ഒരു കഥാപാത്രം എന്തിന് നോവൽ എഴുതണം

Mail This Article
‘ക്രമേണ എനിക്കു വ്യക്തമായ കാര്യമാണ്', നീത്ഷേ പറയുന്നു , ‘ഇതുവരെയുള്ള ഓരോ മഹത്തായ തത്വചിന്തയും അതെഴുതിയ ആളുടെ വ്യക്തിപരമായ കുമ്പസാരമാണ്. അതൊരുതരം സ്വയമറിയാതെയുള്ള, അബോധപരമായ ഓർമ്മയെഴുത്ത് ആണ്’.
ഇതു തത്വചിന്തകർക്കുമാത്രമല്ല എഴുത്തുകാരായ എല്ലാവർക്കും ബാധകമാണെന്നു ഇപ്പോൾ നമുക്കറിയാം.

പൗരാണിക ഗ്രീസ്, റോമാ പ്രഭാഷണത്തിലൊരിടത്ത് ഫൂക്കോ പറയുന്നു: “ആത്മനിഷ്ഠത എഴുത്തിന്റെ തീം എന്ന നിലയ്ക്ക് ഒരു ആധുനിക കണ്ടുപിടിത്തമല്ല. നവോത്ഥാനമോ കാൽപനികപ്രസ്ഥാനമോ കണ്ടെത്തിയതുമല്ല. പടിഞ്ഞാറിന്റെ ഏറ്റവും പുരാതനമായ പാരമ്പര്യങ്ങളിലൊന്നാണ്. ഇതാണ് അഗസ്റ്റ്യന്റെ കൺഫഷൻസിൽ ഉള്ളത്.”
നീത്‌ഷേയുടെ പ്രസ്താവനയുടെ കൃത്യമായി വിശദീകരണം ഇതിലുണ്ട്.
സ്വയം പരിചരിക്കുക, ആത്മത്തെ, സെൽഫിനെ സ്വയം ശുശ്രൂഷിക്കുക എന്ന സോക്രട്ടീസ് ചിന്തയാണു പിന്നീട് സെനക്കയിലും മാർകസ് ഒറേലിയസിലും എത്തിയത്. to care oneself എന്ന ദർശനം അങ്ങനെ ഫൂക്കോയുടെ ഒരു പ്രധാന ചിന്തയുമായി. ഈ ആത്മപരിചരണമാണ് ഒരാൾ എഴുത്തിലും ചെയ്യുന്നതെന്ന് അറിയുക.
‘ദേഹം’ എന്ന നോവലിൽ തുളസി എന്ന നടി എഴുതിയ ഒരു ഇംഗ്ലിഷ് നോവൽ നരേറ്ററായ അരവി വായിക്കുകയും പിന്നീട് ആ കഥ കഥാപാത്രത്തിന്റെ മനസ്സിൽ നാം കാണുകയും ചെയ്യുന്നു. അരവി സ്വന്തം ആത്മാവിനെ കണ്ടെത്താൻ വേണ്ടി നടത്തുന്ന ഒരു യാത്രയായിആണ് ആ വായന സംഭവിക്കുന്നത്.
സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യാത്മക ശക്തിയിൽ വിശ്വാസമുള്ള എഴുത്തുകാരൻ ഇവിടെ അയാളിൽ സംഭവിക്കുന്ന പരിണാമത്തിൽ ഈ വായന സുപ്രധാനമാണെന്നു വിശ്വസിച്ചിരുന്നു. അതിനാൽ ആ നോവലിൽ എന്താണോ ഉള്ളത് അത് ഒരു വികാരമായി ബാക്കിനിൽക്കാൻ ഞാൻ ആഗ്രഹിച്ചു. കഥയിൽ വികാരങ്ങളെക്കാൾ വലിയ ഒന്നുമില്ല. തുളസിയുടെ നോവൽ വായിക്കുമ്പോൾ, അബ്ബാസ് കിരോസ്താമിയുടെ വെയർ ഈസ് ദ് ഫ്രണ്ട്സ് ഹോം, ദ് വിൻഡ് വിൽ ക്യാരി അസ് എന്നീ സിനിമ പോലെ ഒരു സ്നേഹാനുഭവമാണ് ഉണ്ടാകേണ്ടത്. അല്ലെങ്കിൽ ഭാവിയിൽ ഞാൻ എഴുതാൻ പോകുന്ന മറ്റൊരു നോവലിന്റെ ഭാവരൂപമാവണം തുളസി എഴുതേണ്ടത്.
അതായത് ഞാനെഴുതേണ്ടതും എന്നാൽ തുളസി ഭാവന ചെയ്തു കഴിഞ്ഞതുമായ ഒരു കഥ, അങ്ങനെയാണു ടെയ്ക്കിങ് ഹെർ ക്യാറ്റ് ടു ദ് മൗണ്ടൻസ് എന്ന തുളസിയുടെ പുസ്തകം ഉണ്ടായത്.

നോവലുകൾ സങ്കൽപ്പിക്കാൻ മഹാസിദ്ധി ഉണ്ടായിരുന്ന കക്കാടു മുഹമ്മദ് കോയ, ഹരിപ്രസാദ്, ഇമാമലി എന്നിവർ മരിച്ചുപോയിക്കഴിഞ്ഞ് കാൽ നൂറ്റാണ്ടിനുശേഷമാണു ഞാൻ അവർ എന്റെ ഭാഷയ്ക്കകത്ത് ഒളിച്ചിരിക്കുന്നുവെന്ന് കണ്ടുപിടിച്ചത്. അവർ ഒരു അബ്ബാസ് കിരോസ്താമി സിനിമയെന്ന പോലെ മൂർത്ത സ്നേഹമായി,ദുരൂഹ വിഷാദമായി, മിടിച്ചുകൊണ്ടേയിരിക്കുന്ന ഏകാന്തതയായി തിരിച്ചു വരുമെന്ന് ആരറിഞ്ഞു! ഞാൻ വിശ്വസിച്ചത് ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള അനേകം മനുഷ്യർ പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഒറ്റപ്പെട്ട സ്മരണാശകലങ്ങൾ ആയി,നാലുവരി കവിതയായി, എനിക്ക് തിരിച്ചുകിട്ടുമെന്നാണ് .. “ജന്തുക്കൾ രാത്രിയെ ഇഷ്ടപ്പെടുന്നു, വെളിച്ചം അവരുടെ കാഴ്ചയെ അടച്ചുകളയുന്നു” എന്ന് തുടങ്ങുന്ന ഒരു കവിത ഇമാമലി വിദ്യാർത്ഥിയായിരുന്ന എനിക്ക് അയച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം അവരെല്ലാം ശകലങ്ങളായല്ല, ഭാഷ തന്നെയായി മടങ്ങിവന്നു!
മറ്റൊരിടത്തേക്കു പോകാൻ പറ്റാത്തവിധം ഞാൻ എന്റെ ജന്മനാട്ടിൽ കുടുങ്ങിപ്പോയതായി ഒരിക്കൽ ഒരു സ്വപ്നം കണ്ടു. ഒരു ദുസ്വപ്നം. അതിനുശേഷം ഞാൻ ഇടയ്ക്കിടെ അതോർത്തു ഭയപ്പെടാറുണ്ട്. പിറന്നഊരിൽ കുടുങ്ങിപ്പോയെന്ന്. നീണ്ട വർഷങ്ങളുടെ ദൂരം അവിടെ നിങ്ങൾക്ക് അപരിചിതമാക്കിയിരിക്കുന്നു. പുറത്തേക്കു പോകാൻ ഒരു വഴി കാണാതെ വിദൂരമായ ഓർമ്മകളുടെ മുഴക്കമുള്ള ഒരിടത്ത് നിങ്ങൾ ഒറ്റയ്ക്കായെന്ന്.
വീടിനടുത്തൂടെ ഒഴുകുന്ന തോടിന്റെ ഒച്ച രാത്രിയെ ഭീതിദമാക്കുന്നു. ആ പറമ്പിൽ പാമ്പുകളും പഴുതാകളും തേളുകളുമുണ്ട്. ഒരു സന്ധ്യയ്ക്ക് വൈരൂപ്യം നിറഞ്ഞ ഏതോ കാട്ടുമൃഗത്തെ
ഞാൻ പൊന്തകൾക്കിടയിൽക്കണ്ടു. ഒരു ദിവസം കാട്ടുപന്നിയിറങ്ങി വാഴകളെല്ലാം ഒറ്റരാത്രിയിൽ കുത്തിമറിച്ചു.
ഈയിടെ ഒരു നോർവീജിയൻ സിനിമയിൽ ഒരു ചെന്നായ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചു. നാട്ടിൽ പാതിരാവിൽ വിജനമായ പട്ടണത്തിൽ ഒറ്റയ്ക്ക് ബസിറങ്ങുന്നത് ഞാൻ വിചാരിച്ചു. എന്നാൽ ഇത് ഭാഷയ്ക്കു തൊട്ടുമുൻപുള്ള ആധിയാണെന്നും ഭാഷയുടെ വരവു തന്നെയാണെന്നും പിന്നീട് ഞാൻ അറിഞ്ഞു.
ചെറുപ്പത്തിൽ ഞാൻ കരുതിയത് ഞാൻ വളരെ ദൂരെ ഒരു ചെറുപട്ടണത്തിൽ, പെട്ടെന്ന് മഴയോ മേഘമോ വന്ന് സൂര്യപ്രകാശം മറച്ചുകളയുന്ന പ്രദേശത്ത്, എഴുത്തുകാരനാകാനായി പരിശീലിച്ചു ജീവിക്കുമെന്നാണ്. മറ്റൊരിടത്തുപോയിരുന്നാൽ മരിക്കുന്നതിന് ഏതാനു വർഷം മുൻപ് ഗംഭീര എഴുത്തുകാരനാകുമെന്നത് കക്കാടു കോയയുടെ ഒരു തീയറിയായിരുന്നു. അയാളും നാടുവിട്ടുപോയി,മറ്റൊരു നാട്ടിൽ ജീവിച്ചു. പക്ഷേ താൻ ഭാവന ചെയ്തതിൽ ഏറെയും എഴുതാതെ മരിച്ചുപോയി. ഒരു ദിവസം ഞാൻ അറിയാതെ ഉറക്കെ വിളിച്ചു ചോദിച്ചു, മനുഷ്യാ, നിങ്ങൾ പിരിഞ്ഞ ഭൂമിയിൽ ഞാൻ ഇനി എന്താണു ചെയ്യേണ്ടത്? രാത്രിയോ നക്ഷത്രങ്ങളോ മഴയിൽ നാമോടിയ പാതകളോ പള്ളിപ്പറമ്പിലെ പൂച്ചെടികളോ
കണ്ണാടിയിൽ മുങ്ങിപ്പോയ കണ്ണീരോ എന്താണ്
ഭാഷയിൽ നിങ്ങൾ വച്ചേച്ചുപോയത്!