ADVERTISEMENT

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയറിംഗ് സ്ക്വാഡിനെ നേരിടുമ്പോള്‍, മുമ്പൊരു സായാഹ്നത്തില്‍ മഞ്ഞുകട്ട കാണാന്‍ അച്ഛന്‍ തന്നെ കൂട്ടിക്കൊണ്ടു പോയ കാര്യം കേണല്‍ അറീലിയാനോ ബുവേന്‍ഡിയ ഓര്‍മ്മിച്ചു. അക്കാലത്ത്, ചരിത്രാതീത കാലത്തെ മുട്ടകളെ പോലെ വെളുത്തു വലുതായ, മിനുസമുള്ള കല്ലുകളുടെ മീതെ ഒഴുകുന്ന തെളിഞ്ഞ ജലമുള്ള ഒരു നദിയുടെ കരയില്‍ തീര്‍ത്ത ഇരുപത് ഇഷ്ടികക്കെട്ടിടങ്ങളുള്ള ഗ്രാമമായിരുന്നു മക്കൊണ്ടൊ. ലോകത്തിനു ചെറുപ്പമായിരുന്നതു കൊണ്ട് പല വസ്തുക്കള്‍ക്കും പേരുണ്ടായിരുന്നില്ല. അവയെ ചൂണ്ടിക്കാണിച്ചു വേണം സൂചിപ്പിക്കേണ്ടിയിരുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചു മാസത്തില്‍, കീറവസ്ത്രങ്ങളണിഞ്ഞ ഒരു ജിപ്സി കുടുംബം ഒരു ഗ്രാമത്തിനടുത്തു കൂടാരമടിച്ച്, കുഴല്‍വിളിയോടും വാദ്യമേളത്തോടും കൂടി പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. ആദ്യം അവര്‍ കാന്തം കൊണ്ടു വന്നു. പിന്നീട്...

gabriel-garcia-marquez-book-one-hundred-years-of-solitude

ഇങ്ങനെയാണ് മക്കൊണ്ടൊ എന്ന സാങ്കല്പിക നഗരവും മാര്‍കേസിന്‍റെ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡും (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മാജിക്കല്‍ റിയലിസവും മലയാളത്തിലേക്ക് കടന്നു വന്നത്. ആദിരൂപങ്ങളുടെയും വംശസ്മൃതികളുടെയും കലവറയായ കൊളംബിയയുടെ ഭൂതവര്‍ത്തമാനങ്ങളിലേക്ക് ചരിത്രത്തിന്‍റെ പൊരുള്‍ തേടി മാര്‍കേസ് നടത്തിയ അന്വേഷണമെന്നും പരമാധികാരത്തെ എത്തിപ്പിടിക്കാനുള്ള അന്ധമായ പ്രയാണത്തിനിടയില്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും പൊരുളും നഷ്ടപ്പെട്ട് ഏകാന്തതയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കുന്ന നിസ്സഹായരായ മനുഷ്യാത്മാക്കളുടെ കഥയെന്നും മലയാളത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് 1967ല്‍ സ്പാനിഷ് ഭാഷയിലാണ്. ബുവേന്‍ഡിയ കുടുംബത്തിന്‍റെയും അവര്‍ സ്ഥാപിച്ച കണ്ണാടികളുടെ നഗരമായ മക്കൊണ്ടൊയുടെയും കഥ അമ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, നോവലിന്‍റെ അഞ്ചുകോടിയിലധികം കോപ്പികള്‍ വിറ്റുപോയി. ലോകസാഹിത്യത്തില്‍ തന്നെ ഇതിഹാസതുല്യമായ സ്ഥാനം നേടിയ ഈ നോവലിന്‍റെ ജനപ്രിയത അന്നുമിന്നും കോട്ടമൊന്നുമില്ലാതെ തുടരുകയാണ്. 

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്കു 1982ല്‍ ലഭിച്ച നൊബേല്‍ സമ്മാനത്തിന്‍റെ നാല്പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് നെറ്റ്ഫ്ളിക്സ് 2022 ല്‍ നോവലില്‍ അധിഷ്ഠിതമായ ടെലിവിഷന്‍ സീരീസിന്‍റെ പ്രത്യേകമായ പ്രിവ്യൂ പുറത്തിറക്കി. 2024 ഡിസംബര്‍ 11ന് സീരീസ് സംപ്രേക്ഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ ബുവേന്‍ഡിയ കുടുംബത്തിലേക്കും മക്കൊണ്ടൊയിലേക്കും തിരിയുകയാണ്.

മലയാളികള്‍ മാര്‍കേസിനെ ആദ്യമായി അറിയുന്നതും ആഘോഷിച്ചു തുടങ്ങുന്നതും 1984ല്‍ ഈ നോവലിന്‍റെ പരിഭാഷ വരുന്നതോടെയാണ്. ഈ മഹദ്കൃതി മലയാളത്തിലേക്കു കൊണ്ടു വന്ന ഡോക്ടര്‍ എസ്. വേലായുധനെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഒരൊറ്റ പരിഭാഷയിലൂടെ മലയാളിയുടെ സംവേദനക്ഷമതയെ മാറ്റിത്തീര്‍ത്ത ഈ പണ്ഡിതനെ? ഉല്‍പത്തി പുസ്തകത്തിനോടു പോലും ഉപമിക്കപ്പെട്ട ഈ ബൃഹദ്കൃതി എങ്ങനെയാണദ്ദേഹം മലയാളത്തിലേക്ക് പകര്‍ത്തിയിട്ടുണ്ടാവുക? 

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' മലയാളത്തിലേക്ക് കൊണ്ടു വരാന്‍ പ്രവര്‍ത്തിച്ച സത്യന്‍ മുട്ടമ്പലം എന്നോടു പറഞ്ഞു: "ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് വായിച്ചു തീര്‍ത്തപ്പോള്‍ അത് മലയാളത്തില്‍ കൊണ്ടു വരാന്‍ ആഗ്രഹിച്ചു. ആരെക്കൊണ്ട് പരിഭാഷപ്പെടുത്തും എന്ന ചോദ്യത്തിന് മറുപടി തന്നത് ഡോ. കെ. അയ്യപ്പപ്പണിക്കരാണ്. കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എസ്. വേലായുധനെ കൊണ്ട് ചെയ്യിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് 1982ല്‍ മാര്‍കേസിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. തുടര്‍ന്ന് മാര്‍കേസിന്‍റെ ലിറ്റററി ഏജന്‍റായ കാര്‍മെന്‍ ബാര്‍സെല്‍സിന്‍റെ വിലാസം തപ്പിയെടുത്തു, എഴുതി. മടക്കത്തപാലില്‍ തന്നെ മറുപടി കിട്ടി - വിവര്‍ത്തനത്തിനുള്ള പകര്‍പ്പവകാശം തരാം."

ഡോ. എസ് വേലായുധൻ, വൈക്കം മുഹമ്മദ് ബഷീര്‍, റൊണാൾഡ് ഇ. ആഷർ എന്നിവർക്കൊപ്പം
ഡോ. എസ് വേലായുധൻ, വൈക്കം മുഹമ്മദ് ബഷീര്‍, റൊണാൾഡ് ഇ. ആഷർ എന്നിവർക്കൊപ്പം

വളരെ വേഗത്തില്‍ തന്നെ ഡോ. എസ്. വേലായുധന്‍ അത് പരിഭാഷപ്പെടുത്തി. വിവര്‍ത്തനത്തിന്‍റെ മലയാള സൗകുമാര്യത്തിന് ഡോ. എം. എം. ബഷീര്‍ ഇടപെട്ടു. വിവര്‍ത്തനത്തിന് എം. കൃഷ്ണന്‍ നായര്‍ ആമുഖക്കുറിപ്പെഴുതി. മാന്ത്രികമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് മാര്‍കേസ് നോവലില്‍ മുമ്പോട്ടു പോകുന്നതെന്ന് അദ്ദേഹം അടയാളപ്പെടുത്തി. "ശൂന്യതയുടെ ബോധമുളവാക്കുന്ന പല നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ ഈ നോവല്‍ ജനിപ്പിക്കുന്ന ശൂന്യത എന്‍റെ അന്തരാത്മാവില്‍ കൊടുങ്കാറ്റുണ്ടാക്കുന്നു. മാര്‍കേസ്! അങ്ങ് അമൂല്യമായ ഒരു രത്നമാണ് ഈ ലോകത്തിന് നല്കിയിരിക്കുന്നത്. മക്കൊണ്ടൊയിലെ കൊടുങ്കാറ്റടിച്ചാലും അതിനു സ്ഥാനഭ്രംശം ഇല്ല. അതിന്‍റെ കാന്തി മങ്ങുകയില്ല."

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വിവര്‍ത്തനം ചെയ്യുമ്പോള്‍ എസ്. വേലായുധന്‍ ബാംഗ്ലൂരിലെ റിജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്‍റെ ഡയറക്ടറായിരുന്നു. ഈ വിവര്‍ത്തനം അസാദ്ധ്യമാണെന്നും വലിയ വെല്ലുവിളിയുയര്‍ത്തുന്നതാണെന്നും പറഞ്ഞായിരുന്നു തുടക്കം. സാധാരണരീതിയില്‍ ചെയ്യാന്‍ പറ്റുന്ന പുസ്തകമല്ല, താളുകള്‍ നീളുന്ന നെടിയ വാക്യങ്ങളാണുള്ളത്, കൂടെ മാര്‍കേസിന്‍റെ സവിശേഷമായ മാജിക്കല്‍ റിയലിസവും. കൊളംബിയയുടെ ചരിത്രത്തിന്‍റെയും അതിന്‍റെ അടിയൊഴുക്കുകളുടെയും സങ്കീര്‍ണ്ണത ഓരോ വാക്കിലുമുണ്ട്. 

ഈ പുസ്തകത്തിന്‍റെ വിവര്‍ത്തനകാലത്തെക്കുറിച്ച് ഡോ. വേലായുധന്‍റെ മകന്‍ വി. ആര്‍. അനില്‍കുമാര്‍ പറഞ്ഞു, "കഥയില്‍ അടുത്തതെന്ത് സംഭവിക്കുമെന്നറിയാന്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കും. സങ്കീര്‍ണ്ണമായ വാക്കുകള്‍ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുന്നതിനിടയില്‍ സാധാരണ വാക്കുകള്‍ കിട്ടാതെ നില്‍ക്കും. നോവലിലെ രസകരമായ സംഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും. മാര്‍കേസിന്‍റെ അനുപമമായ ശൈലിയെക്കുറിച്ചും മാജിക്കല്‍ റിയലിസത്തിന്‍റെ മാന്ത്രികതയെ കുറിച്ചും അതിനെ തേജോമയമാക്കുന്ന ഹാസ്യാത്മകതയെക്കുറിച്ചും വാചാലനാകും..."

 മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock
മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock

"മാര്‍കേസിന്‍റെ പുസ്തകമൊക്കെ വായിച്ച് വായിച്ച് ഹരം പിടിച്ചു പോകുമ്പോള്‍ രാത്രി രണ്ടര മൂന്നു മണി വരെയൊക്കെ ഇരുന്നെഴുതും. വിവര്‍ത്തനം ചെയ്യുന്ന പുസ്തകങ്ങള്‍ ആദ്യം മുഴുവന്‍ വായിക്കാറില്ല. വായിച്ചു പോകുന്നതോടൊപ്പം വിവര്‍ത്തനം ചെയ്യുന്നതായിരുന്നു രീതി. സസ്പെന്‍സ് നിലനിര്‍ത്താനായിരുന്നു ഇത്. പുസ്തകങ്ങളുടെ പദാനുപദവിവര്‍ത്തനവും ചെയ്യാറില്ല. അതിന്‍റെ സത്ത എടുത്ത് സ്വന്തം ഭാഷയില്‍ എന്നാല്‍ കൃതിയുടെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയില്‍ എഴുതുമായിരുന്നു." 

ഏറെ വായിച്ചിരുന്ന ഡോ. എസ്. വേലായുധന് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു വില്യം ഡ്യൂറന്‍റിന്‍റെ 'ദ് സ്റ്റോറി ഓഫ് സിവിലൈസേഷന്‍'. ആ എഴുത്തുകാരനോട് വലിയ ആരാധനയായിരുന്നു. അതു മലയാളത്തിലേക്ക് കൊണ്ടു വരലായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. എന്നാലതിനു സാധിക്കാതെ ആ പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 1989ല്‍ അദ്ദേഹം മരിച്ചു. 

1936ല്‍ തിരുവന്തപുരത്തെ പാച്ചല്ലൂരില്‍ ജനിച്ച അദ്ദേഹം പാച്ചലൂര്‍ വേലായുധന്‍ എന്ന പേരിലാണ് എഴുതിത്തുടങ്ങിയത്. തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം. അവിടെ നിന്നു തന്നെ മലയാളത്തില്‍ ബിരുദാനന്തര ബിരുദം. മികച്ച വിദ്യാര്‍ത്ഥിക്കുള്ള ഗോദവര്‍മ്മാ മെമ്മോറിയല്‍ സമ്മാനം ലഭിച്ചത് അവിടെ നിന്നാണ്. ഭാഷാ പ്രേമം വിടാതെ പിന്തുടര്‍ന്നപ്പോള്‍ പിന്നെ ഭഗല്‍പ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് റെഡിംഗില്‍ നിന്ന് ലിംഗ്വിസ്റ്റ്റിക്സ് പഠിച്ചു. അമേരിക്കയില്‍ യൂണിവേഴ്സിറ്റി ഓഫ് മിസ്സൂറി മിസ്സിസിപ്പിയില്‍ പിന്നെയും പഠനം. തിരിച്ചു വന്നതിനു ശേഷം കേരളയൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പാരിറ്റീവ് സ്റ്റഡി ഓഫ് ദി വൗവല്‍ ഡ്യൂറേഷന്‍ ഇന്‍ മലയാളം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ഉദ്യോഗം മലയാളം ലെക്സിക്കണില്‍ തുടങ്ങി ഡിപ്പാര്‍ട്മെന്‍റ് ഓഫ് ലിംഗിസ്റ്റിക്സിലേക്ക് മാറി. പിന്നീട് 1970കളുടെ ആദ്യം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍. പിന്നീടാണ് ബാംഗ്ലൂരിലെ റിജിയണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് ഇംഗ്ലീഷില്‍ ഡയറക്ടറായത്. 

'പാപ്പിയോണ്‍', 'വിക്ടോറിയ', 'തടാകം', 'പൂച്ചയും എലിയും', 'ഭ്രഷ്ടര്‍', 'ലോകപ്രസിദ്ധ നര്‍മ്മകഥകള്‍' എന്നിവയും ഡോ. വേലായുധന്‍  മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. കൂടാതെ, 'ചിന്താപ്രപഞ്ചം' (വിശ്വപ്രശസ്തമായ ഉദ്ധരണികളുടെ ഉഭയഭാഷാ സമാഹാരം), 'വിശ്വസാഹിത്യ ദര്‍ശനം', 'പെര്‍സ്പെക്ടീവ്സ് ഓണ്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ടീച്ചിങ്' തുടങ്ങി നിരവധി സ്വതന്ത്രപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 

ഡോ. എസ് വേലായുധൻ
ഡോ. എസ് വേലായുധൻ

എഴുത്തു പോലെ തന്നെ ഔദ്യോഗികജീവിതവും ഇന്‍സ്റ്റിറ്റ്യൂട്ടും ഡോ. എസ്. വേലായുധന് പ്രിയപ്പെട്ടതായിരുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ജ്ഞാനഭാരതി ക്യാമ്പസിലേക്ക് മാറ്റിയത് അദ്ദേഹത്തിന്‍റെ കാലത്താണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധികാരപരിധിയില്‍ വരുന്ന നാലു സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും യുപിഎസ്‌സി നല്കിയ ചുമതലയുടെ ഭാഗമായ ഡല്‍ഹി യാത്രകളുമൊന്നും ആ സര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്തിയില്ല. 'കയ്യില്‍ എപ്പോഴും കരുതുന്ന കടലാസും പേനയുമുപയോഗിച്ച് ട്രെയിനില്‍ വെച്ചും എഴുതും. ഏതുസമയത്തും എവിടെയും എഴുതും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വഭാവം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ആശുപത്രിയില്‍ കിടന്നു പോലും എഴുതിയിട്ടുണ്ട്,' അനില്‍ കുമാര്‍ ഓര്‍ത്തെടുക്കുന്നു. 

മാര്‍കേസിനെ മലയാളത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ ഈ പുസ്തകം മലയാളത്തിലെ എന്നത്തെയും മികച്ച വിവര്‍ത്തനങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. 'പാവങ്ങള്‍' വിവര്‍ത്തനത്തോട് മലയാളത്തിലെ റിയലിസ്റ്റ് സാഹിത്യധാര കടപ്പെട്ടിരിക്കുന്നതുപോലെ എണ്‍പതുകള്‍ക്കുശേഷം മലയാളത്തിലുണ്ടായ നവസാഹിത്യത്തിന്, പ്രത്യേകിച്ചും ആധുനികതയ്ക്കുശേഷം വന്ന ചുവപ്പന്‍ ആധുനികതയ്ക്ക് ഈ വിവര്‍ത്തനത്തോട് കടപ്പാടുണ്ട്. തെക്കേ അമേരിക്കന്‍ സാഹിത്യത്തിന്‍റെ മലയാളവിവര്‍ത്തനങ്ങളുടെ കുത്തൊഴുക്ക് മലയാളത്തിലുണ്ടാകുന്നത് ഡോ. വേലായുധന്‍റെ ഏകാന്തതാവിവര്‍ത്തനത്തിനു ശേഷമാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെ ഒരു മലയാളി എഴുത്തുകാരനായി നാം തെറ്റിദ്ധരിക്കുന്നു എന്നു കളി പറയുമ്പോള്‍ അതു സാധ്യമാക്കിയ ഡോ. എസ് വേലായുധനെക്കൂടെ ഓര്‍ക്കണം.

English Summary:

The Man Who Brought Macondo to Kerala: The Story of *One Hundred Years of Solitude*'s Malayalam Translator Dr. S. Velayudhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com