‘ദേശീയത ഇല്ലായ്മ’യുടെ മുറാകാമി എഴുത്ത്; മാരത്തൺ ഓട്ടക്കാരന്റെ ഏകാന്ത റിപ്പബ്ലിക്

Mail This Article
1978 ഏപ്രിലിൽ ടോക്കിയോയിലെ ജിൻഗു സ്റ്റേഡിയത്തിൽ ബേസ്ബോൾ മൽസരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു, ചെറുപ്പക്കാരനായ ആ ജാസ് ക്ലബ് ഉടമ. ഡേവ് ഹിൽട്ടൻ എന്ന അമേരിക്കൻ താരം ഒരു ഡബിളടിച്ചു. അയാളുടെ ബാറ്റ് ഉതിർത്ത ‘തികഞ്ഞ ഒച്ച’ ഗാലറിയിലിരുന്ന ചെറുപ്പക്കാരന്റെ കാതിൽ പതിഞ്ഞു. അതുകേട്ടതും അയാൾക്കൊരു വെളിപാടുണ്ടായി: തനിക്കൊരു നോവലെഴുതാനാകും. ആ ബേസ്ബോൾ ടൂർണമെന്റ് കഴിയുമ്പോഴേക്കും നോവൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു. സ്റ്റേഡിയത്തിനു സമീപത്തെ പോസ്റ്റ് ഓഫിസിൽനിന്നാണ് അതു പ്രസിദ്ധീകരണത്തിന് അയച്ചതും. മുറിവേറ്റൊരു പ്രാവിനെ വഴിയിൽ നിന്നു കയ്യിലെടുത്തപ്പോൾ മറ്റൊരു വെളിപാടുമുണ്ടായി: ആദ്യ നോവലിന് പുരസ്കാരം കിട്ടും, നോവലിസ്റ്റെന്ന നിലയിൽ താൻ വിജയമാകും. അതും ശരിയായി ഭവിച്ചു. പ്രചോദനത്തിന്റെ വിചിത്രമുഹൂർത്തമാണ് ഹാരുകി മുറാക്കാമിയെന്ന എഴുത്തുകാരനെ ലോകത്തിനു സമ്മാനിച്ചത്.

എ വൈൽഡ് ഷീപ് ചെയ്സും നോർവീജിയൻ വുഡും ദ് വിൻഡ്–അപ് ബേർഡ് ക്രോണിക്കിളും കാഫ്ക ഓൺ ദ് ഷോറും 1Q84ഉം മുതൽ ദ് സിറ്റി ആൻഡ് ഇറ്റ്സ് അൺസേർട്ടയിൻ വോൾസും വരെയുള്ള പുസ്തകങ്ങളിലൂടെ ലോകമെങ്ങും ഒരു കൾട്ടായി മാറാൻ മുറാകാമിക്കായി. വലിയ എഴുത്തുകാർക്കു പോലും അസൂയാവഹമായ നേട്ടം. ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളെന്നു നിസംശയം അടയാളപ്പെടുക, നൊബേൽ പുരസ്കാരത്തിന് എല്ലായ്പ്പോഴും സാധ്യത കൽപ്പിക്കപ്പെടുക, അതേസമയം തന്നെ ജനപ്രിയ എഴുത്തുകാരെ നാണിപ്പിക്കും വിധം പുസ്തകങ്ങളുടെ ദശലക്ഷക്കണക്കിനു കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിയുക–ഇന്നു മുറാകാമിക്കു മാത്രം സാധ്യമായ അത്ഭുതമാണത്.
1949ൽ ക്യോട്ടോയിൽ പിറന്ന മുറാകാമി കോബെയിലാണ് വളർന്നത്. മുത്തശ്ശൻ ബുദ്ധഭിക്ഷുവും അച്ഛനും അമ്മയും സാഹിത്യാധ്യാപകരുമായിരുന്നു. കോബെ തുറമുഖനഗരമായിരുന്നു. അമേരിക്കൻ നാവികരും സഞ്ചാരികളും മാത്രമല്ല, അവരിലൂടെ ഹോളിവുഡ് സിനിമകളും ജാസ്, പോപ് സംഗീതവും പൾപ് ഫിക്ഷനുമെല്ലാം അവിടെ വന്നിറങ്ങി. പടിഞ്ഞാറൻ ജനപ്രിയ സംസ്കാരത്തിന്റെ ചേരുവകളെല്ലാം മുറാകാമിയെ ത്രസിപ്പിച്ചു. ആ എഴുത്തുലോകത്ത് അതിന്റെ അടയാളങ്ങൾ തെളിഞ്ഞുകാണാം. പുസ്തകങ്ങളുടെ പേരുകളിൽ പോലും ആ മുദ്ര പതിഞ്ഞുകിടക്കുന്നു. അമേരിക്കൻ ഡിറ്റക്ടീവ് നോവലുകളും മറ്റു ജനപ്രിയ പുസ്തകങ്ങളും വായിച്ചാണ് മുറാകാമി ഇംഗ്ലിഷ് പഠിച്ചതുതന്നെ. റെയ്മണ്ട‍് കാർവറും ട്രൂമാൻ കപോട്ടും ജെ.ഡി.സാലിഞ്ചറും എഫ്.സ്കോട് ഫിറ്റ്സ്ജെറാൾഡുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. ദ് ഗ്രേറ്റ് ഗാറ്റ്സ്ബിയെന്ന പുസ്തകം വായിച്ചില്ലായിരുന്നെങ്കിൽ ഇന്നെഴുതുന്ന തരത്തിലുള്ള സാഹിത്യത്തിലേക്കു താൻ എത്തുമായിരുന്നില്ലെന്നു മുറാകാമി പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനാകാൻ തന്നെ കാരണമായ പുസ്തകങ്ങളിലൊന്നാണ് അത്.

വിദ്യാർഥിപ്രക്ഷോഭങ്ങൾ അണയാത്തൊരു സിഗരറ്റ് കുറ്റിപോലെ എരിഞ്ഞുനിന്ന കാലത്തായിരുന്നു മുറാകാമിയുടെ കോളജ് ദിനങ്ങൾ. കോളജിൽ പഠിക്കുക, പണി കണ്ടെത്തുക, വിവാഹം കഴിക്കുക എന്ന കീഴ്‌വഴക്കം തെറ്റിക്കാൻ മുറാകാമി നിന്നില്ല. ചെറുപ്പത്തിലേ വിവാഹിതനായി. കോളജിൽ വച്ചാണ് ജീവിതസഖി യോകോ തകഹാഷിയെ കണ്ടുമുട്ടിയത്. സാമ്പത്തികപ്രയാസം ആ യുവദമ്പതികളെ അലട്ടി. മൂന്നു വർഷത്തോളം ഭാര്യയുടെ വീട്ടിലായിരുന്നു താമസം. ടോക്കിയോയിൽ മുറാകാമിയും ഭാര്യയും ചേർന്ന് പീറ്റർ ക്യാറ്റ് എന്ന പേരിൽ ജാസ് കഫേ തുറന്നു. പുലർച്ചെയോളം നടുവൊടിയും വിധം പണിയെടുക്കണമായിരുന്നു. അതിനിടെ പഠനം പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തു. കൃത്യമായ ഉറക്കമോ വിശ്രമമോ വ്യായാമമോ ഇല്ലാതെ ശരീരം പിടിവഴുതിപ്പോകാൻ തുടങ്ങിയപ്പോഴാണ് മുറാകാമി ദീർഘദൂര ഓട്ടത്തിലേക്കു തിരിഞ്ഞത്. ‘വാട്ട് ഐ ടോക് എബൗട്ട് വെൻ ഐ ടോക് എബൗട്ട് റണ്ണിങ്’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഓട്ടം തന്നെ എങ്ങനെയാണു എഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാറ്റിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. യൂറോപ്പിലൂടെ നടത്തിയ നിരന്തരയാത്രകളും യുഎസിലെ അധ്യാപനകാലവുമെല്ലാം മുറാകാമിയെന്ന എഴുത്തുകാരനെ അഴിച്ചുപണിതിട്ടുണ്ട്. സാലിഞ്ചറും പോൾ തെറുവും ഉർസുല കെ. ലെഗ്വിനും റെയ്മണ്ട് കാർവറും അടക്കം ഒട്ടേറെ എഴുത്തുകാരെ മുറാകാമി ജാപ്പനീസ് ഭാഷയിലേക്കു മൊഴിമാറ്റിയിട്ടുണ്ട്.
മുറാകാമി മരിച്ചെന്ന് അഭ്യൂഹങ്ങൾ പരന്ന സമയം. പ്രിയ വായനക്കാരുടെ സങ്കടവും ആശങ്കയും ഇന്റർനെറ്റിൽ അണപൊട്ടിയൊഴുകി. പക്ഷേ ചില വായനക്കാർക്ക് ഉറപ്പുണ്ടായിരുന്നു, അത്ര വേഗം മുറാകാമി പോകില്ല. ഓടിയോടി അദ്ദേഹം മരണത്തെയും പിന്നിലാക്കും. ആരാധകരുടെ പ്രാർഥന ഫലിച്ചു. മുറാകാമിക്ക് ഒന്നും സംഭവിച്ചില്ല. അദ്ദേഹം ഇപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നു. ജാപ്പനീസ് സാഹിത്യപാരമ്പര്യവുമായി അടുത്തു പരിചയിച്ചയാളാണെങ്കിലും ‘ദേശീയത ഇല്ലായ്മ’ എന്നൊരു ഘടകമാണ് മുറാകാമിയുടെ എഴുത്തിനെ സാർവലൗകികമാക്കുന്നതെന്നും ഏതു ഭാഷയിലേക്കും അനായാസം വിവർത്തനം ചെയ്യപ്പെടാനും വായിക്കപ്പെടാനും സഹായിക്കുന്നതെന്നും വിമർശകർ വിലയിരുത്തിയിട്ടുണ്ട്.

സന്ദിഗ്ധതയെ മനസ്സിലാക്കാനും മെരുക്കാനുമുള്ള ശ്രമങ്ങളാണു മുറാകാമിയുടെ പുസ്തകങ്ങളെന്നു പറയാം. കെൻസാബുറോ ഒയെപ്പോലുള്ള എഴുത്തുകാർ മുറാകാമിയുടെ രചനകൾക്കു വലിയ വിലകൽപിച്ചിട്ടില്ല. കേവലം നേരംപോക്കായേ അവർ അതിനെ കരുതിയിട്ടുള്ളൂ. ധൈഷണികമോ രാഷ്ട്രീയമോ ആയ നിലപാടുതറയ്ക്കുമേലല്ല മുറാകാമി തന്റെ ആഖ്യാനശിൽപങ്ങൾ പടുത്തുയർത്തുന്നത്. തനിക്കു പറയാനുള്ള കഥയോടും അതിലെ കഥാപാത്രങ്ങളോടുമല്ലാതെ, മറ്റൊന്നിനോടും തനിക്ക് കൂറോ ഉത്തരവാദിത്തമോ ഇല്ലെന്നു മുറാകാമി വിശ്വസിക്കുന്നതുപോലെ തോന്നും. മുറാകാമിയുടെ ഓരോ നോവലും പുറത്തിറങ്ങുന്നത് ആരാധകർക്ക് ഉത്സവം പോലെയാണ്. പുസ്തകശാലകൾക്കു മുന്നിൽ പാതിരാ തൊട്ടു നീളുന്ന ക്യൂ. ഒപ്പം, സംഗീതവും ഭക്ഷണവും ചേർന്ന് അതൊരു വിരുന്നുപോലെയാകും. പാതിരാ ആരാധക നിര ഇനിയും ഇനിയും നീളട്ടെ. പ്രിയപ്പെട്ട എഴുത്തുകാരാ, ജാസും മാരത്തണും എഴുത്തും നിറഞ്ഞ ജന്മദിനാശംസകൾ!