളിച്ചമാണെന്ന പതിവു പല്ലവി കവി ആവർത്തിക്കുന്നില്ല. ഇരുട്ട് അരികെത്തന്നെയുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. ഇരുട്ടും കൂടി ഇല്ലെങ്കിൽ വെളിച്ചം എങ്ങനെ തിരിച്ചറിയും എന്നുതന്നെയാണ് ജൊവാന്നി പറയുന്നത്. എന്നും ഒരുമിച്ചാകണം എന്ന കള്ളം ആവർത്തിക്കുന്നില്ല. എല്ലാമറിയാം എന്ന് അഭിമാനിക്കുന്നില്ല. സാഹസികത എന്ന് ഒരിക്കൽക്കൂടി മുന്നറിയിപ്പ് തരുന്നു.
സ്നേഹത്തെ ഇതിലും നന്നായി നിർവചിക്കാൻ കഴിയുക ജൊവാന്നിക്ക് മാത്രമായിരിക്കും. അതൊരുപക്ഷേ പുറത്തിറങ്ങാനിരിക്കുന്ന അവരുടെ അവസാന പുസ്തകത്തിൽ കണ്ടേക്കാം. ദ് ലാസ്റ്റ് ബുക്കിൽ. ഇനി ആ വരികൾക്കും അർഥത്തിനും വേണ്ടി കാത്തിരിക്കാം. അതുവരെ അതു തന്നെ; സ്നേഹിക്കുക– ഇരുളും വെളിച്ചവും ആവശ്യമായതിനാൽ.