ADVERTISEMENT

‘കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം..’ പോലുള്ള വാചകങ്ങളാൽ സമൃദ്ധമായിരുന്നു, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച, മഹാകവി ഒളപ്പമണ്ണയുടെ സുഫലമായ കാവ്യജീവിതം. ‘നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിത’ത്തെക്കുറിച്ച്, അതിന്റെ ക്ഷണപ്രഭയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അഗാധമായ ദുരന്തതീവ്രത ചൂഴ്ന്നുനിൽക്കുന്ന ‘നങ്ങേമക്കുട്ടി’ പോലുള്ള കാവ്യങ്ങൾ പോലും അസാധാരണമായ കയ്യടക്കത്തോടെയാണ്, അതിവൈകാരികതയുടെ പദലീലകളില്ലാതെയാണ് അദ്ദേഹം എഴുതിയത്. വാക്കിന്റെ സാധ്യതകളും പരിമിതികളും കവിക്കു നന്നായി അറിയാമായിരുന്നു. ചിന്തേരിട്ട വാക്കുകൾ തേടി അദ്ദേഹം പോയില്ല. നിത്യജീവിതത്തിൽ എടുത്തുപയോഗിക്കുന്ന സാധാരണവാക്കുകൾ അതേ തനിമയിൽ കവിതയിൽ അണിനിരന്നു. ‌അവിടെ ദാഹത്താൽ പച്ചവെള്ളവും മധുരിച്ചു.

കവിതയെന്നതു ഭാഷയിൽ പണിതുയർത്തുന്ന കൃത്രിമഗാംഭീര്യത്തിന്റെ എടുപ്പുകളല്ലെന്നും മറ്റൊരു തരത്തിലും സാധ്യമാകാത്ത അനുഭവാവിഷ്കാരമാണെന്നും ആ കവിതകളിലൂടെ നടക്കുമ്പോൾ വായനക്കാർ അറിയുന്നു. ജീവിതത്തിന്റെ ചൂടും ചൂരുമുള്ള, അതീവനേർമയാർന്ന വാക്കുകൾ കൊണ്ട് തീക്ഷ്ണാനുഭവങ്ങളെ അദ്ദേഹം കൊരുത്തെടുത്തു. ‘ചട്ടി ചുട്ടുപഴുക്കുമ്പോൾ മലർവിത്തെന്ന പോലവേ തെറിച്ചൂ ചില നാളുകൾ’ എന്നെഴുതാൻ ഒളപ്പമണ്ണയെപ്പോലെ അപൂർവം പേർക്കേ സാധിക്കൂ.

അതിപ്രതാപമാർന്ന, സമ്പന്നമായ ഒളപ്പമണ്ണ മനയിൽ ജനിച്ച സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാലത്തിനും മാറ്റങ്ങൾക്കും പിൻതിരിഞ്ഞു നിന്നില്ല. അനാചാരങ്ങളെ സ്വന്തം പ്രവൃത്തികൊണ്ട് എന്നേക്കുമായി തിരുത്തിയും മാറ്റങ്ങളെ ജീവിതത്തിലും കവിതയിലും സഹർഷം പുൽകിയും അദ്ദേഹം ജീവിച്ചു. ഒളപ്പമണ്ണ മനയുടെ സമ്പത്തും പ്രൗഢിയും മനസ്സിൽവച്ച് കവി ചങ്ങമ്പുഴ ഒരിക്കൽ മുനകൂർപ്പിച്ചൊരു ചോദ്യം ഒളപ്പമണ്ണയെന്ന ചെറുപ്പക്കാരനു നേരെ തൊടുത്തു. ‘പുരത്തറ മാഹാത്മ്യത്തിന്റെ പേരിൽ കവിയാകാൻ പുറപ്പെട്ടതാണോ?’ എന്നായിരുന്നു രൂക്ഷപരിഹാസം നിറഞ്ഞ ചോദ്യം. പാരമ്പര്യത്തോടു വിധേയത്വം വച്ചുപുലർത്താത്ത ഒളപ്പമണ്ണ ഉടൻ കൊടുത്തു ഉരുളയ്ക്കുപ്പേരി പോലൊരു മറുപടി: ‘പുരത്തറ ഇനി എന്നിലൂടെയാവും അറിയപ്പെടുന്നത്’. ഈ ചങ്കൂറ്റം ഒളപ്പമണ്ണയ്ക്ക് എന്നുമുണ്ടായിരുന്നു. സംരംഭകത്വത്തിന്റെ സാഹസികവഴിയേ സഞ്ചരിക്കാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ആളുകൾ റബർ എന്താണെന്നു മനസ്സിലാക്കിത്തുടങ്ങിയിട്ടില്ലാത്ത കാലത്തു അഞ്ഞൂറേക്കറിലോ മറ്റോ റബർകൃഷി ചെയ്തയാളാണ് ഒളപ്പമണ്ണ. ഇന്നും ആരും ‘കാവ്യാത്മകമായി’ പരിഗണിക്കാത്ത റബർ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് അദ്ദേഹം കവിതയെഴുതുകയും ചെയ്തു: 

ഒളപ്പമണ്ണ
ഒളപ്പമണ്ണ

വിശറിപ്പച്ചയാലെന്നെ

തണുപ്പിക്കുന്ന റബറേ,

ജീവിതത്തണലല്ലീ നീ?

അറിവൂ: നിന്മനം ക്ഷീര–

മധുരോദാര സാഗരം

നിന്നലക്കയ്യിലല്ലി ഞാൻ?

ഒരു കർഷകന്റെ കരുതലോടെ കാവ്യത്തിലും ഒരു കവിയുടെ മനസ്സോടെ കൃഷിയടക്കമുള്ള ഇതര ജീവിതവ്യാപാരങ്ങളിലും അദ്ദേഹം ഇടപെട്ട‍ു. ‘പച്ച വിശറിയാലെന്നെ തണുപ്പിക്കുന്ന റബറേ’ എന്നായിരുന്നു ഒളപ്പമണ്ണ ആദ്യം എഴുതിയിരുന്നത്. ഒരു സാഹിത്യ സമ്മേളനത്തിൽ കവിത വായിച്ചപ്പോൾ, വൈലോപ്പിള്ളിയാണ് ‘പച്ച വിശറി’ക്കു പകരം ‘വിശറിപ്പച്ച’ ആയാൽ കൂടുതൽ നന്നാകുമെന്നു നിർദേശിച്ചത്. തൊഴുകൈകളോടെ ഒളപ്പമണ്ണ ആ നിർദേശം വേദിയിൽവച്ചു തന്നെ സ്വീകരിക്കുകയും ചെയ്തു. വെട്ടലുകൾക്കും തിരുത്തലുകൾക്കും ജീവിതത്തിലെന്ന പോലെ കവിതയിലും സാംഗത്യമുണ്ടെന്ന് തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം.

അക്കിത്തത്തിന്റെയും ഇടശ്ശേരിയുടെയുമൊക്കെ കവിതയോടു സാഹോദര്യം പുലർത്തുന്ന തരത്തിൽ ലളിതമായൊരു പദാവലി ഒളപ്പമണ്ണ കവിതയിലേക്കു കൊണ്ടുവന്നു. സാഹിതീയമാണോ എന്നല്ല ജീവിതത്തിന്റെ തുടിപ്പുണ്ടോ എന്നാണു കവി വാക്കുകളിൽ നോക്കിയിരുന്നത്. പദശബളിമയിൽ അഭിരമിക്കാതെ, അനുഭവങ്ങളോടു സത്യസന്ധത പുലർത്തുന്ന വാക്കുകൾക്കായുള്ള കാത്തിരിപ്പായിരുന്നു പല രചനകളുടെയും എഴുത്തുജോലി വർഷങ്ങളോളം നീട്ടിക്കൊണ്ടുപോയത്. വാക്കുകളെ അദ്ദേഹം കെട്ടുകാഴ്ചകളാക്കിയില്ല. സാധാരണ വാചകങ്ങളെപ്പോലും കവിതയാക്കുന്ന മാന്ത്രികത ഒളപ്പമണ്ണയ്ക്കു നന്നായി അറിയാമായിരുന്നു. ‘ദൂരദൂരം പറന്നിട്ടും കൊമ്പത്തെത്താത്ത കാക്കകൾ കൂരിരുട്ടത്ത് വീഴവെ’ പോലുള്ള മുഹൂർത്തങ്ങൾ ഒളപ്പമണ്ണക്കവിതയിൽ അപൂർവമല്ല. 

ഒളപ്പമണ്ണ
ഒളപ്പമണ്ണ

മലയാളകവിത ബിംബസമൃദ്ധിയിലും അതിവൈകാരികതയിലും ആണ്ടുപോയൊരു കാലത്താണ് ഒളപ്പമണ്ണ അതിൽനിന്നു തീർത്തും വ്യത്യസ്തമായൊരു കാവ്യവഴി തുടങ്ങിവച്ചത്. ഇനി മുറുക്കാൻ ഇടമില്ലെന്നുറപ്പാകും വരെ അദ്ദേഹം കാവ്യത്തെ മുറുക്കി. കവിതയിൽ പ്രത്യേക ച‍ുമതലകളില്ലാത്ത വാക്കുകളെ വെട്ടി. ഒളപ്പമണ്ണയുടെ മിതവ്യയ ശീലത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘നങ്ങേമക്കുട്ടി’. 

‘നേരമല്ലാത്ത നേരത്തായ്

നങ്ങേമക്കുട്ടി തൻ കുളി,

ആരും തേടീല കാരണം’ എന്നു മൂന്നടരുകളുള്ള ഗായത്രത്തിൽ ഒളപ്പമണ്ണ എഴുതിയപ്പോൾ മലയാളം പരിചയിക്കാത്ത ഒരു കാവ്യലോകമാണ് തുറന്നുവന്നത്. ഒരു പെൺകുട്ടിയുടെ ജീവിതദുരന്തത്തെ അതിവൈകാരികതയുടെ ആർത്തലയ്ക്കലുകളില്ലാതെ, കയ്യടക്കത്തോടെ അദ്ദേഹം എഴുതി. ‘ഇവളെത്താങ്ങുവാനല്ലോ

തന്നൂ നിങ്ങൾക്കു കയ്യുകൾ

തന്നൂ കൈകൾക്കു ജീവിതം’ എന്ന് ഒളപ്പമണ്ണ കാവ്യമാത്ര പ്രസക്തമായി എഴുതി. 

ഉണർവായിരുന്നു അദ്ദേഹത്തിനു കവിത. ഏത് ആനന്ദത്തിലും ദുഃഖത്തിലും ഉണർന്നിരിക്കുന്ന തീവ്രാവബോധം. നിതാന്തജാഗ്രതയുടെ കാവ്യവഴിയായിരുന്നു അത്. ‘ഉറക്കുപാട്ടുകളരുതു, പാടരു–

തൊരിക്കലുമെന്റെ മണി വിപഞ്ചികേ’ എന്ന് ഓർമിപ്പിച്ചതും അതുകൊണ്ടുതന്നെ. പൂതലിച്ച സാമുദായിക യാഥാസ്ഥിതികതയോടും ഫ്യൂഡൽ മൂല്യബോധങ്ങളോടും കലഹിച്ച കവിതകളായിരുന്നു ഒളപ്പമണ്ണയുടേത്. മനുഷ്യരുടെയും പ്രകൃതിയുടെയും നിഗൂഢപ്രപഞ്ചത്തെ വാക്കുകൾകൊണ്ട് വെളിച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്.  ഒരിക്കൽ ആശുപത്രിയിലായിരുന്ന ഒളപ്പമണ്ണയെ കാണാൻ എൻ.വി.കൃഷ്ണ വാരിയർ ചെന്നു. മുഷിപ്പു മാറ്റാൻ എന്തെങ്കിലും വായിക്കൂ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഒളപ്പമണ്ണ പറഞ്ഞത്രേ: ‘കൃഷ്ണവാരിയരേ, ഞാൻ വരികൾക്കിടയിലെ ശൂന്യത വായിക്കുന്നേൻ’. ജീവിതത്തിന്റെ പൊരുളറിഞ്ഞവർക്കേ വരികൾക്കിടയിലെ ശൂന്യത തിരിയൂ.

English Summary:

Exploring the Poetic Universe of Olappamanna on His Birthday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com